സ്വപ്നഗീത (കവിത)
സ്വപ്നഗീത
മരണത്തിനെന്തിത്ര ക്രൂരഭാവം കൃഷ്ണ?
അതിനെ നീയറിയില്ല, യത്രമാത്രം.
ജനനത്തിലെന്തിന്നു രോദനം ശ്രീകൃഷ്ണ?
അത് കര്‍മ്മഫലഭീതി, യത്രമാത്രം.
മനസ്സിന്നടിത്തട്ടി, ലജ്ഞാതദുഃഖങ്ങള്‍
തിരകളായുയരുന്നതെന്തു കൃഷ്ണ?
തിരയല്ല, ഭീതിയാ,ലുള്ളം കലങ്ങുമ്പൊ-
ഴുയരുന്ന ബുദ്ബുദശ്രേണി മാത്രം.
അത് മാറുവാനെന്തു ചെയ്യണം ഞാന്‍ കൃഷ്ണ?
അലസത വെടിഞ്ഞീടു,കത്രമാത്രം
അലസത കര്‍മ്മത്തിനന്തകന്‍, കര്‍മ്മമോ
മനസ്സില്‍ സുഖം തരും തോഴനല്ലോ
ഫലമതുകൂടാതെ കര്‍മ്മമുണ്ടോ കൃഷ്ണ?
ഫലമത് കര്‍മ്മത്തിനന്ത്യരൂപം
ഇച്ഛയെ പിന്തള്ളി കര്‍മ്മം നിവര്‍ത്തിക്കൂ
കര്‍മ്മഫലം സ്വയം വന്നുചേരും
ഫലമത് വന്നിടും നിര്‍ണ്ണയ,മെങ്കിലോ
ഫലമത് കാംക്ഷിക്കിലെന്തബദ്ധം?
ഫലമതു മോഹിക്കി, ലായതിന്‍ ദ്വന്ദമാം
മോഹഭംഗം ഭീതിയായ് നിറയും
ആ ഭീതി കര്‍മ്മ, മപശ്രുതിയായ് മാറ്റു-
മായതറിഞ്ഞു നീ സ്വസ്ഥനാകൂ
കര്‍മ്മഫലമെന്ന ചിന്തയുപേക്ഷിച്ചു
കര്‍മ്മങ്ങളുത്സാഹപൂര്‍വ്വം ചെയ്യൂ.
ഫല,മുണ്മയായിടും ഭാവിയില്‍ കര്‍മ്മമോ?
അത് വ്യക്ത,മിന്നത്തെ, യുണ്മയല്ലോ.
ജന്മമിദം പൂര്‍ണ്ണമാകേണമെങ്കില്‍ നീ-
യിന്നില്‍ ജീവിക്കേണ, മത്രമാത്രം
മാനസത്തില്‍ കോപഭാവമെന്തേ കൃഷ്ണ?
കോപമഹന്തതന്‍ ക്രൂരഭാവം
ഞാനെന്ന ഭാവം വെടിഞ്ഞാല്‍ മനം പിന്നെ
ശാന്തിമന്ത്രത്തിന്നിരിപ്പിടമാം
അതിനായി ഞാനെന്തു ചെയ്യണം ശ്രീകൃഷ്ണ?
തവജീവചിത്രത്തെ, യോര്‍ത്തിടൂ നീ
ഏതോ ഒരജ്ഞാതശക്തിയല്ലേ നിന്‍റെ
ജീവിതപ്പാത തെളിച്ചതെല്ലാം?
നിദ്രയിലെത്തിടും സ്വപ്നങ്ങളെപ്പോലു-
മാരോ തെളിച്ചയയ്ക്കുന്നതല്ലേ?
ആ ശക്തി,യേവര്‍ക്കു, മൊന്നെന്നറികിലോ
ഞാനെന്ന ഭാവമ, തസ്തമിക്കും
അദ്വൈതഭാവ, മതെന്തുഭാവം കൃഷ്ണ?
ഞാന്‍തന്നെ നീയെന്ന ഭാവം തന്നെ
മോക്ഷമെന്നാലെന്തു ചൊല്ലുമോ നീ കൃഷ്ണ?
മോക്ഷ,മറിവിന്‍റെ പൂര്‍ണ്ണതതാന്‍
ആയതു പൂര്‍ണ്ണമാകുമ്പോഴറിക നീ
ഞാനില്ല, നീയില്ല, ഏകം ബ്രഹ്മം.
&&&&&&&&&&&&&&&&&&&&&&&&&&&&&&&&
കൃഷ്ണ
താത്വികം!
ReplyDeleteതാനണഞ്ഞത്തതിൽ വാഴ്കിലും, സുഖം
ReplyDeleteതാനണഞ്ഞിടുമനാവൃതം പദം
നല്ല കവിത
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും, പുതുവത്സരവും നേരുന്ന്.
ശുഭാശംശകൾ...
ആ സത്യത്തിന്നെ നീ മാത്രം അറിയും
ReplyDelete