Saturday, September 28, 2013

സത്യം ബ്രൂയാത്

                                          സത്യം ബ്രൂയാത്    സത്യം ബ്രൂയാത്, പ്രിയം ബ്രൂയാത്, ന ബ്രൂയാത് സത്യമപ്രിയം. (സത്യം പറയണം, പ്രിയമായി പറയണം, അപ്രിയസത്യം പറയരുത്).  ഏതോ മഹല്‍ഗ്രന്ഥത്തില്‍ നിന്നുള്ള ഈ ഉദ്ധരണി കേള്‍ക്കുമ്പോഴെല്ലാം എനിക്ക് വാസവനെയാണ് ഓര്‍മ്മവരിക. വര്‍ഷങ്ങള്‍ക്കുമുന്‍പ് എന്നോടൊപ്പം ജോലി ചെയ്തിരുന്ന വാസവന്‍.


ഒരുദിവസം എന്തോ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ വാസവന്‍ പറഞ്ഞു."ഈ ഒരു ചെറിയ കള്ളം ഞാന്‍ പറയണം എന്നാണ് അയാള്‍ നിര്‍ബന്ധിക്കുന്നത്‌. പക്ഷെ ഞാന്‍ എന്തുചെയ്യും? എന്നെക്കൊണ്ട് കള്ളം പറയാന്‍ ആകില്ല."

"അതെന്താ? താന്‍ ഹരിശ്ചന്ദ്രന്‍റെ മോനോ മറ്റോ ആണോ?" തമാശയായി ഞാന്‍ ചോദിച്ചു.

"ഒരുപക്ഷെ എനിക്കുണ്ടായപോലെ ഏതോ അനുഭവം ഉണ്ടായതുകൊണ്ടാവാം ഹരിശ്ചന്ദ്രനും കള്ളം പറയാന്‍ കഴിയാതിരുന്നത്." വളരെ സീരിയസ് ആയാണ് വാസവന്‍ പറഞ്ഞത്.

"എന്താ തന്‍റെ അത്ര വല്യ അനുഭവം.?"

"അങ്ങനെയൊന്നുമില്ല. ഒരു ചെറിയ സംഗതി. ഇന്നാലോചിക്കുമ്പോള്‍ ഒരു പ്രാധാന്യവും ഇല്ലാത്ത ഒരനുഭവം. പക്ഷെ അനുഭവം ഗുരു എന്നു പറയുന്നതുപോലെയായി. അതിനുശേഷം കള്ളം പറയുക എന്നൊന്ന് എനിക്ക് ചിന്തിക്കാന്‍കൂടി  കഴിയാതായി."

"എന്തായിരുന്നു ആ കാര്യം?" വര്‍ദ്ധിച്ച താല്‍പ്പര്യത്തോടെ ഞാന്‍ ചോദിച്ചു.

"ഞാന്‍ മിഡില്‍ സ്കൂളില്‍ പഠിക്കുമ്പോഴായിരുന്നു അത് നടന്നത്. അന്നൊക്കെ ഉച്ചയാകുമ്പോള്‍ സ്കൂളിനടുത്തുള്ള മൈതാനത്തില്‍ ഒരു കച്ചവടക്കാരന്‍ വരുമായിരുന്നു. ഒരു കപ്പലണ്ടിക്കച്ചവടക്കാരന്‍. വെറും കച്ചവടക്കാരനല്ല. ഭാഗ്യപരീക്ഷണവും കച്ചവടവും ഒന്നിച്ച്."

"അതെങ്ങനെ?"

