Wednesday, December 19, 2012

നിയമനിര്‍മ്മാണസഭകളില്‍ നിന്നുള്ള ഇറങ്ങിപ്പോക്ക്‌ (Walk-out) ശരിയാണോ?


നിയമനിര്‍മ്മാണസഭകളില്‍ നിന്നുള്ള ഇറങ്ങിപ്പോക്ക്‌ (Walk-out) ശരിയാണോ?
      ഇന്ത്യയില്‍ അസ്സംബ്ലി, പാര്‍ലമെന്റ് എന്നീ സ്ഥാപനങ്ങളിലേക്ക് പ്രതിനിധികളെ തെരഞ്ഞെടുത്തയക്കുന്ന ജനങ്ങള്‍ തങ്ങളുടെ അഭിലാഷപൂര്‍ത്തീകരണത്തിനായി പ്രവര്‍ത്തിക്കുമെന്ന് വിശ്വസിക്കുന്നവര്‍ക്കാണ് വോട്ടു ചെയ്യുന്നത്. അതായത് പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ഒരാള്‍ ജനപ്രതിനിധി ആകുന്നത് എന്ന് സാരം.
 പക്ഷെ പതുക്കെപതുക്കെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുത്തവര്‍ കാത്തുനിന്നു! തങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ ഒരു സൌജന്യം ചോദിക്കുന്ന രീതിയില്‍ അവരെ അറിയിക്കാനും കാര്യം സാധിച്ചാല്‍ അത് ജനപ്രതിനിധിയുടെ സൌജന്യമെന്ന രീതിയില്‍ അവരെ പുകഴ്ത്താനും തുടങ്ങി. സ്വന്തം നിയോജകമണ്ഡലത്തിന്‍റെ ആവശ്യങ്ങള്‍ നിര്‍വഹിക്കാനായി എം.പി. ഫണ്ടും എം.എല്‍.എ.ഫണ്ടും സൃഷ്ടിച്ചപ്പോള്‍ അതിന്‍റെ ഉപയോഗം ജനപ്രതിനിധിയുടെ സൌജന്യമെന്ന നിലയില്‍ സ്വീകരിക്കാന്‍ തുടങ്ങിയത് ഇവിടുത്തെ ജനങ്ങളുടെ മനസ്സില്‍ പണ്ടെങ്ങോ വന്നുനിറഞ്ഞ, ഇന്നും നിലനില്‍ക്കുന്ന അടിമത്വമനോഭാവം കാരണം ആയിരിക്കണം. പൊതുഫണ്ടില്‍നിന്നും എം.പി. ഫണ്ട്/ എം.എല്‍.എ.ഫണ്ട് എന്നീ പേരുകളില്‍ പണം ചെലവാക്കി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്മേല്‍ ജനപ്രതിനിധിയുടെ പേര് എഴുതിവയ്ക്കുന്നത് മറ്റൊരു രീതിയിലും ന്യായീകരിക്കാനാകില്ല. ഇതേ അടിമത്വമനോഭാവം തന്നെയാണ്

Sunday, December 16, 2012

ചെമ്പരത്തിക്കാവ് - (അവസാനഭാഗം)

                  ചെമ്പരത്തിക്കാവ് - (അവസാനഭാഗം)

