Thursday, January 5, 2012

തര്‍ജ്ജമ ചെയ്തതില്‍ വന്ന ഒരു തെറ്റ്

       തര്‍ജ്ജമ ചെയ്തതില്‍ വന്ന ഒരു തെറ്റ്
  • ഞാന്‍ ഈ എഴുതുന്നത്‌ എന്‍റെ സ്വന്തം അഭിപ്രായം മാത്രമാണ്. തര്‍ജ്ജമ ചെയ്തതില്‍ വന്ന തെറ്റ് എന്നത്‌ എന്‍റെ ഊഹം മാത്രവുമാണ്.
  • ബൈബിള്‍ അത്രയ്ക്കൊന്നും ഞാന്‍ പഠിച്ചിട്ടില്ല. കുറെയെല്ലാം വായിച്ചിട്ടുണ്ട്. അത്രമാത്രം.
  • എന്‍റെ പ്രൈമറി സ്കൂള്‍ ഒരു പള്ളിയുടെ സൈഡിലായിരുന്നു. അതുകൊണ്ട് ചെറുപ്പത്തില്‍ പള്ളിയില്‍ സ്നേഹിതരോടൊപ്പം പോകുകയും മെഴുകുതിരി കത്തിയ്ക്കുകയും ചെയ്യാറുണ്ടായിരുന്നു. അങ്ങിനെ ബൈബിളിനോടും ശ്രീയേശുവിനോടും ഒരു ഭക്തിയും ക്രിസ്തുമതത്തിനോട് താല്പര്യവും ചെറുപ്പത്തില്‍ തന്നെ ഉണ്ടായി.
  • എങ്കിലും വളരെയേറെ പഠിയ്ക്കാനുള്ള ഒന്നാണ് ബൈബിള്‍ എന്ന് എന്നും തോന്നിയിരുന്നു. പക്ഷെ അങ്ങനെ പഠിയ്ക്കാന്‍ കഴിഞ്ഞതുമില്ല.
  • പക്ഷെ ഒരു നിയോഗം പോലെ ബൈബിളിലെ ഒരു ഉപദേശം എന്നെ വളരെയേറെ ആകര്‍ഷിച്ചു. “നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനേയും സ്നേഹിക്കുക.”
  • പിന്നിട് ഞാന്‍ “നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനേയും സ്നേഹിക്കുക.” എന്നതിന്‍റെ ഇംഗ്ലീഷ് രൂപത്തിന്‍റെ ശരിയായ അര്‍ത്ഥം ചിന്തിച്ചപ്പോള്‍ തോന്നിയത്‌ താഴെ എഴുതുന്നു.
  • എനിക്കറിയാവുന്നിടത്തോളം  “LOVE THY NEIGHBOUR AS THYSELF” എന്നതിനെ മലയാളീകരിച്ചതാണ് “നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക.” പക്ഷെ അവിടെ AS THYSELF എന്നതിനെ ‘നിന്നെപ്പോലെ’ എന്ന് തര്‍ജ്ജമ ചെയ്തു. എന്‍റെ അഭിപ്രായത്തില്‍ “നീയായിട്ട്” എന്നാണ് വരേണ്ടിയിരുന്നത്. കാരണം,
  • ക്രിസ്തുമതത്തിനു മുന്‍പും ലോകത്തില്‍ മതങ്ങള്‍ ഉണ്ടായിരുന്നു. ഹിന്ദുമതം പോലെ, പ്രവാചകനില്ലാത്ത മതങ്ങള്‍. അവയെല്ലാം ശരിക്കും പഠിച്ച ആളായിരുന്നു യേശുക്രിസ്തു എന്നാണ് ഞാന്‍ കരുതുന്നത്. (യേശുക്രിസ്തു ഇന്ത്യയില്‍ വന്നിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്.).
  • അതെല്ലാം പഠിച്ച അദ്ദേഹത്തിന് ഒന്ന് മനസ്സിലായി. ഹിന്ദുമതം പോലെ അനേകായിരം വേദങ്ങളും ബ്രാഹ്മണങ്ങളും ഉപനിഷത്തുകളും പുരാണങ്ങളും ഒരു മതത്തിലുണ്ടായാല്‍ അത് മുഴുവന്‍ പഠിച്ചുമനസ്സിലാക്കുകയെന്നത് പത്തുജന്മം കൊണ്ടും സാദ്ധ്യമല്ല. അതുകൊണ്ട് അതിന്‍റെയെല്ലാം സത്തഎടുത്ത് ഉപദേശരൂപേണ ശിഷ്യന്മാര്‍ക്ക് കൊടുത്തതില്‍ നിന്നാണ് ക്രിസ്തുമതത്തിന്‍റെ തുടക്കം.
  • ഇനി ഒരുനിമിഷം ഹിന്ദുമതത്തിലേക്ക്. അതിന്‍റെ ആധാരശില അദ്വൈതസിദ്ധാന്തത്തിലൂന്നിയതാണ്. അഹം ബ്രഹ്മാസ്മി (ഞാന്‍ ബ്രഹ്മമാകുന്നു) തത്വമസി (അത് നീ ആകുന്നു) ഇവ ഹിന്ദുമതത്തിലെ സന്ദേശങ്ങളാണ്. പക്ഷെ അത് മനസ്സിലാക്കിക്കൊടുക്കുകയെന്നത് നിസ്സാരകാര്യമല്ല. പലവിധ പ്രശ്നങ്ങളില്‍ കിടന്നു നട്ടം തിരിയുന്ന മനുഷ്യന് ഇതെല്ലാം പഠിച്ചുമനസ്സിലാക്കാന്‍ എപ്പോഴാണ് സമയം?
  • ഈ സന്ദേശങ്ങളെ തികച്ചും പ്രായോഗികതലത്തിലെത്തിക്കാന്‍ യേശു തീരുമാനിച്ചു. ഒരൊറ്റ സന്ദേശത്തിലൂടെ.
  • യേശുവിന്‍റെ ഉപദേശങ്ങള്‍ ഇംഗ്ലീഷില്‍ ആയിരുന്നില്ലെങ്കിലും അതിന്‍റെ ശരിയായ തര്‍ജ്ജമതന്നെയാകണം ഇംഗ്ലീഷില്‍ ഉള്ളത്. as thyselfഎന്നതിന് ‘നിന്നെപ്പോലെ’ എന്നുമാത്രമല്ല ‘നീയായിട്ട്’. നീതന്നെയായിട്ട്’ എന്നെല്ലാംകൂടി അര്‍ത്ഥമുണ്ടല്ലോ? ആ അര്‍ത്ഥത്തിലെടുത്താല്‍ അത് ‘അദ്വൈതസിദ്ധാന്തത്തിലേക്ക് നയിക്കും. ‘നീയും അവനും ഒന്നുതന്നെ’ എന്ന് പറഞ്ഞാല്‍ പിന്നെ ദ്വിത്വത്തിനു സ്ഥാനമില്ലല്ലോ?
  • അങ്ങനെ ഈ ഒരൊറ്റ വാക്യത്തിലൂടെ അദ്വൈതസിദ്ധാന്തത്തിലേക്കുള്ള പാതയൊരുക്കുകയാണ് യേശുക്രിസ്തു ചെയ്തതെന്ന് ഞാന്‍ കരുതുന്നു.
  • ഒന്നുകൂടി പറഞ്ഞുകൊള്ളട്ടെ. ഇത് ഒരു വിവാദവിഷയം എന്ന നിലയ്ക്കല്ല ഞാന്‍ എഴുതുന്നത്‌. എന്‍റെ ചിന്തയില്‍ തോന്നിയത്‌ എഴുതി എന്ന് മാത്രം.
  • @@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
  • കൃഷ്ണ

2 comments: