Sunday, November 13, 2011

സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന ഒരു യുവാവ് പരിഹസിക്കപ്പെടുമ്പോള്‍

            സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന ഒരു യുവാവ് പരിഹസിക്കപ്പെടുമ്പോള്‍ എനിക്ക് തോന്നുന്ന ചില കാര്യങ്ങള്‍ എഴുതുകയാണ്.  എവിടെ നിന്നാണ് സന്തോഷ്‌ പണ്ഡിറ്റ്‌ പരിഹാസ്യനായി തുടങ്ങിയത് എന്നത് എല്ലാവര്ക്കും അറിയാം.  യുട്യൂബ് വീഡിയോയുടെ അടിക്കുറിപ്പില്‍ ആരോ ഹരിശ്രീ കുറിച്ച ഒരു  തെറി വിളിയുടെ അനുബന്ധമായി സോഷ്യല്‍ നെറ്റ് വര്ക്ക്‌ ഗ്രൂപ്പുകളിലൂടെ അജ്ഞാതമായിരുന്നു കൊണ്ട് കൂട്ടുകാരില്‍ നിന്നും കൂട്ടുകാരിലേക്ക് പകര്ന്നു കൊടുത്ത തെറി പ്രചാരം ഇന്ന് ഒരു പ്രതിഭാസമായി ചര്ച്ചകളുടെ മേല്‍ ചര്ച്ചയായി തുടരുന്നു. 
          പൊതുസ്ഥലം കക്കൂസാക്കുന്ന നമ്മുടെ മലയാളിത്തത്തിന്റെ ഒരു വെര്‍ച്വല്‍ വെളിക്കിറക്കത്തിനു ഇങ്ങനെ ഒരു ആഫ്ടര്‍ എഫെക്റ്റ് ഉണ്ടാകുമെന്ന് കരുതാതെ പോയ നമ്മുടെ  'നെറ്റിസണ്‍മാര്‍' ഇപ്പോഴും ഫോര്‍വേഡ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ബുദ്ധിമാനായ സന്തോഷ്‌ തന്‍റെ തടം ഉറപ്പിച്ചു മുന്നോട്ടു തന്നെ...
          'എനിക്കിങ്ങനെ മാത്രമേ സിനിമയെടുക്കാന്‍ അറിയൂ, എന്റെ സിനിമ കാണാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെട്ടോ' എന്ന് ചോദിക്കുന്ന മൌലിക സ്വാതന്ത്ര്യത്തിനു ഒരു സലാം പറയാതെ വയ്യ.   സിനിമ നടന്‍ സുന്ദരനായിരിക്കണം, പാട്ടുകള്‍ രാഗസാന്ദ്രമായിരിക്കണം എന്നൊക്കെ വാശി പിടിക്കാന്‍ നമ്മളെ പഠിപ്പിച്ചവര്ക്ക് മുഖമടച്ചു ഒരു അടി കൊടുത്തിട്ട് മുന്നോട്ടു പോകുന്ന സന്തോഷ്‌ പണ്ഡിറ്റ്‌ അത്രവലിയ ഒരു കോമാളിയാണെന്ന് അങ്ങനെ അങ്ങ് സമ്മതിക്കാന്‍ ആവില്ല. ഇന്‍റര്‍നെറ്റ് കാലത്ത് അടയാളപ്പെടുത്തപ്പെടേണ്ട ആള്‍ തന്നെയാണ് ശ്രീ പണ്ഡിറ്റ്‌‌.