കാരണം, ഒരപരാധിയുടെ ഭാവമായിരുന്നു അപ്പോളയാളുടെ മുഖത്ത്.
"എന്തുപറ്റി?" ഞാന്‍ ചോദിച്ചു.
മറുപടിയില്ല. എവിടെയാണ് പൊരുത്തക്കേട്?
ഞാനാലോചിച്ചുനോക്കി. പെട്ടെന്നോര്‍മ്മവന്നു.
കൃഷ്ണന്‍?
ആ കഥാപാത്രം എവിടെ?
"കൃഷ്ണനെ പിന്നെ കണ്ടോ?"
ചോദ്യത്തിനല്ല അയാള്‍ മറുപടി പറഞ്ഞത്.
"അന്ന് രാത്രി സംസാരിച്ചപ്പോള്‍ എങ്ങിനെയാണിതെല്ലാം നടക്കുക എന്ന് ഞാനന്വേഷിച്ചു. അതൊക്കെ നടക്കും, പറഞ്ഞതുപോലെയെല്ലാം ചെയ്‌താല്‍ മതി എന്നയാള്‍ പറഞ്ഞു. പിന്നൊന്നും ചോദിക്കാന്‍ എനിക്ക് തോന്നിയില്ല. അയാള്‍ പറഞ്ഞതുപോലെ ചെയ്യാന്‍ തീര്‍ച്ചയാക്കി. കൂടിവന്നാല്‍ ആളുകള്‍ എന്നെ ഭ്രാന്തനെന്നു കരുതുമായിരിക്കും.
അത്രയല്ലേ ഉള്ളു. എന്നെ അറിയുന്നവരാരും ആ ബസ്സില്‍ കാണാനിടയില്ലല്ലോ? അഥവാ കൃഷ്ണന്‍ പറഞ്ഞതുപോലെ നടക്കുകയാണെങ്കിലോ? എന്തെങ്കിലും സിദ്ധിയുള്ള ആളാണ്‌ അയാളെങ്കിലോ? അപ്പോള്‍ എന്‍റെ ഭാഗം ചെയ്യാതിരുന്നാല്‍ അത് തെറ്റല്ലേ? ഏതായാലും ഇറങ്ങിത്തിരിച്ചു. ഇനി മാക്സിമം ശ്രമിച്ചുനോക്കാം. എന്നൊക്കെ ചിന്തിച്ചാണ് ഞാന്‍ ആ ബസ്സില്‍ കയറിയത്."
"അയാള്‍ പറഞ്ഞതെല്ലാം ശരിയാകുകയും ചെയ്തല്ലോ? പിന്നെന്താ പ്രശ്നം?"

Saturday, December 15, 2012

ചെമ്പരത്തിക്കാവ്‌ - ഭാഗം നാല്

                       ചെമ്പരത്തിക്കാവ്‌ - (ഭാഗം നാല്)

 

ഇതുവരെയെല്ലാം കൃഷ്ണന്‍ പറഞ്ഞതുപോലെ നടന്നു. സ്വന്തം അഭിനയം ശരിയായാല്‍ ബാക്കിയും അയാള്‍ പറഞ്ഞതുപോലെ നടക്കും എന്ന് പിള്ളക്ക് ഉറപ്പായി.

മുന്നോട്ടുനടന്ന അയാള്‍ തിരിഞ്ഞ് ബസ്സിനുനേരെ നടന്നു.
എട്ടുപത്താളുകള്‍ ബസ്സിനുചുറ്റും കൂടിയിട്ടുണ്ട്. കണ്ടക്ടര്‍ സ്വന്തം സീറ്റിനടുത്തുനില്‍ക്കുന്നു. യാത്രക്കാര്‍ ആകെ വിഷമിച്ചിരിക്കുന്നു. ചിലര്‍ അയാളുടെനേരേ നോക്കുന്നു.
എന്താണവരുടെ ഭാവം?
ദ്രോഹി?
ഭാഗ്യവാന്‍?
ഇയാള്‍ക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുമോ?
കണ്ടക്ടറും അയാളെതന്നെ നോക്കുന്നു. അഭിനന്ദനവും ദേഷ്യവും കൂടിക്കുഴഞ്ഞ ഒരു ഭാവമാണ് അയാളുടെ മുഖത്ത്.

"അപ്പോള്‍ വേണമെങ്കില്‍ എക്സ്പ്രസ്സ് ഇവിടെയും നില്‍ക്കും." കണ്ടക്ടറുടെ നേരേനോക്കി പിള്ള തുടര്‍ന്നു. "ഞാനിറങ്ങിയല്ലോ? ഇനി പോയാട്ടെ."
പെട്ടെന്ന് മാധവന്‍പിള്ളയ്ക്കു തോന്നി. ഞാനാരാണ് ഇയാളെ പരിഹസിക്കാന്‍?
"ഇനി ഈ വണ്ടി പോകണമെങ്കില്‍ ആ കാവിന്‍റെ മുന്‍പിലെ ഭണ്ഡാരത്തില്‍ എന്തെങ്കിലും നിക്ഷേപിച്ചാല്‍ മതി. വണ്ടി സ്റ്റാര്‍ട്ടാകും, തീര്‍ച്ച."
അത് പറഞ്ഞപ്പോള്‍ അയാളുടെ സ്വരത്തില്‍ ലേശവും പരിഹാസമുണ്ടായിരുന്നില്ല.
കണ്ടക്ടര്‍ എന്തോ ആലോചിച്ചിട്ട് ഡ്രൈവറുടെ നേരെ നടന്നു. അവര്‍ തമ്മില്‍ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു.
ക്ഷമകെട്ടിരിക്കുന്ന യാത്രക്കാര്‍.
ഒടുവില്‍ അതിലൊരാള്‍ എഴുന്നേറ്റുനിന്നു. അയാളുടെ കയ്യില്‍ ഒരു പത്തുരൂപാനോട്ട്.
"ഇതാ പത്തുരൂപ." അയാള്‍ കണ്ടക്ടറോടു വിളിച്ചുപറഞ്ഞു. "അങ്ങോട്ടുചെന്ന്‍ ഇതൊന്നിട്ടേരെ സാറേ. അതുകൊണ്ട് വണ്ടി സ്റ്റാര്‍ട്ടാകും എന്നല്ലേ അയാള്‍ പറയുന്നത്?"
യാത്രക്കാര്‍ തമ്മില്‍തമ്മില്‍ എന്തൊക്കെയോ പറയുന്നു. വണ്ടിയിലാകെ ബഹളം.
കണ്ടക്ടര്‍ ചുറ്റുപാടും നോക്കി. എന്നിട്ട് ഡ്രൈവറോട് എന്തോ ചോദിച്ചു. അയാള്‍ തലയാട്ടി.
സ്വന്തം പോക്കറ്റില്‍നിന്ന് ഒരു പത്തുരൂപാനോട്ട് തപ്പിയെടുത്ത് കണ്ടക്ടര്‍ വണ്ടിയില്‍ നിന്നിറങ്ങി. മൂന്നുനാലു ചെറുപ്പക്കാരും അയാളോടൊപ്പം ഇറങ്ങി. മാധവന്‍പിള്ള മുന്നില്‍നിന്ന് ആ ജാഥ നയിച്ചു.
ഭണ്ടാരപ്പെട്ടിയ്ക്കടുത്തെത്തി പിള്ള വിരല്‍ ചൂണ്ടി.
ഇഷ്ടപ്പെടാത്ത ഏതോ കൃത്യം ചെയ്യുന്നതുപോലെ മുഖം ചുളിച്ച് കണ്ടക്ടര്‍ ആ നോട്ട് ഭണ്ഡാരത്തില്‍ നിക്ഷേപിച്ചതും -
വണ്ടി സ്റ്റാര്‍ട്ടായി!
ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയ ചെറുപ്പക്കാരുടെ കണ്ണില്‍ അതിശയഭാവം.
തിരിഞ്ഞുനോക്കിയിട്ട് കണ്ടക്ടര്‍ അവിടെത്തന്നെ നിന്നു. എന്നിട്ട് പോക്കറ്റില്‍നിന്നും ഒരു നോട്ടെടുത്ത് ഭണ്ഡാരത്തില്‍ നിക്ഷേപിച്ചിട്ട് കണ്ണടച്ച്‌ ഭക്തിപൂര്‍വ്വം തൊഴുതുനിന്നു.
"ഇനി പോകാം സാറേ. ഒരു പ്രശ്നവും വരില്ല." മൃദുസ്വരത്തില്‍ മാധവന്‍പിള്ള പറഞ്ഞതുകേട്ട് അയാള്‍ കണ്ണുതുറന്ന് തിരിഞ്ഞുനടന്ന്‍ ബസ്സില്‍ കയറി.
"എന്നാല്‍ പോകട്ടെ?" അയാള്‍ മാധവന്‍പിള്ളയോട്‌ ചോദിച്ചു. പിള്ള കയ്യുയര്‍ത്തി.
ബസ്സ്‌ കുതിച്ചുപാഞ്ഞു. മാധവന്‍പിള്ളയും ബസ്സിനടുത്തുനിന്ന നാട്ടുകാരും ബാക്കിയായി.
"എന്താ, എന്തുപറ്റി?" അവരുടെ അടുത്തേക്ക് നടന്നടുത്തുകൊണ്ട് ഒരാള്‍ ചോദിച്ചു.
മാധവന്‍പിള്ളയുടെ തൊട്ടടുത്ത വീട്ടുകാരന്‍.
"ഞാന്‍ വന്ന എക്സ്പ്രസ്സ് ഇവിടെ വന്നപ്പോള്‍ ബ്രേക്ക്‌ഡൌണ്‍ ആയി." ഉദ്വേഗം കാരണം സംസാരിക്കാന്‍ വിഷമിച്ചുകൊണ്ട് പിള്ള പറഞ്ഞു.
എക്സ്പ്രസ്സ് എന്നയാള്‍ എടുത്തുപറഞ്ഞത്‌ മനപ്പൂര്‍വ്വമായിരുന്നു.
പക്ഷെ?
"ചേട്ടന്‍ എവിടെ പോയിരുന്നു?"
"ആലപ്പുഴ"
"എന്നിട്ടെന്താ എക്സ്പ്രസ്സില്‍ കേറിയത്? അത് ഏറണാകുളത്തേ നിര്‍ത്തത്തൊള്ളല്ലോ?"
ഇങ്ങനെയൊരു ചോദ്യം പിള്ള പ്രതീക്ഷിച്ചിരുന്നില്ല. അയാളാകെ വിയര്‍ത്തു.

Friday, December 14, 2012

ചെമ്പരത്തിക്കാവ്- ഭാഗം മൂന്ന്

               ചെമ്പരത്തിക്കാവ്‌ -    (ഭാഗം മൂന്ന്) 

വേറൊന്നും ചോദിയ്ക്കാനും പറയാനും ഇല്ലാത്തതുപോലെ അവര്‍ നിശ്ശബ്ദരായി.

എറണാകുളത്തിനുള്ള ഒരു ബസ്സ്‌ വന്നുനിന്നു. നിറയെ ആളുകള്‍. കുറേപ്പേര്‍ അതില്‍ കയറാന്‍ അടുത്തെത്തി.

മാധവന്‍പിള്ള തിരിച്ചുവന്ന്‍ സ്വസ്ഥാനത്തിരുന്നു. 

എന്തുപറ്റി?" സ്നേഹിതന്‍ അന്വേഷിച്ചു.

"അതില്‍ ഭയങ്കരതിരക്ക്‌. അടുത്ത ബസ്സ്‌ വരട്ടെ."

മിനിറ്റുകള്‍ കടന്നുപോയി.

"എന്താ പേര്?" മാധവന്‍പിള്ള അയാളോട് ചോദിച്ചു.

"കൃഷ്ണന്‍"

"ഇവിടെ എവിടെ വന്നതാ?" കൃഷ്ണന്‍ ആരാഞ്ഞു.

ഒറ്റവാക്കില്‍ മറുപടി പറയാവുന്ന ചോദ്യം. പക്ഷെ വിശദമായി പറയണമെന്ന് പിള്ളക്ക് തോന്നി.

തന്‍റെ വരവിന്‍റെ ഉദ്ദേശവും പരിണതഫലവും പിന്നെ കൂട്ടുകാരെ കാണാന്‍ പോയതും എല്ലാം അയാള്‍ പറഞ്ഞു.

സ്നേഹിതന്‍ എല്ലാം നിശ്ശബ്ദനായി കേട്ടുകൊണ്ടിരുന്നു. ഒടുവില്‍ അയാള്‍ ചോദിച്ചു:

"അപ്പോള്‍ അമ്പലത്തിന്‍റെ കാര്യം?"

"ഞാനൊറ്റക്ക് എന്തുചെയ്യാന്‍?"

എന്തൊക്കെയോ ആലോചിച്ചിരുന്നിട്ട് ഒടുവില്‍ കൃഷ്ണന്‍ പറഞ്ഞു:

"ഇത്രയേറെ ആഗ്രഹിച്ചതല്ലേ? ഇനി ദേവിയുടെ ശക്തി നാട്ടുകാരെ ബോദ്ധ്യപ്പെടുത്തണം. അതേയുള്ളൂ വഴി."

"അതെങ്ങനെ?"

"വഴിയുണ്ട്‌. ഞാന്‍ പറയുന്നപോലെ ചെയ്യണം. ഒരല്‍പ്പം ചെലവുവരും. ഏറെയൊന്നുമില്ല. ഒരു നൂറുരൂപയോളമാകും. അത്രേയുള്ളൂ."

"അത് സാരമില്ല." അത് പറയുമ്പോള്‍ തന്‍റെ ബന്ധു നൂറുരൂപ കൊടുത്ത കാര്യമായിരുന്നു പിള്ളയുടെ മനസ്സില്‍.

ആ രൂപകൊണ്ട് കാര്യം സാധിച്ചെടുക്കാനാകാം വിധി.

"പക്ഷെ അതെങ്ങനെ നടക്കും?" എല്ലാം കേട്ടുകഴിഞ്ഞു പിള്ള ചോദിച്ചു.

"ഒക്കെ നടക്കും. ഞാന്‍ പറഞ്ഞതുപോലൊക്കെ ചെയ്‌താല്‍ മതി." അയാള്‍ അടുത്ത ബീഡി കത്തിച്ചു.

തീപ്പട്ടിക്കൊള്ളിയുടെ പ്രകാശത്തില്‍ തിളങ്ങുന്ന കണ്ണുകള്‍.

ഏതോ കുസൃതിയൊപ്പിച്ച കുട്ടിയുടെ കണ്ണുകള്‍.

അയാള്‍ പറഞ്ഞ പരിപാടിയില്‍, കാര്യം നടന്നാലും ഇല്ലെങ്കിലും, അപകടം ഒന്നും ഉള്ളതായി മാധവന്‍പിള്ളയ്ക്ക് തോന്നിയില്ല. കൂടിവന്നാല്‍ ആലപ്പുഴനിന്നും എറണാകുളംവരെ വെറുതേ യാത്രചെയ്യേണ്ടിവരും. അത്രതന്നെ. ശ്രമിച്ചുനോക്കാം. അയാള്‍ പറഞ്ഞതെല്ലാം ശരിയാകുകയാണെങ്കിലോ? വല്ല സിദ്ധിയുമുള്ള മനുഷ്യനാണ് ഇയാളെങ്കിലോ? അല്ലെങ്കിലിങ്ങനെ ഉറപ്പുതരാന്‍ എങ്ങിനെ കഴിയും?

"അപ്പോള്‍ പണം?"

Thursday, December 13, 2012

ചെമ്പരത്തിക്കാവ് - ഭാഗം രണ്ട്

 

                      ചെമ്പരത്തിക്കാവ്  - ഭാഗം രണ്ട്

 

"അതെ. കാശുകുറെ ആയിക്കാണുമല്ലോ? പെന്‍ഷനായപ്പം കിട്ടിയതെല്ലാം ഇവിടെ മുടക്കിയെന്നു തോന്നുന്നല്ലോ?
"ഹേയ്, അതൊക്കെ ബാങ്കിലുണ്ട്."
"പിന്നെ?"
"ആരോടും ഒന്നും പറയേണ്ടെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. ഈ നാട്ടുകാരോട് എന്തായാലും പറയാന്‍ പറ്റില്ല. അവരൊക്കെ കണ്ടറിഞ്ഞത് മാത്രം അറിഞ്ഞാല്‍ മതി. പക്ഷെ നിങ്ങള്‍? നിങ്ങളേതായാലും ഈ നാട്ടുകാരനല്ലല്ലോ? അതുകൊണ്ട് എല്ലാം പറയാം. ഒരാളെങ്കിലും അറിഞ്ഞിരിക്കട്ടെ."

മുഖവുര നീണ്ടുപോയത് വിചിത്രമായിത്തോന്നി.
"ഇതിലെന്താണിത്ര സസ്പെന്‍സ്?"
"നിങ്ങളീ നാടെല്ലാം കാണുന്നില്ലേ? ഒരു വായനശാലയോ തീയേറ്ററോ ഒരു നല്ല തട്ടുകടപോലുമോ ഇവിടില്ല. അസ്സല്‍ പട്ടിക്കാട്."
തലേദിവസത്തെ ഉത്സവത്തിരക്കില്‍ ഞാനതു ശ്രദ്ധിച്ചിരുന്നില്ല. പക്ഷെ ഇന്ന്‍ -
റോഡിലൂടെ പായുന്ന വാഹനങ്ങളുടെ ഇരമ്പലില്ലായിരുന്നെങ്കില്‍ ആകെ നിശ്ശബ്ദം.
പക്ഷെ ഇപ്പോഴതിനെന്താണാവോ പ്രസക്തി?
ഞാന്‍ ചുറ്റിനും നോക്കി. നിലാവില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്ന നാട്ടിന്‍പുറം. മഞ്ഞിന്‍റെ നേരിയ മൂടുപടം. വീടുകളില്‍ നിന്ന് ഊറിവീഴുന്ന പ്രകാശം നിലാവിലലിയുന്നു.
എവിടെയോ പാല പൂത്ത സുഗന്ധം.
തെളിഞ്ഞ ആകാശത്ത് ചലനലേശമില്ലാതെ ചന്ദ്രന്‍.
ഒരു നിമിഷത്തേക്ക് മനസ്സിന്‍റെ ചലനമറ്റതുപോലെ.
ദൂരേയെങ്ങോ ഒരു മണിനാദം.
"പെന്‍ഷന്‍ പറ്റിവന്ന ഞാന്‍ ചെയ്യാനൊന്നുമില്ലാതെ വലഞ്ഞു." മാധവന്‍പിള്ളയുടെ ശബ്ദം അകലെയെങ്ങോ നിന്നു മുഴങ്ങുന്നതുപോലെ. 
"ദിവസവും വൈകുന്നേരം ഞാനിവിടെ വന്നിരിക്കും. അപൂര്‍വ്വം ചില ദിവസം വേറെയാരെങ്കിലും കാണും. അവരോടു സംസാരിച്ചിരിക്കും. സന്ധ്യയാകുമ്പോള്‍ തിരിച്ചുപോകും." ഒരു സംഭവകഥ അടുക്കടുക്കായി പറയുന്നതുപോലെ നിറുത്തിനിറുത്തിയാണയാള്‍ സംസാരിച്ചത്.

Wednesday, December 12, 2012

ചെമ്പരത്തിക്കാവ് ഭാഗം ഒന്ന്

                              ചെമ്പരത്തിക്കാവ് - ഭാഗം ഒന്ന്

          

 ചെമ്പരത്തിക്കാവിലെ ആറാട്ട് വെള്ളിയാഴ്ചയാണെന്നും തീര്‍ച്ചയായും എത്തണമെന്നും മാധവന്‍ പിള്ള ഫോണ്‍ ചെയ്തപ്പോള്‍ ആളിനെ തിരിച്ചറിയാന്‍ തന്നെ ഞാന്‍ അല്‍പം ബുദ്ധിമുട്ടി. കാരണം, ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടോ ഫോണിലൂടെയെങ്കിലും സംസാരിച്ചിട്ടോ ആറുവര്‍ഷത്തിലേറെ കഴിഞ്ഞിരുന്നു. പെന്‍ഷനാകുന്നതിനുമുന്‍പ് കാസര്‍ഗോഡ്‌ ജില്ലയിലെ ഒരു കുഗ്രാമത്തില്‍ മൂന്നുവര്‍ഷം ഒന്നിച്ചു ജോലിചെയ്യേണ്ടിവന്നപ്പോഴാണ് ഞങ്ങള്‍ ശരിക്കും പരിചയപ്പെട്ടത്. അയാളുടെ നാട്ടിലെ ചെമ്പരത്തിക്കാവിലെ ദേവിയുടെ അപദാനങ്ങള്‍ കേള്‍ക്കാന്‍ പറ്റിയ ഒരാളെന്ന നിലയ്ക്കാണ് അയാള്‍ എന്നോടടുത്തത്. പിന്നെ ഞങ്ങള്‍ ഉറ്റസ്നേഹിതരായി. അയാളുടെ വീട്ടിലും ഞാന്‍ പോയിട്ടുണ്ട്. അയാള്‍ അന്നെന്നെ ചെമ്പരത്തിക്കാവിലും കൊണ്ടുപോയി. 

വളരെ ചെറിയ ഒരമ്പലം. ഒരു കാവിന്‍റെ അകന്ന കോണില്‍. അമ്പലമെന്നു വിളിക്കത്തക്ക വലിപ്പമൊന്നും അതിനുണ്ടായിരുന്നില്ല. രണ്ടടി നീളം, വീതി ഉയരങ്ങളുള്ള കൂടുപോലുള്ള ഒന്ന്. മുന്‍പില്‍ ചെറിയ ഭണ്ഡാരപ്പെട്ടി. നാഷണല്‍ ഹൈവേയുടെ സൈഡിലായിരുന്നു അത്.

ഞങ്ങള്‍ സന്ധ്യക്കാണ് അവിടെയെത്തിയത്. ഒരു തരി പ്രകാശം പോലും ചുറ്റുവട്ടത്തില്ലാത്ത ഇരുട്ടില്‍ തപസ്സിരിക്കുന്ന ദേവി. വളരെ ചെറിയ ഒരു വിഗ്രഹം ആ കൂടിനുള്ളിലുണ്ടെന്നു പിള്ള പറഞ്ഞു. അയാള്‍ അതിന്‍റെ വാതലില്‍ ഒരു തിരി കത്തിച്ചുവച്ചിട്ടും എനിക്ക് ആ വിഗ്രഹം കാണാന്‍ കഴിഞ്ഞില്ല.
"ഞാനല്ലാതെ ഇവിടെ വേറെ ആരും വരാറില്ല." അയാള്‍ പറഞ്ഞു. "ഞാന്‍ വേറൊരമ്പലത്തിലും പോകാറുമില്ല."

ആരും പോകാത്ത ആ ക്ഷേത്രത്തിലെന്തുത്സവം? എന്ത് ആറാട്ട്‌?
ഏതായാലും പിള്ളയെ ഒന്നു കാണാമല്ലോ? 
ഞാന്‍ വെള്ളിയാഴ്ച രാവിലെ തന്നെ പുറപ്പെട്ടു.

എന്‍റെ പ്രതീക്ഷക്കു വിപരീതമായിരുന്നു അവിടെക്കണ്ട കാഴ്ചകള്‍!

അമ്പലം ഒരുവിധം നന്നായിത്തന്നെ പണിഞ്ഞിരിക്കുന്നു. ഉത്സവം പ്രമാണിച്ച് നാലുചുറ്റും തോരണമാലകള്‍. നിറദീപങ്ങള്‍ കത്തുന്നു.

ഞാന്‍ അതിശയിച്ചുപോയി. ഇയാളിതെല്ലാം എങ്ങനെ സാധിച്ചെടുത്തു?
മാധവന്‍പിള്ള മുന്‍വശത്തുതന്നെ ഉണ്ടായിരുന്നു. അയാള്‍ എന്നെ അമ്പലത്തിലേക്കു നയിച്ചു.

"ആകെ മാറിയിരിക്കുന്നല്ലോ? ഇതെല്ലാം എങ്ങനെ ഒപ്പിച്ചു?"