Friday, December 14, 2012

ചെമ്പരത്തിക്കാവ്- ഭാഗം മൂന്ന്

               ചെമ്പരത്തിക്കാവ്‌ -    (ഭാഗം മൂന്ന്) 

വേറൊന്നും ചോദിയ്ക്കാനും പറയാനും ഇല്ലാത്തതുപോലെ അവര്‍ നിശ്ശബ്ദരായി.

എറണാകുളത്തിനുള്ള ഒരു ബസ്സ്‌ വന്നുനിന്നു. നിറയെ ആളുകള്‍. കുറേപ്പേര്‍ അതില്‍ കയറാന്‍ അടുത്തെത്തി.

മാധവന്‍പിള്ള തിരിച്ചുവന്ന്‍ സ്വസ്ഥാനത്തിരുന്നു. 

എന്തുപറ്റി?" സ്നേഹിതന്‍ അന്വേഷിച്ചു.

"അതില്‍ ഭയങ്കരതിരക്ക്‌. അടുത്ത ബസ്സ്‌ വരട്ടെ."

മിനിറ്റുകള്‍ കടന്നുപോയി.

"എന്താ പേര്?" മാധവന്‍പിള്ള അയാളോട് ചോദിച്ചു.

"കൃഷ്ണന്‍"

"ഇവിടെ എവിടെ വന്നതാ?" കൃഷ്ണന്‍ ആരാഞ്ഞു.

ഒറ്റവാക്കില്‍ മറുപടി പറയാവുന്ന ചോദ്യം. പക്ഷെ വിശദമായി പറയണമെന്ന് പിള്ളക്ക് തോന്നി.

തന്‍റെ വരവിന്‍റെ ഉദ്ദേശവും പരിണതഫലവും പിന്നെ കൂട്ടുകാരെ കാണാന്‍ പോയതും എല്ലാം അയാള്‍ പറഞ്ഞു.

സ്നേഹിതന്‍ എല്ലാം നിശ്ശബ്ദനായി കേട്ടുകൊണ്ടിരുന്നു. ഒടുവില്‍ അയാള്‍ ചോദിച്ചു:

"അപ്പോള്‍ അമ്പലത്തിന്‍റെ കാര്യം?"

"ഞാനൊറ്റക്ക് എന്തുചെയ്യാന്‍?"

എന്തൊക്കെയോ ആലോചിച്ചിരുന്നിട്ട് ഒടുവില്‍ കൃഷ്ണന്‍ പറഞ്ഞു:

"ഇത്രയേറെ ആഗ്രഹിച്ചതല്ലേ? ഇനി ദേവിയുടെ ശക്തി നാട്ടുകാരെ ബോദ്ധ്യപ്പെടുത്തണം. അതേയുള്ളൂ വഴി."

"അതെങ്ങനെ?"

"വഴിയുണ്ട്‌. ഞാന്‍ പറയുന്നപോലെ ചെയ്യണം. ഒരല്‍പ്പം ചെലവുവരും. ഏറെയൊന്നുമില്ല. ഒരു നൂറുരൂപയോളമാകും. അത്രേയുള്ളൂ."

"അത് സാരമില്ല." അത് പറയുമ്പോള്‍ തന്‍റെ ബന്ധു നൂറുരൂപ കൊടുത്ത കാര്യമായിരുന്നു പിള്ളയുടെ മനസ്സില്‍.

ആ രൂപകൊണ്ട് കാര്യം സാധിച്ചെടുക്കാനാകാം വിധി.

"പക്ഷെ അതെങ്ങനെ നടക്കും?" എല്ലാം കേട്ടുകഴിഞ്ഞു പിള്ള ചോദിച്ചു.

"ഒക്കെ നടക്കും. ഞാന്‍ പറഞ്ഞതുപോലൊക്കെ ചെയ്‌താല്‍ മതി." അയാള്‍ അടുത്ത ബീഡി കത്തിച്ചു.

തീപ്പട്ടിക്കൊള്ളിയുടെ പ്രകാശത്തില്‍ തിളങ്ങുന്ന കണ്ണുകള്‍.

