Monday, April 29, 2013

നാറാണത്തുഭ്രാന്തന്‍

  നാറാണത്തുഭ്രാന്തന്‍

 

ഉരുട്ടിക്കയറ്റുന്നു കര്‍മ്മാശ്മഭാരം

മരത്തില്‍ കുരുങ്ങും ജടാമേഘമാല

പദേ മുള്ളുടക്കുന്നു പാഷാണഗ്രസ്തം

ശിലാഭാരമിഞ്ചിഞ്ചുയര്‍ത്തുന്നു മര്‍ത്ത്യന്‍


സ്വയം മെയ്ക്കരുത്തില്‍ പടര്‍ത്തിപ്പടര്‍ത്തി

പദം മെല്ലെയേറ്റിക്കയറ്റുന്നു ഭ്രാന്തന്‍

വലം കയ്യുയര്‍ത്തി തലോടുന്നു മുത്തിന്‍

കണങ്ങള്‍ തെറിക്കുന്നു മാരിവില്‍ പോലെ


പതുക്കെപ്പതുക്കെക്കടന്നെത്തിയഗ്രേ-

യിതാ, അശ്വമേധത്തിനന്ത്യം കുറിച്ചു    

അരണി തന്നഗ്നിസ്ഫുലിംഗം തെറിച്ചു

കടല്‍ താണ്ടിയത്തോണി, യക്കരെക്കെത്തി


വലംകൈയുയര്‍ത്തി ശിരോഭാരമേന്തി

ഇടം കാല്‍പദം മെല്ലെ പാറമേലൂന്നി

പതുക്കെച്ചലിച്ചും മദംകൊണ്ടുപാഞ്ഞും

തിരിച്ചെത്തി,യപ്രസ്തരം ഭൂവില്‍ വീണ്ടും


ഇതെന്‍ ജന്മ,മീജന്മഭാരം കഴിഞ്ഞു

ഇനി ജന്മകര്‍മ്മങ്ങളായിരം വീണ്ടും

ഉരുട്ടിക്കയറ്റി ചവിട്ടി തെറിപ്പി-

ച്ചതും തീര്‍ത്തുറങ്ങാം സ്ഥിരം ബ്രഹ്മരൂപേ


  &&&&&&&&&&&&&&&&&


കൃഷ്ണ


 










 

 



4 comments:

  1. തത്വചിന്താത്മകം
    മനോഹരം, അര്‍ത്ഥഗര്‍ഭം

    ReplyDelete
  2. ........നീയല്ല ഭ്രാന്തൻ..

    ശുഭാശംസകൾ...

    ReplyDelete
  3. കവിത്വമുള്ള ചിന്ത

    ReplyDelete