Friday, November 29, 2013

ഫ്ലക്സ് ബോര്‍ഡുകള്‍


അടുത്ത കാലത്തായി കാണുന്ന ഒരു പ്രവണതയാണ് റോഡരുകിലെല്ലാം ഫ്ലക്സ് ബോര്‍ഡുകള്‍/സാധാരണ ബോര്‍ഡുകള്‍ മുതലായവ പ്രദര്‍ശിപ്പിക്കുക എന്നത്. കൂടുതലും രാഷ്ട്രീയക്കാരുടെ ബോര്‍ഡുകളാണ്.


ഒരാളിന് അയാളുടെ പാര്‍ട്ടി എന്തെങ്കിലും സ്ഥാനം നല്‍കി എന്നിരിക്കട്ടെ. അത് അവരുടെ ഉള്‍പ്പാര്‍ട്ടിക്കാര്യം. ഇന്ത്യയിലെ എല്ലാ പാര്‍ട്ടികള്‍ക്കും ആകെ ജനസംഖ്യയുടെ അന്‍പതില്‍ താഴെ ശതമാനം മാത്രമേ പ്രാതിനിധ്യം ഉള്ളൂ എന്ന നിലക്ക് - അല്ലെങ്കില്‍ പിന്നെ ഇവിടെ ഇത്രയേറെ പാര്‍ട്ടികള്‍ എങ്ങനെ നിലനില്‍ക്കുന്നു? കുറെ വോട്ടെങ്കിലും നേടാത്ത സ്ഥാനാര്‍ഥികളില്ല, നാലഞ്ചു സ്ഥാനാര്‍ഥികള്‍ ഇല്ലാത്ത മണ്ഡലങ്ങളും ഇല്ല - ഒരാളുടെ പാര്‍ട്ടിയിലെ സ്ഥാനം ആ പാര്‍ട്ടിയുടെ മാത്രം പ്രശ്നമാണ്. അത് ആ പാര്‍ട്ടിക്കാര്‍ക്ക് അറിയുകയും ചെയ്യാം. പിന്നെ എന്തിന് അയാള്‍ക്കുള്ള അഭിനന്ദനം - എന്തിനാണ് അഭിനന്ദിക്കുന്നതെന്ന് പാര്‍ട്ടിക്കാര്‍ക്ക് മാത്രമറിയാം. സേവനം ചെയ്യാന്‍ അവസരം കിട്ടിയതിനു ആണെങ്കില്‍ അതിനു എന്തിനാണ് അഭിനന്ദനം? സേവനം ചെയ്യാന്‍ സ്ഥാനം വേണമെന്നില്ലല്ലോ? - റോഡരുകിലെല്ലാം തൂക്കിയിടുന്നു? വിചിത്രം എന്ന് മാത്രമേ കരുതാന്‍ കഴിയുന്നുള്ളൂ.

മറ്റു ചിലത് നാടിനുവേണ്ടി എന്തെങ്കിലും നല്ലത് ചെയ്ത എം. പി./എം.എല്‍.എ മുതലായവര്‍ക്കുള്ള അഭിനന്ദനം ആണ്. (ആരൊക്കെ ഇടപെട്ടിട്ടാണ് അത് ചെയ്തതെന്ന് ഇടപെട്ടവര്‍ക്കും എം. പി./എം.എല്‍.എ. മാര്‍ക്കും ചില നാട്ടുകാര്‍ക്കും മാത്രം അറിയാമായിരിക്കും.). പക്ഷെ എന്തിനാണ് അഭിനന്ദനം? നല്ലത് ചെയ്യാമെന്ന് പറഞ്ഞല്ലേ അവര്‍ ഇലക്ഷനുനിന്നത്? അതിനല്ലേ നാട്ടുകാര്‍ വോട്ടു ചെയ്തത്? പക്ഷെ ഈ ബോര്‍ഡുകള്‍കണ്ടാല്‍ തോന്നുന്നത് മറ്റൊന്നാണ്. സാധാരണ നിലയില്‍ ആ നേതാവ് നന്മയൊന്നും ചെയ്യുന്ന സ്വഭാവക്കാരനല്ല. പിന്നെ വളരെയേറെ നിര്‍ബ്ബന്ധിച്ചപ്പോള്‍ ഇതൊന്നു ചെയ്തു എന്ന് മാത്രം. അസാധാരണത്വം അല്ലെ അഭിനന്ദനം അര്‍ഹിക്കുക? പക്ഷെ അങ്ങനെയുള്ള നേതാവിനെ അടുത്ത തെരഞ്ഞെടുപ്പില്‍ ജയിപ്പിക്കാതിരിക്കുകയല്ലേ ബുദ്ധി? കാരണം സാധാരണനിലയില്‍ കക്ഷി പൊതുജനസേവനം ചെയ്യില്ലല്ലോ? അങ്ങനെയുള്ള ആളിനെ എന്തിനു ജനപ്രതിനിധി ആക്കണം?

ഇനി പതുക്കെപതുക്കെ എല്ലാവരും റോഡരുകില്‍ ബോര്‍ഡുകള്‍ വച്ചുതുടങ്ങിയേക്കാം. താഴെപ്പറയുന്ന രീതിയിലുള്ള ബോര്‍ഡുകള്‍ അതിനിടയില്‍ വന്നേക്കാനും ഇടയുണ്ട്.

ഗവണ്മെന്റ് ജോലി കിട്ടിയ ..... ന് അഭിനന്ദനങ്ങള്‍.


അഴിമതിയും കൈക്കൂലിയും ഇല്ലാത്ത .....ന് അഭിനന്ദനങ്ങള്‍.


വാര്‍ദ്ധക്യകാലത്ത് മാതാപിതാക്കളെ ശുശ്രൂഷിച്ച ......ന് അഭിനന്ദനങ്ങള്‍.


അച്ഛന്‍ മരിച്ചപ്പോള്‍ ദുഃഖം അടക്കിവച്ചു കരയാതിരുന്ന ......ന് അഭിനന്ദനങ്ങള്‍.


മാതാപിതാക്കളെ വാര്‍ദ്ധക്യകാലത്ത് ഉപേക്ഷിച്ച ......ന് അഭിനന്ദനങ്ങള്‍.


അഴിമതിയിലും കൈക്കൂലിയിലും റിക്കാര്‍ഡ് സൃഷ്ടിച്ച .....ന് അഭിനന്ദനങ്ങള്‍.


ജോലിയൊന്നും ചെയ്യാതെ മറ്റുള്ളവരേ ആശ്രയിച്ചു ജീവിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന .....ന് അഭിനന്ദനങ്ങള്‍.


മദ്യപാനത്തില്‍ റിക്കാര്‍ഡ് ഭേദിച്ച ......ന് അഭിനന്ദനങ്ങള്‍.


പീഡനം കലയാക്കി മാറ്റിയ ......ന് അഭിനന്ദനങ്ങള്‍.



99 മോഷണം നടത്തിയിട്ടും പോലീസിന്‍റെ പിടിയില്‍ പെടാതെ രക്ഷപെട്ടു നടക്കുന്ന ...........ന് അഭിനന്ദനങ്ങള്‍.




കടയില്‍ ഒരു വര്‍ഷം ജോലി ചെയ്തപ്പോഴേക്കും കടയുടമസ്ഥന്റെ കഞ്ഞികുടിമുട്ടിച്ച .......ന് അഭിനന്ദനങ്ങള്‍.

 

അങ്ങനെ എന്തെല്ലാം ബോര്‍ഡുകള്‍ കാണാനിരിക്കുന്നു!

                        *********************************

  

2 comments:

  1. ചുവപ്പില്‍ അക്ഷരങ്ങള്‍ വായന വലിയ ബുദ്ധിമുട്ടുള്ളതാക്കുന്നു

    ReplyDelete
  2. ഇപ്പോള്‍ ഓക്കേ.
    ഫ്ലക്സ് ബോര്‍ഡുകള്‍ അങ്ങനെ പലതും വന്നേക്കാം ഭാവിയില്‍!!

    ReplyDelete