Monday, May 21, 2012

പ്രതീക്ഷ

ഒരു മാല കോര്‍ത്തു നാം ഭാരതത്തിന്‍‍,
കമനീയ കണ്ഠത്തിനാഭയേറ്റാന്‍
അതിലെ സൂനങ്ങളായ്പലജാതി, പലമത,
വിവിധഭാഷക്കാരാം ഭാരതീയര്‍.
ഇവിടെ ശ്രീബുദ്ധനും ശങ്കരാചാര്യരും
തൊഴുകയ്യോടമ്മതന്‍  മുന്പില്‍ നിന്നു
ശാന്തിമന്ത്രങ്ങളാല്‍‍, വേദാന്തജ്യോതിസ്സാല്‍
മാതാവിന്‍പദതാരില്‍പൂജചെയ്തു
പരദേശഭരണത്തില്‍ക്ഷമകെട്ടു തനയര്‍ നാം,
ഒരുമയോടെത്തിയടര്‍ക്കളത്തില്‍
അതുവരെ കേള്‍ക്കാത്ത സമരായുധങ്ങളാ-
ലവരുടെ ഭരണം തുടച്ചുമാറ്റി.
അതുകണ്ടു സഫലയായമ്മയെ നാം പക്ഷെ
ചുടുചോരയില്‍ മുക്കി കൃതഹസ്തരായ്‌.
             (2)
ഇവിടെ വേതാളങ്ങളാര്‍ക്കുന്നു, ഭൂമിയി-
ന്നൊരു കുരുക്ഷേത്രമൈതാനമായി
കുടല്‍മാല ചാടിച്ചു, രണനീരില്‍പുളയുന്ന
ചുടലഭൂതങ്ങളഴിഞ്ഞാടുന്നു.
രുധിരപാനത്തിനായ്കരവാളുയര്‍ത്തുന്നു
കൊടികുത്തി വാഴുന്നു കാപാലികര്‍
അഴിമതി, യക്രമം വഞ്ചനയെന്നിവ-
യിവിടെ മദിച്ചു കൂത്താടിടുന്നു.
അലമുറയുയരുന്നു, സ്വരരാഗധാരക-
ളവയില്‍ ലയിച്ചു മറഞ്ഞിടുന്നു.
കടലുകളലറുന്നു, തീരത്തു മുടിയഴി-
ച്ചിളകിയാടുന്നു കരിമ്പനകള്‍
ഇതിനിടെ പ്രകൃതിതന്‍പച്ചപ്പുതപ്പുരി-
ഞ്ഞതിമോഹമമ്മാനമാടിടുന്നു.
വിറകൊണ്ടുതാഴേക്കു നോക്കുന്ന താരകള്‍
പുകയുന്നു, ചുടുകണ്ണീര്‍ വീഴ്ത്തിടുന്നു.
പുതിയൊരു ശതകത്തി,ന്നുദയത്തി,ലിവരിന്നു
ക്ഷമയെ ശവപ്പറമ്പാക്കിടുന്നു
വ്രണിതയാം മാതാവിന്‍ തിരുമാറില്‍ തിരുകാനാ-
യൊരു പുഷ്പചക്രം ചമച്ചിടുന്നു
          (3)
ഇതിനൊരു പരിഹാരമില്ലേയെന്നഴലാര്‍ന്നു
ഗതികെട്ട മാനവര്‍ കേണിടുന്നു
നിഴലില്‍നിലാവിന്‍റെ കണികയേത്തേടുന്നു
കദനത്തില്‍കനിവിന്‍റെയലതേടുന്നു.
ഇടയന്‍റെ  വേണുഗാനത്തിന്നു ചെവിയോര്‍ക്കു-
മജജാലം പോലവര്‍  കാത്തിരിപ്പൂ
ധൃതരാഷ്ട്രാലിംഗനത്തില്‍ നിന്ന് മോചനം
നെടുവീര്‍പ്പിലുലയുന്നു ശോകധാര
വെറുതെയാകില്ലയെന്‍ സഹചരേ കാത്തിരി-
പ്പൊരുനാളീ രണഭൂവിന്‍ കാമുകന്മാര്‍
നവകുരുക്ഷേത്രത്തില്‍ നിപതിക്കും നിശ്ചയം
അവിടെനിന്നുയരും തളിര്‍നാമ്പുകള്‍.
     &&&&&&&&&&&&

                       കൃഷ്ണ

4 comments:

  1. അവിടെനിന്നുയരും തളിര്‍ നാമ്പുകള്‍..

    ReplyDelete
  2. എന്ന് നമുക്ക് പ്രതീക്ഷിക്കാം.

    ReplyDelete
  3. "കടമ്മനിട്ട തന്‍ കുറത്തി ഭാരതാംബയായെങ്കില്‍...
    അക്കുറത്തിക്കു വരരുചി ഒരു 'പന്തിരു'മാല ചാര്‍ത്തിയെങ്കില്‍...
    ഉടച്ചു വാര്‍ക്കാന്‍ ഭാരതമണ്ണൊരു കളിമണ്‍കുടമായെങ്കില്‍...
    പുതു ചിത്രമെഴുതാന്‍ പ്രജകള്‍ തന്‍ മനസ്സൊരു ക്യാന്‍വാസ്‌ ആയെങ്കില്‍...

    ഒന്നുമില്ലെങ്കില്‍ പോട്ടെ,കുറച്ചു പിണ്ണാക്കെങ്കിലും ആയിരുന്നെങ്കില്‍...
    പശുവിനെങ്കിലും കൊടുക്കാമായിരുന്നു,ഉള്ളതെന്‍ തലയില്‍ അല്പം മാത്രം..."

    ReplyDelete
    Replies
    1. നിലനില്പ്പിനാധാരം തന്നെ പ്രതീക്ഷയല്ലേ?

      Delete