Saturday, November 19, 2011

സെക്രട്ടറിയേറ്റ് ഉപരോധ സമരം - സംഘടനകള്‍ക്ക് എന്തുമാകാമോ?

     മലബാര്‍ നിവര്‍ത്തന പ്രക്ഷോഭം എന്ന പേരില്‍ ഇന്ന് (19/11/2011) സോളിഡാരിറ്റി എന്ന സംഘടന നടത്തുന്ന സെക്രട്ടറിയേറ്റ് വളയല്‍ സമരം ഈ കുറിപ്പ് എഴുതുമ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മലബാറിനെതിരേയുള്ള അവഗണന അവസാനിപ്പിക്കുക എന്ന മുദ്രവാക്യമുയര്‍ത്തിക്കൊണ്ട് നടത്തുന്ന ഈ ഉപരോധ സമരം ഉയര്‍ത്തുന്ന ചില ചിന്തകള്‍ പങ്കുവയ്ക്കുകയാണ് ഇവിടെ... മലബാര്‍ മേഖലയില്‍ നിന്നുള്ള എട്ട് മന്ത്രിമാര്‍ ഭരണം നടത്തിക്കൊണ്ടിരിക്കുന്ന ഈ സംസ്ഥാനത്ത് മലബാറിന് എന്ത് അവഗണനയാണ് നേരിടുന്നത് എന്ന കാര്യം ചര്‍ച്ച ചെയ്യാനല്ല ഈ കുറിപ്പ്... അക്കാര്യം ചാനലുകളും പത്രങ്ങളും ചര്‍ച്ച ചെയ്ത് കൊള്ളട്ടെ... സാധാരണ സെക്രട്ടറിയേറ്റ് ഉപരോധങ്ങള്‍ 10 മണിക്ക് ശേഷമാണ് ആരംഭിക്കാറുള്ളത്...ഉദ്യോഗസ്ഥര്‍ ഉള്ളില്‍ പ്രവേശിച്ച ശേഷം... എന്ന് മാത്രമല്ല രണ്ട് മെയിന്‍ ഗേറ്റുകള്‍ മാത്രമേ ഉപരോധിക്കാറുള്ളൂ.. എന്നാല്‍ ഇന്ന് മലബാറിലെ സോളിഡാരിറ്റി 'ചുണ'ക്കുട്ടന്മാര്‍ രാവിലെ 9 മണിക്ക് തന്നെസെക്രട്ടറിയേറ്റിന്‍റെ 3 ഗേറ്റുകളും ഉപരോധിക്കുകയാണ്. സെക്രട്ടറിയേറ്റിന്‍റെ 3 കിലോമീറ്റര്‍ ചുറ്റളവില്‍ ഗതാഗത സ്തംഭനമുണ്ടാക്കിക്കൊണ്ട് നടത്തുന്ന ഈ സമരത്തില്‍ വലയുന്നത് 5000 ത്തോളം വരുന്ന ഉദ്യോഗസ്ഥര്‍ മാത്രമല്ല സെക്രട്ടറിയേറ്റിന്‍റെ അകത്തളങ്ങളിലെ ഫയലുകളില്‍ ഉറങ്ങുന്ന തങ്ങളുടെ നീറുന്ന പ്രശ്നങ്ങളുടെ പരിഹാരം തേടി തലസ്ഥാനത്ത് എത്തുന്ന സാധാരണക്കാരായ മലബാറുകാര്‍ കൂടിയാണ്.. ഇത്തരം സമരങ്ങള്‍ സംഘടനകള്‍ക്ക് രാഷ്ടീയ മൈലേജ് നേടിക്കൊടുത്തേക്കാം..സൌജന്യമായി വിതരണം ചെയ്യപ്പെടുന്ന ഏത്തപ്പഴവും മിനറല്‍ വാട്ടറും കുടിച്ചുകൊണ്ട് നേതൃത്വം നല്കുന്ന നേതാക്കന്മാര്‍ക്ക് അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിന് സീറ്റ് ഉറപ്പിക്കാനായേക്കാം.. എന്നാല്‍ സാധാരണക്കാരന്‍റെ സഞ്ചാരസ്വാതന്ത്ര്യം ഹനിച്ചുകൊണ്ട് നടത്തുന്ന ഇത്തരം ഉപരോധങ്ങള്‍ അനുവദിച്ച് കൊടുക്കുന്നത് ഈ സ്വാതന്ത്ര്യം ഉറപ്പ് വരുത്താന്‍ ബാധ്യതപ്പെട്ട ഒരു സര്‍ക്കാരിന് ഭൂഷണമാണോ എന്ന് ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു.. ഏത് ഈര്‍ക്കില്‍ പാര്‍ട്ടിയും ഒരുമ്പെട്ടിറങ്ങിയാല്‍ ഭരണസിരാകേന്ദ്രം സ്തംഭിപ്പിക്കാന്‍ കഴിയും എന്ന അവസ്ഥ അരാജകത്വമല്ലെങ്കില്‍ മറ്റെന്താണ്?

4 comments:

  1. ഇന്നത്തെ ഇന്ത്യയുടെ അവസ്ഥയില്‍ വളരെ പ്രസക്തമായ സംഗതിയാണ് ശ്രീ നജീം ചൂണ്ടിക്കാണിക്കുന്നത്. ഇവിടെ സ്റ്റേറ്റ് ഇല്ലാതാവുകയാണ്. പരമാധികാരം സ്റ്റേറ്റിന്‍റെ ഏറ്റവും പ്രധാന അടിക്കല്ലുകകളില്‍ ഒന്നാണ്. ഇത്തരം ഈര്‍ക്കില്‍ പ്രക്ഷോഭകരെപ്പോലും നേരിടാന്‍ സ്റ്റേറ്റ് ഭയക്കുന്നുവെങ്കില്‍ അത് അരാജകത്വത്തിലേക്കുള്ള പോക്കിന്റെ നാന്ദി അല്ലേ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ചോദിക്കാനും പറയാനും ‘ഏമാന്‍മാര്‍’ ഇല്ലാത്ത സാധാരണക്കാര്‍ ആണെങ്കില്‍ സ്റ്റേറ്റിന്‍റെ എല്ലാ പരമാധികാരവും ഉപയോഗിച്ച് ‘നീതി’ നടപ്പാക്കും. ഇത്തരം സമ്മര്‍ദസംഘങ്ങള്‍ക്കു മുന്നില്‍ സ്റ്റേറ്റിന്‍റെ വാല്‍ കാലുകള്‍ക്കിടയില്‍ തിരുകപ്പെടും.

    ReplyDelete
  2. കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി സ്റ്റേറ്റ് ഒരു പ്രദേശത്തെ വികസനത്തെ മുരടിപ്പിച്ചു നിര്‍ത്തിയപ്പോള്‍ കഷ്ട്ടപ്പെട്ടതും സാധാരണക്കാരനായിരുന്നു.. ഇന്നത്തരം തിരസ്കൃതര്‍ സ്വന്തം അവസ്ഥ തിരിച്ചറിഞ്ഞ്, തങ്ങള്‍ നാല്‍പ്പത്തി നാല് ശതമാനം മനുഷ്യരെ അവഗണിച്ച് എന്ത് 'പ്രശ്നങ്ങളാണ്' അവിടെ 'പരിഹാരം' കാണുന്നത് എന്ന് ചോദിക്കാനും പാടില്ലെന്നാണോ?

    ReplyDelete
  3. I appreciate this team work and the theme concept Kalathattu. My compliments.

    ReplyDelete
  4. നജീം എഴുതിയത് തികച്ചും ശരിയാണ്. ഇതെല്ലാം കാണുമ്പോള്‍ അടിയന്തിരാവസ്ഥ ആയിരുന്നു നല്ലത് എന്ന് തോന്നിപ്പോകുന്നു.

    ReplyDelete