Thursday, February 21, 2013

ഒരു മന്ത്രിയുടെ പങ്കപ്പാട്


ഒരു മന്ത്രിയുടെ പങ്കപ്പാട്
(ചിത്രം - കടപ്പാട് : അരുണ്‍ മെഴുവേലി ;ഫേസ് ബുക്ക്‌)

എനിക്ക് മനസ്സിലായിടത്തോളം കഴിവുള്ളവനും എന്തെങ്കിലുമൊക്കെ നന്മ നാടിനു ചെയ്യണമെന്നു ആഗ്രഹിക്കുന്നവനുമാണ് മന്ത്രി ഗണേഷ്‌കുമാര്‍. അദ്ദേഹം മുന്‍പ് ട്രാന്‍സ്പോര്‍ട്ട്‌ മന്ത്രി ആയിരുന്നപ്പോഴും അങ്ങനെ തോന്നിയിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ അദ്ദേഹത്തെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി – പാര്‍ട്ടിയെന്നാല്‍ ശ്രീ. ആര്‍. ബാലകൃഷ്ണപിള്ള. മന്ത്രിയുടെ അച്ഛന്‍ - മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു. മന്ത്രിയുടെ കുറ്റം സംസ്ഥാനഭരണത്തില്‍ പാര്‍ട്ടിയെ ഇടപെടുത്തുന്നില്ല എന്നതാണ്. മുഖ്യമന്ത്രിയല്ല, തങ്ങളാണ് ഗണേഷ്‌കുമാറിനെ മന്ത്രിയാക്കിയതെന്നാണ് പാര്‍ട്ടിയുടെ വാദം. മുഖ്യമന്ത്രി വെറും സാക്ഷി മാത്രം.

                 കേരളം ഭരിക്കുന്ന മന്ത്രിയാണ് ശ്രീ. ഗണേഷ്‌കുമാര്‍. അതുകൊണ്ടുതന്നെ കേരളത്തിലെ ജനങ്ങളുടെ – അത് ഏതു പാര്‍ട്ടിക്കാരും ആയിക്കൊള്ളട്ടെ – പൊതുവായ നന്മയ്ക്കുവേണ്ടിയാണ് ഭരിക്കേണ്ടത്. അല്ലാതെ ഏതെങ്കിലും ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്ക് – അത് തന്നെ തെരഞ്ഞെടുപ്പിന് നിര്‍ത്തിയ പാര്‍ട്ടിയായാല്‍പ്പോലും – വേണ്ടിയല്ല. അത് ഒരു കുറ്റമാണ് എങ്കില്‍ ആ കുറ്റം ചെയ്യുന്നവനാണ് യോഗ്യനായ മന്ത്രി എന്ന് ഞാന്‍ കരുതുന്നു. മന്ത്രി ഗണേഷ്‌കുമാര്‍ ചെയ്തുകൊണ്ടിരിക്കുന്ന കുറ്റവും അത് തന്നെ. നാട്ടുകാര്‍ക്ക് - പാര്‍ട്ടിക്കാര്‍ക്കല്ല – എന്തെങ്കിലും നന്മ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. ചെയ്യാന്‍ കഴിയുന്നുണ്ടോ എന്നത് മറ്റൊരു കാര്യം.

Thursday, February 7, 2013

ഒരു റിപ്പബ്ലിക്‌ ദിനം കൂടി

ഒരു റിപ്പബ്ലിക്‌ ദിനം കൂടി


ഒരു റിപ്പബ്ലിക്‌ ദിനം കൂടി കടന്നുപോയി. സാധാരണയായി സ്വാതന്ത്ര്യസമരഭടന്മാരോടുള്ള ഭക്തിയും കടപ്പാടുമാണ് ഈ ദിനം മനസ്സില്‍ ഉണര്‍ത്തുന്നത്. ഇന്നും അത് ഇല്ലെന്നല്ല. പക്ഷെ

അതിനുപരി മറ്റെന്തൊക്കെയോ അശുഭചിന്തകള്‍ മനസ്സില്‍ കടന്നുവരുന്നു.

സ്വതന്ത്രഭാരതം വളരെയേറെ നേട്ടങ്ങള്‍ ഉണ്ടാക്കി എന്നതൊരു വാസ്തവമാണ്. ശാസ്ത്രസാങ്കേതിക രംഗങ്ങളില്‍ എടുത്തുപറയാവുന്ന ഒരു രാജ്യമാണ് ഇന്ന് ഭാരതം. വികസിതരാജ്യങ്ങളില്‍ പോലും ശാസ്ത്രസാങ്കേതികരംഗത്ത് എടുത്തുപറയുന്ന പലപേരുകളും ഭാരതീയരുടെതാണ്. ഇതില്‍ നമുക്ക് അഭിമാനിക്കാന്‍ വകയില്ലേ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും ഉണ്ട് എന്നാണു ഉത്തരം.

പക്ഷെ ഇത് ചിത്രത്തിന്റെ ഒരു വശം മാത്രമല്ലേ ആകുന്നുള്ളൂ.

ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളില്‍ ആണെന്ന് ഗാന്ധിജി പറഞ്ഞു. ഗ്രാമങ്ങളുടെ പുരോഗതിയിലൂടെ മാത്രമേ ഭാരതത്തിന്റെ പുരോഗതി സാദ്ധ്യമാകൂ എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. എന്നാല്‍ ഇന്ന് സ്ഥിതി എന്താണ്?