Thursday, May 9, 2013

വേദവ്യാസനും മഹാഭാരതവും ഞാനും

വേദവ്യാസനും മഹാഭാരതവും ഞാനും


ചിന്തിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. ഈ കയ്യെഴുത്തുപ്രതി എന്‍റെ കയ്യില്‍ വന്നതെങ്ങനെ? വളരെ വലിയ ഒരു പുസ്തകം. എല്ലാം പദ്യങ്ങള്‍. പേരും ഉണ്ട്. മഹാഭാരതം. എഴുതിയത് ആരാണെന്ന് നോക്കി. ഒരു സംശയവുമില്ല. ഞാന്‍ തന്നെ.

ഞാന്‍ പുസ്തകം മറിച്ചുനോക്കി. ഏതാനും ശ്ലോകങ്ങള്‍ വായിച്ചു. ശരിക്കും മനസ്സിലാകുന്നില്ല. ഇത് എപ്പോഴെഴുതി? ഞാന്‍ തന്നെയാണോ എഴുതിയത്? അതോ എന്‍റെ പേരുവച്ച് വേറെ ആരെങ്കിലും? പക്ഷെ അങ്ങനെ ആരും ചെയ്യുകയില്ലല്ലോ?

ഏതായാലും ഞാന്‍ എഴുതിയതാണെന്നല്ലേ കാണുന്നത്? പ്രസിദ്ധീകരിക്കാം.

ഞാന്‍ ആദ്യം കണ്ട പുസ്തകപ്രസിദ്ധീകരണശാലയില്‍ കയറി. മാനേജരെ കണ്ടു. കാര്യം പറഞ്ഞു. കയ്യെഴുത്തുപ്രതി   കൊടുത്തു.

അദ്ദേഹം കയ്യെഴുത്തുപ്രതിയുടെ ആദ്യത്തെ പേജ് നോക്കി. പിന്നീട് അവസാനത്തേതും. പേജുകള്‍ക്ക് നമ്പര്‍ ഇട്ടിരിക്കുന്നത് അപ്പോഴാണ്‌ ഞാന്‍ ശ്രദ്ധിച്ചത്.


മാനേജര്‍ കാല്‍കുലേറ്ററില്‍ എന്തൊക്കെയോ കണക്ക് കൂട്ടി.

"ഒരു ലക്ഷത്തിപതിനായിരം രൂപ അടയ്ക്കണം." അദ്ദേഹം പറഞ്ഞു.

ഞാന്‍ ഞെട്ടിപ്പോയി. തല്‍ക്കാലം പത്തുരൂപാ പോലും കയ്യിലില്ല. ശ്രമിച്ചാല്‍ പതിനായിരം വരെ ശരിയാക്കാന്‍ കഴിഞ്ഞേക്കും. പക്ഷെ ബാക്കി ഒരു ലക്ഷം?

ഞാന്‍ കാര്യം തുറന്നു പറഞ്ഞു.

"വേണമെങ്കില്‍ പതിനൊന്നു ഭാഗങ്ങളായി പ്രസിദ്ധീകരിക്കാം." അദ്ദേഹം സഹതാപത്തോടെ എന്നെ നോക്കി. ഓരോ ഭാഗവും ഇറങ്ങുന്നതിനു മുന്‍പ്‌ പതിനായിരം രൂപാ അടയ്ക്കണം. അത്രയേ വേണ്ടു."

അപ്പോഴാണ്‌ ഞാന്‍ ഒരു കാര്യം ഓര്‍ത്തത്‌. പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ്‌ അതിലെന്താണ് എഴുതിയിരിക്കുന്നതെന്ന് നോക്കുകപോലും വേണ്ടേ ഇവര്‍ക്ക്?

എന്‍റെ സംശയം ഞാന്‍ അദ്ദേഹത്തോട്‌ ചോദിച്ചു.

സഹതാപത്തോടെ അദ്ദേഹം എന്നെ നോക്കി. എന്നിട്ട് വിശദീകരിക്കുന്ന സ്വരത്തില്‍ മൊഴിഞ്ഞു.

"പേര് കേട്ടാല്‍ ഉള്ളടക്കം ഞങ്ങള്‍ക്ക് മനസ്സിലാകും. ഇരുപത്തിയഞ്ചു വര്‍ഷമായി ഈ രംഗത്തുതന്നെയല്ലേ?"

അതുകൊണ്ട് ഈ കഴിവ്‌ എങ്ങനെയുണ്ടാകും എന്ന് ചോദിക്കണമെന്ന് തോന്നി. പക്ഷെ ചോദിച്ചില്ല. ഏതായാലും എനിക്ക് മനസ്സിലാകാന്‍ പോകുന്നില്ല. പിന്നെ എന്തിന്‌ വെറുതെ?

ഞാന്‍ വെളിയിലിറങ്ങി. അപ്പോള്‍ എന്‍റെ മുന്‍പില്‍ ഒരാള്‍! മാനത്തുനിന്ന് പൊട്ടിവീണതുപോലെ. താടിയും മീശയും വളര്‍ന്നുവളര്‍ന്നു നിലത്തുകിടന്നിഴയുന്നു! തിളങ്ങുന്ന മുഖം.

"ഇങ്ങോട്ട് തരൂ" അദ്ദേഹം കൈനീട്ടി. ഞാന്‍ കയ്യെഴുത്തുപ്രതി അങ്ങോട്ട്‌ നീട്ടി.

അദ്ദേഹം അതിന്മേല്‍ സ്പര്‍ശിച്ചു. അതോടെ ആ രൂപം മറഞ്ഞു. എന്‍റെ കയ്യില്‍ പുസ്തകത്തിന്‍റെ അച്ചടിച്ച ഒരു കോപ്പി. പേര് മഹാഭാരതം.

അപ്പോള്‍ എനിക്ക് മനസ്സിലായി. വേദവ്യാസരായിരുന്നു അത്.

ഞാന്‍ അത് തുറക്കാന്‍ തുടങ്ങുമ്പോള്‍ അകലെയെവിടെയോനിന്ന് ഒരു പ്രസംഗത്തിന്‍റെ അലകള്‍. അതിലേക്കായി എന്‍റെ ശ്രദ്ധ.

നമ്മുടെ സാഹിത്യത്തിലെ ശ്രദ്ധേയമെന്നു കരുതപ്പെടുന്ന പല കൃതികളും പല യൂറോപ്യന്‍ ഭാഷകളില്‍ നിന്നും കവര്‍ന്നെടുക്കപ്പെട്ടവയാണ്. ഉദാഹരണത്തിന്‌ മഹാഭാരതം എന്ന കവിതാപുസ്തകം. ആയിരത്തിഅഞ്ഞൂറുകളില്‍ എഴുതപ്പെട്ട പ്രസിദ്ധമായ ഒരു അര്‍മേറിയന്‍ കൃതിയുടെ അനുകരണമാണ് അത്. കൃതിയുടെ പേര് അലബാനീസ് എന്നാണെന്നാണ് എന്‍റെ ഓര്‍മ്മ. ആ കൃതി അച്ചടിച്ച് എത്രയോ വര്‍ഷം കഴിഞ്ഞ്‌ അച്ചടിക്കപ്പെട്ടതാണ് മഹാഭാരതം. അതിലെ കഥയോ? അലബാനീസിലെ അതേ കഥ. ഒരു സ്ത്രീപീഡനത്തിന്റെയും വീട്ടുവഴക്കിന്റെയും കഥ. ദുഃഖം മാത്രം മതിയെനിക്ക് എന്ന് പറഞ്ഞ ഒരു സ്ത്രീയുടെ കഥകൂടി അതില്‍ ചേര്‍ത്തിരിക്കുന്നു എന്നൊരു വ്യത്യാസം മാത്രം. അത് ഒരു മഹതിയാണത്രേ? വിചിത്രം. സുഖം മാത്രം മതി എന്നല്ലേ പറയേണ്ടത്. ഇത് വെറും ഭ്രാന്ത്‌. ഇങ്ങനെ മനുഷ്യനെ തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ അതിലെ യഥാര്‍ത്ഥകഥ പകര്‍ത്തിയതാണെന്നുള്ള സത്യം മറച്ചുവച്ചിരിക്കുന്നു. ഞാന്‍ ചോദിക്കുകയാണ്, ഇതാണോ സാഹിത്യം? 

ആരോ എന്നെ കുലുക്കിവിളിക്കുന്നു. "ഇതാ ആരോ വന്നിരിക്കുന്നു." കണ്ണുതുറന്നപ്പോള്‍ ഭാര്യ പറഞ്ഞു. "മുറ്റത്ത്‌ താടിയും മീശയും വളര്‍ത്തിയ ഒരാള്‍ നില്‍ക്കുന്നു."

പെട്ടെന്നു ഞാന്‍ കണ്ട സ്വപ്നം എന്‍റെ മനസ്സിലേക്കെത്തി.

ഇതാണോ യഥാര്‍ത്ഥ വേദവ്യാസര്‍‍? ഇദ്ദേഹമാണോ എന്നെ സ്വപ്നം കാണിച്ചത്?

ഞാന്‍ അദ്ദേഹത്തിന്‍റെ അടുത്തേക്ക്‌ ചെന്നു.

"മനസ്സിലായില്ല, അല്ലേ?" അദ്ദേഹം ചോദിച്ചു.

"സോറി, മനസ്സിലായില്ല." മടിച്ചു മടിച്ചു ഞാന്‍ പറഞ്ഞു.

അദ്ദേഹം എന്നെയും പിടിച്ചുകൊണ്ട് തിണ്ണയിലേക്ക് കയറി. അവിടെ നിന്നു.

"എന്താടോ ഇത്ര പെട്ടെന്ന് ഹമീദിനെ മറന്നുപോയോ?" അയാള്‍ ചിരിച്ചു.

അപ്പോള്‍ ആളിനെ മനസ്സിലായി. കൊച്ചിയില്‍ എനിക്കുണ്ടായിരുന്ന അടുത്ത സ്നേഹിതന്‍. ഇന്നലെയും ഞാന്‍ അയാളെപ്പറ്റി ഓര്‍ത്തതാണ്. 

പക്ഷെ അന്ന് ഇതുപോലെ താടിയും മീശയും വളര്‍ത്തിയിരുന്നില്ല.

പെട്ടെന്ന് ഞാന്‍ ഒന്നുകൂടി ഓര്‍ത്തു. അയാളെ ഞാനും സ്നേഹിതരും കളിയാക്കി വിളിച്ചിരുന്നത്‌. വേദവ്യാസര്‍‍.  മഹാഭാരതകഥയില്‍ നല്ല പരിജ്ഞാനമുള്ള ആളായിരുന്നതുകൊണ്ടാണ് അങ്ങനെ വിളിച്ചിരുന്നത്‌.

അപ്പോള്‍ ഒരു സംശയം എന്‍റെ മനസ്സിലെത്തി. വേദവ്യാസര്‍ വന്നുകഴിഞ്ഞു. ഇനി ഞാനെഴുതിയ സ്വപ്നമഹാഭാരതം കട്ടിലിന്‍റെ അടിയിലുണ്ടാകുമോ?


                   &&&&&&&&&&&&&

                                                                              കൃഷ്ണ 

 

നോട്ട്:   അര്‍മേറിയ,  അലബാനീസ് എന്നിവയെല്ലാം വെറും ഭാവനാസൃഷ്ടികളാണ്. 


 


 


 


 


 

 

5 comments:

  1. “മതവികാരം” വ്രണപ്പെടുത്തിയല്ലോ

    ReplyDelete
  2. കളിച്ചു കളിച്ചു മഹാഭാരതത്തിലാ കളി അല്ലെ? നന്നായിട്ടുണ്ട്.

    ReplyDelete
  3. ശ്രീ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ കൃതികള്‍ ഏതൊക്കെയോ ഭാഷയില്‍
    ഉള്ള കൃതികളുടെ അനുകരണം ആണെന്ന് പണ്ട് ഒരു പണ്ഡിതന്‍ പ്രസംഗിക്കുന്നത് കേട്ട ഓര്‍മ്മയിലാണ് അങ്ങനെ എഴുതിയത്. ആര്ക്കും ഞാന്‍ മഹാഭാരതത്തെ കളിയാക്കുകയാണ് എന്ന ധാരണ വരാതിരിക്കാനാണ്
    ആയിരത്തിഅഞ്ഞൂറുകളില്‍ എഴുതപ്പെട്ട പ്രസിദ്ധമായ ഒരു അര്മേനറിയന്‍ കൃതിയുടെ അനുകരണമാണ് അത് എന്ന് ചേര്ത്ത്ത്. മഹാഭാരതം യേശുവിനും മുന്പുള്ളത് അല്ലെ?
    ഡിലീറ്റ് ചെയ്യണമെങ്കില്‍ ചെയ്യാം.

    ReplyDelete
  4. ഒരു കഥ വായിച്ചാല്‍ വൃണപ്പെടുന്നതാണോ ഈ "മതവികാരം"????

    നീരജ

    ReplyDelete