Sunday, August 4, 2013

മഹായാനം

  മഹായാനം 

വളരെയേറെ ഉയരമുള്ള ഒരു വൃക്ഷമായിരുന്നു അത്. അതിന്‍റെ ശാഖോപശാഖകള്‍ എല്ലാ ദിക്കിലേക്കും നീണ്ടുനിന്നു. ആ പുരയിടത്തിന്‍റെ മിക്കവാറും എല്ലാഭാഗത്തും അവ നിറഞ്ഞുനിന്നു. തുടക്കവും ഒടുക്കവുമില്ലാത്ത കാലത്തിന്‍റെ ചിറകടിപോലെ അതിന്‍റെ ഇലകള്‍ തുള്ളിക്കളിച്ചു.


      അതിന്‍റെ നേരെ നോക്കിനിന്നപ്പോള്‍ പണ്ടെങ്ങോ കേട്ടുമറന്ന ശാന്തിമന്ത്രങ്ങള്‍ അവന്‍റെയുള്ളില്‍ പുനര്‍ജ്ജനിച്ചു.

    ആ വൃക്ഷത്തിന്‍റെ പാദത്തില്‍ അവന്‍റെ മനസ്സ് ആദരവോടെയും എളിമയോടെയും നമിച്ചുനിന്നപ്പോള്‍ കാലാതീതമായ ഉണ്മയുടെ കുളിര്‍മ്മ തന്‍റെ സിരകളില്‍ നിറഞ്ഞുനില്‍ക്കുന്നതായി അവന് അനുഭവപ്പെട്ടു.

    ആ അനുഭവം തികച്ചും പൂര്‍ണ്ണമായപ്പോള്‍ സ്വയമറിയാതെ അവന്‍ ഉരുവിട്ടു.


      "എത്ര മഹാനാണീ വൃക്ഷം! ഇത് നൂറ്റാണ്ടുകളുടെ ജനിമൃതികള്‍ക്കുതന്നെ സാക്ഷിയായിരിക്കാം. ആദ്യത്തെ മനുഷ്യന്‍ ഭൂമിയില്‍ നടന്നതുപോലും ഈ വൃക്ഷം കണ്ടിരിക്കാം. യഥാര്‍ത്ഥ അതിശയം ഇതുതന്നെ."


      അവന്‍ ആരില്‍നിന്നും ഒരു ഉത്തരം പ്രതീക്ഷിച്ചിരുന്നില്ല. ആ നിശബ്ദതയ്ക്ക് ഒരു ചെറിയ പോറല്‍ ഏല്‍ക്കുന്നതുപോലും അവന് അസഹ്യമായിരുന്നു. അതുകൊണ്ടുതന്നെ സ്നേഹിതന്‍റെ ഉത്സാഹം നിറഞ്ഞ ശബ്ദം അവനെ അലോസരപ്പെടുത്തി.


    "ആ മരം ഞങ്ങളുടേതാണ്. അത് വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇരുപത്തയ്യായിരം രൂപ വില പറഞ്ഞുകഴിഞ്ഞു. തടിക്കച്ചവടക്കാരന്‍ പറയുന്നത് അത് വിറകിനുമാത്രമേ പറ്റൂ എന്നാണു്. ഏതായാലും നാല്‍പ്പതിനായിരം എങ്കിലും കിട്ടിയാലേ അത് കൊടുക്കൂ. അത് കിട്ടുമെന്ന് തീര്‍ച്ചയാണ്. എന്നിട്ടുവേണം ഞങ്ങള്‍ക്ക് ഒരു സെക്കന്ഡ്ഹാന്‍ഡ് കാര്‍ വാങ്ങാന്‍. കാറിന് അഡ്വാന്‍സ് കൊടുത്തുകഴിഞ്ഞു."


    "എന്നിട്ടുവേണം നമുക്കൊന്ന് അടിച്ചുപൊളിക്കാന്‍." മറ്റുകൂട്ടുകാര്‍ അലറിവിളിച്ചു.


     ആ കോലാഹലം കേട്ടപ്പോള്‍ വൃക്ഷത്തിലിരുന്ന പക്ഷികള്‍ മുങ്ങുന്ന കപ്പലില്‍നിന്നു യാത്രക്കാരെന്നോണം വിവിധദിശകളിലേക്ക് പറന്നകന്നു. എങ്കിലും അവ തങ്ങളുടെ അശക്തമായ പ്രതിഷേധം വിവിധ ശബ്ദങ്ങളിലൂടെ വ്യക്തമാക്കി. അതോടൊപ്പം മന്ദമായ ചിറകടികളിലൂടെ ആ വൃക്ഷത്തെ സമാശ്വസിപ്പിക്കാനും അവ മറന്നില്ല.


        കോലാഹലങ്ങള്‍ അവനെ ശാന്തിയുടെ സമീപത്തുനിന്നു വലിച്ചകറ്റി. ഇപ്പോള്‍ താനും അവരിലൊരാളായിതീര്‍ന്നെന്ന് അവനു തോന്നി. തകര്‍ന്ന ഓടക്കുഴലിന്‍റെ വേദനയോടെ അവന്‍ സ്വയം ചോദിച്ചു.

   "ഞാനും സര്‍വനാശത്തിന്‍റെ സന്ദേശവാഹകനാകുകയാണോ?"


      പക്ഷെ ആ വൃക്ഷം തന്‍റെ ആയിരം കണ്ണുകള്‍ ദൂരെയെങ്ങോ മറഞ്ഞുനില്‍ക്കുന്ന നക്ഷത്രങ്ങളില്‍ ഉറപ്പിച്ചുകൊണ്ട് നിശബ്ദമായ പ്രാര്‍ഥനയോടെ തികച്ചും ശാന്തനായി ഒഴിവാക്കാനാകാത്ത ഏതോ ഒന്നിനുവേണ്ടി ക്ഷമയോടെ നിലകൊണ്ടു.

                             ********


കൃഷ്ണ


5 comments:

  1. കാലം ഒരു പാട് കഴിയുമ്പോൾ ഈ ഭൂമിയിലെ പച്ചപ്പ് പാടെ മറഞ്ഞ് പോകും

    ReplyDelete
  2. അശക്തമായ എതിര്‍പ്പൂകള്‍

    ReplyDelete
  3. മരം ഒരു വരം തന്നെ, ഭൂമിയെ കുട ചൂടിച്ചു നിറയെ കുളിര്‍ വിതറി ഒത്തിരി തണലേകി നില്‍ക്കുന്ന ഒരു അതികായന്‍.

    ReplyDelete
  4. ആകാശം മുട്ടെ വളര്‍ന്നു നില്‍ക്കുന്ന ഒരു മരം കാണുമ്പോള്‍ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നവര്‍ ഭാഗ്യവാന്മാര്‍. പത്തു കിണറുകള്‍ക്കു തുല്യം ഒരു കുളമെന്നും പത്തു കുളങ്ങള്‍ക്കു തുല്യം ഒരു പുത്രനെന്നും പത്തു പുത്രന്മാര്‍ക്ക് തുല്യം ഒരു വൃക്ഷമെന്നും ശാര്‍ങധരസംഹിത.

    ReplyDelete
  5. പക്ഷെ ആ വൃക്ഷം തന്‍റെ ആയിരം കണ്ണുകള്‍ ദൂരെയെങ്ങോ മറഞ്ഞുനില്‍ക്കുന്ന നക്ഷത്രങ്ങളില്‍ ഉറപ്പിച്ചുകൊണ്ട് നിശബ്ദമായ പ്രാര്‍ഥനയോടെ തികച്ചും ശാന്തനായി ഒഴിവാക്കാനാകാത്ത ഏതോ ഒന്നിനുവേണ്ടി ക്ഷമയോടെ നിലകൊണ്ടു.

    ReplyDelete