ദേവി
ദേവി
കീറിപ്പറിഞ്ഞ പഴന്തുണിയില്‍ പൊതി-
ഞ്ഞാകെ തളര്‍ന്നോരു പിഞ്ചുപൈതല്‍
വാടിത്തളര്‍ന്നു കിടക്കുന്നു മൂലയില്‍
വാടിക്കൊഴിഞ്ഞൊരു പൂവുപോലെ
തീവ്രജ്വരത്തി,ന്നസഹ്യമാം ചൂടിനാ-
ലാടിവിറയ്ക്കുന്നൊ,രസ്ഥികൂടം
പാഴ്മരച്ചില്ലപോല്‍ നീളും വിരലുകള്‍
ആഴക്കിണര്‍ പോലെ നേത്രദ്വയ
മറ്റൊരുമൂലയില്‍ മദ്യപന്‍ താതനും
പട്ടുമയങ്ങുകയാണു, ചുറ്റും
മദ്യലഹരിയില്‍ ഛര്‍ദ്ദിച്ചതൊക്കെയും
കെട്ടിക്കിടക്കുന്നിതങ്ങുമിങ്ങും
പട്ടണമൂലയ്ക്ക,ഴുക്കുചാലില്‍ നിന്നു
പൊട്ടിയൊലിച്ച ദുര്‍ഗ്ഗന്ധമാകെ
കെട്ടിവരിഞ്ഞാ കുടിലിനേയാകവേ
വിട്ടുപോകാത്തോ,രജഗരം പോല്‍
കത്തിക്കരിഞ്ഞോ,രടുപ്പിന്നരികിലായ്
കത്തിയെരിഞ്ഞ തൃണം കണക്കേ
മൂര്‍ത്തീഭവിച്ച ദുഃഖം പോലെയമ്മയും
ഓര്‍ത്തിരുന്നേങ്ങലടക്കിടുന്നു.
പെട്ടെന്നു കേട്ടു കുഞ്ഞിന്‍ നാദമപ്പുറം
കൊച്ചൊരു പക്ഷി നിനാദം പോലെ
“അമ്മേ വിശക്കുന്നു” മന്ദ്രമായാസ്വര-
മെങ്ങുമലയടിക്കുന്നപോലെ
വേപഥുപൂണ്ടൊരു പാവമാ മാതാവു
നോക്കുന്നു ചുറ്റും പ്രതീക്ഷയോടെ
പാവമെന്‍ കുഞ്ഞിനു ഭോജനം നല്‍കുവാ-
നാരുണ്ടി,താരുണ്ടി,തെന്നരുകില്‍?
ഞെട്ടുന്ന മാതാവിന്‍ നേത്രം പതിച്ചത-
ങ്ങറ്റം കിടന്നൊരു ചിത്രമതില്‍
തന്‍ കൊച്ചുമോനന്നു കൊണ്ടുവന്നേകിയ
പിഞ്ചിപ്പഴകിയ പത്രക്കീറില്‍
ആയതിലമ്മത,ന്നമ്മിഞ്ഞയൂറ്റുന്ന
പാവം കിടാവു,മതിന്നമ്മയും
തട്ടിമുട്ടിക്കുടിക്കുന്ന കിടാവിനെ
നക്കിത്തുടയ്ക്കുന്നു മാതാവുതാന്‍
മാത്രുത്വഭാവമുണര്‍ന്നൂ, ജനനിതന്‍
മാനസം കര്‍മ്മപ്രചോദിതമായ്
രോദനം, പുത്രന്‍റെ ക്ഷീണിതമാം സ്വരം
മാറതില്‍ തട്ടുന്നു വാള്‍മുന പോല്‍
മെല്ലെ നടന്നവള്‍ പുത്രന്നരുകിലായ്
തെല്ല് കുനിഞ്ഞൊന്നു തൊട്ടുനോക്കി
എന്തോ നിരൂപിച്ചുറച്ചപോ,ലായമ്മ
മന്ദമവന്നരികില്‍ ശയിച്ചു
പൈതലിന്‍ ചൂടിനാല്‍ പൊള്ളും തന്‍ മാറിടം
മെല്ലെ,യനാവൃതമാക്കിയവള്‍
തന്‍ മുലക്കണ്ണുകള്‍ ചേര്‍ത്തവള്‍ പുത്രന്‍റെ
വാടിവിറയ്ക്കുന്ന വായ്ത്തടത്തില്‍
കണ്ണുനീര്‍ കൊണ്ടു കഴുകീ ശിരസ്സവള്‍
ഉമ്മകളേകി മൂര്‍ദ്ധാവില്‍ ദ്രുതം
കെട്ടിപ്പിടിച്ചവനേച്ചേര്‍ത്തിളം മെയ്യില്‍
തട്ടി,ത്തടവി മൃദുവായ് മൂളി
ആരും രചിച്ചത,ല്ലീണം പകര്‍ന്നത-
ല്ലാ ഗാന,മമ്മതന്നാത്മനാദം
ആയതി,ലോടക്കുഴല്‍ വിളിപോല്‍ കല-
ര്‍ന്നാ,പിഞ്ചുകുഞ്ഞിന്‍റെ ശ്വാസനാദം
പെട്ടെന്നു ഞെട്ടുന്നു മാതാവു, മാറിടം
ദുഗ്ദ്ധം ചുരന്നു തുടങ്ങീടുന്നു!
തന്‍ പൈതലിന്‍ ക്ഷുത്തടക്കിയുറക്കുവാ-
നമ്മയും ദേവിയായ് മാറിടുന്നു
ആകുലഭാവങ്ങ,ളെല്ലാമതോടക-
ന്നാ,മാനസം കുളിര്‍നീര്‍ പൊയ്കയായ്
പാവം മകനുമുറക്കമായ് ശാന്തനായ്
ആ ജ്വരബാധ,യകന്നുമാറി
മാതാവി,ന്നാത്മാവി,ന്നമൃതം നുകര്‍ന്നവന്‍
ക്ഷീണമകന്നു തേജോഗാത്രനായ്
മോനുറങ്ങുമ്പൊഴും നിര്‍ത്താതെ താരാട്ടു-
പാട്ടിന്‍റെ മന്ത്രം തുടര്‍ന്നു മെല്ലെ
ആകവേ ചൂഴ്ന്നോരാ ഗന്ധവും നാണിച്ചു
മാറിയൊളിച്ചേതോ ഗഹ്വരത്തില്‍
മാത്രുത്വമേ നിന്നെ പൂജിക്കാനിത്തിരി
കാലവിളംബം; ക്ഷമിക്ക തായെ.
&&&&&&&&&&
കൃഷ്ണ
ആകവേ ചൂഴ്ന്നോരാ ഗന്ധവും നാണിച്ചു
ReplyDeleteമാറിയൊളിച്ചേതോ ഗഹ്വരത്തില്‍
അര്‍ത്ഥമുള്ള കവിത
ReplyDeleteലക്ഷണമൊത്തതും
അമ്മിഞ്ഞപ്പാൽ ഔഷധം തന്നെ .
ReplyDeleteആരും രചിച്ചത,ല്ലീണം പകര്‍ന്നത-
ReplyDeleteല്ലാ ഗാന,മമ്മതന്നാത്മനാദം
ആശംസകൾ
ReplyDeleteആരും രചിച്ചത,ല്ലീണം പകര്‍ന്നത-
ReplyDeleteല്ലാ ഗാന,മമ്മതന്നാത്മനാദം
ആയതി,ലോടക്കുഴല്‍ വിളിപോല്‍ കല-
ര്‍ന്നാ,പിഞ്ചുകുഞ്ഞിന്‍റെ ശ്വാസനാദം
പെട്ടെന്നു ഞെട്ടുന്നു മാതാവു, മാറിടം
ദുഗ്ദ്ധം ചുരന്നു തുടങ്ങീടുന്നു!...
മാതൃത്വത്തെ മനോഹരമായി വര്‍ണ്ണിച്ചിരിക്കുന്നു
കമന്റ് പോസ്റ്റ് ചെയ്ത എല്ലാവര്‍ക്കും നന്ദി.
ReplyDelete