Saturday, March 29, 2014

“സേവകന്‍ “ എന്ന പദത്തിന്റെ അര്‍ത്ഥം യജമാനന്‍ എന്നാണോ?


  സേവകന്‍   എന്ന പദത്തിന്റെ അര്‍ത്ഥം യജമാനന്‍ എന്നാണോ?

ഒരു ജനാധിപത്യരാജ്യത്തെ കാര്യങ്ങള്‍ ഭരണഘടന അനുശാസിക്കുന്ന പ്രകാരം നടത്തുക എന്ന ജോലി പൊതുജനങ്ങളാല്‍ ഏല്‍പ്പിച്ചു കൊടുക്കപ്പെടുന്നവരാണ്  എം.പി./എം.എല്‍.എ./മന്ത്രി മുതലായവര്‍. ഇന്റര്‍വ്യൂവിനു ശേഷം ഒരു കമ്പനി ജോലിക്കാരെ തെരഞ്ഞെടുക്കുന്നതുപോലെ തന്നെ വോട്ടിലൂടെ പൊതുജനങ്ങള്‍ ഇവരെ തെരഞ്ഞെടുക്കുന്നു. അതായത് “രാജ്യം ഭരിക്കുന്നവര്‍” എന്ന് തെറ്റായി നമ്മള്‍ വിശേഷിപ്പിക്കുന്നവര്‍ എല്ലാം യഥാര്‍ത്ഥത്തില്‍ പൊതുജനങ്ങളുടെ ജോലിക്കാരാണ് എന്നര്‍ത്ഥം. ഒരു സാധാരണക്കാരന്‍ ഒരു ഓഫീസിലേക്ക് അയാളുടെ കഴിവിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നതുപോലെ തന്നെ. കമ്പനിയുടെ ഉടമസ്ഥരായ പൊതുജനത്തെ കാണുമ്പോള്‍ എഴുന്നേറ്റു നിന്നു ആദരിക്കേണ്ടവന്‍. കമ്പനി തീരുമാനിക്കുന്ന ശമ്പളത്തിനും പെന്‍ഷനും മാത്രം അര്‍ഹതയുള്ളവന്‍. തന്‍റെ സ്ഥാനത്തോ തന്നോടൊപ്പമോ ജോലിക്കാരായി സ്വന്തം ബന്ധുക്കളെ നിയമിക്കാന്‍ സ്വാതന്ത്ര്യം ഇല്ലാത്തവന്‍. കമ്പനിയുടെ സ്വത്തു മോഷ്ടിക്കുക മുതലായ തെറ്റുകള്‍ ചെയ്‌താല്‍ ജോലിയില്‍ നിന്നു പിരിച്ചുവിടപ്പെടേണ്ടവന്‍. ശരിയല്ലേ? തര്‍ക്കമില്ലല്ലോ?
പക്ഷെ നമ്മുടെ ചുറ്റും ഇന്ന് കാണുന്നത് എന്താണ്? ലക്ഷങ്ങള്‍ വിലപിടിപ്പുള്ള കാറില്‍ സേവകവൃന്ദം പാഞ്ഞുപോകുമ്പോള്‍ യജമാനനായ പൊതുജനം വിയര്‍ത്തൊലിച്ചു നടക്കുന്നു. ഇല്ലെങ്കില്‍ ബസ്സിലും തീവണ്ടിയിലും കഷ്ടപ്പെട്ട് യാത്ര ചെയ്യുന്നു. ഇത് വിരോധാഭാസമല്ലേ?
സേവകനെ കാണുമ്പോള്‍ യജമാനന്‍ എഴുന്നേറ്റു നിന്ന് ആദരിക്കുക എന്ന വിരോധാഭാസം ഈ ഒരു രംഗത്തെ കാണൂ. സേവകന്‍ സ്വന്തം ശമ്പളവും പെന്‍ഷനും മറ്റും സ്വയം നിര്‍ണ്ണയിക്കുന്നു. അത് കണ്ടും കേട്ടും കൊണ്ട് പല യജമാനന്മാരും പട്ടിണി കിടക്കുന്നു. എന്തെങ്കിലും കാര്യം സാധിക്കാന്‍ സേവകന്റെ കാലുപിടിക്കുന്നു. സേവകന്‍ കമ്പനി കട്ടുമുടിച്ചാലും അവനെ പിരിച്ചുവിടാന്‍ വകുപ്പില്ല. എത്ര വിചിത്രമാണിത്?
ഒരു ഭരണക്രമത്തില്‍ എം.പി./എം.എല്‍.എ./മന്ത്രി മുതലായവരെ സാധാരണ ജോലിക്കാരായി കാണാന്‍ പറ്റില്ല എന്ന് ചിലരെങ്കിലും വാദിച്ചേക്കാം. അത് സമ്മതിച്ചുകൊടുത്താലും സ്വന്തം ശമ്പളവും മറ്റും സ്വയം തീരുമാനിക്കാന്‍ അവകാശം കൊടുക്കുന്നത് തെറ്റല്ലേ? പൊതുജനത്തിന്റെ ചിലവില്‍ വാഹനങ്ങളില്‍ പറക്കാന്‍ അനുവദിക്കണമോ? ഒന്നുകില്‍ സ്വന്തം പണം മുടക്കി പോകട്ടെ, അല്ലെങ്കില്‍ മറ്റുള്ളവരെപ്പോലെ ബസ്സിലും തീവണ്ടിയിലും ടിക്കറ്റ് വാങ്ങി യാത്ര ചെയ്യട്ടെ. സ്വന്തം ജോലിയോട് സത്യസന്ധത പുലര്‍ത്തി വേണ്ട സ്ഥലത്ത് തക്ക സമയത്ത് എത്തത്തക്കവണ്ണം സമയനിഷ്ഠ പുലര്‍ത്തട്ടെ. ഉല്‍ഘാടനങ്ങളും മറ്റും പൊതുജനം എന്ന ഉടമസ്ഥനു വിട്ടുകൊടുക്കട്ടെ.