ഏതോ കുസൃതിയൊപ്പിച്ച കുട്ടിയുടെ കണ്ണുകള്‍.

അയാള്‍ പറഞ്ഞ പരിപാടിയില്‍, കാര്യം നടന്നാലും ഇല്ലെങ്കിലും, അപകടം ഒന്നും ഉള്ളതായി മാധവന്‍പിള്ളയ്ക്ക് തോന്നിയില്ല. കൂടിവന്നാല്‍ ആലപ്പുഴനിന്നും എറണാകുളംവരെ വെറുതേ യാത്രചെയ്യേണ്ടിവരും. അത്രതന്നെ. ശ്രമിച്ചുനോക്കാം. അയാള്‍ പറഞ്ഞതെല്ലാം ശരിയാകുകയാണെങ്കിലോ? വല്ല സിദ്ധിയുമുള്ള മനുഷ്യനാണ് ഇയാളെങ്കിലോ? അല്ലെങ്കിലിങ്ങനെ ഉറപ്പുതരാന്‍ എങ്ങിനെ കഴിയും?

"അപ്പോള്‍ പണം?"

"അത് പേടിക്കണ്ടാ. അധികാരപ്പെട്ടവര്‍ ചോദിച്ചുവാങ്ങിക്കൊള്ളും." അയാള്‍ മാധവന്‍പിള്ളയുടെ തോളില്‍ തട്ടി. "അതാ എറണാകുളം ബസ്സുവന്നു. അപ്പോള്‍ പറഞ്ഞപോലെ. ബുധനാഴ്ച രണ്ടരക്ക്."


                                                          *******************************************


ബുധനാഴ്ച. മണി രണ്ടര കഴിഞ്ഞു. ബാംഗ്ലൂരിനുള്ള എക്സ്പ്രസ്‌ ആലപ്പുഴ ബസ്‌സ്റ്റാന്‍ഡില്‍ എത്തി. ഇടിയും തൊഴിയും അതിജീവിച്ച്‌ മാധവന്‍പിള്ള ബസ്സിനുള്ളില്‍ കയറി. നുഴഞ്ഞുകയറിയെന്നുതന്നെ പറയാം.

കാരണം മാധവന്‍പിള്ളയ്ക്ക് ഭയമുണ്ടായിരുന്നു. ഭയമല്ല, ഒരങ്കലാപ്പ്‌.

അര്‍ഹിക്കാത്തിടത്ത് കയറിയപോലെ.

കാര്യം നടക്കുമോ?

അതോ നാണം കെടുമോ?

ഏതോ ഒരപരിചിതന്‍ പറഞ്ഞതുകേട്ട് എടുത്തുചാടിയത് തെറ്റായോ?

ദേവീ, മഹാമായേ, രക്ഷിക്കണേ.

മാധവന്‍പിള്ള എറണാകുളത്തിനു ടിക്കറ്റെടുത്തു.

ഡ്രൈവറുടെ ഡോറടയുന്നതും ഡബിള്‍ബെല്‍ മുഴങ്ങുന്നതും ഏതോ വിദൂരതയില്‍ നിന്നെന്നവണ്ണം അയാള്‍ കേട്ടു.

മാധവന്‍പിള്ള റോഡിന്‍റെ പടിഞ്ഞാറേ സൈഡിലേക്കുതന്നെ ദൃഷ്ടിയുറപ്പിച്ചുനിന്നു.

മറ്റെല്ലാം അയാളുടെ മനസ്സില്‍നിന്നു വേര്‍പെട്ടു. ഒരേഒരു ലക്ഷ്യം.

ചുറ്റുമുള്ളവര്‍ സംസാരിക്കുന്നതൊന്നും അയാള്‍ കേട്ടില്ല.

ബസ്സ് ഒരുതവണ നിന്നതുപോലും അയാളറിഞ്ഞില്ല.

ഒടുവില്‍ ലക്ഷ്യത്തിനടുത്തെത്തി.

