ഒരു കൊലക്കേസ് വിചാരണ
ഒരു കൊലക്കേസ് വിചാരണ
ആ കൊലപാതകക്കേസിന്‍റെ ഹീയറിംഗ് ഇന്നാണ്. ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ് നടന്ന ഒരു കൊലപാതകം. പ്രതിക്ക് നാല്‍പ്പത്തഞ്ചു വയസ്സുള്ളപ്പോള്‍ ചെയ്ത കൊലപാതകം.
അന്ന് പത്രങ്ങളുടെ ഒന്നാം പേജില്‍ വന്ന ഒരു വാര്‍ത്തയായിരുന്നു അത്. അക്കാലത്ത് കൊലപാതകങ്ങള്‍ സാധാരണമായിരുന്നില്ല എന്നതുകൊണ്ടാകണം അത് ഒരു പ്രധാനവാര്‍ത്തയായത്.
രാമഭദ്രന്‍റെ വീട്ടിലെ ചെറുപ്പക്കാരിയും അവിവാഹിതയുമായ വേലക്കാരിയാണ് രാത്രിയില്‍ കഴുത്തുഞെരിച്ചു കൊല്ലപ്പെട്ടത്. ഒരു ചൊവ്വാഴ്ച ആയിരുന്നു സംഭവം. രാമഭദ്രന്‍ എല്ലാ ആഴ്ചയിലെയുംപോലെ തിങ്കളാഴ്ച തന്നെ എറണാകുളത്തേക്ക് മടങ്ങിപ്പോയിരുന്നു. വീട്ടില്‍ ഭാര്യയും മകളും വേലക്കാരിയും മാത്രമായിരുന്നു. ഭാര്യയും മകളും മുകളിലത്തെ മുറിയിലാണ് ഉറങ്ങിയത്. വേലക്കാരി താഴത്തെ നിലയില്‍ അടുക്കളയോടുചേര്‍ന്നുള്ള ചെറിയ മുറിയിലും.
അന്ന് രാത്രി ഭയങ്കരമഴയായിരുന്നു. അതുകൊണ്ടുകൂടിയാകണം, ഭാര്യയും മകളും യാതൊരു ശബ്ദവും കേട്ടില്ല.
താഴേക്കിറങ്ങിവന്ന രാമഭദ്രന്‍റെ ഭാര്യയാണ് ശവശരീരം ആദ്യം കണ്ടത്. അവര്‍ അലറിനിലവിളിച്ചപ്പോള്‍ മകളും അയല്‍ക്കാരും വന്നു. ആരോ വിവരമറിയിച്ചപ്പോള്‍ പോലീസും എത്തി.
ജഡം പൂര്‍ണ്ണനഗ്നമായിരുന്നു. ബലാത്സംഗശ്രമത്തിനിടയില്‍ കഴുത്തുഞെരിച്ചു കൊന്നതാണെന്ന് പോലീസിനു മനസ്സിലായി.
ശവശരീരത്തില്‍ നിന്നോ ചുറ്റുപാടുനിന്നോ ഏതെങ്കിലും വിരലടയാളമോ മറ്റ് എന്തെങ്കിലും തെളിവോ ലഭിച്ചില്ല.
പോലീസ് എല്ലാവരെയും ചോദ്യം ചെയ്തു. രാമഭദ്രന്‍ ആ രാത്രിയില്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ലെങ്കിലും അയാളെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു. പക്ഷെ ആരാണ് ചെയ്തതെന്നതിനെപ്പറ്റി ഒരു ഊഹം പോലും പോലീസിനു ലഭിച്ചില്ല.
വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തെളിയാതെപോയ കേസ്സുകളുടെ പട്ടികയില്‍ അതും സ്ഥലം പിടിച്ചു.
പക്ഷെ.....
എറണാകുളത്തെ ഒരു പോലീസ് സ്റ്റേഷനിലെ എസ്. ഐ. ഒരു സ്ത്രീയായിരുന്നു. ഒരു ദിവസം അവരുടെ ബന്ധുവായ ഒരു അദ്ധ്യാപിക അവരുടെ വീട്ടിലെത്തി.
കുശലപ്രശ്നങ്ങള്‍ക്കുശേഷം അദ്ധ്യാപിക പറഞ്ഞു.
"എന്‍റെ അടുത്ത വീട്ടില്‍ ഒരു സ്ത്രീ താമസിക്കുന്നുണ്ട്. ഒറ്റക്കാണ് താമസം. ഭര്‍ത്താവ് മരിച്ചുപോയി. മകനും ഭാര്യയും വിദേശത്താണ്.
അവര്‍
ഒരു ചെറിയ വീട് വര്‍ഷങ്ങളായി വാടകയ്ക്ക് കൊടുത്തിരിക്കയാണ്. ഫര്‍ണിച്ചര്‍
ബിസിനസ്സ് ചെയ്യുന്ന ഒരാളാണ് അവിടെ താമസം. വളരെനാളായി അയാള്‍ അവരുടെ
പിന്നാലെ കൂടിയിരിക്കയാണ്. പക്ഷെ വഴങ്ങാന്‍ ആ സ്ത്രീ തയാറല്ല. ഇപ്പോള്‍ അയാള്‍ അവരെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു."
"ഒരു പരാതി എഴുതി അടുത്ത സ്റ്റേഷനില്‍ കൊടുക്കാന്‍ പറയൂ. ഞാനും സ്റ്റേഷനില്‍ വിളിച്ചുപറയാം."
"അവിടെയാണ് പ്രശ്നം. പരാതി കൊടുക്കാന്‍ അവര്‍ക്കു ഭയമാണ്. ആരോടെങ്കിലും പറഞ്ഞെന്ന് അറിഞ്ഞാല്‍ പിന്നെ അയാള്‍ അവരെ വെച്ചേക്കില്ല എന്നാണ് ഒരു ഭയം. പോരെങ്കില്‍ ആരെങ്കിലും ഇതറിഞ്ഞാല്‍ ചീത്തപ്പേരും അവര്‍ക്കല്ലേ?"
"പരാതിപ്പെടാതെ പോലിസ് എങ്ങനെ ഇടപെടും?"
"ഞാന്‍ പറഞ്ഞെന്നേയുള്ളൂ."
അദ്ധ്യാപിക മടങ്ങിപ്പോയി. എസ്.ഐ. കുറെ ആലോചിച്ചശേഷം വിവരങ്ങളെല്ലാം ബന്ധപ്പെട്ട സ്റ്റേഷനിലെ പോലിസ് ഓഫീസറുമായി ഫോണില്‍ ചര്‍ച്ചചെയ്തു.
ആ ഓഫീസര്‍ കിട്ടാവുന്നിടത്തോളം വിവരങ്ങള്‍ ശേഖരിച്ചു. അദ്ധ്യാപിക വനിതാ എസ്.ഐ. യോട് പറഞ്ഞതെല്ലാം ശരിയാണെന്ന് ബോദ്ധ്യമായി.
ഒരുദിവസം അദ്ദേഹം സാധാരണവേഷത്തില്‍ ഫര്‍ണിച്ചര്‍ കടയിലെത്തി. ചിലതിനെല്ലാം വിലചോദിച്ചു. കടയുടമയെ പരിചയപ്പെട്ടു.
അയാളുടെ പേര് രാമഭദ്രന്‍. സ്ഥലം എഴുപതു കിലോമീറ്റര്‍ അകലെയാണ്. ഭാര്യയും മകനും അവന്‍റെ ഭാര്യയും അവരുടെ കുട്ടിയും അവിടെയാണ്. ഭാര്യയുടെ അച്ഛന്‍റെ വകയായിരുന്നു എറണാകുളത്തെ ഈ ബിസ്സിനസ്സ്. അദ്ദേഹം അത് മകള്‍ക്കാണ് കൊടുത്തത്. അങ്ങനെ അയാള്‍ ഇവിടെ ബിസ്സിനസ്സ് ചെയ്യുന്നു. എല്ലാ ആഴ്ചയും വീട്ടില്‍ പോകുന്നു. ഇവിടെ വാടകയ്ക്ക് താമസിക്കുന്നു.
