Friday, November 8, 2013

അമ്മയുടെ പൊന്നുമകന്‍ (കഥ)

അമ്മയുടെ പൊന്നുമകന്‍

അമ്മുക്കുട്ടിയുടെ ഒരേ ഒരു മകന്‍ മരിച്ചു. ഇരുപത്തിനാലു വയസ്സ് പ്രായമേ ഉണ്ടായിരുന്നുള്ളൂ അവന്.

അവന് മൂന്നുവയസ്സുമാത്രം പ്രായമുള്ളപ്പോഴാണ് അവന്‍റെ അച്ഛന്‍ മരിച്ചത്. അത് അമ്മുക്കുട്ടിക്ക് താങ്ങാനാകാത്ത ദുഃഖം  ആയിരുന്നെങ്കിലും അതിനെ അതിജീവിക്കാന്‍ കഴിഞ്ഞത് മകനിലൂടെയാണ്. അവന്‍റെ കളിയും ചിരിയുമെല്ലാം അവരെ സമാധാനിപ്പിച്ചു. ഭര്‍ത്താവ് മരിച്ചപ്പോള്‍ കിട്ടിയ തുകയെല്ലാം സ്വരൂപിച്ചു ബാങ്കിലിട്ടു. അതിന്‍റെ പലിശകൊണ്ട്‌ മകനെ വളര്‍ത്തി. പഠിപ്പിച്ചു. എന്‍ജിനീയറിംഗ് പാസ്സായതിനുശേഷം. തനിക്ക് യോജിച്ച ജോലി അന്വേഷിക്കുകയായിരുന്നു അവന്‍. ഗള്‍ഫില്‍ പോകാന്‍ അവസരം വന്നെങ്കിലും അമ്മയെ ഒറ്റയ്ക്കാക്കിയിട്ട് പോകാനുള്ള  മടി കാരണം ആ പരിപാടി ഉപേക്ഷിച്ചു.


ആ മകനാണ്......


അമ്മുക്കുട്ടിയുടെ സന്തോഷമെല്ലാം അതോടെ അവസാനിച്ചു. ഒരു ഭ്രാന്തിയെപ്പോലെ അവര്‍ കഴിഞ്ഞു. ആഹാരം വല്ലപ്പോഴും മാത്രം കഴിച്ചു. കൂടുതല്‍ സമയവും മകന്‍റെ പടത്തില്‍ തന്നെ നോക്കിക്കൊണ്ട് ഇരുന്നു. ഒഴുകിയൊഴുകി അവരുടെ കണ്ണുനീര്‍ വറ്റി.


ഒരുദിവസം അവര്‍ മകന്‍റെ പുസ്തകങ്ങളും മറ്റും നോക്കിക്കൊണ്ട് ഇരിക്കുകയായിരുന്നു. അപ്പോളാണ് ആ കടലാസ്സ് അവരുടെ കയ്യില്‍ വന്നത്.


അതില്‍ ഒരു ചെറുകവിതയായിരുന്നു. മകന്‍റെ കയ്യക്ഷരത്തില്‍.


ആ പുസ്തകങ്ങളും കടലാസ്സുകളുമെല്ലാം എത്രയോ തവണ അവര്‍ പരിശോധിച്ചതാണ്. അന്നൊന്നും കാണാത്ത ഇത് ഇപ്പോള്‍ ആരാണ് ഇവിടെ വച്ചത്? കടലാസ്സിന് ഒരു ചുളിവുപോലും ഇല്ല!


അന്ന് മുഴുവന്‍ അവര്‍ അതുതന്നെ ആലോചിച്ചുകൊണ്ടിരുന്നു. അതിനിടയില്‍ മകന്‍റെ ശബ്ദം പലപ്പോഴും കേട്ടെന്നും അവര്‍ക്ക് തോന്നി. അമ്മയും എഴുതൂ എന്ന് അവന്‍ പറയുന്നതുപോലെ.


ഒടുവില്‍ അമ്മുക്കുട്ടി ഒരു കടലാസ്സും പേനയും എടുത്ത് അതുമായി മകന്‍റെ ചിത്രത്തിനുമുന്‍പില്‍ ഇരുപ്പുറപ്പിച്ചു.


പക്ഷെ എങ്ങനെ, എന്ത് എഴുതണം? അധികം പുസ്തകങ്ങള്‍ പോലും വായിച്ചിട്ടില്ലാത്ത ആ സ്ത്രീയ്ക്ക് എന്തെഴുതണം എന്ന് പോലും ചിന്തിക്കാന്‍ കഴിഞ്ഞില്ല. കഥയെന്നോ കവിതയെന്നോ ഉള്ള ഒരു ചിന്തപോലും അവരുടെ മനസ്സില്‍ കടന്നുവന്നില്ല. മകന്‍റെ ഉപദേശം അനുസരിക്കാന്‍ കഴിയാത്ത നിരാശയോടെ അവര്‍ പോയിക്കിടന്നു.