"ഇവിടെ ഒന്നു നിര്‍ത്താമോ?" അയാള്‍ കണ്ടക്ടരോടു ചോദിച്ചു.

കണ്ടക്ടര്‍ കേള്‍ക്കാത്ത ഭാവത്തിലിരുന്നു.

മാധവന്‍പിള്ള വീണ്ടും ആവശ്യം അറിയിച്ചു.

"ഇത് എക്സ്പ്രസ്സാ. ഇനി എറണാകുളത്തേ നില്‍ക്കൂ.

"ഒരത്യാവശ്യമാ. പ്ലീസ്‌. പടിഞ്ഞാറെ സൈഡിലുള്ള ആ കാവിന്‍റെ മുന്‍പില്‍."

അന്യഗ്രഹത്തില്‍നിന്നുവന്ന ജീവിയെ എന്നവണ്ണം കണ്ടക്ടറും മറ്റു യാത്രക്കാരും അയാളെ നോക്കി.

ആരെടാ ഈ കാട്ടുമാക്കാന്‍? വസ്ത്രധാരണമൊക്കെ മാന്യം. വിവരമില്ലെന്നുമാത്രം.

അമ്പലം അടുക്കാറായി.

സകല ധൈര്യവും സംഭരിച്ച് കണ്ടക്ടറുടെ മുഖത്തേക്ക് ദൃഷ്ടിയുറപ്പിച്ച് പിള്ള ആ ഡയലോഗ് പറഞ്ഞു:

"പക്ഷെ ഈ ബസ്സ് ആ കാവിന്‍റെ മുന്‍പില്‍ നില്‍ക്കും, തീര്‍ച്ച."

ശബ്ദത്തിലെ ഇടര്‍ച്ച മറ്റാരും കേട്ടില്ലെന്നു വിശ്വസിക്കാന്‍ അയാള്‍ ശ്രമിച്ചു.

ഇതിനകം ബസ്സ്‌ കാവിന്‍റെ മുന്‍പിലെത്തിയിരുന്നു. പക്ഷെ മുന്‍പോട്ടു നീങ്ങിയതും -

ബസ്സ് നിന്നു. എന്‍ജിന്‍ ഓഫായി.

ബസ്സിനുള്ളില്‍ പൂര്‍ണ്ണനിശ്ശബ്ദത.

മാധവന്‍പിള്ള അമ്പലത്തിനു നേരേ നോക്കി.

അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. നെഞ്ചിടിപ്പിന്‍റെ ശബ്ദം ബസ്സിലാകെ മുഴങ്ങുന്നെന്ന്‍ അയാള്‍ക്കുതോന്നി.

വിറയ്ക്കുന്ന കൈകള്‍കൊണ്ട്‌ ആയാള്‍ ഡോര്‍ തുറക്കാന്‍ ഭാവിച്ചതും കണ്ടക്ടര്‍ തടഞ്ഞു.

"തുറക്കരുത്."

പക്ഷെ മിനിട്ടുകള്‍ കഴിഞ്ഞിട്ടും ബസ്സ്‌ ചലിക്കാതിരുന്നപ്പോള്‍ കണ്ടക്ടര്‍ ഡ്രൈവറുടെ അടുത്തേക്കുനീങ്ങി.

മാധവന്‍പിള്ള ഡോര്‍ തുറന്നു പുറത്തുവന്നു.

ഹാവൂ, എന്തൊരാശ്വാസം.

പിന്നിലുള്ള യാത്രക്കരുടെയെല്ലാം ദൃഷ്ടി തന്‍റെമേല്‍ പതിക്കുന്നത് അയാളറിഞ്ഞു.

പക്ഷെ അയാള്‍ക്ക്‌ അങ്ങനെയങ്ങു പോകാന്‍ കഴിയില്ലല്ലോ?

പ്രധാനഭാഗം ഇനി അഭിനയിക്കാനിരിക്കുന്നതേയുള്ളൂ.  

(തുടരും)

                                                            

 

കൃഷ്ണ 

No comments:

Post a Comment