"എവിടെയാണ് വീട്?" രാമഭദ്രന്‍ ചോദിച്ചു.
"ഞാന്‍ ഇവിടുത്തെ എസ്.ഐ. ആണ്. അടുത്തകാലത്താണ് എന്നെ ഇവിടെ പോസ്റ്റ് ചെയ്തത്" അദ്ദേഹം പറഞ്ഞു
ഫര്‍ണിച്ചര്‍ വാങ്ങാന്‍ ഭാര്യയേയും കൂട്ടി വരാമെന്നുപറഞ്ഞിട്ട് പോലിസ് ഓഫീസര്‍ പോയി.
ആ പാവം സ്ത്രീയെ സഹായിക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹം തോന്നി. ഏതായാലും അയാളെപ്പറ്റി പൂര്‍ണ്ണമായി അറിഞ്ഞിട്ട് ബാക്കികാര്യം ചിന്തിക്കാം.
ഓഫീസര്‍ ഒരു ദിവസം രാമഭദ്രന്‍റെ നാട്ടിലെ സ്റ്റേഷനില്‍ എത്തി. ഭാഗ്യത്തിന് അവിടുത്തെ എസ്.ഐ. മുന്‍പരിചയം ഉള്ള ആളായിരുന്നു. വിവരങ്ങളെല്ലാം അദ്ദേഹത്തോട് പറഞ്ഞു.
ആ നാട്ടുകാരായ രണ്ടുപേര്‍ ആ സ്റ്റേഷനില്‍ ജോലിചെയ്യുന്നുണ്ടായിരുന്നു. അവരോട് രാമഭദ്രനെപ്പറ്റി അന്വേഷിച്ചു.
അതിലൊരാള്‍ രാമഭദ്രനെ നേരിട്ടറിയുന്ന ആളായിരുന്നു. അയാളുടെ അഭിപ്രായത്തില്‍ ഒരു ദുശ്ശീലവുമില്ലാത്ത ആളാണ് രാമഭദ്രന്‍. പണ്ട് അവരുടെ വീട്ടിലെ വേലക്കാരി കൊല്ലപ്പെട്ട കഥയും പ്രതിയെ ഇതുവരെ പിടിക്കാന്‍ സാധിച്ചില്ലെന്നും അയാള്‍ പറഞ്ഞു.
എന്തൊക്കെയോ ആലോചിച്ചുറപ്പിച്ച് ഓഫീസര്‍ എറണാകുളത്തേക്ക് മടങ്ങി.
പിറ്റേ ദിവസം അദ്ദേഹം രാമഭദ്രന്‍റെ കടയിലെത്തി. അയാളുടെ നാട്ടില്‍ ഒഫീഷ്യല്‍ ഡ്യുട്ടിയില്‍ പോയിരുന്നു എന്നും, അപ്പോള്‍ പണ്ട് രാമഭദ്രന്‍റെ വീട്ടില്‍ നടന്ന കൊലപാതകത്തെപ്പറ്റി അറിഞ്ഞെന്നും പറഞ്ഞു. അവിടുത്തെ എസ്.ഐ. തന്‍റെ അടുത്ത സ്നേഹിതനാണെന്നും അതുകൊണ്ട് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ പറയണമെന്നും പറഞ്ഞു.
പിന്നീട് ഒരുദിവസം അതുവഴി പോയപ്പോള്‍ അദ്ദേഹം കടയില്‍ കയറി. എന്തൊക്കെയോ ചോദിച്ചിട്ട് പെട്ടെന്ന്‍ ഓര്‍ത്തതുപോലെ പറഞ്ഞു:
"അവിടുത്തെ എസ്.ഐ. എന്നെ വിളിച്ചിരുന്നു. നിങ്ങളെ ഉടനെ അങ്ങോട്ട് വിളിപ്പിക്കുന്നുണ്ടെന്നു പറഞ്ഞു."
