Friday, April 19, 2013

ദേവി

          ദേവി

കീറിപ്പറിഞ്ഞ പഴന്തുണിയില്‍ പൊതി-         

ഞ്ഞാകെ തളര്‍ന്നോരു പിഞ്ചുപൈതല്‍

വാടിത്തളര്‍ന്നു കിടക്കുന്നു മൂലയില്‍

വാടിക്കൊഴിഞ്ഞൊരു പൂവുപോലെ

തീവ്രജ്വരത്തി,ന്നസഹ്യമാം ചൂടിനാ-

ലാടിവിറയ്ക്കുന്നൊ,രസ്ഥികൂടം    

പാഴ്മരച്ചില്ലപോല്‍ നീളും വിരലുകള്‍

ആഴക്കിണര്‍ പോലെ നേത്രദ്വയ

 മറ്റൊരുമൂലയില്‍ മദ്യപന്‍ താതനു

പട്ടുമയങ്ങുകയാണു, ചുറ്റും

മദ്യലഹരിയില്‍ ഛര്‍ദ്ദിച്ചതൊക്കെയും

കെട്ടിക്കിടക്കുന്നിതങ്ങുമിങ്ങും

പട്ടണമൂലയ്ക്ക,ഴുക്കുചാലില്‍ നിന്നു

പൊട്ടിയൊലിച്ച ദുര്‍ഗ്ഗന്ധമാകെ

കെട്ടിവരിഞ്ഞാ കുടിലിനേയാകവേ

വിട്ടുപോകാത്തോ,രജഗരം പോല്‍

Saturday, April 13, 2013

വായില്ലാക്കുന്നിലപ്പന്‍

           വായില്ലാക്കുന്നിലപ്പന്‍
പിറകേ നടന്നോളൂ എന്‍ നിഴലായ്‌ നീ മകനേ
തളരല്ലെ കുഞ്ഞേ, നിന്നെത്താങ്ങാനുമാവില്ലല്ലോ?
എങ്കിലുമുപേക്ഷിക്കി,ല്ലാരുരച്ചാലും നിന്നെ-
യറിയാതെങ്കിലുമമ്മ, കുഞ്ഞിനെ ശപിച്ചില്ലേ?***
പറയാനായില്ലെനി,യ്ക്കൊരുവാക്കും തിരിച്ചങ്ങോ-
ട്ടറിയാഞ്ഞിട്ടല്ല, പക്ഷെ വായില്ലാപ്പൂതമല്ലേ?
അനുധാവനം ചെയ്തു ഞാ,നവരേ  മെല്ലേ മെല്ലേ
ഒരു വെറും നിഴലായി, നീങ്ങും നിശ്ശബ്ദതയായ്
പുണ്യങ്ങള്‍ തേടിയലഞ്ഞാ,രണ്ടാത്മാക്കള്‍ മുന്നില്‍
പിന്നിലായ്‌ ഞാനും പാപദുഃഖത്തിനാത്മാവായി
ഇടയ്ക്കിടെയിരുന്നവരശിച്ചൂ പാഥേയങ്ങള്‍
നെടുവീര്‍പ്പോടെ ഞാനും നോക്കിനിന്നൂ നിശ്ശബ്ദനായ്‌
“അമ്മയ്ക്കറിയാമെല്ലാം നുണയൂ നാവു നീ മകനേ
ഭക്ഷണക്കറയേശാത്ത നാവിലേയമൃതങ്ങള്‍
നിന്നെപ്പുലര്‍ത്തും നിന്‍റെ വിശപ്പുകെടുത്തും പിന്നെ
നീയാകില്ലയോ സര്‍വം, നീയാകില്ലയോ ദൈവം
നിന്നെക്കാണാനായെത്തും മാലോകരും തേവരും
പുലരിയും പ്രപഞ്ചവും നീയാകുമെന്‍ പൊന്‍കുഞ്ഞേ”

Tuesday, April 9, 2013

ഗന്ധര്‍വ്വഗീതം (കവിത)

    ഗന്ധര്‍വ്വഗീതം

 
ഒരുതുള്ളി മിഴിനീര്‍ തുടയ്ക്കാന്‍ കഴിയാത്ത
സുരജന്മമെന്തിന്നു വേണ്ടി?
ഒരു പിഞ്ചുപൈതലിന്‍ രോദനത്തിന്‍ രാഗ-
മറിയാത്ത ജന്മമിതെന്തിനായി?
വരളുന്ന പുഴയുടെ മാറത്തു മഴകൊണ്ടു
പനിനീര്‍ തളിയ്ക്കുന്നോരുദയങ്ങള്‍ കാണാന്‍
മരണമാ, മസ്തമനത്തിന്‍റെ രോദനം
സിരകളില്‍ കത്തിപ്പടരുന്നതറിയാന്‍         
കഴിയാത്ത ജന്മമീ ഗന്ധര്‍വ്വജന്മമി-
ന്നൊരു ചലനമേശാത്ത ഭാവങ്ങള്‍ പോലവേ
ഇനി വേണ്ട മകരന്ദകണികകള, തല്‍പ്പവും       
ഇനി വേണ്ട പാരിജാതത്തിന്‍ സുഗന്ധങ്ങള്‍

Sunday, April 7, 2013

ഗുരുതരപ്രശ്നങ്ങള്‍


ഗുരുതരപ്രശ്നങ്ങള്‍

ഇപ്പോള്‍ ഭാരതത്തിലെ ഗുരുതരമായ പ്രശ്നം എന്താണ്? കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം എന്താണ്?
പട്ടിണി, വിലക്കയറ്റം, അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍, കടലിലെ കൊലപാതകം, മോഷണം, പിടിച്ചുപറി, കൊലപാതകം, കൃത്രിമങ്ങള്‍, കാലാവസ്ഥാവ്യതിയാനവും അതിന്‍റെ ദോഷഫലങ്ങളും, ജലക്ഷാമം, വൈദ്യുതിക്ഷാമം എന്നെല്ലാം സാധാരണക്കാരന്‍ ഈ ചോദ്യത്തിന്‍റെ ഉത്തരമായി പറയും. അവന്‍റെ പ്രശ്നങ്ങളും പരിമിതമായ അറിവും അവനെക്കൊണ്ട് അങ്ങനെ ചിന്തിപ്പിക്കും. പക്ഷെ ഇവിടുത്തെ ഭരണകര്‍ത്താക്കള്‍ക്കും രാഷ്ട്രീയം ഉപജീവനമാര്‍ഗമായി സ്വീകരിച്ചിട്ടുള്ളവര്‍ക്കും അതൊന്നും ഒരു പ്രശ്നം അല്ല. അവരുടെ പ്രശ്നം മറ്റു ചിലതാണ്. കാരണം രാഷ്ട്രീയപ്രവര്‍ത്തനത്തെ ഒരു വരുമാനമാര്‍ഗ്ഗവും അധികാരത്തിലേക്കുള്ള വഴിയും ആയികാണുന്നവരുടെ രാജ്യമായ ഇന്നത്തെ ഇന്ത്യയെ പറ്റിയാണ് ചോദ്യം. ആ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദ്യാസമ്പന്നന്മാരുള്ള കേരളത്തെപ്പറ്റിയാണ് ചോദ്യം.

Saturday, March 30, 2013

FLIGHT TO ECSTASY


                                           FLIGHT TO ECSTASY

     

          She had no parents. No brother or sister or relatives. In her childhood, she believed that she had fallen from the sky. But later she knew that human beings do not fall from the sky. Maybe, it was from somewhere else, she convinced herself.

       It is not only the want of relatives that made her an orphan. She was deaf and dumb and so sound and speech were also not related to her. She knew only day and night and there was nothing called time in her mind. Being timeless, she was ageless too. She hardly saw the sun, since she always walked with a stoop and sat with her face towards the earth. But she always sat looking at the moon whenever it was there.

      And she had no home and slept below a small tree with very large leaves at a deserted area outside the town, after begging and getting a little food from some hotel. Even during heavy rain and lighting, she peacefully slept at that place.

      She never begged for or accepted money and believed that whoever gave her something to eat, were somehow related to her.

      It was a moonlit night. She was sitting below her small tree. There was nobody in the vicinity. She was looking at the moon thinking that she might have fallen from the moon since it was looking kindly at her.

Sunday, March 10, 2013

പത്ര വായന . ഒന്നാം പേജ്


മില്‍മ പാല്‍പ്പൊടിയിട്ട ചൂടുചായക്കൊപ്പം ഇതാ ചൂടു പത്രവും... അതേ, വാര്‍ത്തകള്‍ 'HOT' തന്നെ... (HOT എന്നതു കാമവുമായി ബന്ധപ്പെടുത്തിയും ആംഗലേയത്തില്‍ ഉപയോഗിക്കാറുണ്ടെന്ന് പ്രിയ അക്ഷരകാമുകര്‍ക്കു അറിയാമല്ലോ) ഞാന്‍ ഒന്നാം പേജിലേക്കു ചൂണ്ടയിട്ടു (ചൂണ്ടയില്‍ കോര്‍ത്തിരിക്കുന്നത് 'ഇക്കിളി' ആണോ?)
മന്ത്രി പുങ്കവനു കാമുകീഭര്‍ത്താവിന്‍റെ മര്‍ദനം; ഭാര്യ വിവാഹമോചനത്തിന്
'ചാട്ടമുഖ്യ'ന് അവിഹിതം ഉണ്ടയിരുന്നു എന്ന് 'തോറ്റ മന്ത്രിണി'
രാജ്യസഭാ ഉന്നത പീഠാസനസ്ഥന്‍ ബാലികാപീഡനത്തില്‍ പ്രതി തന്നെ എന്ന് മഹിളാമണിസംഘ നേതാക്കള്‍
വ്യവസായിക്കുട്ടി ഐസ്ക്രീം 'തിന്നതിന്‍റെ' റിപ്പോര്‍ട്ട്‌  കോടതിയില്‍ നിന്നും അച്ചുമാമനു ലഭിച്ചു.
ജര്‍മന്‍ യുവതിയില്‍ അനുവാദമന്യേയുള്ള ശുക്ല നിക്ഷേപത്തിനു ബാങ്ക് ആപ്പീസ്സറായ ഡിജിപി പുത്രന്‍ പിടിയില്‍

Thursday, February 21, 2013

ഒരു മന്ത്രിയുടെ പങ്കപ്പാട്


ഒരു മന്ത്രിയുടെ പങ്കപ്പാട്
(ചിത്രം - കടപ്പാട് : അരുണ്‍ മെഴുവേലി ;ഫേസ് ബുക്ക്‌)

എനിക്ക് മനസ്സിലായിടത്തോളം കഴിവുള്ളവനും എന്തെങ്കിലുമൊക്കെ നന്മ നാടിനു ചെയ്യണമെന്നു ആഗ്രഹിക്കുന്നവനുമാണ് മന്ത്രി ഗണേഷ്‌കുമാര്‍. അദ്ദേഹം മുന്‍പ് ട്രാന്‍സ്പോര്‍ട്ട്‌ മന്ത്രി ആയിരുന്നപ്പോഴും അങ്ങനെ തോന്നിയിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ അദ്ദേഹത്തെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി – പാര്‍ട്ടിയെന്നാല്‍ ശ്രീ. ആര്‍. ബാലകൃഷ്ണപിള്ള. മന്ത്രിയുടെ അച്ഛന്‍ - മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു. മന്ത്രിയുടെ കുറ്റം സംസ്ഥാനഭരണത്തില്‍ പാര്‍ട്ടിയെ ഇടപെടുത്തുന്നില്ല എന്നതാണ്. മുഖ്യമന്ത്രിയല്ല, തങ്ങളാണ് ഗണേഷ്‌കുമാറിനെ മന്ത്രിയാക്കിയതെന്നാണ് പാര്‍ട്ടിയുടെ വാദം. മുഖ്യമന്ത്രി വെറും സാക്ഷി മാത്രം.

                 കേരളം ഭരിക്കുന്ന മന്ത്രിയാണ് ശ്രീ. ഗണേഷ്‌കുമാര്‍. അതുകൊണ്ടുതന്നെ കേരളത്തിലെ ജനങ്ങളുടെ – അത് ഏതു പാര്‍ട്ടിക്കാരും ആയിക്കൊള്ളട്ടെ – പൊതുവായ നന്മയ്ക്കുവേണ്ടിയാണ് ഭരിക്കേണ്ടത്. അല്ലാതെ ഏതെങ്കിലും ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്ക് – അത് തന്നെ തെരഞ്ഞെടുപ്പിന് നിര്‍ത്തിയ പാര്‍ട്ടിയായാല്‍പ്പോലും – വേണ്ടിയല്ല. അത് ഒരു കുറ്റമാണ് എങ്കില്‍ ആ കുറ്റം ചെയ്യുന്നവനാണ് യോഗ്യനായ മന്ത്രി എന്ന് ഞാന്‍ കരുതുന്നു. മന്ത്രി ഗണേഷ്‌കുമാര്‍ ചെയ്തുകൊണ്ടിരിക്കുന്ന കുറ്റവും അത് തന്നെ. നാട്ടുകാര്‍ക്ക് - പാര്‍ട്ടിക്കാര്‍ക്കല്ല – എന്തെങ്കിലും നന്മ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. ചെയ്യാന്‍ കഴിയുന്നുണ്ടോ എന്നത് മറ്റൊരു കാര്യം.

Thursday, February 7, 2013

ഒരു റിപ്പബ്ലിക്‌ ദിനം കൂടി

ഒരു റിപ്പബ്ലിക്‌ ദിനം കൂടി


ഒരു റിപ്പബ്ലിക്‌ ദിനം കൂടി കടന്നുപോയി. സാധാരണയായി സ്വാതന്ത്ര്യസമരഭടന്മാരോടുള്ള ഭക്തിയും കടപ്പാടുമാണ് ഈ ദിനം മനസ്സില്‍ ഉണര്‍ത്തുന്നത്. ഇന്നും അത് ഇല്ലെന്നല്ല. പക്ഷെ

അതിനുപരി മറ്റെന്തൊക്കെയോ അശുഭചിന്തകള്‍ മനസ്സില്‍ കടന്നുവരുന്നു.

സ്വതന്ത്രഭാരതം വളരെയേറെ നേട്ടങ്ങള്‍ ഉണ്ടാക്കി എന്നതൊരു വാസ്തവമാണ്. ശാസ്ത്രസാങ്കേതിക രംഗങ്ങളില്‍ എടുത്തുപറയാവുന്ന ഒരു രാജ്യമാണ് ഇന്ന് ഭാരതം. വികസിതരാജ്യങ്ങളില്‍ പോലും ശാസ്ത്രസാങ്കേതികരംഗത്ത് എടുത്തുപറയുന്ന പലപേരുകളും ഭാരതീയരുടെതാണ്. ഇതില്‍ നമുക്ക് അഭിമാനിക്കാന്‍ വകയില്ലേ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും ഉണ്ട് എന്നാണു ഉത്തരം.

പക്ഷെ ഇത് ചിത്രത്തിന്റെ ഒരു വശം മാത്രമല്ലേ ആകുന്നുള്ളൂ.

ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളില്‍ ആണെന്ന് ഗാന്ധിജി പറഞ്ഞു. ഗ്രാമങ്ങളുടെ പുരോഗതിയിലൂടെ മാത്രമേ ഭാരതത്തിന്റെ പുരോഗതി സാദ്ധ്യമാകൂ എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. എന്നാല്‍ ഇന്ന് സ്ഥിതി എന്താണ്?

Monday, January 21, 2013

മൂങ്ങാമുത്തശ്ശി

                                                             മൂങ്ങാമുത്തശ്ശി


മുത്തശ്ശി  മുത്തശ്ശി
മൂങ്ങാമുത്തശ്ശി
മുത്തശ്ശി   മുത്തശ്ശി
മൂങ്ങാമുത്തശ്ശി 
അത്തിമരത്തിന്‍കൊമ്പില്‍ രാത്രിയില്‍
ഉം...ഉം..മൂളും പാവം മുത്തശ്ശി
പാവം മുത്തശ്ശി
പാവം പാവം മുത്തശ്ശി

Friday, January 11, 2013

അവധി

അവധി

2012 ഡിസംബര്‍ മാസം അവസാനത്തേ ആഴ്ച്ച കൊലക്കേസില്‍ പോലീസിനു പിടികൊടുക്കാതെ നടക്കുന്ന എട്ടു പ്രതികള്‍ ചേര്‍ന്ന് സംസ്ഥാനസര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും ഒരു അപേക്ഷ നല്‍കാന്‍ തീരുമാനിച്ചു. അത് ഇങ്ങനെയായിരുന്നു.

“കടല്‍ക്കൊലക്കേസ്സിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരെ കൃസ്തുമസ് ആഘോഷിക്കാനായി നാട്ടിലേക്കയക്കാന്‍ ശുപാര്‍ശ ചെയ്യുകയും അതിലൂടെ ഇങ്ങനെ ഒരു അപേക്ഷ നല്‍കാന്‍ ഞങ്ങള്‍ക്ക് അവസരം തരികയും ചെയ്ത എല്ലാവര്‍ക്കും നന്ദി.
ഞങ്ങള്‍ വിവിധമതങ്ങളില്‍ പെട്ടവരാണെങ്കിലും മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാനായി ഞങ്ങളുടേതായ രീതിയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അതിനാല്‍ എല്ലാ മതക്കാരുടെയും എല്ലാ വിശേഷദിവസങ്ങളും ആഘോഷിക്കുകയും ചടങ്ങുകള്‍ എല്ലാം ആചരിക്കുകയും ചെയ്യാറുണ്ട്. കൂടാതെ എല്ലാ ആരാധനാലയങ്ങളിലും രണ്ടാഴ്ചയിലൊരിക്കല്‍ ദര്‍ശനം നടത്താറുമുണ്ട്.