Saturday, April 13, 2013

വായില്ലാക്കുന്നിലപ്പന്‍

           വായില്ലാക്കുന്നിലപ്പന്‍
പിറകേ നടന്നോളൂ എന്‍ നിഴലായ്‌ നീ മകനേ
തളരല്ലെ കുഞ്ഞേ, നിന്നെത്താങ്ങാനുമാവില്ലല്ലോ?
എങ്കിലുമുപേക്ഷിക്കി,ല്ലാരുരച്ചാലും നിന്നെ-
യറിയാതെങ്കിലുമമ്മ, കുഞ്ഞിനെ ശപിച്ചില്ലേ?***
പറയാനായില്ലെനി,യ്ക്കൊരുവാക്കും തിരിച്ചങ്ങോ-
ട്ടറിയാഞ്ഞിട്ടല്ല, പക്ഷെ വായില്ലാപ്പൂതമല്ലേ?
അനുധാവനം ചെയ്തു ഞാ,നവരേ  മെല്ലേ മെല്ലേ
ഒരു വെറും നിഴലായി, നീങ്ങും നിശ്ശബ്ദതയായ്
പുണ്യങ്ങള്‍ തേടിയലഞ്ഞാ,രണ്ടാത്മാക്കള്‍ മുന്നില്‍
പിന്നിലായ്‌ ഞാനും പാപദുഃഖത്തിനാത്മാവായി
ഇടയ്ക്കിടെയിരുന്നവരശിച്ചൂ പാഥേയങ്ങള്‍
നെടുവീര്‍പ്പോടെ ഞാനും നോക്കിനിന്നൂ നിശ്ശബ്ദനായ്‌
“അമ്മയ്ക്കറിയാമെല്ലാം നുണയൂ നാവു നീ മകനേ
ഭക്ഷണക്കറയേശാത്ത നാവിലേയമൃതങ്ങള്‍
നിന്നെപ്പുലര്‍ത്തും നിന്‍റെ വിശപ്പുകെടുത്തും പിന്നെ
നീയാകില്ലയോ സര്‍വം, നീയാകില്ലയോ ദൈവം
നിന്നെക്കാണാനായെത്തും മാലോകരും തേവരും
പുലരിയും പ്രപഞ്ചവും നീയാകുമെന്‍ പൊന്‍കുഞ്ഞേ”

