Friday, May 24, 2013

ത്രിവേണി


               ത്രിവേണി

 ഇന്നോളമെന്നേ പിരിയാത്ത പൊന്മക-

നിന്നിതാ താഴെ പിണമായുറങ്ങുന്നു.

വേദനയേതുമറിയില്ലിനിയവന്‍

വേദനയെല്ലാമെനിക്കായ് പകര്‍ന്നുവോ?

എന്‍ സ്വപ്നമെല്ലാമവനായിരുന്നവ-

യൊന്നുമിനി,യെനിയ്ക്കായി ജനിക്കീല

ആദിത്യതുല്യം പ്രശോഭിച്ചതെല്ലാമൊ-

രാറടിമണ്ണിലെന്‍ മുന്നില്‍ ലയിക്കാനോ?

നിന്‍ താതനെന്നെപ്പിരിഞ്ഞൊരു ദുര്‍വിധി

നിന്‍ പുഞ്ചിരിയില്‍ മറന്നു ഞാന്‍, പക്ഷെയി-

ന്നീ,വിധിയെന്നെ തളര്‍ത്തുന്നു ദൈവമേ

ഞാനിനിയെന്തിനു ജീവിച്ചിരിക്കണം?

ഇത്ഥം വിലപിച്ചുഴറുമായമ്മതന്

മുറ്റത്തു ദു:ഖമടക്കിനിന്നൂ ജനം

ഏകമകനും പിരി,ഞ്ഞിനി പാവത്തി-

നാരുണ്ട് താങ്ങായ്, തുണയായ്‌, സ്വന്തമായ്‌

കോടീശ്വരി, യിവരെങ്കിലും സമ്പത്തു

സ്നേഹ,ബന്ധങ്ങള്‍ തന്‍ സ്വാന്തനമേകുമോ?

ഏവം മനോഗതങ്ങള്‍ക്കങ്ങിടയിലായ്‌

കേവലം ബന്ധുവായോരു വയോവൃദ്ധ-

നോര്‍മ്മയിലെന്തോ തടഞ്ഞപോല്‍ പുഞ്ചിരി-

ച്ചായതപ്പോള്‍തന്നെ ഭീതിപൂര്‍വം മറ-

ച്ചാകെയും ചുറ്റിനും വീക്ഷിച്ച നേരത്തു

ദൂരെ,യടുത്ത സുഹൃത്തിനെ കണ്ടയാ-

ളേതോ നിനച്ചുറപ്പിച്ചപോലങ്ങോട്ടു

നീങ്ങി,യടുത്തെത്തി പാണിയില്‍ സ്പര്‍ശിച്ച-

യാളെയുണര്‍ത്തി,യക്കാതിലെന്തോ ചൊല്ലി

ആയതുകേട്ടു ഞെട്ടിത്തിരിഞ്ഞാ,പുമാന്‍

ക്രോധമോടോതി നീ,യീവക വിഡ്ഢിത്ത-

മോതരുതാരോടു, മല്ലെങ്കിലീ ജനം

താഡിച്ചു താഡിച്ചു കൊന്നു നിന്‍ നേത്രങ്ങള്‍

ചൂഴ്ന്നെടുത്താ,യതു ദാനമായേകി,നി-

ന്നാഗ്രഹപൂര്‍ത്തി വരുത്തിടും നിര്‍ണ്ണയം

പാവം ഭയന്നക,ന്നായാത് കേട്ടിനി

ഞാനുരയ്ക്കില്ലല്ലോ,യീവക നന്മകള്‍

പോകാമിനി ഞാനിവിടെ നിന്നാലയാള്‍

ഏതെങ്കിലും ബന്ധുവോടിതു ചൊല്ലുകില്‍

ആയവരെന്നെ ശപിച്ചിടും നിശ്ചയം

ഞാനെന്തിനേല്‍ക്കണ, മായതേതോ ഭാഗ്യ-

ഹീനനുവേണ്ടി,യിനിചൊല്ലുകില്ല ഞാ-

നീവകയൊന്നുമൊരിക്കലുമാരോടു-

മാരെങ്കിലും സഹിച്ചോട്ടെ തന്‍ ദൈന്യത

ഞാന്‍ ദൈവമല്ലല്ലോ കാഴ്ചയേകീടുവാന്‍.      