        ' പ്രണയത്തിന്റെ പേരില്‍ കോപ്രായം കാട്ടി'  യുട്യൂബില്‍ ഇട്ടു എന്ന അപരാധത്തിന് സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന യുവാവിനെ തെറി വിളിക്കുന്നതിനു മുന്നേ മലയാളികളുടെ മറ്റൊരു ശീലത്തെക്കുറിച്ചു കൂടി ഓര്മ്മിപ്പിക്കുകയാണ്.  ഇതര സംസ്ഥാനങ്ങളില്‍ ഒന്നുമില്ലാത്തവിധം 'വിവാഹ ആല്ബം' പിടിക്കുന്ന ഒരു സംസ്കാരം മലയാളിക്കുണ്ട്‌.   കല്യാണം കഴിഞ്ഞുള്ള ഒരു ചെറിയ പ്രണയ നാടകം (പെണ്ണും ചെക്കനും സുന്ദരനാണോ സുന്ദരിയാണോ, ചെക്കന്റെ പല്ല് പൊങ്ങിയതാണോ എന്നത് ഇവിടെ വിഷയമല്ല).  പ്രണയത്തെ അത്രകണ്ട് ഇന്നും അംഗീകരിച്ചു തരാത്ത  മലയാളികള്ക്ക് ഈ വിവാഹ ആല്ബം വലിയ വീക്നെസ് ആണ്.  ചില വീടുകളില്‍ ചെന്നാല്‍ മക്കളുടെ ഹണീമൂണ്‍ ഫോട്ടോ വീട്ടീല്‍ വരുന്നവരെ എല്ലാം ഇരുത്തി കാണിക്കും.  വീട് സന്ദര്ശനങ്ങളിലെ ഒഴിവാക്കാന്‍ ആകാത്ത ഒരു ചടങ്ങ് കൂടി ആണ് ഇത്.  വീണു കിടക്കുന്ന മരത്തിന്റെ മുകളില്‍ കയറി നിന്നും, കൈതക്കാട്ടിന്റെ ഓരത്ത് ഇരുന്നു മുള്ള് കടിച്ചുകൊണ്ടും നവവധുവിന്റെ മടിയില്‍ തല വെച്ച് കിടക്കുന്ന പുത്തന്‍ ഭര്ത്താവും, ഭാര്യയുടെ കയ്യും പിടച്ചു അടുത്തുള്ള തോട്ടുവക്കത്തോ കുളത്തിന്റെ കരയിലോ ഒക്കെ പോയിരുന്നു ആടുന്ന...പാടുന്ന ശൃംഗാരചേഷ്ടകള്‍, റബ്ബര്‍ മരത്തിന്റെ ഇടയിലൂടെയും തെങ്ങിന്‍ തടത്തില്‍ നിന്നും ഒക്കെ നിന്നുകൊണ്ട് വീഡിയോ എടുക്കുന്ന - അത്  അഭിമാനത്തോടെ അവതരിക്കപ്പെടുമ്പോള്‍ ആ വീട്ടുകാരില്‍ പ്രകടമാകുന്ന അഭിമാനത്തേക്കാള്‍ ചെറുതാണ് സന്തോഷ്‌  പണ്ഡിറ്റിന്റെ അഭിമാനം എന്ന് കരുതുന്നത് മോശമല്ലേ?
      നിങ്ങള്ക്ക്  ഇഷ്ടമുള്ളത് മാത്രമേ മറ്റുള്ളവര്‍ ചെയ്യാന്‍ പാടുള്ളൂ എന്ന് കരുതുന്നത് അത്ര കണ്ടു ശരിയാണോ?  സഭ്യതയുടെ പരിധിക്കുള്ളില്‍ നിന്നുകൊണ്ടല്ലാതെ ആ ചെറുപ്പക്കാരന്‍ എന്തെങ്കിലും ചെയ്തിരുന്നു എങ്കില്‍ ഈ പരിഹസിച്ചവര്‍  സദാചാരപോലീസിന്റെ വേഷമാണ് കെട്ടുന്നത് എന്നെങ്കിലും ആശ്വസിക്കാമായിരുന്നു. ഇതിനേക്കാള്‍ എത്രയോ മോശമായ വീഡിയോകള്‍ തെറിപ്പാട്ടുകളുടെ അകമ്പടിയോടെ ഇന്‍റര്‍നെറ്റില്‍ ഉണ്ട്. അതിന്റെ ഒക്കെ അടിയില്‍ ‘സൂപ്പര്‍’ എന്ന് കമന്റുകള്‍ എഴുതിയവരൊക്കെ തന്നെയാകാം ഇവിടെയും വന്നു പോയത്. സംശയമുള്ളവര്‍ മലയാളം തെറിപാട്ട് എന്ന കീ വേര്‍ഡ് ഉപോഗിച്ചു തെരഞ്ഞാല്‍ കാണാം മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളുടെ ഒക്കെ മെഗാഹിറ്റ്‌ സിനിമയിലെ ഡയലോഗുകള്‍ മാറ്റി ഈ സൂപ്പര്‍ സ്റ്റാറുകളെ കൊണ്ട് തെറി പറയിക്കുന്നത് കേള്‍ക്കാം. അതിനെയൊക്കെ പ്രോത്സാഹിപ്പിക്കുന്ന നെറ്റിസന്‍സ് നമ്മുടെയൊക്കെ അമ്മ-സഹോദരിമാര്‍ ഒക്കെ ഇന്റര്‍നെറ്റ്‌ ഉപയോഗിച്ച് തുടങ്ങിയവര്‍ ആണെന്ന് മറന്നുപോകുന്നു.  സന്തോഷ്‌ പണ്ഡിറ്റിന് മനോരോഗമുണ്ടെന്നു കരുതുന്നവര്‍ ഇത്തരം മനോരോഗികളെ കാണാതെ പോകരുത്.
                   ഒളിഞ്ഞിരുന്നു തെറി എഴുതുന്നവര്‍ പ്രശംസിക്കപ്പെടുമ്പോള്‍, തെളിഞ്ഞുനിന്നു തനിക്കാകുന്നത് സഭ്യമായി അവതരിപ്പിക്കപ്പെട്ടത് ഒരു വിരൂപദൃശ്യമായി അവഗണിച്ചു പരിഹസിക്കപ്പെടുമ്പോള്‍, നമ്മുടെ ആ തനതു മലയാളിത്തം പുറത്തുവരികയാണ്.
                    സിനിമ എന്നത് സൌന്ദര്യആരാധന മാത്രമല്ല ആവിഷ്കാര സ്വാതന്ത്ര്യം കൂടി ആണെന്ന് സന്തോഷ്‌ പണ്ഡിറ്റ് ഉറക്കെ പറയുമ്പോള്‍ നമുക്ക് ഇഷ്ടമുള്ളത് കാണാനും ഇഷ്ടമില്ലാത്തത് തള്ളിക്കളയാനും നമുക്ക് സ്വാതന്ത്ര്യം ഉണ്ടെന്നുകൂടി നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. തനിക്കിഷ്ടമില്ലാത്തത് അര്‍ഹിക്കുന്ന അവഞ്ജയോടെ തള്ളിക്കളയാനുള്ള മൌലിക സ്വാതന്ത്ര്യം നിലനില്‍ക്കെ, മറ്റൊരാളെ തെറിവിളിച്ചു അപമാനിക്കുന്നതിലെ ഔചിത്യം അത്ര നല്ല സംസ്കാരമായി തോന്നുന്നില്ല. 
          ഒരു കാര്യം ഉറപ്പായി.  തെറി വിളി കേള്‍ക്കുകയും ഏറ്റുവാങ്ങുകയും സന്തോഷ്‌പണ്ഡിറ്റിന് ഒഴിവാക്കാന്‍ ആകില്ല.   കാരണം ഈ തെറി വിളികളാണ് പണ്ഡി റ്റിനെ കേവല ദിവസങ്ങള്‍ കൊണ്ട് കൊടീശ്വരനാക്കിയത്.   മലയാളിയുടെ പൊതുസ്ഥലത്തെ തൂറല്‍ വരുത്തിയ വിന ഇങ്ങനെയും.

.... By Raghu Nair  (തെറി വിളിക്കേണ്ടവര്‍ നേരിട്ട് വിളിച്ചുകൊള്ളുക. ദയവു ചെയ്തു ഈ ബ്ലോഗ്‌ മലിനമാക്കരുത്.  email:  raghuq8@gmail.com)

7 comments:

  1. ഒളിഞ്ഞിരുന്നു തെറി എഴുതുന്നവര്‍ പ്രശംസിക്കപ്പെടുമ്പോള്‍, തെളിഞ്ഞുനിന്നു തനിക്കാകുന്നത് സഭ്യമായി അവതരിപ്പിക്കപ്പെട്ടത് ഒരു വിരൂപദൃശ്യമായി അവഗണിച്ചു പരിഹസിക്കപ്പെടുമ്പോള്‍, നമ്മുടെ ആ തനതു മലയാളിത്തം പുറത്തുവരികയാണ്

    ReplyDelete
  2. ആട്, മാട്, തേക്ക്, മാഞ്ചിയം, പണച്ചങ്ങല ശ്രേണിയില്‍ വീണ്ടും വീണ്ടും പറ്റിക്കപ്പെടുന്ന, പ്രബുദ്ധതാപ്രകടനത്തില്‍ മുന്‍പനായ മലയാളിയുടെ മനശാസ്ത്രം ഏറ്റവും നന്നായി വായിച്ചെടുത്ത ബുദ്ധിമാനായ ബുസിനസ്സുകാരന്‍ ആണ് സന്തോഷ്‌ പണ്ഡിറ്റ്‌. ‘ആടുമാടുചങ്ങല’കളില്‍ നിന്നും പണ്ഡിറ്റിനുള്ള വ്യത്യാസം അയാള്‍ ആരെയും പറ്റിച്ചില്ല എന്നതാണ്. ആ നിലക്ക് അയാള്‍ മലയാളി ആണോ എന്ന് എനിക്ക് സംശയമുണ്ട്‌. തന്‍റെ പേരിനൊപ്പം അയാള്‍ ‘പണ്ഡിറ്റ്‌’ ചേര്‍ത്തതും ഈ ഉദ്ദേശത്തില്‍ ആണോ? എന്തായാലും ലാലുവിനെ പഠിച്ച ‘ബിസിനസ്‌ തലേകല്ലന്‍മാര്‍’ പണ്ഡിറ്റിനേയും പഠന വിധേയമാക്കണം എന്നാണ് ഈ വിനീത ‘പൊട്ട’ന്‍റെ അഭിപ്രായം.(പൊട്ടന്‍ വിളി ഇപ്പോള്‍ രാഷ്ട്രീയ ഫാഷന്‍ ആണല്ലോ)
    ഞാനും താങ്കളും ഇപ്പോള്‍ ഇവിടെ ഇതിനായി സ്ഥലവും സമയവും ഊര്‍ജ്ജവും മിനക്കെടുത്തുന്നതും പണ്ഡിറ്റിന്‍റെ ‘ഓറ’ ഇഫെക്റ്റ്‌ ചെയ്യുന്നതു കൊണ്ടല്ലേ? അല്ലാതെ അയാളെ മണ്ടന്‍ എന്ന് വിളിക്കുന്ന ബാക്കിയുള്ളവര്‍ ആണ് യഥാര്‍ത്ഥ മണ്ടന്മാര്‍. പക്ഷേ നമ്മള്‍ അയാളെ മണ്ടന്‍ എന്ന് വിളിക്കണം എന്നാണ് അയാളുടെ ആഗ്രഹം; കാരണം എന്നാലേ അയാളുടെ ബിസിനസ്‌ വളരൂ..

    (എന്തായാലും താങ്കള്‍ മെയില്‍ ഐ.ഡി കൊടുത്തത് നന്നായി. അത് മലയാളിക്കൊരു ‘വെളി മറ’ ആവാതിരിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കാം.)

    ReplyDelete
  3. എന്തൊക്കെ പറഞ്ഞാലും സന്തോഷ്‌ ഒരു സംഭവം തന്നെ ...!

    ReplyDelete
  4. സന്തോഷ്‌ പണ്ഡിറ്റ്‌ - അതി ബുദ്ധിമാനായ കോമാളി –പണം ഉണ്ടാക്കുന്നതില്‍ ഇതിയാന്‍ ഒരു പണ്ഡിറ്റ്‌ തന്നെ ,
    എന്തിനെയും എതിനയും വിമര്‍ശിക്കുന്ന അല്ലങ്കില്‍ അതില്‍ അഭിപ്രായം പറയുന്ന മലയാളിയുടെ അതി സമര്ധ്യാതെ ഈ മനുഷ്യന്‍ അതി വിദഗ്ത്യമായ് ചൂഷണം ചെയുന്നു , ഓരോ തെറിവിളിയും അത്കൊണ്ട് അല്ലെ ആ മനുഷ്യന്‍ പൂചെണ്ട്കളായി സ്വീകരിചത്,
    യു ടുബില്‍ പണ്ഡിറ്റ്‌നെ തിരയുന്നവര്‍ അറിയുക നഷ്ടം നിങ്ങള്ക്ക് പണം പണ്ഡിറ്റ്‌ന്.
    അനച്ചവെള്ളത്തില്‍ ചാടിയ മലയാളി പൂച്ചകള്‍ ഇനിയും ചാടും ..............

    ബിജു പിള്ള

    ReplyDelete
  5. പണ്ഡിറ്റ്‌ അയാളുടെ ഭാവനക്കും കഴിവിനും ഒത്ത രീതിയില്‍ ഒരു പടം പിടിച്ചു എന്നതാണ് മലയാളി തമ്പുരാക്കന്മാര്‍ക്ക് ദഹിക്കാന്‍ പറ്റാതെ പോയ കാര്യം. ഇതിലും മോശം സിനിമകളില്‍ സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ചാല്‍ പോയി കാണാനും,പ്രോത്സാഹനം കൊടുക്കാനും മടിയില്ലാത്തെവര്‍ തന്നെ ആണ് ഇപ്പോള്‍ കുറ്റം പറയുന്നത്. പണ്ഡിറ്റ്‌ഇന്റെ സിനിമ ലോകോത്തരം എന്നൊന്നും പറയേണ്ട,അയാള്‍ കാണിച്ച ചങ്കുറ്റം അംഗീകരിച്ചു കൊടുക്കാന്‍ ഉള്ള മനസ്സെങ്കിലും കാണിച്ചുകൂടെ?

