ഒളിച്ചോട്ടം
പാദങ്ങള്‍ നീട്ടിവച്ച് അയാള്‍ നടന്നു. മഹാപ്രസ്ഥാനത്തിന്റെ
ഓര്‍മ്മകളില്‍ മയങ്ങുന്ന പാതയിലൂടെ. മണല്‍മേടുകളും മരുഭൂമികളും
ചതുപ്പുകളും ഉദ്യാനങ്ങളും താണ്ടി. വില്ലേന്തിയ രാമനേയും കുരിശിലേറിയ
യേശുവിനെയും ധ്യാനനിമഗ്നനായ മുഹമ്മദ്നബിയേയും കടന്ന് അയാള്‍
മുന്നോട്ടുകുതിച്ചു. ദൂരെ, കടലിന്‍റെ സംഗീതത്തിലലിഞ്ഞുറങ്ങുന്ന
മഞ്ഞുറഞ്ഞ പര്‍വ്വതനിരകള്‍ അയാളെ മാടിവിളിച്ചു. അപ്സരസ്സുകള്‍ അയാളെനോക്കി
പുഞ്ചിരിച്ചു.