Sunday, June 9, 2013

വിവരാവകാശനിയമം


             വിവരാവകാശനിയമം

 രാഷ്ട്രീയപ്രവര്‍ത്തനത്തെ വിവരാവകാശനിയമത്തിന്‍റെ പരിധിയില്‍ കൊണ്ടുവരുന്നതിനെ മിക്കവാറും എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും എതിര്‍ക്കുകയാണല്ലോ. രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ രഹസ്യമായി വയ്ക്കേണ്ട പലതും ഉണ്ടാകുമെന്നും അതെല്ലാം പരസ്യപ്പെടുത്തിയാല്‍ അത് പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നുമാണ് അവരുടെ വാദം. അതായത് പൊതുജനങ്ങളുടെ വോട്ടുവാങ്ങി ഭരണത്തിലേറുന്നവര്‍ക്ക് പൊതുജനങ്ങളില്‍ നിന്ന് മറച്ചുവയ്ക്കേണ്ട പലതും ഉണ്ടാകും എന്നര്‍ത്ഥം.


ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍റെയും വ്യക്തിപരമായ കാര്യങ്ങള്‍ - ഉദാഹരണത്തിന് ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്തുകൊണ്ട് വിവാഹിതനായില്ല എന്ന കാര്യം – വിവരാവകാശനിയമത്തിന്‍റെ പരിധിയില്‍ പെടുത്തി ആരും ചോദ്യം ഉന്നയിക്കാന്‍ ഇടയില്ല. വേണമെങ്കില്‍ ആ വക കാര്യങ്ങള്‍ വിവരാവകാശനിയമത്തിന്‍റെ പരിധിക്ക് പുറത്താണെന്ന് നിയമത്തില്‍തന്നെ ഉള്‍പ്പെടുത്താവുന്നതുമാണ്. പക്ഷെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ മാത്രം ഏര്‍പ്പെട്ടിരിക്കുന്ന ഒരാള്‍ കണക്കില്‍ കവിഞ്ഞ സ്വത്ത് എങ്ങനെയുണ്ടാക്കി എന്ന് ആരെങ്കിലും അന്വേഷിച്ചാല്‍ അത് വെളിപ്പെടുത്താന്‍ നിവര്‍ത്തിയില്ല എന്ന് പറഞ്ഞൊഴിയാന്‍ കഴിയില്ലല്ലോ?


പാര്‍ട്ടിയെ സംബന്ധിച്ച പല കാര്യങ്ങളും രഹസ്യമാണ് എന്നും ആയതിനാല്‍ വെളിപ്പെടുത്താന്‍ കഴിയില്ല എന്നുമാണല്ലോ രാഷ്ട്രീയപ്പാര്‍ട്ടികളെ വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ കൊണ്ടുവരുന്നതിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്. പക്ഷെ അങ്ങനെ പറയുന്നവര്‍ പാര്‍ട്ടി എന്നാല്‍ ഭാരതത്തിലെ ജനങ്ങള്‍ തന്നെയാണെന്നും അവരുടെ വോട്ടും പിന്തുണയും ഇല്ലാത്തിടത്തോളം ഒരു പാര്‍ട്ടിക്കും നിലനില്‍പ്പില്ല എന്നും മറക്കുന്നു. അപ്പോള്‍ പാര്‍ട്ടിക്ക് പൊതുജനങ്ങളില്‍ നിന്നും മറച്ചു വയ്ക്കേണ്ട പലതുമുണ്ട് എന്ന് അവകാശപ്പെടുന്നതിന്‍റെ അര്‍ത്ഥം പാര്‍ട്ടിയും ജനങ്ങളും വ്യത്യസ്തമാണ് എന്നല്ലേ? അപ്പോള്‍ പിന്നെ പാര്‍ട്ടിയുടെ പേര് പറഞ്ഞ് വോട്ടുചോദിക്കുന്നതും തെറ്റാകില്ലേ?


  രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഈ നിലപാട് മറ്റൊന്നുകൂടി വ്യക്തമാക്കുന്നു. രാഷ്ട്രീയസുതാര്യത എന്നാല്‍ ഇവിടുത്തെ നേതാക്കന്മാര്‍ക്ക് അര്‍ത്ഥമില്ലാത്ത വെറുമൊരു വാക്കുമാത്രമാണ്. അവര്‍ പലതും ജനങ്ങളില്‍ നിന്നും മറയ്ക്കുന്നു. അതിന്‍റെയര്‍ത്ഥം തങ്ങള്‍ വോട്ടുചെയ്യുന്ന പാര്‍ട്ടിയെപ്പറ്റിയുള്ള എല്ലാ സത്യങ്ങളും അറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്കില്ലെന്നു രാഷ്ട്രീയക്കാര്‍ കരുതുന്നു എന്നല്ലേ? അപ്പോള്‍ പിന്നെ ജനങ്ങള്‍ അവര്‍ക്ക് എന്തിനു വോട്ടുചെയ്യണം?


അതുകൊണ്ട് നമുക്ക് ഒന്നുചെയ്യാം. ജനങ്ങളുടെ മുന്‍പില്‍ മറച്ചുവയ്ക്കാന്‍ രഹസ്യങ്ങളില്ലാത്ത പാര്‍ട്ടികള്‍ക്കുമാത്രം വോട്ടു ചെയ്യാം. 


                                      &&&&&&&&&&&&&&&

കൃഷണ

  

3 comments:

  1. സംഗതി ഒക്കെ കൊള്ളാം. പക്ഷെ രാഷ്ട്രീയക്കാര്‍ എല്ലാവരും ചേര്‍ന്ന് ഒരു ജോയിന്‍റ് കൊട്ടേഷന്‍ സംഘത്തെ സാറിന്‍റെ അടുത്തോട്ടു വിടാനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല. ഇക്കാര്യത്തിലും അവരുടെ ആനുകൂല്യങ്ങള്‍ ഇരട്ടിയായി വര്‍ദ്ധിപ്പിക്കുന്നതിലും മറ്റും ഇവര്‍ക്കു കൊടിക്ക് നിറഭേദം ഇല്ല; ഐകകണ്ഠേന പാസ്സാക്കി കളയും!! ഹഹഹഹ...

    ReplyDelete
  2. പാർട്ടികൾ എല്ലാം കണക്കാ............

    ReplyDelete
  3. വിശുദ്ധരഹസ്യങ്ങള്‍

    ReplyDelete