Sunday, April 7, 2013

ഗുരുതരപ്രശ്നങ്ങള്‍


ഗുരുതരപ്രശ്നങ്ങള്‍

ഇപ്പോള്‍ ഭാരതത്തിലെ ഗുരുതരമായ പ്രശ്നം എന്താണ്? കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം എന്താണ്?
പട്ടിണി, വിലക്കയറ്റം, അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍, കടലിലെ കൊലപാതകം, മോഷണം, പിടിച്ചുപറി, കൊലപാതകം, കൃത്രിമങ്ങള്‍, കാലാവസ്ഥാവ്യതിയാനവും അതിന്‍റെ ദോഷഫലങ്ങളും, ജലക്ഷാമം, വൈദ്യുതിക്ഷാമം എന്നെല്ലാം സാധാരണക്കാരന്‍ ഈ ചോദ്യത്തിന്‍റെ ഉത്തരമായി പറയും. അവന്‍റെ പ്രശ്നങ്ങളും പരിമിതമായ അറിവും അവനെക്കൊണ്ട് അങ്ങനെ ചിന്തിപ്പിക്കും. പക്ഷെ ഇവിടുത്തെ ഭരണകര്‍ത്താക്കള്‍ക്കും രാഷ്ട്രീയം ഉപജീവനമാര്‍ഗമായി സ്വീകരിച്ചിട്ടുള്ളവര്‍ക്കും അതൊന്നും ഒരു പ്രശ്നം അല്ല. അവരുടെ പ്രശ്നം മറ്റു ചിലതാണ്. കാരണം രാഷ്ട്രീയപ്രവര്‍ത്തനത്തെ ഒരു വരുമാനമാര്‍ഗ്ഗവും അധികാരത്തിലേക്കുള്ള വഴിയും ആയികാണുന്നവരുടെ രാജ്യമായ ഇന്നത്തെ ഇന്ത്യയെ പറ്റിയാണ് ചോദ്യം. ആ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദ്യാസമ്പന്നന്മാരുള്ള കേരളത്തെപ്പറ്റിയാണ് ചോദ്യം.
ഒരിക്കല്‍ ഒരു പുസ്തകത്തില്‍ (ജെ. ബി. ബ്രാഡ്‌ഷാ എന്നാണ് ആ പുസ്തകം എഴുതിയ ആളിന്റെ പേര് എന്നാണ് എന്റെ ഓര്‍മ്മ) വായിച്ചത് ഓര്‍മ്മവരുന്നു. ഇന്ത്യ ചീന ഭായീ ഭായീ പറയുന്ന 1950-കളില്‍ നടന്ന ഒരു സംഭവം. ചൈനയില്‍വച്ച് ഒരു മീറ്റിംഗ് നടക്കുന്നു. ഇന്ത്യയിലെ വിദേശകാര്യമന്ത്രി അതില്‍ പങ്കെടുത്തു. മീറ്റിങ്ങിനുശേഷം രണ്ടു രാജ്യത്തെ വിദേശകാര്യമന്ത്രിമാരും തമ്മില്‍ ഒരു കൂടിക്കാഴ്ച നടന്നു. അപ്പോള്‍ ചൈനയിലെ വിദേശകാര്യമന്ത്രി ഇന്ത്യയിലെ വിദേശകാര്യമന്ത്രിയോട് ചോദിച്ചു.
“താങ്കള്‍ എന്ത് ചെയ്യുന്നു?”
നമ്മുടെ മന്ത്രി അതിശയിച്ചുപോയി. ഇതെന്താ ഇങ്ങനെ ഒരു ചോദ്യം? ഏതായാലും മറുപടി പറയണമല്ലോ?
“ഞാന്‍ ഇന്ത്യയിലെ വിദേശകാര്യമന്ത്രിയാണ്.”
“അത് എനിക്ക് അറിഞ്ഞുകൂടെ?താങ്കളുടെ തൊഴില്‍ എന്താണെന്നാണ് ഞാന്‍  ഉദ്ദേശിച്ചത്?”
“രാഷ്ട്രീയം.”
“അത് സേവനമല്ലേ? തൊഴിലല്ലല്ലോ? ഉപജീവനത്തിനായി എന്തെങ്കിലും വരുമാനം വേണ്ടേ? അതിനുവേണ്ടി ചെയ്യുന്ന തൊഴില്‍ എന്താണെന്നാണ് ഞാന്‍ ചോദിച്ചത്?”
നമ്മുടെ മന്ത്രിക്ക് മറുപടി ഉണ്ടായിരുന്നില്ല. അപ്പോള്‍ ചൈനീസ്‌ മന്ത്രി പറഞ്ഞു.
“ഞാന്‍ ഒരു കൊല്ലപ്പണിക്കാരനാണ്. അതാണെന്റെ വരുമാനമാര്‍ഗ്ഗം.”
സംഗതി നടന്നതോ അല്ലയോ എന്നുള്ളതല്ല പ്രശ്നം. ഇന്ത്യയില്‍ രാഷ്ട്രീയം ഒരു വരുമാനമാര്‍ഗ്ഗമായി കാണാന്‍ കഴിയുന്നു എന്നതാണ്. സേവനത്തിന്‍റെ മഹത്തായ പാതയില്‍നിന്നു ഇന്ത്യന്‍രാഷ്ട്രീയം എന്നേ അകന്നുകഴിഞ്ഞു. അതോടെ രാജ്യത്തിന്‍റെ സാമൂഹ്യമായ നന്മ്മയില്‍ നിന്നുള്ള വ്യതിയാനം തുടങ്ങി.
ങാ, അതുപോകട്ടെ. നമ്മുടെ ചോദ്യത്തിലേക്ക് തിരിച്ചുവരാം. എന്താണ് ഇന്ത്യയുടെ പ്രശ്നം?
ഇന്ത്യയിലെ ഇന്നത്തെ അധികാരകേന്ദ്രം ഒരു ഇറ്റാലിയന്‍ വനിതയാണ് എന്ന് ;ലോകത്തിനു മുഴുവന്‍ അറിയാം. (എന്തുകാരണത്തിന്മേല്‍ എന്ന് ചോദിക്കരുത്, അത് അങ്ങനെയാണ്‌, നമുക്കൊന്നും അറിയാത്ത എന്തോ യോഗ്യത കോണ്ഗ്രസ്സ്നേതാക്കള്‍ അവരില്‍ കാണുന്നുണ്ടാകാം. അല്ലെങ്കില്‍ സായിപ്പിനെയും മദാമ്മയേയും ( സായിപ്പ് = സാഹിബ്ബ്, മദാമ്മ = മാഡം+ അമ്മ) കണ്ടപ്പോള്‍ കവാത്ത് മറന്നതാകാം.)
അപ്പോള്‍ പ്രശ്നം ഇതാണ്. മന്‍മോഹന്‍സിങ് എന്ന പേരില്‍ ഒരു പ്രധാനമന്ത്രി ഇന്നുണ്ടല്ലോ? വാസ്തവം എന്തായാലും ഭരണഘടന പ്രകാരം അദ്ദേഹവും ഒരു അധികാരകേന്ദ്രം ആണല്ലോ? രണ്ടു അധികാരകേന്ദ്രങ്ങള്‍ ആയാല്‍ അവ തമ്മില്‍ മത്സരം ഉണ്ടായേക്കും എന്ന് സാമാന്യബുദ്ധി മാത്രമുള്ള പൊതുജനം തെറ്റിദ്ധരിച്ചേക്കാം. അതൊഴിവാക്കാന്‍ മദാമ്മയുടെ മകനെത്തന്നെ പ്രധാനമന്ത്രി ആക്കിയാല്‍ മതിയല്ലോ? സാമ്പത്തികശാസ്ത്രജ്ഞ്ജന്‍ എന്ന പദവിയെക്കാള്‍ എത്രയോ ഉയരത്തിലാണ് കോണ്‍ഗ്രസിനെ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്!) സംബന്ധിച്ചിടത്തോളം മാഡത്തിന്‍റെ മകനെന്ന സ്ഥാനം). അപ്പോള്‍ അയാളെ പ്രധാനമന്ത്രി ആക്കാന്‍ ഒരു തടസ്സവും വരാതെ നോക്കുക എന്നതാണ് കോണ്ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ ഏറ്റവും വലിയ പ്രശ്നം. പട്ടിണിക്കാര്‍ അവിടെക്കിടക്കട്ടെ. തലയിലെഴുത്ത്‌ ആര്‍ക്കു തിരുത്താനാകും?
ഇനി കേരളത്തിന്‍റെ പ്രശ്നം. അത് പറയുകയേ വേണ്ടല്ലോ? വ്യക്തമല്ലേ? മുന്‍മന്ത്രി വിവാഹമോചനം നേടുമോ? അപ്പോള്‍ ഭാര്യക്ക് എന്തെല്ലാം സ്വത്ത്‌ കൊടുക്കും? (ആദ്യത്തെ ചോദ്യത്തിന്‍റെ ഉത്തരം പി.എസ്.സി. ടെസ്റ്റ്‌ എഴുതുന്നവര്‍ നിശ്ചയമായും ഓര്‍ത്തിരിക്കണം. പരീക്ഷക്ക്‌ വന്നേക്കാം.)  
അപ്പോള്‍ ഓര്‍ക്കുക. ഇന്ത്യയുടെയും കേരളത്തിന്റെയും പ്രശ്നങ്ങള്‍ ഇവയാണ്. വെറുതെ പട്ടിണി, വൈദ്യുതി, ജലം, ശുദ്ധവായു എന്നെല്ലാം പഠിച്ചുവക്കല്ലേ?
നോട്ട്: പണ്ടൊരിക്കല്‍ ഒരു പാശ്ചാത്യവനിത തന്‍റെ സെക്രട്ടറിയോടൊപ്പം കേരളത്തിലെ ഒരു പ്രദേശത്തുകൂടി പോകുകയായിരുന്നു. ആ സ്ത്രീയെ ഇടക്കിടക്ക് സെക്രട്ടറി മാഡം എന്ന് സംബോധനചെയ്യുന്നത് ഒരു നാട്ടുകാരന്‍ കേട്ടു. മാഡം എന്നത് അവരുടെ പേരാണെന്ന് അയാള്‍ ധരിച്ചു. അതിനോടൊപ്പം ബഹുമാനസൂചകമായി അമ്മ എന്നു ചേര്‍ത്ത് അയാള്‍ അവരെ മാഡം അമ്മ എന്നു വിളിച്ചു. അത് പതുക്കെ പതുക്കെ മദാമ്മ എന്നു ചുരുങ്ങി. അപ്പോള്‍ മദാമ്മ എന്നത് അത്യധികം ബഹുമാനം നിറഞ്ഞ വാക്കാണ്‌. (ഇത് എന്‍റെ അനുമാനം മാത്രമാണേ.)
കൃഷ്ണ 

1 comment:

  1. പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് തീരുമാനിയ്ക്കാന്‍ നമുക്ക് സ്വാതന്ത്ര്യമില്ല

    അതൊക്കെ പറയാന്‍ വേറെ ഒരു കൂട്ടരുണ്ട്

    ReplyDelete