"തടികൊണ്ടുള്ള ഒരു ചക്രം. അതിന്‍റെ വക്കില്‍ കനം കുറഞ്ഞ ലോഹക്കഷണങ്ങള്‍ പിടിപ്പിച്ചിരിക്കുന്നു. അവക്കിടയില്‍ കുറെ അക്കങ്ങള്‍. ഒന്നുമുതല്‍ മുപ്പതു വരെയായിരുന്നെന്നു തോന്നുന്നു. നടുവില്‍ നിന്ന് നീണ്ടുനില്‍ക്കുന്ന,  തട്ടിക്കൊടുത്താല്‍ വക്കിലെ  ലോഹക്കഷണങ്ങളില്‍ തട്ടിത്തട്ടി കുറെ നേരം കറങ്ങുന്ന അമ്പുപോലെയുള്ള ഒന്ന്. കാലണ (പഴയ തിരുവിതാംകൂറിലെ ഒരു ചെറിയ നാണയം) കൊടുത്താല്‍ അത് പിടിച്ചു കറക്കാന്‍ അനുവദിക്കും. . അതിന്‍റെ കറക്കം നില്‍ക്കുമ്പോള്‍ ഏതെങ്കിലും അക്കത്തിനു മുകളിലായിരിക്കും. ആ അക്കം എത്രയാണോ അത്രയും കപ്പലണ്ടി കിട്ടും. അങ്ങനെ ഒരു ഭാഗ്യപരീക്ഷണക്കളി."

"എന്നിട്ട്"

"ഉച്ചയ്ക്ക് ക്ലാസ്സ്‌ വിടുമ്പോള്‍ കുറെ കുട്ടികള്‍ അവിടെ കൂടും. കാലണ കയ്യിലുള്ളവര്‍ ഭാഗ്യപരീക്ഷണം നടത്തും. കച്ചവടക്കാരന്‍ ഇടക്കിടെ അശ്ലീലം കലര്‍ത്തിയ പാരഡികള്‍ പാടും. കുട്ടികള്‍ അത് ആസ്വദിക്കും."

"തനിക്കും കാശുപോയിക്കിട്ടിയോ?"

"എവിടെ? ഉണ്ടായിട്ടുവേണ്ടേ പോയിക്കിട്ടാന്‍? പക്ഷെ കപ്പലണ്ടി  തിന്നാനുള്ള ആഗ്രഹം വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍..."

"ഒടുവില്‍?"

"അയാളുടെ ഭാഗ്യചക്രത്തിന്റെ ഒരു സൈഡില്‍ ഒരു പലകത്തട്ടുണ്ടായിരുന്നു. അതിലാണ് അയാള്‍ കപ്പലണ്ടി വെക്കുന്നത്.  കളിക്കുന്നവര്‍ക്ക് അതില്‍ നിന്നെടുത്ത് എണ്ണിക്കൊടുക്കും. കാണാന്‍ നില്‍ക്കുന്നവര്‍ അതിനോട് ചേര്‍ന്നാണ് കൂട്ടംകൂടി നില്‍ക്കുക.


ഒരു ദിവസം ഞാന്‍ കണ്ടു. ഒരു കുട്ടി അതില്‍ നിന്ന് ആരും കാണാതെ ഒരു കപ്പലണ്ടി എടുക്കുന്നു! അതും കൊണ്ട് അവന്‍ പോകുന്നു."

"എന്നിട്ട്?"

"അവന്‍ നിന്ന സ്ഥാനത്തേക്ക് ഞാന്‍ മാറി നിന്നു. എന്നിട്ട് ചുറ്റുമുള്ളവരെ നോക്കി. അവരെല്ലാം കളിയില്‍ മുഴുകി നില്‍ക്കുകയാണ്. പതുക്കെ ഞാന്‍ പലകത്തട്ടില്‍ നിന്ന് രണ്ടു കപ്പലണ്ടി എടുത്തു. പക്ഷേ...?"

"എന്തുപറ്റി?"

"ഞാന്‍ കയ്യ് പിന്നോട്ടെടുത്തതും ആരോ എന്‍റെ കയ്യില്‍ പിടികൂടി. നോക്കിയപ്പോള്‍ കച്ചവടക്കാരന്‍."

"അയ്യേ?"

