മകളുടെ വിവാഹം നിശ്ചയിച്ചെന്ന് സ്നേഹിതരോടു പറയുമ്പോള്‍ അയാളുടെ മനസ്സില്‍ തീയായിരുന്നു. ഓരോ ദിവസവും വിവാഹച്ചെലവുകള്‍ കൂടിക്കൂടി വരികയാണ്. സ്വര്ണത്തിന്റെ വില ഇതിനകംതന്നെ താങ്ങാവുന്നതിനപ്പുറമായിക്കഴിഞ്ഞു. പത്തുപവന്‍ കൊടുക്കാമെന്നു പയ്യന്‍റെ അച്ഛനോട് സമ്മതിച്ചതാണ്. നേരത്തെയുള്ള ഒരനുഭവം വച്ചാണ് അങ്ങനെ പറഞ്ഞത്.
ഏറണാകുളത്തു നിന്നായിരുന്നു ആ ആലോചന. പയ്യനും അച്ഛനും അമ്മയ്ക്കും എല്ലാം പെണ്ണിനെ ഇഷ്ടപ്പെട്ടു. പയ്യന് പെണ്കുട്ടിയോട് എന്തെങ്കിലും സംസാരിക്കണമെങ്കില്‍ ആകാമെന്ന് അവന്‍റെ അച്ഛന് പറഞ്ഞപ്പോള്‍ അവന്‍ എഴുനേറ്റുപോയി.
ഒന്നും പറയാന്‍ കഴിഞ്ഞില്ല. ആലോചിയ്ക്കാഞ്ഞിട്ടല്ല, തീരുമാനിക്കാന്‍ കഴിയാഞ്ഞതുകൊണ്ട്. അല്ലെങ്കിലും എന്ത് തീരുമാനിക്കാന്‍? ഒരു പവന്‍ കൊടുക്കാന്‍ പോലും നിവര്‍ത്തിയില്ലാത്ത ആള്‍ എന്തുചെയ്യാന്‍? എന്താലോചിക്കാന്‍?
സംസാരിക്കാതെ നില്‍ക്കുന്നത് കണ്ടപ്പോള്‍ അയാള്‍ പറഞ്ഞു :”ഇരുപതു പവന്‍ കൊടുക്കാം എന്ന് പറഞ്ഞവരുണ്ട്. പക്ഷെ പെണ്ണിനെ അവന് ഇഷ്ടപ്പെട്ടില്ല. ങാ, അതുപോട്ടെ. ഒരു പതിനഞ്ചു പവന്‍ കൊടുക്കണം. കഴിയുമോ?”
ഭാവനയില്പോലും അത്രയും സ്വര്‍ണം കൊടുക്കാന്‍ കഴിയാത്തതിനാല്‍ ഒന്നും മിണ്ടാതെ നിന്നതേയുള്ളൂ.
വീണ്ടും അയാള്‍ ചോദിച്ചപ്പോള്‍ പറഞ്ഞു: “അഞ്ചു പവന്‍.”
അതുതന്നെ എവിടെനിന്നുണ്ടാക്കും എന്ന്‍ അറിയില്ലായിരുന്നു.
“വാടാ പോകാം.” അയാള്‍ മുന്‍പിലെത്തിയ മകനോടു പറഞ്ഞു. എന്നിട്ട് ഭാര്യയുടെ നേരെ നോക്കി. അവരും എഴുന്നേറ്റു.
“അഞ്ചു പവന്‍.” പുച്ഛത്തോടെ പറഞ്ഞിട്ട് അയാള്‍ ബ്രോക്കറുടെ നേരെ നോക്കി. “താനെന്തിനാടോ ഇങ്ങോട്ടു വിളിച്ചോണ്ട് വന്നേ? വെറുതെ സമയം കളഞ്ഞു.”
“ഒരെട്ടു പവനെങ്കിലും കൊടുത്തൂടെ?” ബ്രോക്കര്‍ പ്രതീക്ഷയോടെ ചോദിച്ചു.
മറുപടി ഒന്നും പറഞ്ഞില്ല. എന്ത് പറയാന്‍? ഈ കല്യാണം എന്‍റെ മോള്‍ക്ക് വേണ്ടാ എന്ന് പറയാനാണ് തോന്നിയത്. ഇത്തരം കക്ഷികള്‍ മകളെ വിഷമിപ്പിക്കുകയേ ഉള്ളു.
പക്ഷെ അതും പറയാന്‍ കഴിഞ്ഞില്ല.
അപ്പോള്‍ മകള്‍ പുറത്തേക്ക് വന്നു.
“എനിക്ക് ഈ കല്യാണം വേണ്ടച്ചാ” അവള്‍ പറഞ്ഞു.
കേട്ടുനിന്ന പയ്യന്‍റെ മുഖം കൂമ്പാളപോലെ വിളറി.
“അതെന്താ?” പയ്യന്‍റെ അച്ഛന്‍ ദേഷ്യത്തില്‍ ചോദിച്ചു.
“അത് ഞാന്‍ അമ്മയോടു പറഞ്ഞോളാം.” അവള്‍ അയാളുടെ മുഖത്ത് നോക്കി പറഞ്ഞു. എന്നിട്ട് പയ്യന്‍റെ മുഖത്തേക്ക് നോക്കിയിട്ട് അകത്തേക്ക് നടന്നു.
“നിഷേധികള്. വാ, പോകാം.” അയാള്‍ മുന്നോട്ടു നടന്നു കൊണ്ടുപറഞ്ഞു.
അമ്മയും മകനും അനുഗമിച്ചു.
അല്പം നടന്നിട്ട് അമ്മ തിരിഞ്ഞുനോക്കുന്നത് കണ്ടു. അവരുടെ മുഖത്ത് ദു:ഖഭാവം ആയിരുന്നെന്നു തോന്നി.
അവരുടെ പിന്നാലെ ബ്രോക്കറും നടന്നു.
മകളോട് ഒന്നും ചോദിച്ചില്ല. അവളുടെ അമ്മയും ഒന്നും ചോദിക്കുന്നത് കേട്ടില്ല.
പക്ഷെ രാത്രിയില്‍ ഭാര്യ പറഞ്ഞു: “അവള്‍ അങ്ങനെ പറയണ്ടാരുന്നു.”
മറുപടി ഒന്നും പറയാതിരുന്നപ്പോള്‍ അവള്‍ സ്വയം ആശ്വസിച്ചു. ”ഒരുകണക്കിന് അവളുപറഞ്ഞത് നന്നായി. നാണം കെട്ട ആര്ത്തിപ്പണ്ടാരങ്ങള്.”
“ഇനി ആ ബ്രോക്കര്‍ ആലോചനയൊന്നും കൊണ്ടുവരത്തില്ലാരിക്കും.” ഒടുവില്‍ അയാള്‍ പറഞ്ഞു.
പക്ഷെ ബ്രോക്കര്‍ പിറ്റേദിവസം തന്നെ വന്നു.
“മോള് പറഞ്ഞത് നന്നായി. അതുങ്ങളുമായിട്ടുള്ള ബന്ധം ശരിയാകത്തില്ല.”
പിന്നെ താനെന്തിനാ അവരെ കൊണ്ടുവന്നേ?” അച്ഛന്‍ചിരിച്ചുകൊണ്ട് ചോദിച്ചു.
അയാള്‍ വെറുതെ ചിരിച്ചതേയുള്ളൂ.
“അയാളെ എന്തിനു കുറ്റം പറയണം? അയാള്‍ അയാളുടെ തൊഴില്‍ ചെയ്തു. അത്രമാത്രം.” അമ്മ പറഞ്ഞു.