ഏറ്റവും പ്രധാനമാണ് പൊതുജനത്തിന്റെ പണം കട്ടുമുടിക്കുകയോ ഏതെങ്കിലും രീതിയില്‍ നഷ്ടപ്പെടുത്തുകയോ ചെയ്യുക എന്നത്. അങ്ങനെ ചെയ്യുന്നവരെ ആ നിമിഷം രാജിവയ്പ്പിക്കാന്‍ പൊതുജനത്തിന് അവകാശം ഉണ്ടാകണം.
രാജഭരണകാലത്ത് രാജാവ് മരിച്ചാല്‍ മകന്‍ രാജാവാകുന്ന സ്ഥിതിവിശേഷം ആയിരുന്നു. പക്ഷെ ഇപ്പോള്‍ രാജഭരണം അല്ലല്ലോ? മന്ത്രിമാരും മറ്റും ജനസേവനം എന്ന ഉദ്യോഗം സ്വീകരിച്ച് വരുമാനം ഉണ്ടാക്കുന്ന സേവകര്‍ മാത്രമല്ലേ?  അതുകൊണ്ടുതന്നെ മന്ത്രി മരിച്ചാല്‍ മകനെയൊ മകളെയോ മന്ത്രിയാക്കാന്‍ അനുവദിക്കാന്‍ പാടില്ല. ഒരു സേവകന്റെ മകനോ മകളോ ആണ് എന്നത് ഒരാളിന്റെയും പ്രത്യേക യോഗ്യത ആയി ഗണിക്കാനും പാടില്ല. ഇന്റര്‍വ്യൂ, എഴുത്തുപരീക്ഷ മുതലായവയെ നേരിട്ടാലല്ലേ ഉദ്യോഗം ലഭിക്കൂ? മന്ത്രിമക്കളും മറ്റും യോഗ്യതയും മനസ്സും ഉണ്ടെങ്കില്‍ അങ്ങനെ ജോലി സമ്പാദിക്കട്ടെ.  

                 *****************************************       

2 comments:

  1. സേവിക്കുക എന്നാല്‍ വിഴുങ്ങുക എന്നും ആവാം അര്‍ത്ഥം!!!

    ReplyDelete