"എന്താണ് കാര്യം സര്‍?"
"ഏതോ കൊലക്കേസ്സിന്‍റെ കാര്യമാണ്. കൂടുതലൊന്നും പറഞ്ഞില്ല."
തിരിഞ്ഞുനടക്കുന്നതിനുമുന്‍പ് അദ്ദേഹം രാമഭദ്രന്‍റെ മുഖത്തേക്ക് പാളിനോക്കി. അവിടെ ഭയത്തിന്‍റെ നിഴലുകള്‍.
പോലീസ് അന്വേഷിക്കുന്നെന്നു പറഞ്ഞാല്‍ സാധാരണക്കാരന്‍ ഭയപ്പെടാതിരിക്കുമോ? അദ്ദേഹം ചിന്തിച്ചു.
രണ്ടു ദിവസത്തിനുശേഷം അദ്ദേഹം വീണ്ടും കടയിലെത്തി.
"നിങ്ങളുടെ എസ്.ഐ. ഇന്ന് വിളിച്ചിരുന്നു. അടുത്ത വെള്ളിയാഴ്ച പതിനൊന്നുമണിക്ക് നിങ്ങള്‍ ചെല്ലണമെന്ന് പറഞ്ഞു. നിങ്ങളുടെ വേലക്കാരി കൊല്ലപ്പെട്ട ഫയല്‍ ക്ലോസ്സ് ചെയ്യണമല്ലോ?"
"അതിനു ഞാനെന്തു ചെയ്യാനാണ് സര്‍?" അയാളുടെ സ്വരത്തില്‍ നിറഞ്ഞുനിന്ന ഉല്‍ക്കണ്ഠ അദ്ദേഹം ശ്രദ്ധിച്ചു.
"എന്തോ വിവരം കൂടി നിങ്ങളില്‍ നിന്ന് അറിയാനുണ്ടെന്ന്. ആ ദിവസം നിങ്ങള്‍ വീട്ടില്‍ ചെന്നിരുന്നെന്ന് ആരുടെയോ മൊഴിയില്‍ ഉള്ളത് ഇപ്പോഴാണത്രേ കണ്ടത്."
"ആരാണ് അങ്ങനെ പറഞ്ഞത്?"
"അതൊന്നും എനിക്കറിയില്ല. അടുത്ത വീട്ടിലെ ആരോ ആണെന്ന് തോന്നുന്നു."
"അതിനു തൊട്ടടുത്തൊന്നും വീടില്ലല്ലോ? പിന്നെങ്ങനെ എന്‍റെ വീട്ടില്‍ നടക്കുന്നത് കാണും?"
തികച്ചും അനാവശ്യമായ ആ ചോദ്യവും ചോദ്യത്തില്‍ നിറഞ്ഞിരുന്ന ഭയവും കൊലപാതകി ആരെന്ന്‍ അദ്ദേഹത്തിന് വ്യക്തമാക്കിക്കൊടുത്തു. എങ്കിലും ഒന്നും സംഭവിക്കാത്തതുപോലെ വെള്ളിയാഴ്ച പോകുന്ന കാര്യം ഒന്നുകൂടി ഓര്‍മിപ്പിച്ചിട്ട് അദ്ദേഹം ജീപ്പില്‍ കയറി.
വീട്ടില്‍ എത്തിയ ഉടന്‍ അദ്ദേഹം സ്നേഹിതന് അദ്ദേഹത്തിന്‍റെ വീട്ടിലേക്കു ഫോണ്‍ ചെയ്തു. എല്ലാം വിശദീകരിച്ചു.
വെള്ളിയാഴ്ച സ്റ്റേഷനിലെത്തിയ രാമഭദ്രനെ എസ്.ഐ. നിശിതമായി ചോദ്യം ചെയ്തു. ആകെത്തകര്‍ന്നിരുന്ന രാമഭദ്രന്‍ അര മണിക്കൂറിനുള്ളില്‍ കുറ്റം സമ്മതിച്ചു,
വളരെനാളായി അയാള്‍ ആ പെണ്ണുമായി ബന്ധപ്പെടാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ അവള്‍ അകന്നുനില്‍ക്കുകയാണ് ചെയ്തത്. അത് അയാളെ കോപിഷ്ടനാക്കി.