വിണ്ടും പല വിവാഹാലോചനകളും അയാള്‍ കൊണ്ടുവന്നു. പക്ഷെ ഒന്നും തന്നെ അയാള്‍ക്ക് സ്വീകരിക്കാന്‍ കഴിഞ്ഞില്ല.
കാരണം അവര്‍ക്കെല്ലാം സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ പെണ്‍കുട്ടിയെയാണ് വേണ്ടിയിരുന്നത്.
ബ്രോക്കര്‍ ആ വീട്ടിലേക്കു വരാതായി.
പക്ഷെ അയാള്‍ക്ക് അവരുടെ നില നന്നായി അറിയാമായിരുന്നെന്നും സഹതാപം മാത്രമേ അയാളുടെ മുഖത്ത് ഉണ്ടായിരുന്നുള്ളൂവെന്നും അവര്‍ മനസിലാക്കിയിരുന്നു.
“എങ്ങനെയെങ്കിലും മോളുടെ കാര്യം ഒന്ന് ശരിയാക്കണമല്ലോ?” ഭാര്യ അയാളോടു ചോദിച്ചു.
“പക്ഷെ എന്ത് ചെയ്യും? എല്ലാവര്ക്കും സ്വര്ണമാണ് വേണ്ടത്.” അയാള്‍ പറഞ്ഞു. “ഒരു അഞ്ചുപവനൊക്കെയുള്ള കാശ് ആരോടെങ്കിലും കടം വാങ്ങിക്കാം. പക്ഷെ അതുകൊണ്ടു കാര്യമില്ലല്ലോ?” ഒരു ദീര്‍ഘനിശ്വാസത്തോടെ അയാള്‍ കൂട്ടിച്ചേര്‍ത്തു. “ങാ, നോക്കാം.”
“വെഷമിക്കാതെ. എല്ലാം ശരിയാകും.” അയാളുടെ നെഞ്ചു തടവിക്കൊണ്ട് ആ സ്ത്രീ പറഞ്ഞു.
അയാള്‍ അവരേ സൂക്ഷിച്ചുനോക്കി. സന്തോഷം എന്തെന്ന് ഇതുവരെ അവള്‍ അറിഞ്ഞിട്ടില്ല. എന്നിട്ടും എന്നെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നു!
അയാള്‍ അവരേ ചേര്‍ത്തുപിടിച്ചിട്ടു പറഞ്ഞു: “നിന്‍റെ നാക്ക് പൊന്നാകട്ടെ.”
“എന്നിട്ട് ആ പൊന്നെടുത്തു മോളെ കെട്ടിക്കാം, ഇല്ലേ? രണ്ടുപേരും ചിരിച്ചു.
പിറ്റേദിവസം ബ്രോക്കര്‍ വീണ്ടും അവിടെയെത്തി. പക്ഷെ ഇത്തവണ അയാളുടെ മുഖം വളരെ പ്രസന്നമായിരുന്നു.
“ഇത്തവണ കാര്യം നടക്കും.” ഉറപ്പോടെ അയാള്‍ പറഞ്ഞു. “ഞാന്‍ എല്ലാം അവരോടു പറഞ്ഞു. പത്തു പവനില്‍ കൂടുതല്‍ തരാന്‍ അവര്‍ക്ക് കഴിവില്ലെന്നുപറഞ്ഞു. പയ്യന്‍റെ അച്ഛന്‍ ആദ്യമൊക്കെ തര്‍ക്കിച്ചു. പക്ഷെ ഞാന്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയാറല്ലെന്ന മട്ടില്‍ നിന്നു “ഒന്നുകില്‍ പത്തു പവന്‍. അല്ലെങ്കില്‍ ഈ മോളെ അവര്ക്ക് കിട്ടത്തില്ല.” ചായയും കൊണ്ടുവന്ന മകളുടെ നേരെ അയാള്‍ വാത്സല്യത്തോടെ നോക്കി. “ഒടുക്കം അയാള്‍ സമ്മതിച്ചു.”
പയ്യന്‍ നല്ല മര്യാദക്കാരനാണെന്നും കഴിഞ്ഞുകൂടാനുള്ള വക ഓട്ടോറിക്ഷ ഓടിച്ചുണ്ടാക്കുന്നുണ്ടെന്നും അയാള്‍ പറഞ്ഞു. വീടും ദൂരെയല്ല.
ഒരാഴ്ചയ്ക്കുള്ളില്‍ പെണ്ണുകാണല്‍ നടന്നു. പയ്യന് പെണ്കുട്ടിയെ ഇഷ്ടപ്പെട്ടു. രണ്ടുമാസം കഴിഞ്ഞു വിവാഹം.
അയാളുടെ ചിന്ത മുഴുവന്‍ പത്തു പവന്‍ സ്വര്‍ണം ഉണ്ടാക്കുന്നതിനെപ്പറ്റിയായി. പലരോടും പണം കടം ചോദിച്ചു. പക്ഷെ അവരെല്ലാം കൈ മലര്‍ത്തി.
“ഈ വീടും സ്ഥലവും ബാങ്കിലെങ്ങാനും പണയപ്പെടുത്തിയാലോ?” ഒരു ദിവസം അയാള്‍ ഭാര്യയോടു ചോദിച്ചു.
മറുപടി ഒന്നും പറയാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ആകെക്കുടിയുള്ള സ്വത്താണ്. അത് പണയപ്പെടുത്തിയാല്‍ തിരിച്ചെടുക്കുന്നതെങ്ങനെ?
“കല്യാണം കഴിഞ്ഞാല്‍ അവന്‍ സഹായിക്കുമോ?” ഒടുവില്‍ അവര്‍ ചോദിച്ചു.
പക്ഷെ അത് സാധാരണനിലയ്ക്ക് അസാദ്ധ്യമാണെന്ന് രണ്ടുപേര്ക്കും അറിയാമായിരുന്നു. അഞ്ചു സെന്റ് സ്ഥലം ഉണ്ടെന്നാണ് പറഞ്ഞിട്ടുള്ളത്.
“ഞാന്‍ ജോലി രാജിവച്ചാലോ?” അയാള്‍ തനിയെ പറയുന്നതുപോലെ പറഞ്ഞു. “അന്നേരം പത്തുപവന്‍ സ്വര്‍ണത്തിനുള്ള കാശുകിട്ടുവാരിക്കും. പിന്നെ കല്യാണച്ചെലവ്. എന്ത് ചെയ്യണമെന്ന് എനിക്ക് ഒരു പിടീം കിട്ടുന്നില്ല, ഭാനൂ.” അയാള്‍ ഒരാശ്രയത്തിനെന്നവണ്ണം ഭാര്യയെ ചുറ്റിപ്പിടിച്ചു.
“എല്ലാം ശരിയാകും.” ഭാനുമതി പറഞ്ഞു. “ഏതായാലും മോള്‍ ഇതൊന്നും കേള്‍ക്കണ്ട. അവക്കു വെഷമമാകും.”
പിറ്റേദിവസം രാവിലെ അയാള്‍ ഭാര്യയോടു പറഞ്ഞു: “നമുക്ക് രണ്ടു സെന്‍റ് സ്ഥലം വില്ക്കാം.”
ആകെ ഉള്ളത് ഏഴുസെന്റ് സ്ഥലം. അതില്നിന്നു രണ്ടു സെന്റ് വില്ക്കാനോ?
പക്ഷെ മറ്റെന്താണ് ഒരു പോംവഴി?
“പയ്യന്‍റെ വീട്ടുകാര്‍ എന്ത് പറയും?” ഭാര്യ ചോദിച്ചു.
“അവര്‍ക്ക് സ്വര്‍ണം കൊടുക്കാന്‍ വേണ്ടിയല്ലേ വില്‍ക്കുന്നത്? പിന്നെ അവരെന്തുപറയാനാ?”
പിന്നീടെല്ലാം പെട്ടെന്നായിരുന്നു. വസ്തുവില്പന, സ്വര്ണം വാങ്ങല്‍, വിവാഹവസ്ത്രങ്ങള്‍ വാങ്ങല്‍ എല്ലാം. വിവാഹത്തിന് ഒരാഴ്ച മുന്പുതന്നെ എല്ലാം റെഡി.
പക്ഷെ അതോടെ മറ്റൊരുപ്രശ്നം അവരുടെ ഉറക്കം കെടുത്താനെത്തി.
നാടുമുഴുവന്‍ കള്ളന്മാര്‍ വിലസുകയാണ്. വീടിനാണെങ്കില്‍ കെട്ടുറപ്പും കണക്കാണ്.
രാത്രി ഉറക്കം വരാതെയായി അവര്ക്ക്. ഇത് വല്ലതും മോഷണം പോയാല്‍? ആലോചിക്കാന്‍ പോലും കഴിയുന്നില്ല.
ഒരു രാത്രി. അടുക്കളഭാഗത്തുള്ള കതക് തുറക്കുന്ന ശബ്ദം കേട്ടതായി ഭാര്യക്കുതോന്നി. അവര്‍ ഭര്‍ത്താവിനോട് വിവരം പറഞ്ഞു.
പിന്നെ ഒരല്പനേരം ഒരു ശബ്ദവും കേട്ടില്ല. പക്ഷെ കണ്ണ്‍ ഒന്നടച്ചതും അടുത്ത ശബ്ദം.
അയാള്‍ പതുക്കെ എഴുന്നേറ്റു.
“അങ്ങോട്ടുപോകണ്ടാ.” ഭയത്തോടെ ഭാര്യ പറഞ്ഞു. പക്ഷെ അയാള്‍ അടുക്കളയിലേക്ക് നടന്നു.
അടുക്കളയുടെ കതക് ആരോ തുറക്കാന്‍ ശ്രമിക്കുന്നു!
എന്ത് ചെയ്യണം എന്ന് അയാള്‍ ഒരുനിമിഷം ചിന്തിച്ചു. എന്നിട്ട് ചുറ്റിനും നോക്കി.
ബലമുള്ള ഒരു വടിയായിരുന്നു അയാള്‍ തിരഞ്ഞത്.
പക്ഷെ ആ നിമിഷത്തില്‍ അത് സംഭവിച്ചു.
പിന്നാലെ വന്ന ഭാര്യ കണ്ടത് ബോധം കെട്ടുകിടക്കുന്ന ഭര്ത്താവിനെയും അയാളുടെ അടുത്തുനില്ക്കുന്ന അപരിചിതനെയുമാണ്.
“സ്വര്ണവും പണവും എവിടെ?” അയാള്‍ ആ സ്ത്രീയോടു ചോദിച്ചു.
പക്ഷെ അവര്‍ ആ ചോദ്യം കേട്ടതുതന്നെയില്ല. ഭര്ത്താവിന്റെ ചലനമറ്റ ശരീരത്തിലായിരുന്നു അവരുടെ ശ്രദ്ധ.
ഇനിയെന്തുചെയ്യണമെന്ന് കള്ളന്‍ ചിന്തിച്ചുകൊണ്ടുനിന്നപ്പോള്‍ അപ്രതീക്ഷിതമായി ഭാര്യയുടെ നിലവിളി ഉയര്ന്നു.
“എന്‍റെ ചേട്ടനെ കൊന്നേ. ഓടിവായോ?”
കള്ളന്‍ ചുറ്റിനും നോക്കി. കതകു തുറന്നുകിടക്കുന്നു. ചുറ്റിനും വീടുകളാണ്. അകത്ത് വാതില്‍ തുറക്കുന്ന ശബ്ദം. പുറത്ത് ആരൊക്കെയോ ഓടുന്ന ശബ്ദം കേള്‍ക്കുന്നതുപോലെ.
കള്ളന്‍ പെട്ടെന്നു പുറത്തുകടന്നു അകലേക്ക് ഓടി.
മകള്‍ വെളിയില്‍ വന്നപ്പോള്‍ കരയുന്ന അമ്മയേയും ബോധംകെട്ടുകിടക്കുന്ന അച്ഛനേയും ആണ് കണ്ടത്.
“എന്തുപറ്റി അമ്മേ?” അമ്മയോട് ചേര്ന്നിരുന്ന് അച്ഛന്‍റെ നെറ്റിയില്‍ കൈവച്ചിട്ട് മകള്‍ ചോദിച്ചു.
അതിന്‍റെ മറുപടി അച്ഛനെ ചൂണ്ടിക്കൊണ്ടുള്ള അമ്മയുടെ കരച്ചിലായിരുന്നു.
അപ്പോഴേക്കും അയല്‍ക്കാരില്‍ ചിലരെല്ലാം എത്തിച്ചേര്‍ന്നു. “എന്തുപറ്റി?” ഒരാള്‍ ചോദിച്ചു.
മറ്റൊരാള്‍ കുറച്ചു വെള്ളം എടുത്ത് അച്ഛന്‍റെ മുഖത്തുതളിച്ചു.
പെട്ടെന്ന് ഞെട്ടിയുണര്ന്നതുപോലെ അച്ഛന്‍ ഞരങ്ങിക്കൊണ്ട്
എഴുന്നേറ്റിരുന്നു. അസഹ്യമായ വേദന അയാളുടെ മുഖത്തു നിഴലിച്ചു.
“ആശുപത്രീ പോകാം.”
ആ ശബ്ദം കേട്ടതും അയാള്‍ പൂര്‍ണമായി ഉണര്‍ന്നു.
“വേണ്ടാ.” വെപ്രാളത്തോടെ അയാള്‍ പറഞ്ഞു.
അയാള്‍ക്ക് അപകടമൊന്നുമില്ലെന്നുമില്ലെന്നു കണ്ട് അയല്‍ക്കാര്‍ തിരിച്ചുപോയി.
“എന്താ ആശൂത്രീ പോണ്ടാന്നു പറഞ്ഞേ?” ഭാര്യ ചോദിച്ചു.
അയാള്‍ മകളുടെ മുഖത്തേക്ക് നോക്കി. എന്നിട്ട് ഭാര്യയുടെ നേരെ.
“കാശില്ലെന്നു കരുതി ആശൂത്രീ പോണ്ടാന്നുവെച്ചാലെങ്ങനാ?” ഭാര്യ ചോദിച്ചു.
മറുപടിയൊന്നും പറയാതെ എഴുന്നേറ്റ് കട്ടിലില്‍ പോയിക്കിടന്നു അയാള്‍.
പിറ്റേ ദിവസം രാവിലെ ഭാര്യ ചായയും കൊണ്ടുവന്നപ്പോഴും അയാള്‍ ഉണര്ന്നിരുന്നില്ല. സാധാരണ വെളുപ്പിനെ ഉണരുന്ന ആളാണ്.
അയാളുടെ കിടപ്പില്‍ എന്തോ ഒരു പന്തികേട് അവര്ക്ക് തോന്നി. ഭയത്തോടെ അയാളുടെ മൂക്കിന്‍ തുമ്പില്‍ അവര്‍ വിരല്‍ വച്ച് നോക്കി.
“മോളെ” അവര്‍ അലറിവിളിച്ചു.
“എന്താ അമ്മേ?” ഭയത്തോടെ മകള്‍ ഓടിവന്നപ്പോള്‍ അച്ഛനെ കെട്ടിപ്പിടിച്ചുകരയുന്ന അമ്മയെയാണ് കണ്ടത്.
“എന്താ അമ്മേ?” ചോദിച്ചിട്ട് അവള്‍ അച്ഛനെ നോക്കി. ഒരു ചലനവുമില്ലാതെ കിടക്കുന്നു.
അച്ഛന്‍........
അവള്‍ അച്ഛന്‍റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. മൂക്കില്നിന്നും ചുവപ്പ് നിറത്തില്‍ എന്തോ ഒഴുകിയിറങ്ങി ഒട്ടിപ്പിടിച്ചിരിക്കുന്നു!
അവള്‍ അതുതൊട്ടുനോക്കി.
രക്തം!
മകളുടെ മുഖത്തേക്കുതന്നെ നോക്കിയിരുന്ന ഭാനുമതിക്ക് എല്ലാം മനസ്സിലായി.
“ഇതിനാണോ ആശൂത്രീ പോണ്ടാന്നു പറഞ്ഞേ? ഞങ്ങളെ ഇട്ടേച്ചുപോകാന്‍?” മൃതശരീരം പിടിച്ചുലച്ചുകൊണ്ട് അവര്‍ വിലപിച്ചു.
അയല്‍ക്കാര്‍ അടുത്തുകൂടിയപ്പോഴും മകള്‍ അങ്ങനെതന്നെ നില്‍ക്കുകയായിരുന്നു. ദുഃഖം അവളെ പൊതിഞ്ഞുനിന്നെങ്കിലും അവള്‍ മറ്റേതോ ലോകത്താണെന്ന് കണ്ടവര്ക്കെല്ലാം തോന്നി.
ഒരു തുള്ളി കണ്ണുനീര്‍ പോലും അവളുടെ കണ്ണില്‍ പൊടിഞ്ഞില്ല.
പതിനൊന്നാം ദിവസം ചടങ്ങുകളെല്ലാം കഴിഞ്ഞു.
അവളെ വിവാഹം കഴിക്കേണ്ട പയ്യന്‍റെ മാതാപിതാക്കള്‍ അമ്മയോട് സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ പയ്യന്‍ അവളുടെ അടുത്തെത്തി.
പെണ്കുട്ടി അയാളുടെ മുഖത്തേയ്ക്ക് ഒന്നുനോക്കിയിട്ടു മുഖം തിരിച്ചു.
അയാള്‍ കുറച്ചുസമയംകൂടി അവളെ നോക്കിക്കൊണ്ടുനിന്നു. അവളേ സമാധാനിപ്പിക്കാന്‍ അയാള്‍ക്ക് വാക്കുകള്‍ കിട്ടിയില്ല.
“വാസന്തീ” ഒടുവില്‍ അയാള്‍ വിളിച്ചു.
പക്ഷെ അയാള്‍ക്ക് തുടരാന്‍ കഴിഞ്ഞില്ല. അയാളെ തിരിച്ചറിയുന്നുപോലുമില്ലാത്ത ഭാവമായിരുന്നു അവളുടെ മുഖത്ത്.
അല്പ്പനേരം കൂടി അവിടെ നിന്നിട്ട് അയാള്‍ അകന്നുമാറി.
ഒടുവില്‍ ചടങ്ങുകളെല്ലാം കഴിഞ്ഞു. അയാളുടെ അമ്മ അവളുടെ അടുത്തെത്തി.
“സമാധാനിക്കുമോളെ” അവര്‍ പറഞ്ഞു. “വിധിയെന്നുകരുതി സമാധാനിക്ക്. അല്ലാതെ നമ്മളെന്തുചെയ്യാന്‍?”
വാസന്തി അവരുടെ മുഖത്തേയ്ക്ക് സൂക്ഷിച്ചുനോക്കി. അപ്പോള്‍ അവളുടെ കണ്ണില്‍ പെട്ടത് അവരുടെ സ്വര്ണമാലയാണ്.
അവളുടെ മുഖഭാവം അതോടെ മാറി.
“അതെ. വിധി സ്വര്‍ണത്തിന്‍റെ രൂപത്തില്‍ വന്നു എന്‍റെ അച്ഛനെ കൊന്നു.”
ആ ഭാവവും വാക്കുകളുടെ ആന്തരാര്‍ത്ഥവും മനസ്സിലാകാന്‍ കഴിയാതെ ആ സ്ത്രീ അകന്നുമാറി.
മരണാനന്തരക്രിയകള്ക്കുശേഷം ഒരു ദിവസം ബ്രോക്കര്‍ ആ വീട്ടിലെത്തി. ദുഃഖം നിറഞ്ഞ ആ അന്തരീക്ഷത്തില്‍ അയാളും കുറെ സമയം നിശ്ശബ്ദനായി അവിടെയിരുന്നു.
ഒടുവില്‍ ഭാനുമതിയോട് അയാള്‍ ചോദിച്ചു.
“കാര്യങ്ങളൊക്കെ ഒന്ന് തീരുമാനിക്കണ്ടേ?”
അമ്മ എന്തെങ്കിലും പറയുന്നതിന് മുന്‍പ് വാസന്തി പറഞ്ഞു:
“അതെല്ലാം തീരുമാനിച്ചു കഴിഞ്ഞു.”
“നീയെന്താ മോളേ പറയുന്നെ?” അമ്മ ചോദിച്ചു.
“അതെയമ്മേ. ഞാന്‍ തീരുമാനിച്ചുകഴിഞ്ഞു. അച്ചനെക്കൊന്ന സ്വര്‍ണം ഞാന്‍ ഇനി ഒരിക്കലും ഇടില്ല. സ്വര്ണം ഇടാത്ത പെണ്ണിനെ അവര്‍ക്ക് വേണ്ടാതാനും. അതുകൊണ്ട് അങ്ങിനൊരു കല്യാണം വേണ്ടായെന്നു ഞാനും തീര്ച്ചപ്പെടുത്തി.”
“നീയെന്താ മോളേ പറയുന്നെ?” പരിഭ്രമത്തോടെ അമ്മ ചോദിച്ചു.
“അമ്മ പേടിക്കണ്ടാ.” അവള്‍ ചിരിച്ചു. “ ഞാന്‍ കല്യാണം കഴിക്കത്തില്ലെന്നല്ല പറഞ്ഞത്. പക്ഷെ സ്വര്ണം ഇടത്തില്ലെന്നുമാത്രം.”
ബ്രോക്കര്‍ പോയിക്കഴിഞ്ഞിട്ടും ഭാനുമതി കുറെ സമയം അവിടെത്തന്നെ ഇരുന്നു.
വൈകിട്ട് അവര്‍ മകളോട് പറഞ്ഞു:
“അച്ഛന്‍റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു നിന്നെ നല്ല നിലയില്‍ കല്യാണം കഴിച്ചയയ്ക്കുക എന്നത്.”
“പക്ഷെ ആ ആഗ്രഹം തന്നെയല്ലേ അച്ഛനെ കൊണ്ടുപോയത്.”
“ഞാനും കൂടിപോയാല്‍ നീ ഒറ്റയ്ക്കാകുമല്ലോ മോളേ”
“ആരാ എപ്പഴാ പോന്നേന്നൊന്നും അമ്മ ഇപ്പഴ് ആലോചിക്കണ്ടാ. പിന്നെ എന്‍റെ കല്യാണം. അത് നടക്കുമമ്മേ. സ്വര്ണം വേണ്ടാത്ത പെണ്ണിനെ കല്യാണം കഴിയ്ക്കാനും ആളൊണ്ടാകും. അമ്മയൊന്നു വെഷമിക്കാതിരുന്നാമതി.”
മകളുടെ ആത്മവിശ്വാസം അമ്മയ്ക്ക് സമാധാനം നല്കി.
കൃഷ്ണ
മൊത്തത്തില്‍ നല്ല കഥ.
ReplyDeleteചിലയിടങ്ങള്‍ വളരെ നന്നായി. ഇടയ്ക്കു കഥ പറച്ചില്‍ പോലെ ആയി.
ഇഷ്ടായി