Wednesday, July 31, 2013

പ്രപഞ്ചങ്ങള്‍

പ്രപഞ്ചങ്ങള്‍                             

പ്രശസ്തമായ ഒരു  ക്ഷേത്രം. അനേകം  തീര്‍ഥാടകരും സന്യാസിമാരും ദിവസവും സന്ദര്‍ശിക്കുന്ന മഹാക്ഷേത്രം.


സമയം രാത്രി എട്ടുമണി. ക്ഷേത്രത്തില്‍നിന്നു അല്‍പ്പം അകലെ ഒരു കടത്തിണ്ണയില്‍ ഒരാള്‍ കിടക്കുകയാണ്. ഉറങ്ങിക്കിടക്കുന്നതുപോലെ. ശ്വാസം  കഴിക്കുന്ന ശബ്ദത്തോടൊപ്പം മറ്റെന്തോ ഒരു ശബ്ദവും കൂടികേള്‍ക്കുന്നുണ്ട്. അത് കേട്ടിട്ട് ആദ്യം അടുത്തെത്തിയത് ഒരു സന്യാസി ആണ്. അദ്ദേഹം അല്‍പ്പനേരം ആ ശബ്ദം ശ്രദ്ധിച്ചുനിന്നു. അപ്പോഴേക്കും മറ്റൊരാള്‍ കൂടി അടുത്തെത്തി.

അയാളുടെ നേരെ തിരിഞ്ഞ് സന്യാസി പറഞ്ഞു:"ഏതോ വലിയ ഒരു ഭക്തനാണ്. കേട്ടില്ലേ, ഉറങ്ങുമ്പോഴും രാം രാം എന്ന് ജപിക്കുന്നത്‌?"


ഒന്നുകൂടി ശ്രദ്ധിച്ചിട്ട് മറ്റെയാള്‍ പറഞ്ഞു. "അത് ഭക്തനൊന്നുമല്ല സ്വാമീ. രാം രാം  എന്ന് ജപിക്കുകയുമല്ല. റം റം എന്ന് പറയുകയാണ്‌. ഉറക്കത്തിലും അയാളുടെ ചിന്ത റമ്മിനെപ്പറ്റിയാണ്. റം എന്ന മദ്യം. സ്വാമിക്ക് അതൊന്നും അറിഞ്ഞുകൂടാ. അതാ രാം രാം എന്ന് തോന്നിയത്."

അയാള്‍ പറഞ്ഞത് രാമെന്നാണോ റമ്മെന്നാണോ എന്നതല്ല ഇവിടുത്തെ വിഷയം. ഓരോ മനുഷ്യന്‍റെയും ചിന്തകളിലെ വ്യത്യസ്ഥതകളാണ്.


തന്‍റെ ചിന്തകളിലൂടെയാണ് ഓരോരുത്തരും പ്രപഞ്ചത്തെ മനസ്സിലാക്കുന്നത്. കണ്ണ്, ചെവി മുതലായ അവയവങ്ങളുടെ സഹായത്തോടെ നാം മനസ്സിലാക്കുന്ന പ്രപഞ്ചം ഓരോ വ്യക്തിയെ സംബന്ധിച്ചും വ്യത്യസ്ഥമാണ്. മുകളില്‍ പറഞ്ഞ കഥയില്‍ ഉറങ്ങുന്ന വ്യക്തിയെ രണ്ടുപേര്‍ മനസ്സിലാക്കിയത് രണ്ടുരീതിയിലല്ലേ?


പക്ഷെ എല്ലാ കാര്യത്തിലും ഇതു ബാധകമാണോ എന്ന സംശയം സ്വാഭാവികമായും തോന്നാം.


ഒരു മാവ് നാലാളുകള്‍ കാണുന്നു എന്നിരിക്കട്ടെ. മാവിന്‍റെ വലിപ്പവും മറ്റും എല്ലാവരും ഒന്നുപോലെ കാണുമായിരിക്കാം. (അതിലും വ്യത്യസ്ഥതകള്‍ ഉണ്ടാകാം. ഒരാള്‍ എങ്ങനെയാണ് കാണുന്നത് എന്ന് മറ്റൊരാളിനു പൂര്‍ണ്ണമായി അറിയാന്‍ ഒരിക്കലും കഴിയില്ലല്ലോ?). അതെന്തായാലും ആ വൃക്ഷം വ്യത്യസ്ഥമായ ചിന്തകളല്ലേ ഓരോരുത്തരിലും ഉണര്‍ത്തുക? ഒരാളിന്‍റെ മനസ്സില്‍ അത് മാങ്ങയുടെ ചിത്രം വിടര്‍ത്തുമ്പോള്‍ മറ്റൊരാള്‍ ആ തടി വിറ്റാല്‍ കിട്ടുന്ന പണത്തെപ്പറ്റിയാകും ചിന്തിക്കുക. മറ്റൊരാളിന്‍റെ മനസ്സില്‍, ആ മരം കടപുഴകിവീണാല്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങളായിരിക്കും. ഇനിയൊരാള്‍ ആലോചിക്കുന്നത് അയാളുടെ ചെറുപ്പത്തില്‍ വീട്ടിലുണ്ടായിരുന്ന ഒരു വലിയ മാവിനെപ്പറ്റിയാകാം. അങ്ങനെ ഓരോരുത്തര്‍ക്കും പ്രപഞ്ചം വ്യത്യസ്ഥമാണ് എന്ന് പറയാം. അല്ലെങ്കില്‍ ഓരോരുത്തരുടെയും പ്രപഞ്ചം വ്യത്യസ്ഥമാണ് എന്ന് പറയാം.


അപ്പോള്‍ ഒന്ന് വ്യക്തമാണ്. നാമെല്ലാം ചുറ്റും കാണുന്നത് നമ്മുടെ മനോമണ്ഡലത്തില്‍ ഉണരുന്ന അറിവിന്‍റെ  പ്രതിഫലനങ്ങളാണ്. ഒരു പരിചയവും ഇല്ലാത്ത ഒരു വ്യക്തിയെ ആദ്യമായി കാണുമ്പോള്‍ അയാളെപ്പറ്റി നമ്മുടെ ഓരോരുത്തരുടെയും ഉള്ളില്‍ ഉദിക്കുന്ന അഭിപ്രായം വ്യത്യസ്ഥമാകുന്നതും ഇതുകൊണ്ടുതന്നെ.


അപ്പോള്‍ ഈ അറിവുകളെല്ലാം നമ്മുടെ ഉള്ളില്‍ നേരത്തെതന്നെ ഉണ്ടാകേണ്ടതല്ലേ?


ഉണ്ട്. അതാണ് സൂക്ഷ്മപ്രപഞ്ചം. പുറത്തുള്ളത് സ്ഥൂലപ്രപഞ്ചം.


ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അയാളുടെ മുന്‍പിലെത്തുന്ന ഒന്നിനെ നേരത്തെതന്നെ ഉള്ളിലുള്ള    അറിവിന്‍റെ പ്രതിരൂപമായി കാണിക്കുകയാണ് സൂക്ഷ്മമനസ്സിന്‍റെ ധര്‍മ്മം. ജാഗ്രദവസ്ഥയില്‍ ഇതാണ് സംഭവിക്കുന്നത്‌. ഇരുട്ടില്‍ പാമ്പിനെ കയറായും കയറിനെ പാമ്പായും കാണുന്നതും ഇതുകൊണ്ട് തന്നെ.


പക്ഷെ സ്വപ്നാവസ്ഥയില്‍ സംഗതികള്‍ മാറുന്നു. അപ്പോള്‍ തന്‍റെയുള്ളിലുള്ള അറിവിന്‍റെ ശേഖരത്തില്‍നിന്നു ചിലത് നേരിട്ടു നമ്മുടെ മുന്‍പിലെത്തുകയാണ്. നാം അത് കാണുന്നുണ്ടെങ്കിലും അത് സാധാരണ നേത്രത്തിന്‍റെ സഹായത്തിലൂടെയല്ലെന്നു വ്യക്തമല്ലേ?

അടുത്ത അവസ്ഥയാണ് സുഷുപ്തി. അറിവുകളെല്ലാം ആത്മാവില്‍ ലയിച്ചിരിക്കുന്ന അവസ്ഥ. മനസ്സും ശരീരവും പൂര്‍ണ്ണവിശ്രമത്തിലെത്തുന്ന അവസ്ഥ.


അതിനും അപ്പുറമാണ് സമാധി എന്ന അവസ്ഥ.  അപ്പോള്‍ മനസ്സ് ഒന്നില്‍ത്തന്നെ ഉറയ്ക്കുന്നു. അതിന്‍റെ ഉള്ളിലുള്ള ഏതോ ഒരറിവില്‍ മാത്രമായി. ആ അറിവ് നമുക്ക് അഗോചരമായ ചൈതന്യമാകാം. അല്ലെങ്കില്‍ ഒരു ശാസ്ത്രസത്യത്തിലേക്കുള്ള കവാടത്തിലാകാം. പക്ഷെ അപ്പോള്‍ മനസ്സ് തികച്ചും എകാഗ്രമായിരിക്കും. യഥാര്‍ത്ഥ യോഗികളെയും ശാസ്ത്രജ്ഞന്‍മാരെയും പറ്റി നാം കേട്ടിട്ടുണ്ടല്ലോ?


സ്ഥൂലപ്രപഞ്ചം നമ്മുടെ മുന്‍പില്‍ എത്തുന്നത്‌ സൂക്ഷ്മപ്രപഞ്ചത്തിന്‍റെ നിഴലായി മാത്രം. നിഴലിനു ശക്തിയില്ലല്ലോ? അതുപോലെ നമ്മുടെ ഉള്ളിലുള്ള സൂക്ഷ്മപ്രപഞ്ചത്തിലാണ് നമ്മുടെ കഴിവുകളെല്ലാം ഇരിക്കുന്നത്. ഒരു പാറ പൊട്ടുന്നതിനേക്കാള്‍ എത്രയായിരം മടങ്ങ് ശക്തിയാണ് ഒരു  അണുവിസ്ഫോടനത്തില്‍ പ്രദര്‍ശിതമാകുന്നത്?


അപ്പോള്‍ ഒന്ന് വ്യക്തമാണ്. എല്ലാം നമ്മളില്‍ത്തന്നെ അറിവിന്‍റെ രൂപത്തില്‍ സൂക്ഷ്മപ്രപഞ്ചമായി നിലനില്‍ക്കുന്നു. എല്ലാ കഴിവുകളും നമ്മില്‍ ഓരോരുത്തരിലുമുണ്ട്. അറിവിന്‍റെ രൂപഭാവങ്ങളില്‍.


സ്വാമി വിവേകാനന്ദന്‍ പറഞ്ഞ ആ പ്രസിദ്ധമായ വാചകം ഓര്‍മ്മയില്ലേ?  എല്ലാ അറിവും നമ്മുടെ ഉള്ളില്‍ നിന്നാണ് വരുന്നത്. (KNOWLEDGE COMES FROM WITHIN.)     


 
             കൃഷ്ണ

2 comments:

  1. എല്ലാ അറിവും നമ്മുടെ ഉള്ളില്‍ നിന്നാണ് വരുന്നത്
    like

    ReplyDelete
  2. ചിന്തകളിലെ വ്യത്യസ്തതകള്‍

    ReplyDelete