ത്രിവേണി
ഇന്നോളമെന്നേ പിരിയാത്ത പൊന്മക-
നിന്നിതാ താഴെ പിണമായുറങ്ങുന്നു.
വേദനയേതുമറിയില്ലിനിയവന്‍
വേദനയെല്ലാമെനിക്കായ് പകര്‍ന്നുവോ?
എന്‍ സ്വപ്നമെല്ലാമവനായിരുന്നവ-
യൊന്നുമിനി,യെനിയ്ക്കായി ജനിക്കീല
ആദിത്യതുല്യം പ്രശോഭിച്ചതെല്ലാമൊ-
രാറടിമണ്ണിലെന്‍ മുന്നില്‍ ലയിക്കാനോ?
നിന്‍ താതനെന്നെപ്പിരിഞ്ഞൊരു ദുര്‍വിധി
നിന്‍ പുഞ്ചിരിയില്‍ മറന്നു ഞാന്‍, പക്ഷെയി-
ന്നീ,വിധിയെന്നെ തളര്‍ത്തുന്നു ദൈവമേ
ഞാനിനിയെന്തിനു ജീവിച്ചിരിക്കണം?
ഇത്ഥം വിലപിച്ചുഴറുമായമ്മതന്
മുറ്റത്തു ദു:ഖമടക്കിനിന്നൂ ജനം
ഏകമകനും പിരി,ഞ്ഞിനി പാവത്തി-
നാരുണ്ട് താങ്ങായ്, തുണയായ്, സ്വന്തമായ്
കോടീശ്വരി, യിവരെങ്കിലും സമ്പത്തു
സ്നേഹ,ബന്ധങ്ങള്‍ തന്‍ സ്വാന്തനമേകുമോ?
ഏവം മനോഗതങ്ങള്‍ക്കങ്ങിടയിലായ്
കേവലം ബന്ധുവായോരു വയോവൃദ്ധ-
നോര്‍മ്മയിലെന്തോ തടഞ്ഞപോല്‍ പുഞ്ചിരി-
ച്ചായതപ്പോള്‍തന്നെ ഭീതിപൂര്‍വം മറ-
ച്ചാകെയും ചുറ്റിനും വീക്ഷിച്ച നേരത്തു
ദൂരെ,യടുത്ത സുഹൃത്തിനെ കണ്ടയാ-
ളേതോ നിനച്ചുറപ്പിച്ചപോലങ്ങോട്ടു
നീങ്ങി,യടുത്തെത്തി പാണിയില്‍ സ്പര്‍ശിച്ച-
യാളെയുണര്‍ത്തി,യക്കാതിലെന്തോ ചൊല്ലി
ആയതുകേട്ടു ഞെട്ടിത്തിരിഞ്ഞാ,പുമാന്‍
ക്രോധമോടോതി നീ,യീവക വിഡ്ഢിത്ത-
മോതരുതാരോടു, മല്ലെങ്കിലീ ജനം
താഡിച്ചു താഡിച്ചു കൊന്നു നിന്‍ നേത്രങ്ങള്‍
ചൂഴ്ന്നെടുത്താ,യതു ദാനമായേകി,നി-
ന്നാഗ്രഹപൂര്‍ത്തി വരുത്തിടും നിര്‍ണ്ണയം
പാവം ഭയന്നക,ന്നായാത് കേട്ടിനി
ഞാനുരയ്ക്കില്ലല്ലോ,യീവക നന്മകള്‍
പോകാമിനി ഞാനിവിടെ നിന്നാലയാള്‍
ഏതെങ്കിലും ബന്ധുവോടിതു ചൊല്ലുകില്‍
ആയവരെന്നെ ശപിച്ചിടും നിശ്ചയം
ഞാനെന്തിനേല്‍ക്കണ, മായതേതോ ഭാഗ്യ-
ഹീനനുവേണ്ടി,യിനിചൊല്ലുകില്ല ഞാ-
നീവകയൊന്നുമൊരിക്കലുമാരോടു-
മാരെങ്കിലും സഹിച്ചോട്ടെ തന്‍ ദൈന്യത
ഞാന്‍ ദൈവമല്ലല്ലോ കാഴ്ചയേകീടുവാന്‍.