               (2)

കാലമേറെക്കഴി,ഞ്ഞന്നൊരുനാളമ്മ

വേര്‍പെട്ട പുത്രന്‍റെയോര്‍മ്മതന്‍ വേദന

യിന്നും മറക്കാന്‍ കഴിയാത്ത മാനസ-

മൊന്നു തണുപ്പിച്ചിടാനായ്‌ പുരാണത്തി-

നേടുതോറും വൃഥാ തേടിത്തിരയവേ

കേട്ടു സ്വരം വാതിലാരോ തുറക്കുന്നു

‘ആരിതെ’ന്നുള്ളിലെ ചോദ്യത്തിനുത്തരം

തേടിയാ പാവം പുറത്തെത്തി നോക്കവേ

കണ്ടു തന്നേത്തേടിയെത്തുന്ന വൃദ്ധയെ-

ഏതോ അകന്ന ബന്ധത്തിലെ സോദരി

ഏകപുത്രന്‍ ചെറുപ്രായത്തിലേ,യന്ധ-

നായവനമ്മയ്ക്ക് കൂട്ടായുമുണ്ടല്ലോ?

പക്ഷേയിതെന്തോരതിശയമിന്നവര്‍

ദുഃഖഭാവങ്ങളെല്ലാമേ മറന്നപോല്‍

സോദരി മെല്ലെയടുത്തെത്തിയമ്മതന്‍

പാണിദ്വയം ഗ്രഹിച്ചാനന്ദമോടോതി

‘എന്‍ മകനിന്നന്ധനല്ലല്ലൊ ദേവിയോ-

ടെന്‍ പ്രാര്‍ത്ഥനകള്‍ സഫലമായ്‌ തീര്‍ന്നല്ലോ?

എങ്ങനെയെന്നറിയൂ നീ,യൊരുനാളി-

ലെന്നെത്തിരഞ്ഞെത്തി, യജ്ഞാതനായൊരാള്‍

പാതവക്കത്തു ഭിക്ഷാടകക്കൂട്ടത്തി-

ലേതോ ഒരാളന്നു കാലനൂര്‍ പൂകിത-

ങ്ങായവന്‍ തന്‍റെ മാതാവു തിരയുന്നു

നാള്‍തോറുമേ ഭിക്ഷയേകുന്ന നിങ്ങളെ

ഞാനോടിയെത്തിയപ്പോള്‍ കണ്ടവള്‍ പുത്ര-

ദേഹമുടലോടു ചേര്‍ത്തുപിടിച്ചശ്രു-

ധാരയൊഴുക്കുന്നു, തേങ്ങിക്കരയുന്നു,

തന്മകനന്ത്യമായ് മുത്തങ്ങളേകുന്നു

ഞാന്‍ ചാരെയെത്തി,യപ്പോളെഴുന്നേറ്റവള്‍

എന്നടുത്തെത്തി,യെന്‍ കണ്ണീര്‍ തുടച്ചിട്ടു

ചൊന്നതുകേട്ടു ഞാന്‍ സ്തബ്ധയായ്‌ നിന്നുപോയ്‌

ഇങ്ങനെയമ്മമാര്‍ വേറെയുണ്ടാകുമോ?

‘എന്മകനെന്നും പറഞ്ഞിരുന്നമ്മെ നിന്‍

പുത്രനു കാഴ്ചയേകേണമേ ദൈവമേ

ആയതിനായിരിയ്ക്കാമിന്നവന്‍ തന്‍റെ

ദേഹമുപേക്ഷിച്ചു പോയതുപോലുമേ

വേഗമെന്‍ പുത്രന്‍റെ നേത്രമതേകീട്ടു

നീ നിന്‍റെ പുത്രനു കാഴ്ചയേകേണമേ

ആ മകനെന്‍ പൊന്മകനാകുമില്ലയോ

ഞാനെന്നുമെന്നു,മാകണ്ണുകള്‍ കാണുമ്പോള്‍’

ആയത് ചിന്തിച്ചു ഞാന്‍ നില്കെയായവള്‍

വീണ്ടു,മത്യാദരപൂര്‍വകം ചൊല്ലിനാള്‍

‘വേണമെനിയ്ക്കിനി വേറെയൊരാശ്രയം

പാവമീ വൃദ്ധയ്ക്കു മറ്റാരുമില്ലല്ലോ?

