ചെമ്പരത്തിക്കാവ് - (അവസാനഭാഗം)
ചെമ്പരത്തിക്കാവ് - (അവസാനഭാഗം)
കാരണം, ഒരപരാധിയുടെ ഭാവമായിരുന്നു അപ്പോളയാളുടെ മുഖത്ത്.
"എന്തുപറ്റി?" ഞാന്‍ ചോദിച്ചു.
മറുപടിയില്ല. എവിടെയാണ് പൊരുത്തക്കേട്?
ഞാനാലോചിച്ചുനോക്കി. പെട്ടെന്നോര്‍മ്മവന്നു.
കൃഷ്ണന്‍?
ആ കഥാപാത്രം എവിടെ?
"കൃഷ്ണനെ പിന്നെ കണ്ടോ?"
ചോദ്യത്തിനല്ല അയാള്‍ മറുപടി പറഞ്ഞത്.
"അന്ന് രാത്രി സംസാരിച്ചപ്പോള്‍ എങ്ങിനെയാണിതെല്ലാം നടക്കുക എന്ന് ഞാനന്വേഷിച്ചു. അതൊക്കെ നടക്കും, പറഞ്ഞതുപോലെയെല്ലാം ചെയ്‌താല്‍ മതി എന്നയാള്‍ പറഞ്ഞു. പിന്നൊന്നും ചോദിക്കാന്‍ എനിക്ക് തോന്നിയില്ല. അയാള്‍ പറഞ്ഞതുപോലെ ചെയ്യാന്‍ തീര്‍ച്ചയാക്കി. കൂടിവന്നാല്‍ ആളുകള്‍ എന്നെ ഭ്രാന്തനെന്നു കരുതുമായിരിക്കും.
അത്രയല്ലേ ഉള്ളു. എന്നെ അറിയുന്നവരാരും ആ ബസ്സില്‍ കാണാനിടയില്ലല്ലോ? അഥവാ കൃഷ്ണന്‍ പറഞ്ഞതുപോലെ നടക്കുകയാണെങ്കിലോ? എന്തെങ്കിലും സിദ്ധിയുള്ള ആളാണ് അയാളെങ്കിലോ? അപ്പോള്‍ എന്‍റെ ഭാഗം ചെയ്യാതിരുന്നാല്‍ അത് തെറ്റല്ലേ? ഏതായാലും ഇറങ്ങിത്തിരിച്ചു. ഇനി മാക്സിമം ശ്രമിച്ചുനോക്കാം. എന്നൊക്കെ ചിന്തിച്ചാണ് ഞാന്‍ ആ ബസ്സില്‍ കയറിയത്."
"അയാള്‍ പറഞ്ഞതെല്ലാം ശരിയാകുകയും ചെയ്തല്ലോ? പിന്നെന്താ പ്രശ്നം?"
"പ്രശ്നം ഒന്നുമില്ല. പക്ഷേ..."
ഒന്ന് മടിച്ചിട്ട് പിന്നെ രണ്ടുംകല്‍പിച്ച് തുനിഞ്ഞിറങ്ങുന്നവന്‍റെ ധീരതയോടെ അയാള്‍ പറഞ്ഞൊപ്പിച്ചു:
"ആ വണ്ടി തനിയെ നിന്നതുമല്ല. തനിയെ സ്റ്റാര്‍ട്ട് ആയതുമല്ല."
"പിന്നെ?" ആകാംക്ഷ അടക്കാനാകാതെ ഞാന്‍ ചോദിച്ചു.
"ആ വണ്ടിയുടെ ഡ്രൈവര്‍ കൃഷ്ണനായിരുന്നു."
ഒരിക്കലും ആരോടും പറയരുതെന്നാഗ്രഹിച്ച രഹസ്യം. അതുളവാക്കിയ ശ്വാസംമുട്ടല്‍. സഹിക്കവയ്യാതെ വന്നപ്പോള്‍ പിള്ളക്ക് അത് പറയേണ്ടിവന്നു.
"നാട്ടിലാരോടും ഇത് പറഞ്ഞിട്ടില്ല. എന്‍റെ ഭാര്യയോടുപോലും. പക്ഷെ ആരോടെങ്കിലും പറയാതിരിക്കാന്‍ വയ്യതാനും. അതുകൊണ്ടാണ് ഇവിടെവന്ന് നിങ്ങളോടു പറഞ്ഞത്."
ആ രഹസ്യം പറയുമ്പോള്‍ അയാള്‍ വാതില്‍ക്കലേക്കാണ് നോക്കിക്കൊണ്ടിരുന്നത്.
"അത് കൃഷ്ണനായിരുന്നെന്ന്‍ എങ്ങനെയറിഞ്ഞു?" ഞാന്‍ ചോദിച്ചു.
"ഞാന്‍ കണ്ടു. വണ്ടി സ്റ്റാര്‍ട്ട് ആയപ്പോള്‍ ഞാന്‍ ഡ്രൈവറുടെ നേരെയാണ് നോക്കിയത്. അപ്പോള്‍ കണ്ടു, അയാള്‍ എന്നെനോക്കി ചിരിക്കുന്നു."
അയാള്‍ എന്തോ ആലോചിച്ചുകൊണ്ട് അല്‍പ്പസമയം ഇരുന്നു. എന്നിട്ട് സ്വയം പറഞ്ഞുറപ്പിക്കുന്നതുപോലെ പറഞ്ഞു:
"അതയാളുതന്നെയായിരുന്നു."
"അപ്പോള്‍ നിങ്ങളയാളെ ശരിക്ക് കണ്ടില്ലേ?"
"അതെങ്ങനെ? ഞാന്‍ ദൂരെനിന്നല്ലേ കണ്ടത്? പോരെങ്കില്‍ അപ്പോഴേക്കും വണ്ടി ഓടിതുടങ്ങിയിരുന്നല്ലോ? എങ്കിലും എനിക്ക് തോന്നുന്നു, അതയാള്‍ തന്നെയായിരുന്നെന്ന്. പിന്നെ, അന്നുരാത്രി മാത്രമല്ലേ അയാളെ അതിനുമുന്‍പ് കണ്ടിട്ടുള്ളു? അതും അരണ്ട വെളിച്ചത്തില്‍."
"നിങ്ങള്‍ ഊഹിച്ചതുതന്നെയാകും ശരി. ആ ഡ്രൈവര്‍ അയാള്‍ തന്നെയായിരിക്കും. അതുകൊണ്ടല്ലേ പരിപാടി വിജയിക്കുമെന്നയാള്‍ തീര്‍ത്തുപറഞ്ഞത്?"
പിള്ള ഒന്നും പറഞ്ഞില്ല.
"അതിരിക്കട്ടെ. ഇതിലെന്താ ഇത്ര രഹസ്യം?"
"ഇത് ആളുകളറിഞ്ഞാല്‍ ഞാന്‍ ഒരു തട്ടിപ്പ് നടത്തിയെന്നല്ലേ കരുതൂ. പിന്നെ ആരും അവിടെ വരാതാകും. വന്നവര്‍ മഠയരാകും. അവരെന്നെ പുഛിക്കും. കള്ളനെന്നു വിളിക്കും. കയ്യേറ്റം പോലും ചെയ്തേക്കാം."
"അമ്പലക്കാര്യങ്ങള്‍ വീണ്ടും പഴയപടിയാകും, ഇല്ലേ?"
"അതെ. അതെനിക്ക് ചിന്തിക്കാനേ കഴിയുന്നില്ല."
മാധവന്‍പിള്ള എന്‍റെ നേരെ തിരിഞ്ഞു.
"ഞാനെന്തു ചെയ്യണം? മറ്റാരുമറിഞ്ഞില്ലെങ്കിലും ഇതെല്ലാം ഒരു തട്ടിപ്പിന്‍റെ ഫലമാണെന്ന് എനിക്കറിയാമല്ലോ?"
"നിങ്ങളതിന് അറിഞ്ഞുകൊണ്ട് കള്ളത്തരമൊന്നും ചെയ്തില്ലല്ലോ?"
"എന്നാലും ഞാന്‍കൂടി ചേര്‍ന്നതുകൊണ്ടല്ലേ ഇങ്ങനെയെല്ലാം നടന്നത്?"
"ആ ഡ്രൈവര്‍ കൃഷ്ണനല്ലായിരുന്നെങ്കിലോ?"
"എങ്കില്‍ പ്രശ്നമില്ലായിരുന്നു. പക്ഷെ അങ്ങിനെയല്ലല്ലോ?"
"എങ്ങിനെയല്ലെന്ന്? നിങ്ങള്‍ അയാളെ ശരിക്ക് കണ്ടിട്ടുപോലുമില്ല. പോട്ടെ, റോഡിലെങ്ങാനുംവച്ച് അയാള്‍ എതിരെവന്നാല്‍ തിരിച്ചറിയുമെന്നു തോന്നുന്നുണ്ടോ?"
"സംശയമാണ്."
"എന്നിട്ടാണോ ഈ വേവലാതി? ഏതോ അജ്ഞാതനില്‍നിന്ന് ഒരു സഹായം. അത്രമാത്രം. അയാളുടെപേര് കൃഷ്ണനെന്നാണെന്നുപോലും നിങ്ങള്‍ക്കുറപ്പില്ല. അതൊരു മനുഷ്യരൂപമായിരുന്നെന്നു മാത്രമല്ലേ നിങ്ങള്‍ക്കറിയൂ." .
"അത്....അത്...." എന്തുപറയണമെന്നറിയാത്തമട്ടില്‍ അയാള്‍ വിക്കിവിക്കിപ്പറഞ്ഞു. ഇനി എന്തുപറയണമെന്ന്
ചിന്തിച്ചിരുന്നപ്പോള്‍ പെട്ടെന്നെന്തോ തോന്നിയമട്ടില്‍ അയാള്‍ എന്‍റെ കയ്യില്‍ കയറിപ്പിടിച്ചു.
"നിങ്ങളെന്താ പറഞ്ഞോണ്ടുവരുന്നത്? അങ്ങനൊക്കെ നടക്കുമോ?"
അയാള്‍ ഉദ്ദേശിച്ചതെന്താണെന്ന് എനിക്ക് മനസ്സിലായി.
"ആര്‍ക്കറിയാം? നമുക്കറിയാത്ത എന്തെല്ലാമുണ്ട് ഈ ലോകത്തില്‍? ഏതായാലും നിങ്ങള്‍ക്കുറപ്പുള്ളതുമാത്രം, അതുമാത്രം, വിശ്വസിക്കുക. വണ്ടി അവിടെ നിന്നതും പോയതും ഇപ്പോഴാളുകള്‍ വരുന്നതും അമ്പലം പുതുക്കിപ്പണിതതും ഒക്കെ നമ്മുടെ കണ്‍മുന്‍പിലുള്ള സംഗതി. കണ്ടറിഞ്ഞ സംഗതി. ആ രാത്രിയില്‍ കണ്ട അപരിചിതന്‍ തന്നെയാണ് വണ്ടിയോടിച്ചിരുന്നതെന്നത് ഊഹം മാത്രം. സത്യമല്ലേ? അതിനു നിങ്ങള്‍ക്കുള്ള തെളിവോ? ആ ഡ്രൈവര്‍ നിങ്ങളോടു ചിരിച്ചുപോയി! അത്രമാത്രം. അവിടെ നടന്നതെല്ലാം കണ്ട ആള്‍, പ്രത്യേകിച്ച് വണ്ടിയുടെ ഡ്രൈവര്‍ നിങ്ങളെ അഭിനന്ദിച്ചൊന്നു ചിരിച്ചതിനെ ഇങ്ങനെയങ്ങ് വ്യാഖ്യാനിച്ച് ദുഖിക്കണോ?"
"അപ്പോള്‍പിന്നെ ആ വണ്ടിയുടെ ഡ്രൈവര്‍ ആരായിരുന്നു?"
"അതെനിക്കെങ്ങനെയറിയാം. ആരോ ഒരാള്‍ ആ വണ്ടിയോടിച്ചു. അത്രമാത്രം നമുക്കറിയാം. കൃഷ്ണനെന്നു നിങ്ങളെ പരിചയപ്പെടുത്തിയ വ്യക്തിയാകാം. അയാളുടെ സുഹൃത്താകാം. ദൈവമാകാം. പിശാചാകാം. നിങ്ങളെന്തിന് അതന്വേഷിക്കുന്നു?"
"എങ്കിലും/'
"ഒരെങ്കിലുമില്ല. നിങ്ങളാഗ്രഹിച്ചത് നടന്നു. ഏതായാലും ദുരാഗ്രഹമോ അത്യാഗ്രഹമോ ഒന്നും ആയിരുന്നില്ലല്ലോ? പിന്നെ എല്ലാ ആഗ്രഹങ്ങളും നടപ്പാക്കാന്‍ ഒരു വഴി തെളിയുമെന്ന് കേട്ടിട്ടില്ലേ?"
മനസ്സിലാകാത്തതുപോലെ അയാള്‍ എന്‍റെ മുഖത്തേക്കു നോക്കി.
"എന്താ മനസ്സിലായില്ലേ?" ഞാന്‍ ചോദിച്ചു.
"ഇല്ല."
"വെയര്‍ ദെയര്‍ ഈസ് എ വില്‍, ദെയര്‍ ഈസ് എ വേ എന്നുകേട്ടിട്ടില്ലേ?" (മനസ്സുണ്ടെങ്കില്‍ വഴിയുമുണ്ട്.)
"ഓ, അത്." മാധവന്‍പിള്ള പൊട്ടിച്ചിരിച്ചു. ടെന്‍ഷന്‍ അകന്നതുപോലെ.
"അതേ. അതുതന്നെ ഈ വില്‍. എല്ലാ വില്ലും ഒന്നുതന്നെ. അതറിഞ്ഞാല്‍ പ്രശ്നങ്ങള്‍ എല്ലാം തീരും."
"അപ്പോള്‍?" എന്തോ ഒരു സംശയം അയാളുടെ മനസ്സില്‍ വീണ്ടും ബാക്കി.
"അതേ. അതുതന്നെ. അങ്ങനെയെല്ലാം സംഭവിക്കേണ്ടിയിരുന്നു. സംഭവിച്ചു. അത്രതന്നെ. നിങ്ങള്‍ വെറുമൊരു നിമിത്തം. കാലത്തിന്‍റെ ഒഴുക്കിനൊപ്പിച്ചു നീന്താനുള്ള ഒരു നിയോഗം നിങ്ങള്‍ പൂര്‍ത്തിയാക്കി. അത്രേയുള്ളു. അല്ലാതെ വിധി പ്രസ്താവിക്കാന്‍ നമ്മളാര്?"
"പക്ഷെ ഒരു സംശയം ബാക്കി." കുറേനേരം നിശ്ശബ്ദനായിരുന്നിട്ട് പിള്ള പറഞ്ഞു.
"ഇനിയെന്താ സംശയം?"
"അല്ല. അന്ന് കൃഷ്ണന്‍ പറഞ്ഞ കാര്യമാ. പത്തുനൂറുരൂപ ചെലവുണ്ടെന്നയാള്‍ പറഞ്ഞു."
"ആര്‍ക്കു കൊടുക്കണമെന്നാ പറഞ്ഞേ?"
"അധികാരപ്പെട്ടവര്‍ ചോദിച്ചുവാങ്ങിച്ചോളുമെന്നു പറഞ്ഞു."
"ഇനി അതൊക്കെ കളഞ്ഞേര്. ആരെങ്കിലും വന്നാല്‍ നൂറുരൂപ കൊടുത്തേക്കണം. അത്രതന്നെ.'
പെട്ടെന്നയാളുടെ കണ്ണുകള്‍ തിളങ്ങി.
"ഞാനെന്തു മഠയന്‍?"
"അതെന്താ?"
"അധികാരപ്പെട്ടയാള്‍ കാശ് ചോദിച്ചുവാങ്ങിച്ചു കഴിഞ്ഞല്ലോ?"
"അതാരാ വാങ്ങിച്ചേ?"
"ഞാന്‍ ആലപ്പുഴപ്പോയതും തിരിച്ച് എക്സ്പ്രസ്സില്‍ ഏറണാകുളത്തിനു ടിക്കറ്റെടുക്കേണ്ടിവന്നതും ഇതിനുള്ള ചെലവാണല്ലോ? കാശ് അധികാരപ്പെട്ടവര്‍തന്നെ വാങ്ങിക്കുകേം ചെയ്തല്ലോ? ഇല്ലേ? ശരിയല്ലേ?"
"ശരി. ശരിക്കും ശരി. അതുതന്നെ ഞാന്‍ പറഞ്ഞതും."
വൈകിട്ട് മാധവന്‍ പിള്ള തിരിച്ചുപോയി. ഇനിയും ഇക്കാര്യത്തെചൊല്ലി വിഷമിക്കില്ലെന്ന് എനിക്ക് വാക്കുതന്നിട്ടാണ് അയാള്‍ പോയത്.
(അവസാനിച്ചു)
കൃഷ്ണ
No comments:
Post a Comment