പക്ഷെ മകന്‍ അമ്മയെ അങ്ങനെയങ്ങ് ഉപേക്ഷിക്കാന്‍ തയാറല്ലായിരുന്നു. പണ്ടെങ്ങോ താന്‍ അമ്മയോട് പറഞ്ഞ വാക്കുകളിലേറി അവന്‍ അവരുടെ മനസ്സിന്‍റെ ഉള്ളറയിലെത്തി.  

"ഇന്ന് ഞാന്‍ ഒരാള്‍ പ്രസംഗിക്കുന്നതു കേട്ടാരുന്നു. അങ്ങേരു പറഞ്ഞതെന്താന്ന് അമ്മക്കറിയാവോ?"

"ഞാന്‍ എങ്ങനെ അറിയാനാ?"

"അങ്ങേരു പറഞ്ഞു, ചത്തു പോകുന്നവര്‍ പിന്നേം ജനിക്കുമെന്ന്."

"അത് പണ്ടേ പറഞ്ഞിട്ടുള്ളതല്ലേ?"

"അത് മാത്രമല്ല പറഞ്ഞേ."

"പിന്നെയോ?"

"ആദ്യം അവര് വേറെ ഏതോ സ്ഥലത്തേക്കാ പോന്നത്. പിന്നാണ് ജനിക്കുന്നത്. പക്ഷെ ആദ്യം പോന്ന സ്ഥലത്ത് ഇരുന്നോണ്ട് ബന്ധുക്കളെ നോക്കും. അവര് ദുഖിച്ചിരിക്കുവാണേല്‍ പിന്നേം ജനിക്കാതെ അവിടെത്തന്നെ ഇരിക്കും."

"ഇരുന്നോട്ടെ. അതിനെന്താ?"

"ജന്മങ്ങള്‍ എടുത്താലല്ലേ പാപങ്ങള്‍ തീര്‍ന്നു മോക്ഷം കിട്ടൂ? അപ്പം ബന്ധുക്കള്‍ ദുഖിച്ചിരുന്നാല്‍ മരിച്ചവര്‍ക്ക് മോക്ഷം കിട്ടാന്‍ താമസിക്കും."

"അതുകൊണ്ട്?"

"മരണം ആത്മാവിന്‍റെ അവസാനമല്ലെന്നു മനസ്സിലാക്കി ബന്ധുക്കള്‍ ദുഃഖം ഒഴിവാക്കണമെന്നാ അയാളു പറഞ്ഞേ? ശരിയാണോ അമ്മേ?"

"ഞാനെങ്ങനെ അറിയാനാ? അറിഞ്ഞാലും നിന്‍റെ അച്ഛന്‍ പോയപ്പം എനിക്ക് കരയാതിരിക്കാന്‍ എങ്ങനാ കഴീന്നെ?"

"ഞാനും കരഞ്ഞാരുന്നോ അമ്മേ?"

"നിനക്കന്നു മൂന്നു വയസ്സല്ലേ ഒള്ളാരുന്നു? ഒന്നും മനസ്സിലാക്കാന്‍ കഴിവില്ലാത്ത പ്രായം."

"ഏതായാലും ഞാന്‍ ചാവുമ്പം ആരും കരയാന്‍ പാടില്ല."

ചിരിച്ചുകൊണ്ടാണ് അവന്‍ അത് പറഞ്ഞത്. അവന്‍റെ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു. 


എന്നിട്ട് അവന്‍ എന്നേക്കാള്‍മുമ്പേ പോകുകേം ചെയ്തു.


അമ്മുക്കുട്ടി ഓര്‍മ്മയുടെ കയത്തില്‍നിന്ന് നനഞ്ഞ കണ്ണോടെ ഞെട്ടിയുണര്‍ന്നു. അവന്‍റെ മരണത്തില്‍ കരയരുതെന്ന് തമാശയായിട്ടെങ്കിലും അവന്‍ പറഞ്ഞ രംഗമായിരുന്നു അപ്പോള്‍ അവരുടെ ഉള്ളം നിറയെ.

"ഇനി ഞാന്‍ ദുഖിക്കത്തില്ല മോനെ. നിനക്ക് എളുപ്പം മോക്ഷം കിട്ടാന്‍ ഈ അമ്മ കരയാതിരിക്കാം." അവര്‍ സ്വയം പറഞ്ഞു. മകന്‍റെ മരണശേഷം ആദ്യമായി ഒരു വാടിയ പുഞ്ചിരി അവരുടെ മുഖത്തുപടര്‍ന്നു.

അപ്പോള്‍ താന്‍ നേരത്തെ എടുത്തുവച്ച പേനയും കടലാസ്സും തന്‍റെ അടുത്തേക്ക് വരാന്‍ ആഗ്രഹിച്ചു ചലിക്കുന്നതായി അവര്‍ക്ക് തോന്നി. അനുഭവപ്പെട്ടു എന്ന് പറയുന്നതാകും ശരി.

അവര്‍ കസേരയിലിരുന്നു. പേനയെടുത്ത് കടലാസ്സില്‍ എഴുതി.

'അമ്മയുടെ പൊന്നുമകന്‍'

പിന്നീടൊരു ഒഴുക്കായിരുന്നു. പതുക്കെപ്പതുക്കെ ഒഴുകിത്തുടങ്ങുന്ന ഒരു പുഴ വിശാലനദിയായി പ്രവഹിക്കുന്നതുപോലെ. അത് ഭൂതത്തിലൂടെ, ഭാവിയിലൂടെ പ്രവഹിച്ചു. മകന്‍റെ ജനനത്തില്‍ നിന്ന് തുടങ്ങി അവന്‍റെ വിദ്യാഭ്യാസത്തിലൂടെ, ഉദ്യോഗത്തിലൂടെ, പ്രസിദ്ധിയിലൂടെ, വാര്‍ദ്ധക്യത്തിലൂടെ, മരണത്തിലൂടെ, ചന്ദ്രമണ്ഡലവാസത്തിലൂടെ, ആദിത്യനിലൂടെ  ഒഴുകി അവസാനം മോക്ഷമണ്ഡലത്തിലേക്കു കുതിച്ചു. വാക്കുകള്‍ അവരുടെ മനസ്സില്‍ നിന്നല്ല വന്നത്. കാരണം മനസ്സ് നിശ്ശബ്ദതയുടെ, ശാന്തിയുടെ ആഴങ്ങളില്‍ തപസ്സിരിക്കുകയായിരുന്നു. ആരോ കൈ പിടിച്ച് എഴുതിയ്ക്കുന്നതുപോലെ ആ വിരലുകള്‍ ചലിച്ചു. രണ്ടു ദിവസം. ഇടക്കിടെ സ്വയമറിയാതെ ഉറങ്ങിപ്പോയതും പ്രാഥമികകര്‍മ്മങ്ങള്‍ നിര്‍വഹിക്കാനായി ഉറക്കത്തില്‍ നിന്നുണരുന്നതുപോലെ എഴുന്നേറ്റതും ഒഴിച്ചാല്‍ തുടര്‍ച്ചയായ എഴുത്തിന്‍റെ രണ്ടു ദിനങ്ങള്‍! നാനൂറോളം പേജുകള്‍ നിറയെ! അവിടെയിരുന്ന മകന്‍റെ പഴയ ബുക്കുകളില്‍!


എഴുതിത്തീര്‍ന്നപ്പോള്‍ നീണ്ടകാലത്തെ അബോധാവസ്ഥയില്‍നിന്ന് ഉണര്‍ന്നതുപോലെ അമ്മുക്കുട്ടിക്കു തോന്നി. മുന്‍പിലിരുന്ന ബുക്കുകളില്‍ എഴുതിവച്ചിരുന്നത് അവര്‍ കണ്ടു. ഇതെല്ലാം ആരെഴുതി? എപ്പോളെഴുതി? താന്‍ എഴുതിയതാണെന്ന് അവര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. തന്‍റെ കയ്യക്ഷരമല്ല ഇത്. പക്ഷെ എത്രയോ നാളായി കണ്ടിട്ടുള്ള ആ സുന്ദരമായ കയ്യക്ഷരം?


തന്‍റെ മനസ്സില്‍ സന്തോഷത്തിന്റെ കുളിര്‍മ്മ അവര്‍ക്ക് അനുഭവപ്പെട്ടു. ഇനി ഞാന്‍ നീ പറഞ്ഞതുപോലെ ദുഖിക്കാതെയിരിക്കാം. അല്ലെങ്കിലും ഇനി എന്തിന് ദുഖിക്കണം? നീ എന്‍റെ മനസ്സില്‍ ജീവിക്കുകയല്ലേ? അമ്മയെ എഴുത്തുകാരിയാക്കിയത് നീയല്ലേ മോനെ?


ഒരു പുതിയ നോട്ടുബുക്ക് വാങ്ങിക്കൊണ്ടുവന്ന് എഴുതിയതെല്ലാം ആ അമ്മ അതില്‍ പകര്‍ത്തി. പലപ്രാവശ്യം വായിച്ചു. തന്‍റെ 'അമ്മയുടെ പൊന്നുമകന്‍' എന്ന നോവല്‍ ലക്ഷണമൊത്ത ഒന്നാണെന്ന് അവര്‍ക്ക് തോന്നി.


