Friday, May 24, 2013

ത്രിവേണി


               ത്രിവേണി

 ഇന്നോളമെന്നേ പിരിയാത്ത പൊന്മക-

നിന്നിതാ താഴെ പിണമായുറങ്ങുന്നു.

വേദനയേതുമറിയില്ലിനിയവന്‍

വേദനയെല്ലാമെനിക്കായ് പകര്‍ന്നുവോ?

എന്‍ സ്വപ്നമെല്ലാമവനായിരുന്നവ-

യൊന്നുമിനി,യെനിയ്ക്കായി ജനിക്കീല

ആദിത്യതുല്യം പ്രശോഭിച്ചതെല്ലാമൊ-

രാറടിമണ്ണിലെന്‍ മുന്നില്‍ ലയിക്കാനോ?

നിന്‍ താതനെന്നെപ്പിരിഞ്ഞൊരു ദുര്‍വിധി

നിന്‍ പുഞ്ചിരിയില്‍ മറന്നു ഞാന്‍, പക്ഷെയി-

ന്നീ,വിധിയെന്നെ തളര്‍ത്തുന്നു ദൈവമേ

ഞാനിനിയെന്തിനു ജീവിച്ചിരിക്കണം?

ഇത്ഥം വിലപിച്ചുഴറുമായമ്മതന്

മുറ്റത്തു ദു:ഖമടക്കിനിന്നൂ ജനം

ഏകമകനും പിരി,ഞ്ഞിനി പാവത്തി-

നാരുണ്ട് താങ്ങായ്, തുണയായ്‌, സ്വന്തമായ്‌

കോടീശ്വരി, യിവരെങ്കിലും സമ്പത്തു

സ്നേഹ,ബന്ധങ്ങള്‍ തന്‍ സ്വാന്തനമേകുമോ?

ഏവം മനോഗതങ്ങള്‍ക്കങ്ങിടയിലായ്‌

കേവലം ബന്ധുവായോരു വയോവൃദ്ധ-

നോര്‍മ്മയിലെന്തോ തടഞ്ഞപോല്‍ പുഞ്ചിരി-

ച്ചായതപ്പോള്‍തന്നെ ഭീതിപൂര്‍വം മറ-

ച്ചാകെയും ചുറ്റിനും വീക്ഷിച്ച നേരത്തു

ദൂരെ,യടുത്ത സുഹൃത്തിനെ കണ്ടയാ-

ളേതോ നിനച്ചുറപ്പിച്ചപോലങ്ങോട്ടു

നീങ്ങി,യടുത്തെത്തി പാണിയില്‍ സ്പര്‍ശിച്ച-

യാളെയുണര്‍ത്തി,യക്കാതിലെന്തോ ചൊല്ലി

ആയതുകേട്ടു ഞെട്ടിത്തിരിഞ്ഞാ,പുമാന്‍

ക്രോധമോടോതി നീ,യീവക വിഡ്ഢിത്ത-

മോതരുതാരോടു, മല്ലെങ്കിലീ ജനം

താഡിച്ചു താഡിച്ചു കൊന്നു നിന്‍ നേത്രങ്ങള്‍

ചൂഴ്ന്നെടുത്താ,യതു ദാനമായേകി,നി-

ന്നാഗ്രഹപൂര്‍ത്തി വരുത്തിടും നിര്‍ണ്ണയം

പാവം ഭയന്നക,ന്നായാത് കേട്ടിനി

ഞാനുരയ്ക്കില്ലല്ലോ,യീവക നന്മകള്‍

പോകാമിനി ഞാനിവിടെ നിന്നാലയാള്‍

ഏതെങ്കിലും ബന്ധുവോടിതു ചൊല്ലുകില്‍

ആയവരെന്നെ ശപിച്ചിടും നിശ്ചയം

ഞാനെന്തിനേല്‍ക്കണ, മായതേതോ ഭാഗ്യ-

ഹീനനുവേണ്ടി,യിനിചൊല്ലുകില്ല ഞാ-

നീവകയൊന്നുമൊരിക്കലുമാരോടു-

മാരെങ്കിലും സഹിച്ചോട്ടെ തന്‍ ദൈന്യത

ഞാന്‍ ദൈവമല്ലല്ലോ കാഴ്ചയേകീടുവാന്‍.      

Sunday, May 12, 2013

കാത്തിരിപ്പ്‌

കാത്തിരിപ്പ്‌ 

 

 

 

 

 

(കണ്ണുനീര്‍പ്പൂവിന്‍റെ കവിളില്‍ തലോടി...എന്ന മട്ട്)

വൈശാഖസന്ധ്യതന്‍ മിഴികള്‍ നനഞ്ഞൂ

ചക്രവാകപ്പക്ഷി തേങ്ങിക്കരഞ്ഞൂ

ജപമാലയേന്തി കാതോര്‍ത്തിരുന്നൂ

വീണ്ടും നിശ്ശബ്ദയായ്‌ ക്ഷോണി...ഇരുട്ടില്‍

തുടിക്കുന്ന ദീപമായ്‌ തേങ്ങി    (വൈശാഖ...)


ഒരു മണിപ്രാവിന്‍റെ ദുഃഖം

ചിറകറ്റയിണയെ തിരഞ്ഞൂ

ഒരു ചൂടുകാറ്റാഞ്ഞടിച്ചു...ഹൈമ-

കിരണവും മന്ദം മറഞ്ഞൂ

വരവേല്‍ക്കുവാന്‍ ഇനിയാരിനി

തനിയേ നിലയ്ക്കുന്നു നാദം

തെളിയേണമേ ഇനിയോര്‍മ്മയില്‍

ഒരു മാരിവില്ലിന്‍റെ വര്‍ണ്ണം.....ഉറയുന്ന

കണ്ണീര്‍ക്കണത്തിന്‍റെ മുത്തം  (വൈശാഖ...)

Thursday, May 9, 2013

വേദവ്യാസനും മഹാഭാരതവും ഞാനും

വേദവ്യാസനും മഹാഭാരതവും ഞാനും


ചിന്തിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. ഈ കയ്യെഴുത്തുപ്രതി എന്‍റെ കയ്യില്‍ വന്നതെങ്ങനെ? വളരെ വലിയ ഒരു പുസ്തകം. എല്ലാം പദ്യങ്ങള്‍. പേരും ഉണ്ട്. മഹാഭാരതം. എഴുതിയത് ആരാണെന്ന് നോക്കി. ഒരു സംശയവുമില്ല. ഞാന്‍ തന്നെ.

ഞാന്‍ പുസ്തകം മറിച്ചുനോക്കി. ഏതാനും ശ്ലോകങ്ങള്‍ വായിച്ചു. ശരിക്കും മനസ്സിലാകുന്നില്ല. ഇത് എപ്പോഴെഴുതി? ഞാന്‍ തന്നെയാണോ എഴുതിയത്? അതോ എന്‍റെ പേരുവച്ച് വേറെ ആരെങ്കിലും? പക്ഷെ അങ്ങനെ ആരും ചെയ്യുകയില്ലല്ലോ?

ഏതായാലും ഞാന്‍ എഴുതിയതാണെന്നല്ലേ കാണുന്നത്? പ്രസിദ്ധീകരിക്കാം.

ഞാന്‍ ആദ്യം കണ്ട പുസ്തകപ്രസിദ്ധീകരണശാലയില്‍ കയറി. മാനേജരെ കണ്ടു. കാര്യം പറഞ്ഞു. കയ്യെഴുത്തുപ്രതി   കൊടുത്തു.

അദ്ദേഹം കയ്യെഴുത്തുപ്രതിയുടെ ആദ്യത്തെ പേജ് നോക്കി. പിന്നീട് അവസാനത്തേതും. പേജുകള്‍ക്ക് നമ്പര്‍ ഇട്ടിരിക്കുന്നത് അപ്പോഴാണ്‌ ഞാന്‍ ശ്രദ്ധിച്ചത്.


മാനേജര്‍ കാല്‍കുലേറ്ററില്‍ എന്തൊക്കെയോ കണക്ക് കൂട്ടി.

"ഒരു ലക്ഷത്തിപതിനായിരം രൂപ അടയ്ക്കണം." അദ്ദേഹം പറഞ്ഞു.

ഞാന്‍ ഞെട്ടിപ്പോയി. തല്‍ക്കാലം പത്തുരൂപാ പോലും കയ്യിലില്ല. ശ്രമിച്ചാല്‍ പതിനായിരം വരെ ശരിയാക്കാന്‍ കഴിഞ്ഞേക്കും. പക്ഷെ ബാക്കി ഒരു ലക്ഷം?

Tuesday, May 7, 2013

സൗഹൃദം

             സൗഹൃദം

 നിര്‍വചിക്കാനാവില്ല ആര്‍ക്കുമൊരുനാള്‍          

ഇതിനുള്ള ആഴവും വ്യാപ്തിയുമെത്രയെന്ന്

പ്രവചിക്കാനാവില്ല ആര്‍ക്കുമൊരുനാള്‍

ഇതിനുള്ള  ആയുസ്സ്‌ എത്രമാത്രമെന്ന്

എങ്കിലും സാധിക്കും ഒരു കാര്യമെന്നും

സൂക്ഷിച്ചുവെക്കാം ലോക്കറിലല്ലാതെ...


***   ***    ***    ***   ***   ***   ***


ഭാഗ്യലക്ഷ്മി
സ്റ്റാന്‍ഡേര്‍ഡ് 5
സെന്റ്മേരീസ് ബഥനി പബ്ലിക് സ്കൂള്‍
കല്ലുംമൂട്,കായംകുളം

Sunday, May 5, 2013

സര്‍ക്കസ്സ്

             ര്‍ക്കസ്സ്


നീലാംബരത്തിലൊരായിരം ചായങ്ങള്‍

ചാലിച്ച വര്‍ണ്ണം പരക്കെത്തിളങ്ങുന്നു


വാനിലെ സര്‍ക്കസ്സുതാരങ്ങളൊക്കെയും

കൂടാരമാകെ നിറഞ്ഞു കവിയുന്നു


ഊഞ്ഞാലിലാടുന്നു, പിന്നാലെപായുന്നു

കീഴ്മേല്‍ തൊടാതെ നിശ്ശബ്ദരായ് നില്‍ക്കുന്നു


ദുന്ദുഭി നാദം മുഴങ്ങുന്നിടക്കിടെ

ആകാശദീപം കറങ്ങി ത്തിളങ്ങുന്നു 


പിന്നെ വടംവലി തമ്മില്‍ നടത്തുന്നു

നില്‍ക്കുന്ന നില്‍പ്പില്‍ കറങ്ങിക്കളിക്കുന്നു

Friday, May 3, 2013

അറിവ്

   അറിവ്

സ്വന്തം നോവല്‍ പാഠപുസ്തകമായെടുതെന്നറിഞ്ഞ നോവലിസ്റ്റ് സന്തോഷം കൊണ്ട് കരഞ്ഞുപോയി. അത് പഠിക്കുന്നവരില്‍ സ്വന്തം മകനും.


നോവലിസ്റ്റിന്റെ കാഴ്ചപ്പാടിലൂടെ അവന് എല്ലാം വിശദീകരിച്ചുകൊടുത്തു. പഠിക്കാന്‍ മിടുക്കനാണവന്‍.


പക്ഷെ റിസള്‍ട്ട്‌ വന്നപ്പോള്‍ അവനു മാര്‍ക്ക് ഏറ്റവും കുറവ്.

"അവരെല്ലാം ഗൈഡ് വാങ്ങിച്ചാ പടിച്ചത്." അവന്‍ പറഞ്ഞു.


അതുകേട്ട നോവലിസ്റ്റ് പൊട്ടിച്ചിരിച്ചുപോയി.  

&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&

കൃഷ്ണ


Wednesday, May 1, 2013

പുതുമയുടെ കാവല്‍ക്കാരന്‍

പുതുമയുടെ കാവല്‍ക്കാരന്‍


"ഒരല്‍ഭുതത്തിനു മാത്രമേ ഇനി നിങ്ങളുടെ ഭര്‍ത്താവിനെ രക്ഷിക്കാനാകൂ."
ഡോക്റ്ററുടെ വാക്കുകള്‍ അവളുടെ എല്ലാ പ്രതീക്ഷയും തകര്‍ത്തു. മുന്നോട്ടു ചിന്തിക്കാന്‍ പോലുമാകാതെ അവള്‍ തറയില്‍ തളര്‍ന്നിരുന്നു. പിന്നെയെപ്പോഴോ തേങ്ങലുകള്‍ ഒന്നടങ്ങിയപ്പോള്‍ അവളുടെ മനസ്സില്‍ ചിന്തകള്‍ പുനര്‍ജ്ജനിച്ചു.

തന്നെപ്പറ്റിയും തന്‍റെ കുഞ്ഞിനെപ്പറ്റിയും മരണക്കിടക്കയിലുള്ള ഭര്‍ത്താവിനെപ്പറ്റിയും അവള്‍ ഓര്‍ത്തു. കഴിഞ്ഞുപോയ നാളുകള്‍ വീണ്ടും ഓര്‍മ്മകളിലെത്തിയപ്പോള്‍ തങ്ങളുടെ ബന്ധത്തെപ്പറ്റി അവള്‍ ചിന്തിച്ചു.

അദ്ദേഹത്തെ താന്‍ സ്നേഹിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ മനസ്സിലുള്ളത് സഹതാപമാണ്. തന്‍റെ ഉദരത്തിലുള്ള കുഞ്ഞിനോടുതോന്നുന്നതും സഹതാപമാണെന്നും യഥാര്‍ത്ഥത്തില്‍ താന്‍ ദുഖിക്കുന്നത് തനിക്കുവേണ്ടി മാത്രമാണെന്നും അവള്‍ അറിഞ്ഞു. ഭര്‍ത്താവ്‌ നഷ്ടപ്പെടുന്നതിലേറെ മറ്റെന്തോ ആയിരുന്നു അതിന്‍റെ കാരണം. പക്ഷെ അതെന്താണെന്ന് തിരിച്ചറിയാന്‍ അവള്‍ക്കു കഴിഞ്ഞില്ല.

പക്ഷെ അതിനെല്ലാം ഉപരിയായി നിന്നത് ഒരല്‍പം മനസമാധാനത്തിനു വേണ്ടിയുള്ള ഉല്‍ക്കടമായ ആഗ്രഹമാണ്.