എന്‍ മകന്‍ തന്‍ വൃക്കകള്‍ കൊടുത്താലൊരാള്‍

വേദനമാറി,യുന്മേഷവാനാകുകില്‍

ആയതിനുള്ളതെല്ലാമമ്മ ചെയ്യണം

പാരമ,തെന്മകനും ശാന്തിയേകിടും

എന്മകന്‍ പോയതു സത്യമെന്നാകിലും

ഇന്നീവിധം ചെയ്തിരുന്നാലെനിയ്ക്കതു

രണ്ടു പൊന്മക്കളെ സ്വന്തമായേകിടും

ആയവരെന്നെ മാതാവായ്‌ ഗണിച്ചിടും’

അങ്ങനെയെന്മകന്‍ ആയമ്മതന്‍ മഹാ-

ദാനമായ്‌ കാഴ്ചലഭിച്ചത് മാത്രമ-

ന്നമ്മമാര്‍ രണ്ടായവ,ന്നതുമല്ലവള്‍-

ക്കിന്നുണ്ടു രണ്ടു പുത്രന്മാര്‍ സ്വപുണ്യമായ്‌

അങ്ങിനെ ഞാനിന്നു വന്നു, നിന്നേയെന്‍റെ

പൊന്നുമോന്‍ ഇന്നാദ്യമായൊന്നു കണ്ടോട്ടെ

യാത്രപറഞ്ഞു പിരിഞ്ഞു സഹോദരി-

യായത് പാര്‍ത്തിരു,ന്നമ്മതന്‍ നെഞ്ചകം

നഷ്ടബോധത്തിന്‍റെ തീക്കനലില്‍ നീറി,

നീറിപ്പുകഞ്ഞെരി,ഞ്ഞത്യന്ത ദീനമായ്‌

ആരുമെന്തേയിത,ന്നെന്നോടു ചൊല്ലീല?

ഞാനും നിനച്ചീല,യീയൊരു പോംവഴി-

യല്ലെങ്കിലിന്നെനിക്കും ലഭിച്ചേനെയെന്‍

കണ്ണുകളായി രണ്ടോമനമക്കളെ

പാവമവള്‍ വെറും ഭിക്ഷുകിയെങ്കിലും

ആയവള്‍ക്കായി ലഭിച്ചതു സ്വര്ഗമാ-

ണിപ്പുറം ഞാനൊരു ഭിക്ഷുകിയെപ്പോലെ-

യല്പ്പസ്നേഹത്തിനായ്‌ കുമ്പിളുമായ് നില്പൂ

കഷ്ടമെന്തേ, എനി,യ്ക്കീ ബുദ്ധി തോന്നീല?

അല്പജ്ഞ ഞാന്‍ ഇതു പണ്ടേ ഗ്രഹിച്ചീല?

വേര്‍പാട് വേദന,യെങ്കിലു,മായതു

ദാനത്തിലൂടൊരു നിര്‍വൃതിയാക്കിടാം

===================================

                                              കൃഷ്ണ

 

 

 

 

4 comments:

  1. കവിത മനോഹരമായിരിയ്ക്കുന്നു
    മഹത്തായ സന്ദേശവുമുണ്ട്

    ഏതോ അകന്ന ബന്ധത്തിലെ സോദരി
    എന്ന വരി തെറ്റില്ലെയെങ്കിലും കവിതയുടെ ആകെയുള്ള മനോഹരത്വത്തെ അല്പം ബാധിച്ചു എന്ന് തോന്നി. മറ്റുള്ള വരികളിലൊക്കെ കവിത്വമുണ്ട്. എന്നാല്‍ ഈ വരി ഒരു സാധാരണ ഡയലോഗ് പോലെ മുഴച്ചുനില്‍ക്കുന്നു.

    ആശംസകള്‍

    ReplyDelete
    Replies
    1. ഏതോ അകന്ന ബന്ധത്തിലെ സോദരി ശരിയായില്ലെന്ന് എനിക്കും തോന്നിയതാണ്. പക്ഷെ അത് ശരിയാക്കുന്ന കാര്യം പിന്നെ മറന്നുപോയി.

      Delete
  2. എത്ര കഠിനമായ വേദനക്കൊടുവിലും ഒരു മഹത്കർമം കൊണ്ട് വേദന മറക്കാൻ കഴിയും എന്ന് ഹൃദയഭേദകമായി അവതരിപ്പിച്ചു വളരെ മനോഹരമായ സന്ദേശം പകര്ന്നു നല്കി

    വളരെ നന്നായി ആശംസകൾ

    ReplyDelete
  3. നമ്മൾ നിസ്സാരമെന്നു കരുതുന്ന,പലതിന്റേയും വില,കോടികൾ(പണം) കൊണ്ട് അളക്കാവുന്നതല്ല തന്നെ.

    എന്നിട്ടും, ദൈവം നമ്മെയെല്ലാം എത്ര മാത്രം കരുതുന്നുവെന്ന് നാമറിയുന്നില്ല. അറിഞ്ഞാലും അതത്ര കാര്യമാക്കുന്നില്ല..!!

    നല്ല കവിത.

    ശുഭാശംസകൾ....

    ReplyDelete