Thursday, January 12, 2012

സമയം

സമയം
സമയം എന്നാല്‍ എന്താണ്?
നാം സൂര്യനെ നോക്കുമ്പോള്‍ തിരിച്ചറിയുന്ന, അല്ലെങ്കില്‍ ഘടികാരത്തില്‍ കാണുന്നതാണോ സമയം?
ആകെ കണ്‍ഫ്യുഷന്‍. അല്ലേ?
എന്നാല്‍ ഇതിന്റെ ഉത്തരം ആലോചിക്കൂ. എന്താണ് കാലം?
സമയത്തിന്‍റെ ആകെത്തുകയെന്നു വേണമെങ്കില്‍ പറയാം. അല്ലെങ്കില്‍ ഭൂതകാലവും വര്‍ത്തമാനകാലവും ഭാവികാലവും ചേര്‍ന്നതാണ് കാലം എന്ന് പറയാം. ഇല്ലേ?
രണ്ടാമത്തെ ഉത്തരത്തിലൂടെ നമുക്കൊന്ന് മുന്നോട്ട് പോകാം. ഭൂതകാലവും വര്‍ത്തമാനകാലവും ഭാവികാലവും ചേര്‍ന്നതാണ് കാലം എന്ന ഉത്തരത്തിലൂടെ.
എന്താണ് ഭൂതകാലം?
കഴിഞ്ഞുപോയത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഇല്ലാത്തത്.
എന്താണ് ഭാവികാലം?
ഇതുവരെ ജനിച്ചിട്ടില്ലാത്തത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഇല്ലാത്തത്.
ആ രണ്ടുകാലങ്ങളും ഇപ്പോള്‍ ഇല്ലാത്തതായതിനാല്‍ ഇപ്പോള്‍ ഉള്ള കാലം ഇതാണ്?
വര്‍ത്തമാനകാലം എന്ന് മാത്രമല്ലേ മറുപടി?
ഇനി വര്‍ത്തമാനകാലമെന്നാല്‍ എന്താണെന്ന് ചിന്തിക്കാം.
നിങ്ങള്‍ ഈ ലേഖനത്തിലെ ആദ്യത്തെ അക്ഷരം വായിക്കാന്‍ തുടങ്ങിയപ്പോള്‍ ആ നിമിഷം വര്‍ത്തമാനകാലമായിരുന്നു. രണ്ടാമത്തെ അക്ഷരം അപ്പോള്‍ ഭാവികാലത്തിലായിരുന്നു. പിന്നീട് രണ്ടാമത്തെ അക്ഷരം വായിച്ചപ്പോള്‍ അത് വര്‍ത്തമാനകാലത്തിലും ആദ്യത്തെ അക്ഷരം വായിച്ച നിമിഷം ഭൂതകാലത്തിലുമായി.
അതായത് ഭൂതകാലവും ഭാവികാലവും നമ്മുടെ മുന്‍പില്‍ ഇല്ലാത്തതുപോലെ വര്ത്തമാനകാലത്തിനും നമ്മുടെ മുന്‍പില്‍ നിലനില്‍പ്പില്ല.
അതായത് സമയം അല്ലെങ്കില്‍ കാലം എന്നത് ഒരു നദീപ്രവാഹം പോലെയാണ്. നമ്മള്‍ ഒരു നദീതീരത്ത് നില്‍ക്കുകയാണെന്ന് കരുതുക. ഓരോ തുള്ളിവെള്ളവും എവിടെനിന്നോ വന്ന് നമ്മുടെ മുന്‍പില്‍ ഒരു വീതിയില്ലാത്ത നേര്‍വരപോലെയുള്ള വര്‍ത്തമാനകാലത്തില്‍ ഒരല്‍പ്പസമയം പോലും തങ്ങിനില്‍ക്കാതെ മറയുന്നു.
അതായത്‌ സമയം അല്ലെങ്കില്‍ കാലം എന്നതിന് വാസ്തവത്തില്‍ നമ്മുടെ മുന്‍പില്‍ നിലനില്‍പ്പില്ല.
പക്ഷെ കാലം ഉണ്ടുതാനും?
അപ്പോള്‍?
അദൃശ്യവും അപരിമേയവും അതിരുകളില്ലാത്തതും നമ്മുടെ മുന്പിലില്ലാത്തതും എന്നാല്‍ അപ്പോഴും എല്ലായിടത്തും ഉള്ളതുമാണ് കാലം.
ഇങ്ങനെ തന്നെയല്ലേ ഭാരതീയവേദാന്തശാസ്ത്രം ദൈവത്തെയും നിര്‍വചിയ്ക്കുന്നത്?
അപ്പോള്‍ കാലവും ദൈവവും ഒന്നുതന്നെ. കാലത്തിലൂടെയുള്ള ഒരു ഒഴുക്ക്‌ മാത്രമാണ് ജീവിതം. ആ ഒഴുക്ക്‌ നമ്മെ മുന്നോട്ടുകൊണ്ടുപോകുമ്പോള്‍ നാം എന്തൊക്കെയോ കാണുന്നു. എന്തൊക്കെയോ ചിന്തിക്കുന്നു. എന്തൊക്കെയോ ആസ്വദിക്കുന്നു. ഒടുവില്‍ ഏതോ അഗാധതയിലേക്ക് പതിക്കുന്നു. അവിടെ ലഭിക്കുന്നത് സന്തോഷമാണോ സന്താപമാണോ എന്നറിയില്ല.
(നിമിഷം എന്ന വാക്ക്‌ സൌകര്യത്തിനായി ഉപയോഗിച്ചതാണ്. വാസ്തവത്തില്‍ നിമിഷം പോലും നില്‍ക്കുന്നത് ഒരുകാല്‍ ഭാവിയിലും മറ്റെക്കാല്‍ ഭൂതകാലത്തിലുമായല്ലേ?)
&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&
കൃഷ്ണന്‍കുട്ടി നായര്‍

1 comment:

  1. മനുഷ്യ ജീവിതം , എരിയുന്ന തിരിയിലേയ്ക്ക് വന്നണയുന്ന ഈയ്യാമ്പാറ്റ് പോലെ ആയി ദര്‍ശിച്ചു എന്ന് വിശ്വരൂപം ദര്‍ശിച്ച അര്‍ജ്ജുനന്‍ വിവരിക്കുന്നുണ്ട്. മനുഷ്യന്‍റെ അമ്പതിനായിരം വര്ഷം എന്നതിന് പ്രപഞ്ച ദാധാവിനു വെറും അഞ്ചു ദിവസം മാത്രമാണെന്ന് ഖുറാനില്‍ പറയുന്നുണ്ട്

    ReplyDelete