Friday, January 11, 2013

അവധി

അവധി

2012 ഡിസംബര്‍ മാസം അവസാനത്തേ ആഴ്ച്ച കൊലക്കേസില്‍ പോലീസിനു പിടികൊടുക്കാതെ നടക്കുന്ന എട്ടു പ്രതികള്‍ ചേര്‍ന്ന് സംസ്ഥാനസര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും ഒരു അപേക്ഷ നല്‍കാന്‍ തീരുമാനിച്ചു. അത് ഇങ്ങനെയായിരുന്നു.

“കടല്‍ക്കൊലക്കേസ്സിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരെ കൃസ്തുമസ് ആഘോഷിക്കാനായി നാട്ടിലേക്കയക്കാന്‍ ശുപാര്‍ശ ചെയ്യുകയും അതിലൂടെ ഇങ്ങനെ ഒരു അപേക്ഷ നല്‍കാന്‍ ഞങ്ങള്‍ക്ക് അവസരം തരികയും ചെയ്ത എല്ലാവര്‍ക്കും നന്ദി.
ഞങ്ങള്‍ വിവിധമതങ്ങളില്‍ പെട്ടവരാണെങ്കിലും മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാനായി ഞങ്ങളുടേതായ രീതിയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അതിനാല്‍ എല്ലാ മതക്കാരുടെയും എല്ലാ വിശേഷദിവസങ്ങളും ആഘോഷിക്കുകയും ചടങ്ങുകള്‍ എല്ലാം ആചരിക്കുകയും ചെയ്യാറുണ്ട്. കൂടാതെ എല്ലാ ആരാധനാലയങ്ങളിലും രണ്ടാഴ്ചയിലൊരിക്കല്‍ ദര്‍ശനം നടത്താറുമുണ്ട്.


അതിനാല്‍ താഴെപ്പറയുന്ന ദിവസങ്ങളില്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമായി ഞങ്ങളെ പോലീസിന്‍റെ തിരയലില്‍ നിന്നും ഒഴിവാക്കണമെന്ന് അപേക്ഷിക്കുന്നു.”
അതിന്‍റെ താഴെ വിവിധ ദിനങ്ങള്‍ എഴുതിയിരുന്നു.
എല്ലാം കൂടി 360 ദിനങ്ങള്‍.

പക്ഷെ അപേക്ഷ നന്നായിപ്പകര്‍ത്തി സമര്‍പ്പിച്ചപ്പോള്‍ അവര്‍ക്ക്‌ ഒരു തെറ്റുപറ്റി. ആകെ ദിവസങ്ങളുടെ എണ്ണം എഴുതിയപ്പോള്‍ 360 എന്ന സ്ഥാനത്ത്‌ 30 എന്ന് ആയിപ്പോയി.

അപേക്ഷ പെട്ടെന്നുതന്നെ അവര്‍ ആഭ്യന്തര വകുപ്പിന്‍റെ ഓഫീസില്‍ സമര്‍പ്പിച്ചു. അവിടെ നിഷ്കര്‍ഷമായ പരിശോധനക്ക് ശേഷം താഴെപ്പറയുന്ന റിമാര്‍ക്ക് എഴുതപ്പെട്ടു.

"ആകെ ദിനങ്ങള്‍ കൂട്ടിയതില്‍ ഒരു പിഴവ്‌ അപേക്ഷയില്‍ കാണുന്നു. അത് തിരുത്തി വീണ്ടും സമര്‍പ്പിക്കേണ്ടതാണ്.
അതോടൊപ്പം നൂറു രൂപ സ്റ്റാമ്പ്‌പേപ്പറില്‍ നോട്ടറി സാക്ഷ്യപ്പെടുത്തിയ അപേക്ഷകരുടെ സത്യവാങ്മൂലവും തിരിച്ചറിയല്‍ കാര്‍ഡിന്‍റെയും എലക്ടോറല്‍ കാര്‍ഡിന്‍റെയും കോപ്പികളും ഇറ്റാലിയന്‍ നാവികര്‍ക്ക് ക്രിസ്തുമസ് ആഘോഷിക്കാന്‍ അനുമതി കൊടുത്തതിനെപ്പറ്റി ഒരു ദേശീയദിനപ്പത്രത്തില്‍ വന്ന റിപ്പോര്‍ട്ടും ഹാജരാക്കേണ്ടതാണ്."

കൃഷ്ണ

2 comments:

  1. ഇറ്റലിക്കാര്‍ക്ക് മാത്രമേ സൌജന്യമുള്ളൂ

    ReplyDelete
  2. സോറി സുഹൃത്തേ ആദ്യം നിങ്ങളുടെ അപേക്ഷ രാജ്യാന്തര കടല്ക്കൊല യൂണിയന് സമര്പ്പി ക്കുക.അവിടുന്ന് ഇറ്റലി വഴി വരുന്ന അപേക്ഷകള്‍ മാത്രമേ ഞങ്ങള്‍ പരിഗണിക്കാറുള്ള്...

    ReplyDelete