മരണം ഒരു പുനര്‍യാത്ര
ലോകത്തിലെ ഏറ്റവും വലിയ ഭയം മരണഭയം ആണെന്ന് പറയപ്പെടുന്നു. ഈ ഭൂമിയും ഇതിന്‍റെ
സൗന്ദര്യവും വിട്ടുപോകണമെന്നുള്ള ഭയമാണോ? ആയിരിയ്ക്കാനിടയില്ല. കാരണം,
അങ്ങനെയാണെങ്കില്‍ വേദന മാത്രം കൈമുതലായുള്ളവര്‍ക്ക് മരണഭയം ഉണ്ടാകാന്‍
പാടില്ലല്ലോ? അപ്പോള്‍ അതിന്‍റെ കാരണം മറ്റെന്തോ ആണ്. എന്തായിരിക്കാം അത്?
മരണത്തോടെ എല്ലാം അവസാനിക്കുന്നു, ഇനി എനിക്ക് നിലനില്‍പ്പില്ല എന്ന ചിന്തയാകാം ഭയത്തിന്‍റെ കാരണം. നാശത്തിലേക്കുള്ള പാതയാണ് മരണം എന്നല്ലേ നാം കരുതുന്നത്.
നശിക്കുക എന്നാല്‍ അവസാനിക്കുക.
അപ്പോള്‍ നിലനില്പ്പില്ലെന്ന ചിന്തയാണ് ഭയത്തിനടിസ്ഥാനം എന്ന് വരുന്നു. പക്ഷെ
അത് വാസ്തവമാണോ? ഒന്ന് ചിന്തിച്ചുനോക്കാം.
ഒരു ശവശരീരം പോസ്റ്റ്മോര്‍ട്ടം ചെയ്യുമ്പോള്‍ വ്യക്തമാകുന്ന ഒന്നുണ്ട്.
ശരീരത്തിലെ ഒരവയവും നഷ്ടപ്പെട്ടിട്ടില്ല. പക്ഷെ ആ വ്യക്തി മരിച്ചിരിക്കുന്നു. ആകെയുള്ളത്
ഒരൊറ്റ വ്യത്യാസം മാത്രം. എല്ലാ അവയവങ്ങളുടെയും ചലനശേഷി നഷ്ടമായിരിക്കുന്നു.
വൈദ്യുതിയുടെ അഭാവത്തില്‍ ഫാന്‍, ലൈറ്റ് മുതലായവ ചലിക്കാതാകുന്നതുപോലെ.
പക്ഷെ അതിന്‍റെ അര്‍ത്ഥം വൈദ്യുതി എന്ന ഒന്ന് ഇല്ലാതായിരിക്കുന്നു
എന്നല്ലല്ലോ? വൈദ്യുതി അപ്പോഴും ഉണ്ട്. ആ യന്ത്രങ്ങളില്‍ ഇല്ല എന്ന് മാത്രം.
അതായത്, വൈദ്യുതി മറ്റെങ്ങോ ആയി എന്നുമാത്രം.
ഒരാള്‍ മരിക്കുമ്പോഴും ഇതുതന്നെയല്ലേ സംഭവിക്കുന്നത്? ശരീരം അവിടെത്തന്നെയുണ്ട്.
പക്ഷെ അതിലെ ചൈതന്യം മറ്റെങ്ങോട്ടോ മാറിയിരിക്കുന്നു.