“സേവകന്‍ “
എന്ന പദത്തിന്റെ അര്‍ത്ഥം യജമാനന്‍ എന്നാണോ?
ഒരു ജനാധിപത്യരാജ്യത്തെ
കാര്യങ്ങള്‍ ഭരണഘടന അനുശാസിക്കുന്ന പ്രകാരം നടത്തുക എന്ന ജോലി പൊതുജനങ്ങളാല്‍ ഏല്‍പ്പിച്ചു
കൊടുക്കപ്പെടുന്നവരാണ് എം.പി./എം.എല്‍.എ./മന്ത്രി
മുതലായവര്‍. ഇന്റര്‍വ്യൂവിനു ശേഷം ഒരു കമ്പനി ജോലിക്കാരെ തെരഞ്ഞെടുക്കുന്നതുപോലെ
തന്നെ വോട്ടിലൂടെ പൊതുജനങ്ങള്‍ ഇവരെ തെരഞ്ഞെടുക്കുന്നു. അതായത് “രാജ്യം
ഭരിക്കുന്നവര്‍” എന്ന് തെറ്റായി നമ്മള്‍ വിശേഷിപ്പിക്കുന്നവര്‍ എല്ലാം യഥാര്‍ത്ഥത്തില്‍
പൊതുജനങ്ങളുടെ ജോലിക്കാരാണ് എന്നര്‍ത്ഥം. ഒരു സാധാരണക്കാരന്‍ ഒരു ഓഫീസിലേക്ക്
അയാളുടെ കഴിവിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നതുപോലെ തന്നെ. കമ്പനിയുടെ
ഉടമസ്ഥരായ പൊതുജനത്തെ കാണുമ്പോള്‍ എഴുന്നേറ്റു നിന്നു ആദരിക്കേണ്ടവന്‍. കമ്പനി
തീരുമാനിക്കുന്ന ശമ്പളത്തിനും പെന്‍ഷനും മാത്രം അര്‍ഹതയുള്ളവന്‍. തന്‍റെ സ്ഥാനത്തോ
തന്നോടൊപ്പമോ ജോലിക്കാരായി സ്വന്തം ബന്ധുക്കളെ നിയമിക്കാന്‍ സ്വാതന്ത്ര്യം
ഇല്ലാത്തവന്‍. കമ്പനിയുടെ സ്വത്തു മോഷ്ടിക്കുക മുതലായ തെറ്റുകള്‍ ചെയ്‌താല്‍
ജോലിയില്‍ നിന്നു പിരിച്ചുവിടപ്പെടേണ്ടവന്‍. ശരിയല്ലേ? തര്‍ക്കമില്ലല്ലോ?
പക്ഷെ നമ്മുടെ ചുറ്റും
ഇന്ന് കാണുന്നത് എന്താണ്? ലക്ഷങ്ങള്‍ വിലപിടിപ്പുള്ള കാറില്‍ സേവകവൃന്ദം
പാഞ്ഞുപോകുമ്പോള്‍ യജമാനനായ പൊതുജനം വിയര്‍ത്തൊലിച്ചു നടക്കുന്നു. ഇല്ലെങ്കില്‍
ബസ്സിലും തീവണ്ടിയിലും കഷ്ടപ്പെട്ട് യാത്ര ചെയ്യുന്നു. ഇത് വിരോധാഭാസമല്ലേ?