Tuesday, April 9, 2013

ഗന്ധര്‍വ്വഗീതം (കവിത)

    ഗന്ധര്‍വ്വഗീതം

 
ഒരുതുള്ളി മിഴിനീര്‍ തുടയ്ക്കാന്‍ കഴിയാത്ത
സുരജന്മമെന്തിന്നു വേണ്ടി?
ഒരു പിഞ്ചുപൈതലിന്‍ രോദനത്തിന്‍ രാഗ-
മറിയാത്ത ജന്മമിതെന്തിനായി?
വരളുന്ന പുഴയുടെ മാറത്തു മഴകൊണ്ടു
പനിനീര്‍ തളിയ്ക്കുന്നോരുദയങ്ങള്‍ കാണാന്‍
മരണമാ, മസ്തമനത്തിന്‍റെ രോദനം
സിരകളില്‍ കത്തിപ്പടരുന്നതറിയാന്‍         
കഴിയാത്ത ജന്മമീ ഗന്ധര്‍വ്വജന്മമി-
ന്നൊരു ചലനമേശാത്ത ഭാവങ്ങള്‍ പോലവേ
ഇനി വേണ്ട മകരന്ദകണികകള, തല്‍പ്പവും       
ഇനി വേണ്ട പാരിജാതത്തിന്‍ സുഗന്ധങ്ങള്‍
       
പുലരിതൊട്ടന്തിയോളം വിയര്‍പ്പില്‍ കുളി-
ച്ചവശനായ്‌ നിദ്രതന്‍ മടിയില്‍ ശയിക്കുമ്പോ-
ഴതിനിടെക്കാണും മനോജ്ഞസ്വപ്‌നങ്ങള്‍തന്‍
ചിറകടി, യെനിക്കൊന്നു സ്വയമറിഞ്ഞലിയുവാന്‍
അണിയുവാനദ്ധ്വാന,മെന്നാഭരണമായ്‌
അലസത വെടിഞ്ഞു കര്‍മ്മോത്സുകനാകുവാന്‍
ഇവിടെയീ ധരയില്‍ ഞാന്‍ നില്‍ക്കട്ടെ, കുടിലിലെ
കനിവിന്‍റെ പൂക്ക,ളറിഞ്ഞാസ്വദിക്കട്ടെ.

      &&&&&&&&&&&&

                             കൃഷ്ണ

4 comments:

  1. നല്ല കവിത
    വായിച്ചു
    ആസ്വദിച്ചു

    ReplyDelete
  2. ഇഷ്ട്ടായി നല്ല കവിത .

    ReplyDelete
  3. ഒരുതുള്ളി മിഴിനീര്‍ തുടയ്ക്കാന്‍ കഴിയാത്ത
    സുരജന്മമെന്തിന്നു വേണ്ടി?

    ചോദ്യം ന്യായം തന്നെ. നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
  4. "അണിയുവാനദ്ധ്വാന,മെന്നാഭരണമായ്‌
    അലസത വെടിഞ്ഞു കര്‍മ്മോത്സുകനാകുവാന്‍"

    ഹായ്‌ കൊള്ളാം

    ReplyDelete