പുതിയ കാറും പുരോഗതിയും
പുതിയ കാറും പുരോഗതിയും
സാധനങ്ങളുടെ വില കൂടിക്കൊണ്ടേയിരിക്കുന്നു. പച്ചക്കറികളുടെ വിലയും
കൂടുന്നു. കാരണം അവയില്‍ ചേര്‍ക്കുന്ന മായങ്ങളുടെ വിലക്കുടുതലാകാം. മായം ചേര്‍ന്നതെന്ന
മഹത്വം പാവം കറിവേപ്പിലക്കും നല്‍കാന്‍ മായം ചേര്‍ക്കല്‍കാര്‍ മറക്കുന്നില്ല
എന്നത് അവരുടെ മഹത്വത്തിനുള്ള തെളിവാണല്ലോ? അപ്പോള്‍ അവരുടെ ലാഭം കൂട്ടുകതന്നെ
വേണം. അതിനായി പൊതുജനം ത്യാഗങ്ങള് സഹിച്ചല്ലെ പറ്റൂ.
ഡീസലിനും പെട്രോളിനും വില വര്‍ദ്ധിപ്പിക്കുന്നു. കാരണം ഒരിക്കലും
ലാഭമുണ്ടാക്കാന്‍ കഴിയാത്ത എണ്ണക്കമ്പനികള്‍ക്ക് തങ്ങള്‍ ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്
എന്നെങ്കിലും പ്രഖ്യാപിക്കാന്‍ കഴിയണമല്ലോ? അതുകൊണ്ട് സാധനവില കൂടുന്നെങ്കില്‍ അത്
പൊതുജനങ്ങളുടെ നിര്‍ഭാഗ്യം എന്നുമാത്രമല്ലേ
പറയാനാകൂ? കാരണം, അതേ ഡീസലും പെട്രോളുമൊക്കെ കത്തിച്ചു നേതാക്കന്മാര്‍
എവിടെയൊക്കെ യാത്രചെയ്യുന്നു? കല്യാണങ്ങള്‍ക്ക് പോലും കിലോമീറ്ററുകള്‍
യാത്രചെയ്തുപോകുന്നു. അവരെ വിലവര്‍ദ്ധന ബാധിക്കുന്നില്ലല്ലോ? കാരണം ഒന്നുമാത്രം.
സാധാരണക്കാരന്‍റെ കഷ്ടപ്പാടുകണ്ട് സഹതപിച്ചു അവര്‍ സമയം കളയുന്നില്ല എന്നതുതന്നെ.
ജനങ്ങളുടെ വിധി അവര്‍ക്ക് എങ്ങനെ മാറ്റാന്‍ കഴിയും? അതിനല്ലല്ലോ നേതാവാകുന്നത്?
എല്ലാദിവസവും ഗാന്ധിജയന്തി ആയിരുന്നെങ്കില്‍ അദ്ദേഹത്തെ ഓര്‍ത്തുകൊണ്ട്
സഹതപിക്കാമായിരുന്നു! അങ്ങനെയും അല്ലല്ലോ?
പിന്നെ വെറുതെ സമയം കളയുന്നതെന്തിന്? ആ നേരത്ത് എന്തെങ്കിലും പ്രഖ്യാപനം
നടത്തുകയോ എന്തെങ്കിലും കാരണമുണ്ടാക്കി ഫ്ലക്സ് ബോര്‍ഡില്‍ സ്വന്തം പേര് എഴുതി തൂക്കുകയോ
ചെയ്യാമല്ലോ? സ്വാതന്ത്ര്യസമരം നടത്തിയ പാര്‍ട്ടിയുടെ പേരിട്ടു (പേരുമാത്രമേയുള്ളു,
കേട്ടോ?) നടത്തുന്ന പാര്‍ട്ടിയുടെ ആള്‍ക്കാര്‍ക്കാണെങ്കില്‍
ഫ്ലക്സ് ബോര്‍ഡിലെ സ്വന്തം പടത്തിന്‍റെ മുകളില്‍ ഉദിച്ചുനില്‍ക്കുന്ന
നക്ഷത്രങ്ങളെപ്പോലെ ഒരു അമ്മയുടെയോ മകന്‍റെയോ (സാധാരണ ഒരു ഇന്ത്യാക്കാരി അമ്മയും
മകനുമല്ല, കേട്ടോ? ഫോറിനില്‍ ജനിച്ചുവളര്‍ന്ന അമ്മയും ആ മദറിന്റെ സണ്ണും!)
ഫോട്ടോയും വെക്കുമ്പോള്‍ ഫോട്ടോയിലെ ആള്‍ ചന്ദ്രമണ്ഡലത്തിലെത്തിയെന്ന തോന്നലും
ആവേശവും വോട്ടര്‍മാര്‍ക്ക് ഉണ്ടാകുമല്ലോ? ആ ചിത്രം ഓര്‍ത്തുവച്ചല്ലേ അവര്‍
നിഷേധവോട്ട് ചെയ്യാന്‍ പഠിക്കുക.
എങ്കിലും ചെലവുചുരുക്കാന്‍ കേരളസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് എന്നു
പറയാതെ വയ്യ. അതുകൊണ്ടല്ലേ ഒരു നേതാവിന് ഇതിനിടയില്‍ പുതിയ കാര്‍ വാങ്ങിക്കൊടുക്കുന്നത്?
പതിനഞ്ചുലക്ഷത്തിലും താഴെയേ ഉള്ളു വില. കാര്‍ കൊടുക്കുമ്പോള്‍ ഡ്രൈവറെയും ഗണ്‍മാന്‍മാരെയും
കൊടുക്കണം. അതെല്ലാം രാജ്യത്തെ പട്ടിണിമാറ്റാന്‍ അത്യാവശ്യമല്ലേ? അദ്ദേഹത്തിന്‍റെ
കോര്‍പ്പറേഷന്‍റെ ജോലി എന്താണെന്നായിരിക്കും ചിലരുടെ സംശയം. അതെല്ലാം കോര്‍പ്പറേഷന്‍
സ്ഥാപിച്ചപ്പോഴേ എഴുതിവച്ചിട്ടുള്ളതാണ്. പോരെങ്കില്‍ പേരില്‍ത്തന്നെ ഉണ്ടല്ലോ
സ്ഥാപനത്തിന്‍റെ ജന്മോദ്ദേശം. മുന്നോക്കക്കാരെ വീണ്ടും മുന്നോട്ടു നയിക്കുക.
അപ്പോള്‍ നാട് നന്നാകുകയാണ്. അതിനിടയില്‍ മുളകിനോ പഴത്തിനോ ഉള്ളിയ്ക്കോ
വിലകൂടുന്നത് ഒരു സാധാരണ പ്രതിഭാസം മാത്രം. അതുകൊണ്ട് അതെല്ലാം മറന്ന് അരയും
തലയും മുറുക്കി പോളിംഗ് ബൂത്തുകളില്‍ ക്യു നില്‍ക്കുക. പക്ഷെ നേതാവിന്
വോട്ടുചെയ്യാതെ നിഷേധവോട്ടുചെയ്താല്‍? ചിലപ്പോള്‍ നാട് നന്നായിപ്പോകും. അത് വേണോ?
&&&&&&&&&&&&&&
കൃഷ്ണ
എണ്ണക്കമ്പനികള്‍ ലാഭത്തിലാണ്!
ReplyDelete