കൊലപാതകത്തിന്‍റെ തലേദിവസം എറണാകുളത്തേക്ക് പോകുമ്പോള്‍ അവളുടെ ഒരു ബന്ധുവിനെ കണ്ടുമുട്ടി. അയാളില്‍ നിന്നാണ് അവളുടെ വിവാഹം അധികം താമസിയാതെ നടക്കുമെന്നും വരന്‍ മുംബയിലുള്ള അവളുടെ ഒരു ബന്ധുവാണെന്നും അവര്‍ തമ്മില്‍ വളരെ നാളായി അടുപ്പത്തിലാണെന്നും അറിഞ്ഞത്. അതുകൂടി കേട്ടപ്പോള്‍ അയാളുടെ ക്ഷമ പാടേ നശിച്ചു. പിറ്റേ ദിവസത്തെ പെരുമഴ കണ്ടപ്പോള്‍ ഇനിയും താമസിപ്പിക്കാന്‍ പാടില്ലെന്ന് അയാള്‍ തീരുമാനിച്ചു. അപ്പോള്‍ തന്നെ നാട്ടിലേക്ക് തിരിച്ചു. പതിനൊന്നു മണിയോടെ അവിടെയെത്തി. അവള്‍ സാധാരണപോലെ അകത്തുനിന്നു കതകു പൂട്ടിയിരുന്നു. തന്‍റെ കയ്യിലുണ്ടായിരുന്ന ഡ്യുപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് കതകു തുറന്നു. വിരലടയാളം ഒഴിവാക്കാനായി ഗ്ലൌസ് ധരിച്ചിരുന്നു. വായ് പൊത്തിപ്പിടിച്ചപ്പോള്‍ അവള്‍ ഉണര്‍ന്നു കുതറിമാറാന്‍ ശ്രമിച്ചു. അയാള്‍ അവളെ കീഴ്പ്പെടുത്താന്‍ വളരെ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. ഒടുവില്‍ നിവര്‍ത്തിയില്ലാതെ അവളുടെ കഴുത്തില്‍ പിടിച്ചമര്‍ത്തി. അവളുടെ എതിര്‍പ്പ് പെട്ടെന്ന് നിന്നപ്പോള്‍ സംശയം തോന്നി. ശ്വാസം നിന്നിരുന്നു. കൊല്ലണമെന്ന് ഉദ്ദേശിച്ചു ചെയ്തതല്ല. അവള്‍ മരിച്ചെന്നു കണ്ടപ്പോള്‍ പെട്ടെന്ന് മുറിപൂട്ടി ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു."
കോടതിയിലും അയാള്‍ കുറ്റം ഏറ്റുപറഞ്ഞു.
കേസ്സിന്‍റെ ഹീയറിംഗ് തുടങ്ങി. അയാള്‍ സ്വന്തമായി വക്കീലിനെ വച്ചിരുന്നില്ല. കോടതി അയാള്‍ക്ക് വേണ്ടി നിയമിച്ച വക്കീലിന് ഏറെയൊന്നും പറയാന്‍ ഉണ്ടായിരുന്നുമില്ല.
പക്ഷെ പ്രോസിക്യൂട്ടര്‍ക്ക് ചിലത് സമര്‍പ്പിക്കാനുണ്ടായിരുന്നു.
"യുവര്‍ ഓണര്‍, അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു കൊലക്കേസല്ല ഇത്. അതുകൊണ്ട് അക്കാരണത്തിന്മേല്‍ പ്രതിയ്ക്ക് വധശിക്ഷ നല്‍കണം എന്ന് അപേക്ഷിക്കാനുമാകില്ല. പക്ഷെ പ്രതിയ്ക്ക് വധശിക്ഷ തന്നെ നല്‍കണം എന്നാണു ഞാന്‍ അഭ്യര്‍ഥിക്കുന്നത്. അതിനുള്ള കാരണം വിശദീകരിക്കാന്‍ അനുവാദം നല്‍കണമെന്ന് അപേക്ഷിക്കുന്നു.