അമ്മതന്‍ വാക്കെന്‍ മനം നിറച്ചെങ്കിലു, മെന്നില്‍
തങ്ങിയ ജഠരാഗ്നി കോപിച്ചട്ടഹസിച്ചു
“ഭക്ഷണം, എനിയ്ക്കത് വേണമെന്നറിയില്ലേ,
ഭക്ഷിയ്ക്കുമല്ലെങ്കില്‍ ഞാന്‍ നിന്‍റെ ജീവനെതന്നെ”
നുണഞ്ഞൂ സ്വന്തം നാവു, സര്‍വ്വശക്തിയുമെടു-
ത്തൊടുവിലതും തീര്‍ന്നൂ, ഞാന്‍ നാവില്ലാപ്പൂതമായി
യാത്ര തുടര്‍ന്നൂ, കൊടുങ്കാടു പിന്‍താണ്ടീ ഞങ്ങള്‍
യാത്ര തുടര്‍ന്നൂ വീണ്ടും സിന്ധു, ഗംഗാ തടങ്ങളില്‍
പിന്നിട്ടു നഗരങ്ങള്‍, പിന്നിട്ടു ഗ്രാമങ്ങളും
പിന്നിട്ടു ദിനങ്ങളും മാസങ്ങള്‍, വര്‍ഷങ്ങളും
ഹേമന്തവസന്തങ്ങള്‍ മാറിമാറിയുദിക്കിലു-
മെനിയ്ക്കായ് കനിഞ്ഞവ തന്നതോ ശിശിരങ്ങള്‍!
വര്‍ഷങ്ങളെത്തീ, നീലത്താടിവേഷങ്ങളാടി        
വര്‍ഷിച്ചു തിളങ്ങുന്ന വെളിച്ചപ്പാടിന്‍ വാളില്‍
എത്തിയങ്ങ് ഒടുവില്‍ ഞങ്ങളേതോ സമുദ്രക്കോണില്‍     
 കേട്ടു ഞാന്‍ തുഴവീഴും തോണിതന്‍ നടുക്കങ്ങള്‍    
“എത്തി ഞാന്‍ ഇതാണെന്‍റെ പാപമോചനതീര്‍ത്ഥം”
പെട്ടെന്ന് കുതിച്ചെന്‍ താതന്‍, പിന്നാലെ ജനനിയും
“പോകുന്നു ഞാ,നമ്മയ്ക്ക് പോയേപറ്റിനി,മകന്‍
പോയി സഹോദരരെ,യാരെയെങ്കിലും കാണൂ”
ഒറ്റയ്ക്കാകടല്‍തീരത്തിരുന്നൂ ഞാനന്നേതോ
മുക്കുവക്കുടിലിന്‍റെയോരത്തു മാനം നോക്കി
ആരുടെ ശാപമോ ഞാന്‍ വായില്ലാപ്പൂതമായി
ആയതൊരപരാധ,മാകാമീ പാരിടത്തില്‍
മയങ്ങിപ്പോയ്‌ ഞാനല്‍പ്പം ആഴിതന്‍ ഗാനം കേട്ട-
ങ്ങുണര്‍ന്നപ്പോഴേക്കതാ എന്‍ മുന്നില്‍ കാട്ടാളന്മാര്‍
“ഇവനാര് ചെകുത്താനോ? കള്ളനോ? കടല്‍പ്പേയോ?
ഇവനേ ബലിയാക്കാം ഇന്നത്തെ നേര്‍ച്ചയ്ക്കായി.”
ഭയന്നോടീ ഞാ,നപ്പോള്‍ പിറകില്‍ കേട്ടു പൊട്ടി-
ച്ചിരികള്‍ അവരെന്നെ കോമാളിയായിക്കണ്ടു
വീണ്ടുമലഞ്ഞൂ ഞാന്‍ പുല്‍ക്കാടുമേടുകള്‍ താണ്ടി
വീണ്ടുമലഞ്ഞൂ ഞാനെന്‍ മൌനഭാരവും പേറി
മേളത്തോളില്ലം തേടി, യെന്‍ സോദരരേ തേടി
ഭ്രാതാക്ക,ളവരെന്നെ,യറിയാതെയിരിക്കുമോ?
പടിപ്പുരക്കതകല്‍പ്പമകറ്റി ഞാനുള്ളില്‍ നോക്കി
വരരുചി,യെന്‍ താതനെക്കണ്ടു ഞാനതിനുള്ളില്‍!
ഭയന്ന് തിരിഞ്ഞോടി,യപ്പൊഴേക്കും ഞാനോര്‍ത്തു
വരരുചിയല്ലല്ലോ ഇതാകാം എന്‍ ഭ്രാതാവഗ്നിഹോത്രി
വീണ്ടും ഞാന്‍ വാതിലല്‍പ്പമകറ്റുമ്പോഴേക്കും കണ്ടു
വിള്ളലിലിടിനാദം ഛീ, ഭൂതമേ ദൂരെപ്പോകൂ
ഭയന്ന് വിറച്ചോടി ഞാ,നാത്മരക്ഷണം തേടി
ഇനിയി,ല്ലൊരുനാളും ഞാനീവഴി തേടുകില്ല
അലഞ്ഞു ഞാന്‍ വീണ്ടുംവീണ്ടും മുന്നോട്ടാ,വഴിവക്കില്‍
ഉയരുന്നൊരു ഗേഹ,മുന്മത്തമുദാത്തമായ്‌
ഒരു നിമിഷം ഞാന്‍ ശങ്കി,ച്ചിവിടില്ലേ പെരുന്തച്ചന്‍
ഇളയോനെപ്പോറ്റാനവ,നിച്ഛകാണാതിരിക്കുമോ?
പക്ഷെ ഞാന്‍ പോയില്ലങ്ങോട്ടവനെന്നെയറിയില്ലല്ലോ
പറയാനാകില്ലല്ലോ, എനിക്കുമെന്‍ നിഴലിനും
ശബ്ദങ്ങളെനിക്കുചുറ്റുമോടിയലഞ്ഞൂ ഞാനോ    
ശബ്ദങ്ങളേശാത്തൊരു ചലിക്കും പ്രതിമപോല്‍
ഉടഞ്ഞ പ്രതീക്ഷകള്‍ മനസ്സിന്‍ കൊടുങ്കാട്ടി-
ലെരിഞ്ഞടങ്ങും നാദം മാത്രമെന്‍ തുണയായി
രാവി,ലാനാദങ്ങളും മയങ്ങീ എന്നോടൊപ്പം
കോവിലില്‍ മണിനാദം കേള്‍ക്കുമ്പോഴുണരുവാന്‍
ഞാനൊരു പ്രഹേളിക, യുത്തരം പ്രതീക്ഷിച്ചു
നാലുദിക്കിലുമല.ഞ്ഞറിവിന്‍ മുത്തും തേടി
എത്തി ഞാന്‍ വിദര്‍ഭയി,ലെത്തിയുജ്ജയിനിയി-
ലെത്തി പാടലീപുത്ര,ഹസ്തിനപുരികളില്‍
കണ്ടു ഞാന്‍ കുരുക്ഷേത്രമൈതാനപ്പടവുകള്‍
കണ്ടു ഞാന്‍ കാല്‍വരികള്‍, മെക്കകള്‍, മെദീനകള്‍
എങ്ങും തുറന്നില്ലെനിയ്ക്കായൊരുകവാടം പോലും
എങ്ങുമുലഞ്ഞില്ലെനിയ്ക്കായൊരു നെഞ്ചകം പോലും
വീണ്ടും ഞാന്‍ തേടിത്തേടിയലഞ്ഞെന്‍ സാകേതങ്ങള്‍
വീണ്ടും ഞാന്‍ തേടിത്തേടിയലഞ്ഞെന്‍ മരുഭൂക്കള്‍
എനിയ്ക്കായും കാണില്ലേ,യൊരു ജാതകകഥ?
എനിയ്ക്കായും കാണില്ലേ,യൊരു പാപപുണ്യഭാണ്ഡം?
ആയതു തേടീട്ടിനി,യെത്രനാ,ളലയണം?
ഇനിയെത്ര മുള്‍മേടുകള്‍ ഞാന്‍ താണ്ടിക്കടക്കണം?
ചുറ്റിനും ഘോരാരണ്യ,മിരുളും വെളിച്ചവും
ചുറ്റിയൊഴുകിയെന്നേ, ശബ്ദഘോഷങ്ങളോടെ
വിണ്ടുകീറിയെന്‍ പാദങ്ങ,ളാമുറിവിന്‍ ഹൃദയത്തില്‍
കൊണ്ടുകേറി മുള്‍മുനയെന്‍ ഗതിയും നിലച്ചുപോയ്‌
ശയിച്ചു ഞാനവിടൊരു മുത്തച്ഛനാലിന്‍ ചോട്ടില്‍
ഇവിടെയാകാ,മന്ത്യമെന്‍ നഷ്ടജാതകത്തിങ്കല്‍
അടച്ചു ഞാന്‍ മിഴിദ്വയം, ഉതകാത്ത മോഹങ്ങളെ-
യൊരിക്ക,ലാവാഹിക്കാനെന്നന്ത്യമാം സ്വപ്നങ്ങളില്‍
പക്ഷെയാ സ്വപ്നങ്ങളും എന്നില്‍ നിന്നകന്നു പോയ്‌
പച്ചിലക്കാടിന്‍ കോണിലെവിടെയോ നിശ്ശബ്ദമായ്
ഉയരെ വിറയ്ക്കുന്നു പത്രസഞ്ചയം; കീഴെ-
യൊരുശാപഗ്രസ്തനെപ്പോലന്നു ഞാന്‍ ശയിക്കവേ
ഒരു മൃദുസ്പര്ശ,മൊരരുണഹിമകണസ്പര്‍ശം
അതെന്നെയുണര്‍ത്തി,യെന്‍റെ മേനിയി,ലിക്കിളിയായ്
മുകളില്‍ ചെറുകാറ്റി,ലാലിലത്തളിരുകള്‍  
മൃദുവായ് ചാഞ്ചാടുന്നു ചെറുതുമ്പികളെപ്പോല്‍
അതിനും മേ,ലിലചാര്‍ത്തിന്‍ മരതക തൊങ്ങലിലൂ-
ടൊരുവാതായന,മതു മെല്ലെ മെല്ലെ തുറക്കുന്നു
ആയിരം ചാന്ദ്രനിലാരാ,വരങ്ങൊരുക്കുന്നു
ദേവനൃത്തമാകാം എനിക്കന്ത്യദര്‍ശനത്തിനായ്
പുനരൊരു ഹിമബിന്ദു,വെന്നന്തരംഗത്തിലേ-
ക്കമൃതകണം പോലെത്തി,യെന്നിലേ,യെന്നേത്തേടി 
അതിദ്രുതവീണാനാദ,മെന്‍ മനമുലഞ്ഞാടി
സുരമകരന്ദ,രസച്ചാര്‍ത്തില്‍ ഞാനലിഞ്ഞുവോ?
മുകളില്‍ വടവൃക്ഷമുത്തശ്ശനെന്നേനോക്കി
കനിവിയലും മിഴിയോടെ, ശാന്തമാം ഭാവത്തോടെ
“നിന്നിലേ മോഹഭംഗങ്ങള്‍ നിന്‍ സൃഷ്ടി മാത്രം കുഞ്ഞേ
നീയാണഖിലം ഞങ്ങള്‍ നിന്‍ സോദരരല്ലോ?
മൌനത്തിന്‍ കുടീരത്തില്‍ നേടിയ തപശ്ശക്തി
നിന്‍ സായകമാക്കി, സാധന ശരമാക്കി
യുണര്‍ന്നു പോരാടൂ നീയീ ജഗത്തിന്‍ നന്മയ്ക്കായി
മനമൊരു പടവാളാക്കൂ പതിതന്‍റെ രക്ഷയ്ക്കായി
വന്യമീ സൌന്ദര്യം ഞാന്‍ നിന്നിലേക്കാവാഹിക്കാം
നിന്നാത്മാവിലതൊരു മഴവില്ലായ്‌ വിരിയട്ടെ
പ്രപഞ്ചം നിന്‍ ശ്രീകോവില്‍, നീ ഞങ്ങള്‍ക്കു ദൈവമായ്‌
നൂതനമൊരു പുണ്യത്തിന്‍ ശാന്തിനേരൂ ജഗത്തിനായ്.
                   &&&&&&&&&&&&
***കുഞ്ഞിനു വായില്ലെന്നു വരരുചിയോടു കള്ളം പറഞ്ഞത്.

                                                                                   കൃഷ്ണ




























 

 

6 comments:

  1. വായില്ലാപ്പൂതത്തിന്റെ മൌനഗാനം

    ReplyDelete
  2. എങ്ങും തുറന്നില്ലെനിയ്ക്കായൊരുകവാടം പോലും
    എങ്ങുമുലഞ്ഞില്ലെനിയ്ക്കായൊരു നെഞ്ചകം പോലും
    വീണ്ടും ഞാന്‍ തേടിത്തേടിയലഞ്ഞെന്‍ സാകേതങ്ങള്‍
    വീണ്ടും ഞാന്‍ തേടിത്തേടിയലഞ്ഞെന്‍ മരുഭൂക്കള്‍

    നല്ല വരികൾ

    ശുഭാശംസകൾ...

    ReplyDelete
  3. ഉജ്ജ്വലമായ കവിത....വായില്ലാക്കുന്നിലപ്പന്റെ ആത്മനൊമ്പരങ്ങള് അതര്ഹിക്കുന്ന ഗൌരവത്തിലും.സംസ്കൃതിയിലും അവതരിപ്പിക്കുവാന് കഴിഞ്ഞിട്ടുണ്ട്

    ReplyDelete