    ReplyDelete
  6. ഞാനിതിനെ ഒരു നല്ല സന്ദേശമായിത്തന്നെയാണ്‌ കാണുന്നത്. ചെറിയ ചിലവില്‍ സിനിമയെടുക്കന്‍ താല്പ്പര്യമുള്ള ഇന്റെര്‍നെറ്റ് മാര്‍ക്കെറ്റിംഗ് ഉപയോഗപ്പെടുത്താനുള്ള ബുദ്ധിശേഷിയുള്ള കഴിവുള്ള ചെറുപ്പക്കാര്‍ക്ക് സന്തോഷ് പണ്ഡിറ്റ് ഒരു പ്രചോദനമല്ലേ?.ഇതുവരെ എത്ര മികച്ച സം‌വിധായകര്‍ പുത്തന്‍ യുഗത്തിന്റെ സാധ്യതകള്‍ മുതലെടുത്തിട്ടുണ്ട്?......സന്തോഷ് പണ്ഡിറ്റ് ഒരു പ്രചോദനം തന്നെയല്ലേ ?.കഴിവുള്ള ചെറുപ്പക്കാര്‍ക്ക് ഈ വഴി ശ്രമിക്കാന്‍ പാടില്ലേ..? അതിലൂടെ നല്ല സിനിമകള്‍ പിറക്കില്ലേ...?...പൂന ഇന്‍സ്റ്റിറ്റ്യൂട്ടിലും മറ്റും വര്‍ഷങ്ങള്‍ ചിലവാക്കി പ്രഗല്‍ഭ സം‌വിധായകരുടെ കീഴില്‍ വര്‍ഷങ്ങള്‍ ചിലവാക്കി സമയം കളയാതെ പതിവു രീതികള്‍ അവലംബിക്കാതെ കഥാമോഷണങ്ങള്‍ നടത്താതെ അയാള്‍ നേരെയിങ്ങു വന്നൊരു സിനിമയെടുത്തു. നിലവാരം കുറച്ചു കുറഞ്ഞോട്ടെ സിനിമ ഇങ്ങനെയാവണം എന്നാരും വാശി പിടിക്കണ്ട....! കുറെ ചെയ്തു കഴിയുമ്പോള്‍ ശരിയായിക്കൊള്ളും. ചിലര്‍ പറയുന്നു ഇന്നത്തെ മലയാള സിനിമ കണ്ട് ദേഷ്യം വരുന്ന സിനിമാപ്രേമികള്‍ പ്രതികരിക്കാന്‍ സന്തോഷിന്റെ പടം തീയേറ്ററില്‍ പോയി കണ്ട് തെറിവിളിക്കുകയാണെന്ന്....അതു ശരിയാണോ?.....ഒരു ഫൈവ്‌ സ്റ്റാര്‍ ഹോട്ടലില്‍ കയറി മോശം ഭക്ഷണം കഴിച്ചിട്ട് ഒരു പാവപ്പെട്ടവന്റെ ചായക്കടയില്‍ കയറി തെറിവിളിക്കുകയാണോ വേണ്ടത്...സന്തോഷിന്റെ പടം നല്ല സിനിമയാണെന്നഭിപ്രായപ്പെടുന്നില്ല ...
    മികച്ച അഭിനേതാക്കളെന്നുവിളിക്കുന്ന സൂപ്പര്‍താരങ്ങള്‍ തലയില്‍ കൊമ്പും വച്ചു ആണും പെണ്ണും കെട്ട ശബ്ദത്തില്‍ കോമാളിത്തം കാട്ടുമ്പോള്‍ മനോരോഗ വിദഗ്ധരെ കൊണ്ടുവന്ന് ചാനലില്‍ ചര്‍ച്ച നടത്തുന്നില്ലല്ലോ?....അശ്ലീലവാക്കുകള്‍ പഞ്ച് ഡയലോഗായി പറഞ്ഞ് കയ്യടിവാങ്ങുന്ന രാജാവിന്റെ മക്കളും, രതിചിത്രങ്ങള്‍ പോലും നാണിക്കുന്ന മാംസപ്രദര്‍ശനം നടത്തുന്ന സമകാലീക മലയാള ചിത്രങ്ങളുടേ തന്തമാരും അരങ്ങു തകര്‍ക്കുമ്പോള്‍ ആരും തെറി പറയുന്നില്ലല്ലോ...ഒരു പാവപ്പെട്ടവന്‍ വന്ന് അവനറിയുന്ന പോലെ ഒരു സിനിമയെടുത്തപ്പോള്‍ ആകെ കുറ്റമായി അവനു താളമില്ല സംഗതി പോരാ...ശ്രുതി പോയി...എന്താ കഥ..? അയാളും സിനിമയെടുത്തോട്ടെ കുറേ ചെയ്തു കഴിയുമ്പോള്‍ ശരിയായിക്കൊള്ളുമെന്നേയ്....അഭിനവ സദാചാരക്കമ്മിറ്റിക്കാര്‍ പൊറുക്കണം....!

    ReplyDelete