കോടതി അനുവാദം നല്‍കി.
പ്രതിയുടെ പ്രായം ഇപ്പോള്‍ എഴുപതു വയസ്സാണ്. അഞ്ചുവര്‍ഷം കഴിയുമ്പോള്‍ പ്രതിയുടെ പ്രായം എഴുപത്തിഅഞ്ചു വയസ്സാകും. എഴുപത്തിഅഞ്ചു വയസ്സ് കഴിഞ്ഞ പ്രതികളെ അവരുടെ ശിക്ഷയുടെ കാലാവധി എന്തുതന്നെയായാലും, കുറ്റം എന്തുതന്നെയായാലും ആരോഗ്യകാരണങ്ങളാല്‍ ശിക്ഷയില്‍ നിന്ന് മോചിപ്പിക്കാന്‍ ഇവിടുത്തെ ജയില്‍ നിയമം അനുവദിക്കുന്നുണ്ട്. അത് നിയമാവലിയുടെ ഭാഗം തന്നെയായതിനാല്‍ അത്തരം മോചിപ്പിക്കലിനെ ആര്‍ക്കും തടയാനും സാദ്ധ്യമല്ല. പക്ഷെ ജീവപര്യന്തതടവുശിക്ഷ ലഭിച്ച ഒരാള്‍ അപ്രകാരം ഒരു ചെറിയ കാലഘട്ടത്തിലെ ജയില്‍ ശിക്ഷയ്ക്കുശേഷം മോചിതനാകുമ്പോള്‍ ഇന്ത്യന്‍ ശിക്ഷാനിയമം അവഗണിക്കപ്പെടുകയാണ്. ഇതിനു മറ്റൊരു വശം കൂടിയുണ്ടെന്ന് കാണാം. ശിക്ഷ വിധിക്കുമ്പോള്‍ പ്രതിയുടെ പ്രായം എഴുപത്തിഅഞ്ചു വയസ്സ് കഴിഞ്ഞിട്ടുണ്ടെങ്കില്‍ ജയിലില്‍ പ്രവേശിപ്പിക്കുന്നതോടൊപ്പം പ്രതിയെ മോചിപ്പിക്കുകയും ചെയ്യേണ്ടിവരും. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ചില സാഹചര്യങ്ങളിലെങ്കിലും കോടതിവിധി അപമാനിക്കപ്പെടാവുന്ന ഒന്നായിതീരും.
അതുകൊണ്ട് ഈ സാഹചര്യങ്ങളും സാദ്ധ്യതകളും കണക്കിലെടുത്ത് പ്രതിയ്ക്ക് വധശിക്ഷ നല്‍കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു.
അടുത്ത നടപടിയ്ക്കുള്ള തീയതി പ്രഖ്യാപിച്ചതിനുശേഷം കോടതി പിരിഞ്ഞു.
&&&&&&&&&&
കൃഷ്ണ
വയസ്സായി എന്ന് പറഞ്ഞ് ഒരാള്‍ ഇപ്പോള്‍ ഇറങ്ങിയതേയുള്ളു.
ReplyDelete(കഥയിലെ പൊലീസ് സ്റ്റോറി വളരെ നന്നായി കേട്ടോ!!)
നമ്മുടെ നിയമം നടപ്പാക്കുന്നവരെ പറഞ്ഞാൽ മതി
ReplyDeleteനിയമ വ്യവസ്ഥ മാറണം. കഥ കൊള്ളാം. ആശംസകള്‍
ReplyDeleteനമ്മുടെ നിയമം ഇങ്ങനെയൊക്കെയാണ് അല്ലേ
ReplyDeleteഅതുകൊണ്ടല്ലേ ശിക്ഷ തീരുന്നതിനുമുന്‍പുതന്നെ ചിലരെല്ലാം മോചിതരാകുന്നത്?
ReplyDelete