"ഇതാണല്ലേ പരിപാടി എന്ന് അയാള്‍ ചോദിച്ചത് എല്ലാവരും കേട്ടു. എല്ലാവരോടുമായി മോഷണക്കഥ അയാള്‍ വിശദീകരിച്ചു. ആകെ നാണക്കേട്. ഇനി എല്ലാവരും ഇതറിയും.  സാറന്മാരും അറിയും. ആരെങ്കിലും പറഞ്ഞ് വീട്ടിലും അറിയും. കപ്പലണ്ടിക്കള്ളന്‍ എന്ന് പേരും വീഴും.


ഞാന്‍ ചുറ്റിനും നോക്കി. എന്തോ ഭാഗ്യത്തിന് എന്‍റെ ക്ലാസ്സിലെ ആരുംതന്നെ അപ്പോള്‍ അവിടെ ഉണ്ടായിരുന്നില്ല. എന്‍റെ ക്ലാസ്സിലെ ഒരു കുട്ടി പിറ്റേദിവസം അതിനെപ്പറ്റി തമാശമട്ടില്‍ ചോദിച്ചതൊഴിച്ചാല്‍ ആരും അത് അറിഞ്ഞ മട്ടും കണ്ടില്ല."


"പിന്നെന്താ പ്രശ്നം?"

"പ്രശ്നം എന്‍റെ മനസ്സിലാണുണ്ടായത്. അതിനുശേഷം എന്തെങ്കിലും കള്ളം പറയാന്‍ ചിന്തിക്കുമ്പോഴൊക്കെ ആ രംഗവും അന്ന് തോന്നിയ നാണക്കേടും മനസ്സിലെത്തും."

"അപ്പോള്‍ അതാണ്‌ കാര്യം, ഇല്ലേ? എടോ, ഈ ലോകത്തുജീവിക്കാന്‍ വല്ലപ്പോഴും ഒക്കെ കള്ളം പറഞ്ഞേ മതിയാകൂ. താന്‍ അതൊക്കെ മറക്ക്."

"പക്ഷേ പറ്റുന്നില്ലല്ലോ?"

"കള്ളം പറയാതിരിക്കുന്നത് നല്ലതുതന്നെ. പക്ഷെ അത് ഒരു OBSESSION ആകരുത്. അത് അപകടമാണ്."

"പക്ഷെ എനിക്ക് എന്തെങ്കിലും കള്ളം മനസ്സില്‍ ആലോചിക്കുമ്പോഴേക്കും ആരോ എന്‍റെ വിരലില്‍ പിടിക്കുന്നതുപോലെ തോന്നും. അതോടെ ചിന്തിക്കാന്‍ പോലും കഴിയാതെയാകും." 

ഇയാളെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും?

"താന്‍ തിരുവള്ളുവരെപ്പറ്റി കേട്ടിട്ടുണ്ടോ? തമിഴിലെ കവിയായ ഋഷി."

"കേട്ടിട്ടുണ്ട്."

അദ്ദേഹം പറഞ്ഞത് എന്തെന്ന് അറിയാമോ? മറ്റൊരാള്‍ക്ക് ഉപദ്രവം ഉണ്ടാക്കാത്തതെല്ലാം സത്യമാണ്."

"പക്ഷെ എനിക്ക്..."

"താന്‍ ഞാന്‍ പറഞ്ഞത് ചിന്തിച്ചുനോക്ക്. ശരിയാകും."

തിരിച്ചുപോരുമ്പോള്‍ ഞാന്‍ ആലോചിച്ചു. ന ബ്രൂയാത് സത്യമപ്രിയം എന്നുപറയുന്നതിന് ആര്‍ക്കെങ്കിലും കുഴപ്പം ഉണ്ടാകുന്ന സത്യം പറയരുത് എന്നുകൂടി അര്‍ത്ഥം കാണില്ലേ?  


                             &&&&&&&&&&&


കൃഷ്ണ

4 comments:

  1. സ്നേഹത്തില്‍ സത്യം സംസാരിക്ക!

    ReplyDelete
  2. മറ്റൊരാള്‍ക്ക് ഉപദ്രവം ഉണ്ടാക്കാത്തതെല്ലാം സത്യമാണ്."

    ReplyDelete
  3. Apriya sathyangal parayaruthu....

    ReplyDelete