അവരുടെ ദുഖത്തിന്‍റെ ദിനങ്ങള്‍ പൊടുന്നനവേ അവസാനിച്ചത്‌ കണ്ട് സന്തോഷത്തോടെയും അതിശയത്തോടെയും കോളേജ് പ്രൊഫസ്സറും അയല്‍ക്കാരിയുമായ സ്നേഹിത കാരണം ആരാഞ്ഞു.


"നീ ഇത് വായിക്ക്. മനസ്സിലാകും." കയ്യെഴുത്തുപ്രതി അവര്‍ക്ക് നല്‍കിയിട്ട് അമ്മുക്കുട്ടി പറഞ്ഞു.

പിറ്റേദിവസം തന്നെ അയല്‍ക്കാരി അത് തിരിച്ചുകൊടുത്തു. 


"നീ ഇത്ര സുന്ദരമായി എഴുതി എന്ന് എനിക്ക് വിശ്വസിക്കാനേ കഴിയുന്നില്ല." സ്നേഹിത പറഞ്ഞു. "ഇനി ഇത് പ്രസിദ്ധീകരിക്കണം.?"


"വേണ്ട."


"അതെന്താ?"

ഇത് എന്‍റെ സ്വകാര്യസന്തോഷം. നിന്നെ കാണിക്കാതിരിക്കാന്‍ മനസ്സുവന്നില്ല. അതുകൊണ്ട് കാണിച്ചെന്നു മാത്രം."

"ഭാവനയില്‍ നിന്നെഴുതിയ നിന്‍റെ മകന്‍റെ കഥയല്ലേ അത്?"

"അതെയെന്നു പറയാം."

"അപ്പോള്‍ നിനക്ക് നോവലില്‍ പറയുന്നതുപോലെ നിന്‍റെ പുസ്തകം, 'അമ്മയുടെ പൊന്നുമകന്‍' പ്രസിദ്ധീകരിക്കേണ്ടേ? പ്രസിദ്ധമാക്കേണ്ടേ? അല്ലെങ്കില്‍ കഥ തെറ്റാകില്ലേ? മകന്‍റെ പ്രശസ്തി തടഞ്ഞുവെക്കലാകില്ലേ"

അതാണ്‌ ശരിയെന്ന് ആലോചിച്ചപ്പോള്‍ അമ്മുക്കുട്ടിക്കു തോന്നി. പക്ഷെ ആരോട് പറയണം?

അന്ന് ഉറക്കത്തില്‍ മകന്‍ പറഞ്ഞു.

"അത് ശരിയല്ലല്ലോ അമ്മേ?"

"ഏത്?"

"അമ്മ എന്നെ മോക്ഷത്തിന്‍റെ  പാതയില്‍ എത്തിച്ചില്ലേ? ഇനി എന്തിനാ അമ്മയുടെ പൊന്നുമകന്‍റെ പ്രശസ്തിക്കായി അമ്മ കഷ്ടപ്പെടുന്നത്?"

"ഒരമ്മയുടെ മനസ്സ് നിനക്കു മനസ്സിലാകില്ല.  മക്കള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യുന്നത് അമ്മയ്ക്ക് കഷ്ടപ്പാടല്ല, ആഹ്ലാദമാണ്‌ നല്‍കുക. മനസ്സിലായോ?" അവന്‍റെ ചെവിയില്‍ നുള്ളിക്കൊണ്ട് അമ്മ ചിരിച്ചു.


പിറ്റേദിവസം തന്നെ അവര്‍ ശ്രമം തുടങ്ങി. അമ്മയുടെ  പൊന്നുമകനെ പ്രശസ്തനാക്കാനുള്ള ശ്രമം.



                          &&&&&&&&


കൃഷ്ണ 

 


 

5 comments:

  1. Ammaude seham ath anandha sagaram poleyanu ath orikalum alakan kazhiyilla aaaa sneham nilianilkum maranathilum,marikatha vilakay kathi nilkum aiswariyathode ithanu mathrusneham

    ReplyDelete
  2. നല്ല കഥ. പരേതാത്മാക്കളും ജീവാത്മാക്കളും എല്ലാവരും സംതൃപ്തരായിത്തീരട്ടെ

    ReplyDelete
  3. കഥ വായിച്ചു കഴിഞ്ഞപ്പോള്‍ നല്ല സന്തോഷം തോന്നി.

    ReplyDelete
  4. നന്നായി എഴുതി

    ആശംസകള്‍

    ReplyDelete
  5. വളരെ ഇഷ്ടമായി. ഇനിയും നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete