Saturday, May 12, 2012

മതം+മതം = സ്വാതന്ത്ര്യം

“കേരളത്തിലെ വിലക്കയറ്റത്തിനെതിരെ ദക്ഷിണദേശപാര്‍ട്ടി ആഞ്ഞടിക്കുന്നു. കടകളെല്ലാം അടച്ചു നാളെ ഹര്‍ത്താല്‍.”
നാശം.” രാമക്കുറുപ്പ്‌ സ്വയം പറഞ്ഞു. “അപ്പോള്‍ നാളെയും കട തുറപ്പിക്കില്ലെന്ന് ഉറപ്പായി.” പലചരക്ക് കട നടത്തുകയാണ് അയാള്‍.
വൈകുന്നേരം സംസാരിച്ചിരുന്നപ്പോള്‍ അബ്ദുള്ളക്കുട്ടിയോട് അയാള്‍ ഹര്‍ത്താലിനെപ്പറ്റി പറഞ്ഞു.
ഹോട്ടല്‍ നടത്തുകയാണ് അബ്ദുള്ളക്കുട്ടി. അടുത്ത കാലത്ത് തുടങ്ങിയ കടയാണ്. കൊള്ളപ്പലിശക്ക് കടം വാങ്ങിയാണ് കട തുടങ്ങിയത്. അല്ലാതെയും കടബാദ്ധ്യത വളരെയേറെയുണ്ട്.  ഹര്‍ത്താലിന്റെ വിവരം രാവിലെ അറിഞ്ഞില്ല. അതുകൊണ്ട് അടുത്ത ദിവസത്തേക്കുള്ള തയാറെടുപ്പുകള്‍ നടത്തിക്കഴിഞ്ഞു. ഇനി അതെല്ലാം ചീത്തയാകുമോ?
“ഈ നാശംപിടിച്ച രാഷ്ട്രീയക്കാര്‍ക്ക് നമ്മടെയൊന്നും കഷ്ടപ്പാട് മനസ്സിലാകത്തില്ല.” അയാള്‍ പറഞ്ഞു.
പിറ്റേദിവസം ഹര്‍ത്താല്‍ വന്‍വിജയമായി. ഒരു കടയോ, പെട്രോള്‍ പമ്പ്‌ പോലുമോ തുറന്നില്ല. വാഹനങ്ങള്‍ ഓടിയില്ല.
രണ്ടുദിവസം കഴിഞ്ഞപ്പോള്‍ പേപ്പറില്‍ അടുത്ത അറിയിപ്പ്.
“ഉടനെതന്നെ ഉണ്ടായേക്കാവുന്ന പെട്രോള്‍ വിലവര്‍ദ്ധനക്കെതിരെ ഉത്തരായണപാര്‍ട്ടിയുടെ ഹര്‍ത്താല്‍ നാളെ. കടകള്‍ അടച്ചുപൂട്ടി ഹര്‍ത്താല് വന്‍ വിജയമാക്കണമെന്ന് നേതാവിന്റെ അഭ്യര്‍ത്ഥന.”
“ഞാന്‍ ഏതായാലും കട അടയ്ക്കുന്നില്ല.” സെബാസ്റ്റ്യന്‍ പറഞ്ഞു.
“നോക്കാം.” രാമക്കുറുപ്പ്‌ ചിരിച്ചു.
പക്ഷെ പിറ്റേദിവസം സെബാസ്റ്റ്യന് കട അടയ്കേണ്ടിവന്നു. തുണികളെല്ലാം വാരിയിട്ടു കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന പത്തിരുപതു പേരുടെ മുന്‍പില്‍ ഒരു പാവം കച്ചവടക്കാരന്‍ എങ്ങനെ പിടിച്ചുനില്‍ക്കാനാകും?
“ഈ മാസത്തെ ബന്ദ് എല്ലാം കഴിഞ്ഞെന്നു തോന്നുന്നു.” ഒരു ദിവസം അബ്ദുള്ളക്കുട്ടി കൂട്ടുകാരോട് പറഞ്ഞു.
“ബന്ദ് അല്ലെടോ. ഹര്‍ത്താല്‍ എന്നേ പറയാവൂ.” കൂട്ടുകാര്‍ അയാളെ തിരുത്തി. “ബന്ദ് നിയമവിരുദ്ധമാക്കിയത് താനറിഞ്ഞില്ലേ?”
“ഇത് തമ്മിലെന്താ വ്യത്യാസം?”
“രണ്ടും ഒന്ന് തന്നെ. ബന്ദിന്റെയര്‍ത്ഥം അടയ്ക്കുക. ഹര്‍ത്താലിന്റെയര്‍ത്ഥം
താഴിട്ടു പൂട്ടുക.” സെബാസ്റ്റ്യന്‍ വിശദീകരിച്ചു.
“അതെങ്ങനെ?”
“എടോ, ഹര്‍ത്താല്‍ എന്നാല്‍ ഹിന്ദിയില്‍ ഹര്‍ താലാ എന്നാണ്. എല്ലാ താഴും എന്നര്‍ത്ഥം.”
“അപ്പടിയാ?” വേലുച്ചാമി ചോദിച്ചു.
“ആമാ.”
പക്ഷെ പിറ്റെദിവസത്തെ പത്രം അവരെ വിഷമിപ്പിച്ചുകളഞ്ഞു. ഒരാഴ്ച കഴിഞ്ഞു വീണ്ടും ഒരു ഹര്‍ത്താല്‍ വരുന്നു. ഇത്തവണ പച്ചമാങ്ങപാര്‍ട്ടിയുടെ ഊഴമാണ്.
“ഇതിങ്ങനെ വിട്ടാല്‍ നമ്മള്‍ തെണ്ടിപ്പോകും.” രാമക്കുറുപ്പ്‌ പറഞ്ഞു.
“പലിശ കൊടുക്കാന്‍ താമസിച്ചാല്‍ അയാള്‍ എന്റെ കട പൂട്ടിക്കും.” അബ്ദുള്ളക്കുട്ടി പറഞ്ഞു. “പിള്ളാര്‌ പട്ടിണിയാകും.”
“ഇതിങ്ങനെ വിട്ടാല്‍ പറ്റില്ല. കണ്ടവര്‍ക്കെല്ലാം കേറി നെരങ്ങാനുള്ളതാണോ മറ്റുള്ളവരുടെ ജീവിതം?”
അന്ന് വളരെനേരം അവര്‍ സംസാരിച്ചിരുന്നു. എന്തൊക്കെയോ തീര്‍ച്ചപ്പെടുത്തി.
അടുത്ത ദിവസങ്ങളില്‍ അവര്‍ ബന്ധുവീടുകളില്‍ കയറിയിറങ്ങി.
ഒരാഴ്ച കഴിഞ്ഞു. ഹര്‍ത്താല്‍ നാളില്‍ രാവിലെ ജനങ്ങള്‍ ഒരു കാഴ്ച കണ്ടു.
ശ്രീകൃഷ്ണന്റെ ബിംബവുമായി ഒരാള്‍ നടക്കുന്നു. അതിനു പുറകില്‍ നാമജപവുമായി അനേകം പേര്‍.
അവിടെയും ഇവിടെയുമായി കടകള്‍ തുറന്നു.
“ഇത് പോയിക്കഴിഞ്ഞ് ഇവന്മാരെ അടപ്പിക്കാം.” നേതാവ്‌ അണികളോട് പറഞ്ഞു.   
പക്ഷെ ശ്രീകൃഷ്ണയാത്ര കഴിഞ്ഞപ്പോള്‍ അതാ വരുന്നു പിന്നാലെ വീണ്ടുമൊരു ഘോഷയാത്ര. ഇത്തവണ പുരോഹിതരാണ്‌ മുന്‍പില്‍. തൊട്ടുപിന്നാലെ ഏതാനും കന്യാസ്ത്രീകള്‍.
ഏറ്റവും മുന്നില്‍ കുരിശുമായി ഒരാള്‍.
അവര്‍ മുന്നോട്ടു നീങ്ങിയതും മറ്റൊരാള്‍ക്കൂട്ടം പിന്നാലെ. അതിന്റെ മുന്നില്‍ നടക്കുന്ന ആള്‍ വിശുദ്ധഖുറാനിലെ വരികള്‍ വായിച്ചുകൊണ്ടാണ് നടന്നത്. പിന്നിലുള്ളവര്‍ നിശ്ശബ്ദരായി നടക്കുന്നു.
ഇതിനകം കടകളെല്ലാം തുറന്നുകഴിഞ്ഞിരുന്നു. കച്ചവടം നടക്കുന്നു.
“നമുക്ക് കടകള്‍ അടപ്പിക്കാം.” നേതാവിന്‍റെ ചെവിയില്‍ ഒരാള്‍ പറഞ്ഞു.
നേതാവ്‌ അയാളെ രൂക്ഷമായി നോക്കി.
“ഇതിനെടേക്കേറി രാഷ്ട്രീയം കളിച്ചാല്‍ വിവരമറിയും.” കടകള്‍ അടപ്പിക്കാന്‍ തയാറായവനോട് മറ്റൊരാള്‍ പറഞ്ഞു.
മതഘോഷയാത്രകള്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ടേയിരുന്നു. ഇടക്കിടെ ചിലരെല്ലാം ഹര്‍ത്താല്‍കാരെ നോക്കി പുഞ്ചിരിച്ചു.
ഒടുവില്‍ നിരാശരായി ഹര്‍ത്താല്‍കാര്‍ മടങ്ങി.
ഘോഷയാത്രകളും അവസാനിച്ചു.
“ഇനി ഒരുത്തനും ഇവിടെ ഹര്‍ത്താലും കൊണ്ട് വരത്തില്ല.” ആരോ പറഞ്ഞു.
“നമ്മുടെ മതങ്ങള്‍ നമ്മളെ രക്ഷിച്ചു.”
“പക്ഷെ മതം മനുഷ്യനെ മയക്കുന്ന കറപ്പാണെന്ന് ഒരു മഹാന്‍ പറഞ്ഞിട്ടുണ്ടല്ലോ?” ഒരാള്‍ക്ക്  സന്ദേഹം.
അതിനു ആരും മറുപടി പറഞ്ഞില്ല.
അപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍നിന്നും കിറുക്കന്‍ കുട്ടന്റെ സ്വരം കേട്ടു.
“തമ്മിലടിക്കാതെ മതങ്ങള്‍ ഒന്നിച്ചുനിന്നാല്‍ സ്വാതന്ത്ര്യത്തിലേക്കുള്ള കവാടം തുറക്കപ്പെടുന്നു.”
“അവനു വിവരമുണ്ട്.” രാമക്കുറുപ്പ്‌ പറഞ്ഞു.
“അതാണ്‌ നമുക്കില്ലാത്തതും.” സെബാസ്റ്റ്യന്‍.

       ********************************** 
                                           കൃഷ്ണ

2 comments:

  1. വറചട്ടിയില്‍ നിന്ന് എരിതീയിലേയ്ക്ക് എന്നപോലെ ആകുമോ..??

    ReplyDelete
  2. നന്നായിട്ടുണ്ട്. ഇനിയും എഴുതുക. നല്ല ചിന്തകള്‍ വളരട്ടെ...

    ReplyDelete