Monday, October 14, 2013

ഭരണചക്രം തിരിക്കുന്നവര്‍

ഭരണചക്രം തിരിക്കുന്നവര്‍

 

ഏതാനും നാള്‍ മുന്‍പുവരെ കേരളത്തിലെ വളരെ ചെറിയ ഒരു പാര്‍ട്ടിയുടെ ചെയര്‍മാന്‍ പാര്‍ട്ടിയുടെ ഒരേ ഒരു എം.എല്‍.എ.യും കഴിവ് തെളിയിച്ച മന്ത്രിയുമായ തന്‍റെ മകനോട് രാജിവക്കൂ, രാജിവക്കൂ എന്ന് തുടര്‍ച്ചയായി പറഞ്ഞുകൊണ്ടേയിരുന്നു. അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥനയുടെ ഫലമാകാം, മന്ത്രിക്കു ചില വ്യക്തിപരമായ കാരണങ്ങളുടെ പേരില്‍ മന്ത്രിസ്ഥാനം രാജി വെക്കേണ്ടിവന്നു. ഇന്ന് അതേ ചെയര്‍മാന്‍ മകനോട് മന്ത്രിയാകാന്‍ പറയുന്നു! മകനെ മന്ത്രിയാക്കാന്‍ ബന്ധപ്പെട്ടവരോടെല്ലാം ആവശ്യപ്പെടുന്നു. മകന് മാറ്റം വന്നിട്ടുണ്ടെന്നും അവന്‍ പാര്‍ട്ടി പറയുന്നതെല്ലാം വള്ളിപുള്ളി വിസര്‍ഗ്ഗം തെറ്റാതെ അനുസരിച്ചുതുടങ്ങിയിട്ടുണ്ടെന്നും ആണ് അദ്ദേഹം അതിനു പറയുന്ന ന്യായീകരണം. പക്ഷെ മന്ത്രി ആദ്യം ജനങ്ങളുടെ ആളാണെന്നും പിന്നെ മാത്രമാണ് പാര്‍ട്ടിയുടെ ആളാകുന്നതെന്നുമുള്ള ജനാധിപത്യത്തിന്‍റെ അടിസ്ഥാനതത്വം അദ്ദേഹം മറന്നു പോകുന്നു. വാര്‍ദ്ധക്യം ആവാം കാരണം എന്ന് സമാധാനിക്കാം, അല്ലെ? അതോ അദ്ദേഹം ഒരിക്കലും ജനങ്ങള്‍ക്കുവേണ്ടി ഭരിച്ചിട്ടില്ലെന്നത് കൊണ്ടാണോ? അദ്ദേഹം ഇപ്പോള്‍  മുന്നോക്കകോര്‍പ്പറേഷന്‍റെ ചെയര്‍മാനും കൂടിയാണ്. (എന്താണോ എന്തോ ഈ കോര്‍പ്പറേഷന്‍റെ ജോലി?). പക്ഷെ അവിടെയും അദ്ദേഹത്തിന് ഒരു പരാതിയുണ്ട്. തനിക്ക് അകമ്പടി സേവിക്കാന്‍ ഗണ്‍മാനോ പോലീസോ ഒന്നുമില്ല. എന്തു കഷ്ടം, അല്ലേ?  പക്ഷെ ഇതൊന്നുമല്ല ഇവിടുത്തെ പ്രശ്നം. ഈ ഭരണം ആര്‍ക്കുവേണ്ടി എന്നുള്ളതാണ്. തമ്മിലടിക്കാന്‍ വേണ്ടിയാണോ ജനപ്രതിനിധികളെ ജനങ്ങള്‍ വോട്ടുചെയ്തു തെരഞ്ഞെടുക്കുന്നത്?ഒരു നേതാവുണ്ട് നമ്മുടെ നിയമസഭയില്‍. അദ്ദേഹം സത്യസന്ധനാണ്. ആരുടെയെങ്കിലും കുറ്റം പറഞ്ഞുകൊണ്ടിരിക്കുകയാണ് അദ്ദേഹത്തിന്‍റെ അറിവില്‍  തന്‍റെ ജോലി. അത് അദ്ദേഹം നിറവേറ്റുന്നുമുണ്ട്. പക്ഷെ അതിനുവേണ്ടിയാണോ ജനങ്ങള്‍ അദ്ദേഹത്തിന് വോട്ടുചെയ്തത്? അദ്ദേഹത്തിന്‍റെ കുറ്റപ്പെടുത്തല്‍ കേട്ട ഒരു മന്ത്രി മറുപടി പറയാന്‍ നല്ലനേരം നോക്കുകയാണ്.ഒരു നേതാവ് പറയുന്നു, എനിക്ക് മന്ത്രിയാകേണ്ട എന്ന്. നിസ്വാര്‍ഥമായ സേവനം ജനങ്ങള്‍ക്കുവേണ്ടി ചെയ്യാനാണ് തനിക്ക് താല്പര്യം എന്ന് അദ്ദേഹം ആവര്‍ത്തിച്ചുപറയുന്നു. പക്ഷെ വേറെ ചിലര്‍ക്ക് അദ്ദേഹത്തിനെ മന്ത്രിയാക്കിയെ പറ്റൂ? എന്തുചെയ്യും?ഏതോ കേസ്സില്‍ ആരോ ഒരു മന്ത്രിയുടെ മൊഴിയെടുത്തു. മതിയല്ലോ? മന്ത്രി കുറ്റവാളിയാണോ അല്ലയോ എന്ന തര്‍ക്കം പാര്‍ട്ടിക്കകത്തും പുറത്തും മൂര്‍ച്ഛിയ്ക്കാന്‍. പക്ഷെ ജനത്തിന് അതുകൊണ്ട് എന്തുഗുണം?ഇതൊക്കെയാണോ ജനാധിപത്യം? ജനങ്ങളെ സേവിക്കേണ്ടത് ഇങ്ങനെയാണോ? ഇങ്ങിനെയാണെങ്കില്‍ എന്തിനീ പ്രഹസനം? ഇതിലും നല്ലതായിരുന്നിരിക്കില്ലേ രാജഭരണം? കുറഞ്ഞപക്ഷം അന്ന് ഒരു രാജാവിനെ അനുസരിച്ചാല്‍ മതിയായിരുന്നല്ലോ? പിന്നെ ഒരു മന്ത്രിയും. ഇന്ന് സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാത്രമായി എത്രയോ മന്ത്രിസത്തമന്മാര്‍? സ്വന്തം താല്‍പ്പര്യസംരക്ഷണം മാത്രമായി നേതാക്കന്മാരുടെ ലക്ഷ്യം ചുരുങ്ങുമ്പോള്‍ ജനങ്ങള്‍ക്ക് അടുത്ത തെരഞ്ഞെടുപ്പുവരെ ഒന്നും ചെയ്യാനാകില്ലല്ലോ?ങാ, ഒന്നു മറന്നു. ഇതിനിടയില്‍ ഒരു പ്രഖ്യാപനം വന്നു. ഭൂമി ഇല്ലാത്തവര്‍ക്കെല്ലാം മൂന്നു സെന്‍റ് ഭൂമി. ഒരു തുടക്കമായി ഏതാനും പേര്‍ക്ക് ഭൂമി പതിച്ചും നല്‍കി.ഈ ഭൂമിയില്‍ ജനിച്ചവര്‍ക്കെല്ലാം ഇവിടെ ജീവിക്കാന്‍ അവകാശം ഉണ്ട്. കേരളത്തില്‍ ജനിച്ചവര്‍ക്ക് കേരളത്തില്‍ ജീവിക്കാനും അവകാശം ഉണ്ട്. ഭൂമി യഥാര്‍ത്ഥത്തില്‍ ആരുടെയും സ്വത്തല്ല. കാരണം സ്വത്താണെങ്കില്‍ അത് എവിടെ വേണമെങ്കിലും എടുത്തുകൊണ്ടുപോകാന്‍ കഴിയണമല്ലോ? അപ്പോള്‍ ഭൂമിയുടെ ഉടമസ്ഥന്‍ എന്നാല്‍ ആ ഭൂമി വേണ്ടപോലെ സൂക്ഷിക്കാനും മറ്റാര്‍ക്കും ദോഷമില്ലാത്ത വിധത്തില്‍ ഉപയോഗപ്പെടുത്താനും മറ്റൊരാളിനെ സൂക്ഷിക്കാന്‍ ഏല്‍പ്പിക്കാനും മനുഷ്യന്‍ ഉണ്ടാക്കിയ നിയമപ്രകാരം അവകാശമുള്ളവന്‍. ആ അവകാശം  ലഭിക്കുമ്പോള്‍ അവന്‍ സര്‍ക്കാര്‍ രേഖകളിലെ ഉടമസ്ഥനാകുന്നു. പക്ഷെ താമസിക്കാനുള്ള അവകാശം പ്രകൃതിയുടെ വരദാനമാണ്. അല്ലെങ്കില്‍ സ്വന്തം പേരില്‍ വസ്തു ഇല്ലാത്തവരുടെ കുട്ടികള്‍ ആകാശത്ത് ജനിക്കണമായിരുന്നല്ലോ? അപ്പോള്‍ സ്വന്തം പേരില്‍ ഭൂമി ഇല്ലാത്തവര്‍ക്കും ഇവിടെ താമസിക്കാന്‍ അവകാശം ഉണ്ടെന്ന് തിരിച്ചറിഞ്ഞ് അതിനുവേണ്ട ഭൂമി മനുഷ്യന്‍ സൃഷ്ടിച്ച നിയമത്തിലൂടെ അവരുടെ പേരിലാക്കുന്ന കാരുണ്യം നിറഞ്ഞ, ഭൂമി എല്പ്പിക്കപ്പെടുന്നവരുടെ അഭിമാനത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ചടങ്ങാണ് നടക്കേണ്ടിയിരുന്നത്. ആരുടേയും ദാനമല്ല, ഞങ്ങളുടെ അവകാശമാണ് ഇത് ഇന്ന് അവര്‍ക്ക് തോന്നിപ്പിക്കുന്ന ചടങ്ങ്. അതിനു വേണ്ടത് അവരെ വില്ലേജ് ഓഫീസില്‍ വിളിപ്പിച്ച് വേണ്ട കടലാസ്സുകള്‍ അവര്‍ക്ക് നല്‍കുകയാണ്. അല്ലാതെ ആരുടെയോ ദാനം സ്വീകരിക്കുന്നത് പോലെ അവര്‍ക്ക് കൈനീട്ടി നില്‍ക്കേണ്ടിവരുന്ന സാഹചര്യം ഉണ്ടാക്കുകയല്ല.ഇനി അഥവാ ഒരു ചടങ്ങ് വേണമെന്ന് തന്നെയാണെങ്കില്‍ ആരാണ് അത് നല്‍കേണ്ടത്? ഭൂമിയെ അമ്മയായി കാണുന്ന ഒരു കര്‍ഷകന്‍, അല്ലെങ്കില്‍ ഒരു പ്രകൃതിസംരക്ഷണപ്രവര്‍ത്തകന്‍, ജീവിച്ചിരിക്കുന്ന ഒരു ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനി. അങ്ങനെയാര്‍ക്കെങ്കിലും മാത്രമല്ലേ അതിന് അധികാരമുള്ളൂ? അതിനു പകരം ജന്മം കൊണ്ടോ കര്‍മ്മം കൊണ്ടോ മറ്റേതെങ്കിലും രീതിയിലോ ഇവിടുത്തെ ഭൂമിയുമായി ഒരു ബന്ധവുമില്ലാത്ത ഇറ്റലിയില്‍ ജനിച്ചുവളര്‍ന്ന ഒരു വനിതയെക്കൊണ്ട് ആ കര്‍മ്മം നിര്‍വഹിപ്പിച്ചു! ആ സ്ത്രീയുടെ മുന്‍പില്‍ വിധേയത്വം ഭാവിച്ചു നിന്ന നേതാക്കളെല്ലാം തന്നെ അവരെക്കാള്‍ രാഷ്ട്രീയത്തില്‍ വളരെയേറെ യോഗ്യതയും പ്രവര്‍ത്തനപരിചയവും നേതൃത്വപാടവവും കഴിവും  ഉള്ളവര്‍. ആ സ്ത്രീയുടെ മുന്‍പില്‍ കേരളത്തില്‍ താമസിക്കാനുള്ള അവകാശത്തിനായി കേരളത്തിന്‍റെ മക്കള്‍ കൈ നീട്ടി നിന്നത് കണ്ടപ്പോള്‍ ചിന്താശക്തിയുള്ള ആര്‍ക്കെങ്കിലും രുചിച്ചിരിക്കുമോ? ഇവിടുത്തെ രാഷ്ട്രീയക്കാര്‍ക്ക് പോലും അത് ഇഷ്ടപ്പെട്ടുകാണുമോ? എനിക്ക് തോന്നുന്നില്ല. പക്ഷെ ആരും അത് പറയാന്‍ എല്ലാവരും മടിക്കുന്നു. കാരണമെന്തോ? ആര്‍ക്കറിയാം? എല്ലാവരുടെയും  ഏതെങ്കിലും രീതിയിലുള്ള സ്വാര്‍ത്ഥതയാകാം. അല്ലാതെ ഈ യുക്തിക്ക് നിരക്കാത്ത പ്രതിഭാസത്തിനു എന്തു കാരണമാണ് പറയുക?ഒരു രംഗം ഇപ്പോള്‍ എന്‍റെ മനസ്സില്‍ തെളിയുന്നു. സ്വാതന്ത്യസമരത്തില്‍ സജീവമായി പങ്കെടുക്കുകയും ഇന്ത്യാവിഭജനത്തെ എതിര്‍ക്കുകയും പഞ്ചാബിലെ  സ്വന്തം ഗ്രാമത്തില്‍ താമസിക്കാനാഗ്രഹിക്കുകയും പക്ഷെ നിവര്‍ത്തിയില്ലാതെ പാകിസ്ഥാനില്‍ താമസമുറപ്പിക്കേണ്ടിവരികയും ചെയ്ത ഒരു വന്ദ്യവയോധികന്‍റെ  മുഖം. (അങ്ങനെ എത്രയെത്ര പേരുണ്ടാകാം, അതില്‍ ഒരാള്‍.) അദ്ദേഹം പറയുന്നു:- “പാകിസ്ഥാന്‍ വന്നതുകൊണ്ട് ഇന്ന് ഒരു വിദേശിവനിതയെയും മകനെയും സര്‍വ്വശക്തരായി കാണുന്ന ഒരു രാജ്യത്ത് താമസിക്കേണ്ടി വന്നില്ലല്ലോ. അതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഒരു രാജ്യം ഭരിക്കാന്‍ അവിടുത്തെ പൌരത്വം എടുത്താല്‍ മതിയാകുമായിരുന്നെങ്കില്‍ മൌണ്ട്ബാറ്റണ്‍ പ്രഭുവിനോട്‌ ഇവിടുത്തെ പൌരത്വം എടുത്തിട്ട് ഭരിച്ചുകൊള്ളൂ എന്ന് പറഞ്ഞാല്‍ മതിയായിരുന്നല്ലോ? ഞങ്ങളൊന്നും സ്വാതന്ത്ര്യസമരം ചെയ്യേണ്ട കാര്യമേ ഇല്ലായിരുന്നല്ലോ?” &&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&   കൃഷ്ണ   

1 comment: