വരുമാനക്കുറവ്
വരുമാനക്കുറവ്
കേരളത്തിന്‍റെ വരുമാനക്കുറവ് പരിഹരിക്കാന്‍ ചെലവു ചുരുക്കല്‍ ഉള്‍പ്പടെ
പല നടപടികളും എടുക്കുന്നു എന്ന പത്രവാര്‍ത്ത കണ്ടു. വളരെ നല്ലത്.
ചെലവു ചുരുക്കലിന്റെ ഭാഗമായി നിയമനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു
എന്നും കണ്ടു. ഈ നിയമനങ്ങള്‍ പൊതുജനങ്ങളുടെ സഹായത്തിനു വേണ്ടിയുള്ളതാണെങ്കില് ആ
നിയമനങ്ങല്‍ കുറക്കുന്നത് പൊതുജനങ്ങളെ പ്രതികൂലമായല്ലേ ബാധിക്കുക? മറിച്ചാണെങ്കില്‍
പിന്നെ ആര്‍ക്കുവേണ്ടിയാണ് ഇവിടുത്തെ നിയമനങ്ങള്‍?
എത്രയോ വലിയ ശമ്പളവും മറ്റാനുകൂല്യങ്ങളുമാണ് നമ്മുടെ ജനപ്രതിനിധികള്‍
എടുക്കുന്നത്? (സ്വന്തം ശമ്പളവും ആനുകൂല്യങ്ങളും പെന്‍ഷനും മറ്റും സ്വയം വര്‍ദ്ധിപ്പിക്കുന്നതിനെ
എടുക്കുക എന്നുതന്നെയല്ലേ പറയേണ്ടത്?) ചെലവുചുരുക്കലിന്റെ ഭാഗമായി ഇവര്‍ സ്വന്തം
ശമ്പളവും മറ്റാനുകൂല്യങ്ങളും വെട്ടിക്കുറച്ചു മാതൃക കാണിക്കുന്നതല്ലേ അതിന്‍റെ
ശരി? അതല്ലേ ഉചിതം? അതല്ലേ ജനങ്ങളുടെ വോട്ടു വാങ്ങി ഭരണം നടത്തുന്ന ജനസേവകരുടെ
ഇപ്പോഴത്തെ കടമ? അപ്പോഴല്ലേ അവര്‍ യഥാര്‍ത്ഥ ജനസേവകര്‍ ആകുന്നുള്ളൂ?
അതിനുപകരം അവര്‍ എന്താണ് ചെയ്യുന്നത്?
ഒരു മന്ത്രിയുടെ മക്കളുടെ കല്യാണത്തെപ്പറ്റി ഒരു പത്രറിപ്പോര്‍ട്ട്
കണ്ടു. മന്ത്രിമാരുള്‍പ്പടെ അനേകം നേതാക്കന്മാര്‍ പങ്കെടുത്തതായും കണ്ടു. അതും
നല്ലത് തന്നെ. കല്യാണത്തിന് പോകുകതന്നെ വേണം. പക്ഷെ അങ്ങനെ പോയവരെല്ലാം
സാധാരണക്കാരെപ്പോലെ സ്വന്തം പണം മുടക്കിയാണോ പോയത്? അതോ സര്‍ക്കാര്‍ ഖജനാവില്‍
നിന്നാണോ ചിലവെല്ലാം? സര്‍ക്കാര്‍ ഖജനാവിലേ പണമായാലും പാര്‍ട്ടിയുടെ പണമായാലും ആര്‍ക്കും
കല്യാണത്തിന് പോകാനുള്ളതല്ലല്ലോ? ജനങ്ങളുടെ പൊതുവായ ആവശ്യങ്ങള്‍ക്ക്
വേണ്ടിയുള്ളതല്ലേ?
അപ്പോള്‍ സര്‍ക്കാര്‍ വക പണം ചിലവഴിച്ചു വ്യക്തിപരമായ സംഗതികള്‍
നടത്തുന്നത് – അങ്ങനെ ആരെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ - നിര്‍ത്തണം. അനാവശ്യമായ
യാത്രകള്‍ സര്‍ക്കാര്‍ വക പണം ഉപയോഗിച്ചു ചെയ്യാതിരിക്കണം. ഉദ്ഘാടനങ്ങളും മറ്റും
നാട്ടുകാര്‍ നടത്തട്ടെ. പെട്രോള്‍ ചെലവു നിയന്ത്രിക്കുന്നതും മറ്റും ജനങ്ങള്‍
ജനപ്രതിനിധികളില്‍ നിന്നും അല്ലേ പഠിക്കേണ്ടത്?
ലോട്ടറിയുടെ സമ്മാനമായി സ്വര്‍ണ്ണം കൊടുക്കുന്നത് സ്വര്‍ണ്ണം ഇറക്കുമതി
ചെയ്യലിന് ഇടയാക്കുകയില്ലേ? അത് കേന്ദ്രത്തിന്റെ ചെലവു വര്‍ധിപ്പിക്കുമ്പോള്‍
സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രസഹായം കുറയാന്‍ ഇടയാകുകയില്ലേ? അത് ഒഴിവാക്കേണ്ടേ?
അപ്പോള്‍ സമ്മാനം ക്യാഷ് ആയി കൊടുക്കുകയല്ലേ ശരി? സ്വര്‍ണ്ണം വേണ്ടവര്‍ക്കു
പണമുണ്ടെങ്കില്‍ സ്വര്‍ണ്ണക്കട കണ്ടുപിടിക്കാന്‍ അറിയാമായിരിക്കുമല്ലോ?
ചെലവുചുരുക്കലിന്‍റെ ഭാഗമായി നമുക്ക് സര്‍ക്കാര്‍ തലത്തിലും അല്ലാതെയും
ഉള്ള ആഡംബരങ്ങള്‍ ഒഴിവാക്കാം. “എന്നെ ആഡംബരപൂര്‍വ്വം അല്ലെങ്കില്‍
മന്ത്രിയെക്കൊണ്ട് എന്തുകൊണ്ട് ഉല്‍ഘാടനം ചെയ്യിച്ചില്ല?” എന്ന് ഒരു പാലവും റോഡും
ആരോടും ചോദിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ആരെങ്കിലും ഉല്‍ഘാടനം ചെയ്തത്
കൊണ്ടാണ് ഹിമാലയം തലയുയര്‍ത്തി നില്‍ക്കുന്നതും ഗംഗ ഒഴുകുന്നതും സൂര്യന്‍
ഉദിക്കുന്നതും നിലാവ് പരക്കുന്നതും മഴ പെയ്യുന്നതും കടല്‍ അലറുന്നതും എന്ന്
എനിക്ക് തോന്നുന്നില്ല. ശ്രീ. ആര്‍. ശങ്കറിന്‍റെ പ്രതിമ കേരളത്തില്‍ അനാഛാദനം
ചെയ്യാന്‍ ഡല്‍ഹിയില്‍ നിന്ന് ആര്‍. ശങ്കറിനെപ്പറ്റി കേട്ടിട്ടുപോലും കാണില്ലാത്ത ഒരു
മദാമ്മ (മാഡം + അമ്മ) സര്‍ക്കാരിന്റെയോ അല്ലെങ്കില്‍ പാര്‍ട്ടിയുടെയോ (രണ്ടായാലും
ജനങ്ങളുടെ) പണം ചെലവാക്കി വരുന്നതുവരെ
കാത്തിരിക്കേണ്ടിവന്നു എന്നത് നമ്മുടെ ചിന്താഗതിയുടെ മഹത്വത്തെയാണോ അപക്വതയെയാണോ കാണിക്കുന്നത്?
ഒന്ന് ചിന്തിക്കുക. ആര്‍. ശങ്കറിനോടൊപ്പം പ്രവര്‍ത്തിച്ച, അദ്ദേഹത്തെ
നേരിട്ടറിഞ്ഞിട്ടുള്ള ആളുകള്‍ക്കല്ലേ ആ പ്രതിമ അനാഛാദനം ചെയ്യാന്‍ അര്‍ഹത?
“ചെയ്യുന്ന നന്മകള്‍ എന്നെന്നും ഓര്‍മ്മിക്കപ്പെടും, ആഡംബരങ്ങളുടെ
ആയുസ്സ് ചടങ്ങുകള്‍ തീരുന്നതുവരെമാത്രം.
മന്ത്രിമാരും മറ്റും തമ്മിലടിയും പ്രഖ്യാപനങ്ങളും നിര്‍ത്തി യഥാര്‍ത്ഥ
ജനപ്രതിനിധികളുടെ ഭാഗം മാത്രം അഭിനയിക്കട്ടെ. പ്രഖ്യാപനങ്ങളും മറ്റും വോട്ടിനു
വേണ്ടിയാണെങ്കില്‍ അവര്‍ ഒന്ന് മനസ്സിലാക്കട്ടെ. പ്രഖ്യാപനങ്ങള്‍ കേട്ടല്ല, മറ്റു
മാര്‍ഗമില്ലാഞ്ഞാണ് രാഷ്ട്രീയമില്ലാത്ത ജനങ്ങള്‍ അവര്‍ക്ക് വോട്ടു ചെയ്യുന്നത്.
ഇപ്പോള്‍ നിഷേധവോട്ടു വന്നതോടെ അവര്‍ക്ക് മനസ്സിലിരുപ്പ് പ്രകടിപ്പിക്കാന്‍
അവസരമായി. ഇനി വോട്ട് യഥാര്‍ത്ഥ ജനസേവകര്‍ക്ക് മാത്രം. ഇല്ലെങ്കില്‍ നിഷേധവോട്ട്.
അപ്പോള്‍ നമുക്ക് സത്യസന്ധമായി ചെലവു ചുരുക്കലിലേക്ക് കടക്കാം. നാട്
നന്നാകട്ടെ. അതല്ലേ ആവശ്യം? അതല്ലേ ശരി? അതല്ലേ ജനാധിപത്യം? അതല്ലേ ഗാന്ധിജി
പഠിപ്പിക്കാന്‍ ശ്രമിച്ചത്?
**********************************************
കൃഷ്ണ
“ചെയ്യുന്ന നന്മകള്‍ എന്നെന്നും ഓര്‍മ്മിക്കപ്പെടും,
ReplyDeleteആഡംബരങ്ങളുടെ ആയുസ്സ് ചടങ്ങുകള്‍ തീരുന്നതുവരെമാത്രം.
ജനങ്ങള്‍ മാത്രം ചെലവ് ചുരുക്കിയാല്‍ മതി
ReplyDeleteരാഷ്ട്രീയക്കാരും ഭരണക്കാരും അല്ല ചെലവ് ചുരുക്കേണ്ടത്
അല്ലെങ്കിലും ആ പാവങ്ങള്‍ക്ക് എന്തിരുന്നിട്ടാണ് ചെലവിടാന്‍
തെരഞ്ഞെടുപ്പുസമയത്ത് സ്വത്ത് വെളിപ്പെടുത്തുന്നത് വായിച്ചിട്ടില്ലേ?