Friday, November 29, 2013

ഫ്ലക്സ് ബോര്‍ഡുകള്‍


അടുത്ത കാലത്തായി കാണുന്ന ഒരു പ്രവണതയാണ് റോഡരുകിലെല്ലാം ഫ്ലക്സ് ബോര്‍ഡുകള്‍/സാധാരണ ബോര്‍ഡുകള്‍ മുതലായവ പ്രദര്‍ശിപ്പിക്കുക എന്നത്. കൂടുതലും രാഷ്ട്രീയക്കാരുടെ ബോര്‍ഡുകളാണ്.


ഒരാളിന് അയാളുടെ പാര്‍ട്ടി എന്തെങ്കിലും സ്ഥാനം നല്‍കി എന്നിരിക്കട്ടെ. അത് അവരുടെ ഉള്‍പ്പാര്‍ട്ടിക്കാര്യം. ഇന്ത്യയിലെ എല്ലാ പാര്‍ട്ടികള്‍ക്കും ആകെ ജനസംഖ്യയുടെ അന്‍പതില്‍ താഴെ ശതമാനം മാത്രമേ പ്രാതിനിധ്യം ഉള്ളൂ എന്ന നിലക്ക് - അല്ലെങ്കില്‍ പിന്നെ ഇവിടെ ഇത്രയേറെ പാര്‍ട്ടികള്‍ എങ്ങനെ നിലനില്‍ക്കുന്നു? കുറെ വോട്ടെങ്കിലും നേടാത്ത സ്ഥാനാര്‍ഥികളില്ല, നാലഞ്ചു സ്ഥാനാര്‍ഥികള്‍ ഇല്ലാത്ത മണ്ഡലങ്ങളും ഇല്ല - ഒരാളുടെ പാര്‍ട്ടിയിലെ സ്ഥാനം ആ പാര്‍ട്ടിയുടെ മാത്രം പ്രശ്നമാണ്. അത് ആ പാര്‍ട്ടിക്കാര്‍ക്ക് അറിയുകയും ചെയ്യാം. പിന്നെ എന്തിന് അയാള്‍ക്കുള്ള അഭിനന്ദനം - എന്തിനാണ് അഭിനന്ദിക്കുന്നതെന്ന് പാര്‍ട്ടിക്കാര്‍ക്ക് മാത്രമറിയാം. സേവനം ചെയ്യാന്‍ അവസരം കിട്ടിയതിനു ആണെങ്കില്‍ അതിനു എന്തിനാണ് അഭിനന്ദനം? സേവനം ചെയ്യാന്‍ സ്ഥാനം വേണമെന്നില്ലല്ലോ?

Tuesday, November 26, 2013

മാന്ത്രികസ്സോപ്പ്

 മാന്ത്രികസ്സോപ്പ്


ഔതക്കുട്ടി & കമ്പനിയുടെ സെയില്‍സ് മാനേജര്‍ ആയിരുന്നു കേശവന്‍നായര്‍. മുതലാളിയും ഭാര്യയും രണ്ടു പെണ്‍മക്കളുമാണ് കമ്പനിയുടെ ഉടമസ്ഥര്‍.


കമ്പനിയിലെ ജോലിക്കാരെ നിരന്തരം ശകാരിക്കുകയാണ് മുതലാളിയുടെ പ്രധാന ജോലി. കമ്പനിക്കാര്യങ്ങള്‍ നോക്കി നടത്തുന്നത് മൂത്തമകള്‍ ക്ലാര.

     

മുതലാളിയുടെ ശകാരത്തെ കേശവന്‍നായര്‍ ഒട്ടും ഭയപ്പെട്ടിരുന്നില്ല. അതൊക്കെ അങ്ങിനെ കിടക്കും. ഞാന്‍ ശ്രമിക്കാഞ്ഞിട്ടല്ലല്ലോ വില്‍പ്പന കൂടാത്തത്?


ഭയം മുഴുവന്‍ ക്ലാരയെയാണ്.


ഒരുനാള്‍ കേശവന്‍നായര്‍ ക്ലാരയുടെ ഓഫീസിലേക്ക് വിളിക്കപ്പെട്ടു.


അകത്തുകയറി പത്തുമിനിട്ടിനുള്ളില്‍ കതകു വലിച്ചുതുറന്ന് കേശവന്‍നായര്‍ ഓടിയകന്നതു കാണാന്‍ അടുത്തെങ്ങും ആരുമുണ്ടായിരുന്നില്ല. പക്ഷെ ക്ലാരയുടെ നാവില്‍നിന്നും തെറിച്ച വാക്കുകള്‍ കേള്‍ക്കാന്‍ കേശവന്‍നായര്‍ ഉണ്ടായിരുന്നു.

