Sunday, May 5, 2013

സര്‍ക്കസ്സ്

             ര്‍ക്കസ്സ്


നീലാംബരത്തിലൊരായിരം ചായങ്ങള്‍

ചാലിച്ച വര്‍ണ്ണം പരക്കെത്തിളങ്ങുന്നു


വാനിലെ സര്‍ക്കസ്സുതാരങ്ങളൊക്കെയും

കൂടാരമാകെ നിറഞ്ഞു കവിയുന്നു


ഊഞ്ഞാലിലാടുന്നു, പിന്നാലെപായുന്നു

കീഴ്മേല്‍ തൊടാതെ നിശ്ശബ്ദരായ് നില്‍ക്കുന്നു


ദുന്ദുഭി നാദം മുഴങ്ങുന്നിടക്കിടെ

ആകാശദീപം കറങ്ങി ത്തിളങ്ങുന്നു 


പിന്നെ വടംവലി തമ്മില്‍ നടത്തുന്നു

നില്‍ക്കുന്ന നില്‍പ്പില്‍ കറങ്ങിക്കളിക്കുന്നു


വള്ളംകളി നടത്തുന്നു വാനില്‍ തുള്ളി-

വെള്ളവുമില്ലാതെയിന്ദ്രജാലം പൂര്‍ണ്ണം


തുള്ളി വെട്ടത്തിന്‍റെ ചൂടിലുരുക്കുന്നു

പിന്നെ പ്രളയത്തിലാകവേ മുക്കുന്നു

കാഞ്ചനമാലകള്‍ ചാര്‍ത്തിയ മോഹന-

വാനം നിമിഷത്തിലിറ്റിറ്റു വീഴുന്നു


കൂരിരുട്ടില്‍ വാര്‍ത്തൊരേതോ തുരുത്തിലാ-

യാടിക്കുഴഞ്ഞവര്‍ വീണു മയങ്ങുന്നു


കാണികള്‍ വേണമീ കേളികള്‍ കാണുവാ-

നായതിനായ് നമ്മളിക്കരെ നില്‍ക്കുന്നു


പക്ഷെ നാം തങ്ങളില്‍ തമ്മിലടിക്കുന്നു

കണ്ണടച്ചങ്ങിരുട്ടാക്കാന്‍ തുനിയുന്നു.


കണ്ണുകഴച്ചവനൊന്നു മാറുമ്പൊഴേ-

ക്കെങ്ങും വിലപിച്ചു ഭീതരായ് പായുന്നു


സര്‍ക്കസ്സു കാണാതെ വിഡ്ഢികള്‍ നമ്മളോ

കഷ്ടമിതാ ശോകഗാനങ്ങള്‍ മൂളുന്നു


ഈവകക്കോമാളി രംഗങ്ങള്‍ കണ്ടിട്ടു

സര്‍ക്കസ്സുടമയും പൊട്ടിച്ചിരിക്കുന്നു


ആ ചിരിയെന്നിലുമൂറിയെത്തുമ്പൊഴേ-

ക്കേവം തിരിയുമീ സത്യവും മിഥ്യയും


*****************************


                  കൃഷ്ണ





 

 



3 comments:

  1. നല്ല സര്‍ക്കസ്

    ReplyDelete
  2. ആശംസകൾ , സർകസല്ലെ നിറം വേണം

    ReplyDelete
  3. സ്വർഗ്ഗവിരചിതമാ മഹേന്ദ്രജാലങ്ങൾ..!!

    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete