Monday, April 29, 2013

നാറാണത്തുഭ്രാന്തന്‍

  നാറാണത്തുഭ്രാന്തന്‍

 

ഉരുട്ടിക്കയറ്റുന്നു കര്‍മ്മാശ്മഭാരം

മരത്തില്‍ കുരുങ്ങും ജടാമേഘമാല

പദേ മുള്ളുടക്കുന്നു പാഷാണഗ്രസ്തം

ശിലാഭാരമിഞ്ചിഞ്ചുയര്‍ത്തുന്നു മര്‍ത്ത്യന്‍


സ്വയം മെയ്ക്കരുത്തില്‍ പടര്‍ത്തിപ്പടര്‍ത്തി

പദം മെല്ലെയേറ്റിക്കയറ്റുന്നു ഭ്രാന്തന്‍

വലം കയ്യുയര്‍ത്തി തലോടുന്നു മുത്തിന്‍

കണങ്ങള്‍ തെറിക്കുന്നു മാരിവില്‍ പോലെ

Sunday, April 21, 2013

മോഡിയെ സന്ദര്‍ശിക്കല്‍ :

മോഡിയെ സന്ദര്‍ശിക്കല്‍ :

   ഇന്നലെയും ഇന്നുമൊക്കെയായി വാര്‍ത്താമാധ്യമങ്ങളിലും സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലും പ്രധാന ചര്‍ച്ചാവിഷയമായി കണ്ട ഒരു വാര്‍ത്ത‍. അതില്‍ ഫേസ്ബുക്ക് പോലെ ശക്തമായ ഒരു സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റില്‍ കണ്ട ഒരു ചിത്രമാണ് ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നത്.  ജനങ്ങളുടെ വോട്ടുനേടി അധികാരത്തിലെത്തിയ ഗുജറാത്ത് മുഖ്യമന്തിയും കേരളത്തിലെ തൊഴില്‍വകുപ്പുമന്ത്രിയും തമ്മില്‍ സംസാരിക്കുന്ന ചിത്രം.



      മുഖ്യമന്ത്രി തൊഴില്‍മന്ത്രിയുടെ വിശദീകരണം തേടി എന്നും തൊഴില്‍ വൈദഗ്ധ്യ വികസനത്തില്‍ ഗുജറാത്തിന്‍റെ മാതൃക കേരളത്തില്‍ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചാണ് മോഡിയുമായി താന്‍ചര്‍ച്ച നടത്തിയതെന്ന് മന്ത്രി ഷിബു ബേബിജോണ്‍പറഞ്ഞതായും വാര്‍ത്തകളില്‍ കണ്ടു.

Friday, April 19, 2013

ദേവി

          ദേവി

കീറിപ്പറിഞ്ഞ പഴന്തുണിയില്‍ പൊതി-         

ഞ്ഞാകെ തളര്‍ന്നോരു പിഞ്ചുപൈതല്‍

വാടിത്തളര്‍ന്നു കിടക്കുന്നു മൂലയില്‍

വാടിക്കൊഴിഞ്ഞൊരു പൂവുപോലെ

തീവ്രജ്വരത്തി,ന്നസഹ്യമാം ചൂടിനാ-

ലാടിവിറയ്ക്കുന്നൊ,രസ്ഥികൂടം    

പാഴ്മരച്ചില്ലപോല്‍ നീളും വിരലുകള്‍

ആഴക്കിണര്‍ പോലെ നേത്രദ്വയ

 മറ്റൊരുമൂലയില്‍ മദ്യപന്‍ താതനു

പട്ടുമയങ്ങുകയാണു, ചുറ്റും

മദ്യലഹരിയില്‍ ഛര്‍ദ്ദിച്ചതൊക്കെയും

കെട്ടിക്കിടക്കുന്നിതങ്ങുമിങ്ങും

പട്ടണമൂലയ്ക്ക,ഴുക്കുചാലില്‍ നിന്നു

പൊട്ടിയൊലിച്ച ദുര്‍ഗ്ഗന്ധമാകെ

കെട്ടിവരിഞ്ഞാ കുടിലിനേയാകവേ

വിട്ടുപോകാത്തോ,രജഗരം പോല്‍

Saturday, April 13, 2013

വായില്ലാക്കുന്നിലപ്പന്‍

           വായില്ലാക്കുന്നിലപ്പന്‍
പിറകേ നടന്നോളൂ എന്‍ നിഴലായ്‌ നീ മകനേ
തളരല്ലെ കുഞ്ഞേ, നിന്നെത്താങ്ങാനുമാവില്ലല്ലോ?
എങ്കിലുമുപേക്ഷിക്കി,ല്ലാരുരച്ചാലും നിന്നെ-
യറിയാതെങ്കിലുമമ്മ, കുഞ്ഞിനെ ശപിച്ചില്ലേ?***
പറയാനായില്ലെനി,യ്ക്കൊരുവാക്കും തിരിച്ചങ്ങോ-
ട്ടറിയാഞ്ഞിട്ടല്ല, പക്ഷെ വായില്ലാപ്പൂതമല്ലേ?
അനുധാവനം ചെയ്തു ഞാ,നവരേ  മെല്ലേ മെല്ലേ
ഒരു വെറും നിഴലായി, നീങ്ങും നിശ്ശബ്ദതയായ്
പുണ്യങ്ങള്‍ തേടിയലഞ്ഞാ,രണ്ടാത്മാക്കള്‍ മുന്നില്‍
പിന്നിലായ്‌ ഞാനും പാപദുഃഖത്തിനാത്മാവായി
ഇടയ്ക്കിടെയിരുന്നവരശിച്ചൂ പാഥേയങ്ങള്‍
നെടുവീര്‍പ്പോടെ ഞാനും നോക്കിനിന്നൂ നിശ്ശബ്ദനായ്‌
“അമ്മയ്ക്കറിയാമെല്ലാം നുണയൂ നാവു നീ മകനേ
ഭക്ഷണക്കറയേശാത്ത നാവിലേയമൃതങ്ങള്‍
നിന്നെപ്പുലര്‍ത്തും നിന്‍റെ വിശപ്പുകെടുത്തും പിന്നെ
നീയാകില്ലയോ സര്‍വം, നീയാകില്ലയോ ദൈവം
നിന്നെക്കാണാനായെത്തും മാലോകരും തേവരും
പുലരിയും പ്രപഞ്ചവും നീയാകുമെന്‍ പൊന്‍കുഞ്ഞേ”

Tuesday, April 9, 2013

ഗന്ധര്‍വ്വഗീതം (കവിത)

    ഗന്ധര്‍വ്വഗീതം

 
ഒരുതുള്ളി മിഴിനീര്‍ തുടയ്ക്കാന്‍ കഴിയാത്ത
സുരജന്മമെന്തിന്നു വേണ്ടി?
ഒരു പിഞ്ചുപൈതലിന്‍ രോദനത്തിന്‍ രാഗ-
മറിയാത്ത ജന്മമിതെന്തിനായി?
വരളുന്ന പുഴയുടെ മാറത്തു മഴകൊണ്ടു
പനിനീര്‍ തളിയ്ക്കുന്നോരുദയങ്ങള്‍ കാണാന്‍
മരണമാ, മസ്തമനത്തിന്‍റെ രോദനം
സിരകളില്‍ കത്തിപ്പടരുന്നതറിയാന്‍         
കഴിയാത്ത ജന്മമീ ഗന്ധര്‍വ്വജന്മമി-
ന്നൊരു ചലനമേശാത്ത ഭാവങ്ങള്‍ പോലവേ
ഇനി വേണ്ട മകരന്ദകണികകള, തല്‍പ്പവും       
ഇനി വേണ്ട പാരിജാതത്തിന്‍ സുഗന്ധങ്ങള്‍

Sunday, April 7, 2013

ഗുരുതരപ്രശ്നങ്ങള്‍


ഗുരുതരപ്രശ്നങ്ങള്‍

ഇപ്പോള്‍ ഭാരതത്തിലെ ഗുരുതരമായ പ്രശ്നം എന്താണ്? കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം എന്താണ്?
പട്ടിണി, വിലക്കയറ്റം, അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍, കടലിലെ കൊലപാതകം, മോഷണം, പിടിച്ചുപറി, കൊലപാതകം, കൃത്രിമങ്ങള്‍, കാലാവസ്ഥാവ്യതിയാനവും അതിന്‍റെ ദോഷഫലങ്ങളും, ജലക്ഷാമം, വൈദ്യുതിക്ഷാമം എന്നെല്ലാം സാധാരണക്കാരന്‍ ഈ ചോദ്യത്തിന്‍റെ ഉത്തരമായി പറയും. അവന്‍റെ പ്രശ്നങ്ങളും പരിമിതമായ അറിവും അവനെക്കൊണ്ട് അങ്ങനെ ചിന്തിപ്പിക്കും. പക്ഷെ ഇവിടുത്തെ ഭരണകര്‍ത്താക്കള്‍ക്കും രാഷ്ട്രീയം ഉപജീവനമാര്‍ഗമായി സ്വീകരിച്ചിട്ടുള്ളവര്‍ക്കും അതൊന്നും ഒരു പ്രശ്നം അല്ല. അവരുടെ പ്രശ്നം മറ്റു ചിലതാണ്. കാരണം രാഷ്ട്രീയപ്രവര്‍ത്തനത്തെ ഒരു വരുമാനമാര്‍ഗ്ഗവും അധികാരത്തിലേക്കുള്ള വഴിയും ആയികാണുന്നവരുടെ രാജ്യമായ ഇന്നത്തെ ഇന്ത്യയെ പറ്റിയാണ് ചോദ്യം. ആ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദ്യാസമ്പന്നന്മാരുള്ള കേരളത്തെപ്പറ്റിയാണ് ചോദ്യം.