"ആണും പെണ്ണും കെട്ട മൊശകോടന്‍. ഫൂ."

അതോ അങ്ങിനെ കേട്ടെന്നു അയാള്‍ക്ക് തോന്നിയതാണോ?

ഏതായാലും അതെല്ലാം മറക്കാന്‍ അയാള്‍ ശ്രമിച്ചു. വിജയിച്ചെന്നു കരുതി.

ക്ലാരയെ കഴിവതും ഒഴിവാക്കി. വെറുതെ എന്തിനാ പൊല്ലാപ്പ്?

പക്ഷെ നാദങ്ങള്‍ ടേപ്പിനുള്ളില്‍ മയങ്ങിക്കിടന്നു.

കടലിന്‍റെ അഗാധതയിലെ കുടത്തിനുള്ളിലെ ഭൂതമെന്നതുപോലെ.

Friday, November 22, 2013

സ്വപ്നഗീത (കവിത)

     സ്വപ്നഗീത


മരണത്തിനെന്തിത്ര ക്രൂരഭാവം കൃഷ്ണ?

അതിനെ നീയറിയില്ല, യത്രമാത്രം.


ജനനത്തിലെന്തിന്നു രോദനം ശ്രീകൃഷ്ണ?

അത് കര്‍മ്മഫലഭീതി, യത്രമാത്രം.


മനസ്സിന്നടിത്തട്ടി, ലജ്ഞാതദുഃഖങ്ങള്‍

തിരകളായുയരുന്നതെന്തു കൃഷ്ണ?


തിരയല്ല, ഭീതിയാ,ലുള്ളം കലങ്ങുമ്പൊ-

ഴുയരുന്ന ബുദ്ബുദശ്രേണി മാത്രം.


അത് മാറുവാനെന്തു ചെയ്യണം ഞാന്‍ കൃഷ്ണ?

അലസത വെടിഞ്ഞീടു,കത്രമാത്രം

Friday, November 8, 2013

അമ്മയുടെ പൊന്നുമകന്‍ (കഥ)

അമ്മയുടെ പൊന്നുമകന്‍

അമ്മുക്കുട്ടിയുടെ ഒരേ ഒരു മകന്‍ മരിച്ചു. ഇരുപത്തിനാലു വയസ്സ് പ്രായമേ ഉണ്ടായിരുന്നുള്ളൂ അവന്.

അവന് മൂന്നുവയസ്സുമാത്രം പ്രായമുള്ളപ്പോഴാണ് അവന്‍റെ അച്ഛന്‍ മരിച്ചത്. അത് അമ്മുക്കുട്ടിക്ക് താങ്ങാനാകാത്ത ദുഃഖം  ആയിരുന്നെങ്കിലും അതിനെ അതിജീവിക്കാന്‍ കഴിഞ്ഞത് മകനിലൂടെയാണ്. അവന്‍റെ കളിയും ചിരിയുമെല്ലാം അവരെ സമാധാനിപ്പിച്ചു. ഭര്‍ത്താവ് മരിച്ചപ്പോള്‍ കിട്ടിയ തുകയെല്ലാം സ്വരൂപിച്ചു ബാങ്കിലിട്ടു. അതിന്‍റെ പലിശകൊണ്ട്‌ മകനെ വളര്‍ത്തി. പഠിപ്പിച്ചു. എന്‍ജിനീയറിംഗ് പാസ്സായതിനുശേഷം. തനിക്ക് യോജിച്ച ജോലി അന്വേഷിക്കുകയായിരുന്നു അവന്‍. ഗള്‍ഫില്‍ പോകാന്‍ അവസരം വന്നെങ്കിലും അമ്മയെ ഒറ്റയ്ക്കാക്കിയിട്ട് പോകാനുള്ള  മടി കാരണം ആ പരിപാടി ഉപേക്ഷിച്ചു.


ആ മകനാണ്......


അമ്മുക്കുട്ടിയുടെ സന്തോഷമെല്ലാം അതോടെ അവസാനിച്ചു. ഒരു ഭ്രാന്തിയെപ്പോലെ അവര്‍ കഴിഞ്ഞു. ആഹാരം വല്ലപ്പോഴും മാത്രം