Thursday, March 22, 2012

സമരം ചെയ്യുന്ന വര്‍ത്തമാനപ്പത്രം


ഇന്ന് പത്രമില്ലാത്ത മൂന്നാം ദിവസം. പക്ഷെ വിവരങ്ങള്‍ അറിയുന്നതിന് അത് തടസ്സമാകുന്നില്ല. എല്ലാ വിവരങ്ങളും ടി.വി. യിലും റേഡിയോയിലും നിന്ന് ലഭിക്കുന്നു. ഏഴേകാലിനു കോഴിക്കൊട്ടൊരു കോഴി ചത്താല്‍ ഏഴു പതിനാറിനു അത് ന്യൂയോര്‍ക്കില്‍ അറിയാം. പിന്നെ എന്തിനാണ് പത്രം? വെറുതെ പണം കൊടുക്കാനോ? നാട്ടിലെ വിവരങ്ങള്‍ ലോക്കല്‍ ചാനലിലും കിട്ടും.
അതുകൊണ്ട് നമുക്ക് ഒന്നുചെയ്യാം. ആരും പത്രം വരുത്താതിരിക്കുക. ഏജന്‍റുമാരും പത്രമുതലാളിമാരും നമ്മുടെ തലയില്‍ കയറി നിരങ്ങാന്‍ എന്തിന് അനുവദിക്കണം?
ഈ പദ്ധതി ഒന്ന് പ്രാവര്‍ത്തികമാക്കിയാലോ? ദയവായി ചിന്തിക്കുക.
ആലോചിച്ചുനോക്കൂ. രാവിലെ ഏഴുമണിക്ക് എല്ലാ പത്ര ഏജന്‍റുമാരുടെയും പത്രമുതലാളിമാരുടെയും ഫോണ്‍ അടിക്കുന്നു. തുരുതുരെ. ഒരേഒരു സന്ദേശം. ഇനി ഈ വീട്ടില്‍ പത്രം ഇടേണ്ട. ഇതുവരെയുള്ള പണം വാങ്ങി ഇടപാട് തീര്‍ത്തോളൂ. ഗുഡ്‌ ബൈ.
ഒന്ന് പരീക്ഷിച്ചാലോ?
കെ.കെ.നായര്‍

3 comments:

 1. പത്ര മുതലാളിമാരുടെ ഹിഡന്‍ അജണ്ടകളും രാഷ്ട്രീയ താല്പര്യങ്ങളും പാവം വായനക്കാരുടെ മേല്‍ അടിച്ചേല്പ്പിക്കുന്നതും മില്ലിമീറ്റര്‍ കണക്കില്‍ അളന്നു പണം പറ്റിയ പരസ്യങ്ങള്‍ പാവം വായനക്കാരന്‍ പണം കൊടുത്തു വാങ്ങുന്ന ഗതികേടും നിര്‍ത്താന്‍ സമയമായി. നാം അറിയാതെ നമ്മില്‍ നടത്തുന്ന മസ്തിഷ്കപ്രക്ഷാളനവും ചൂഷണവും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. രാവിലെ ചായയോടൊപ്പം ചൂട് പത്രവും അഡിക്ഷന്‍ ആയവരുടെ മുഖത്തേക്ക് ഫുള്‍ ഫ്രണ്ട് പേജ് സ്വര്‍ണ്ണ പരസ്യം കാര്‍ക്കിച്ചുതുപ്പുന്നതും നാം കണ്ടു കഴിഞ്ഞു. ഇതില്‍ എവിടെയാ പത്രധര്‍മ്മം? എവിടെയാ അടിസ്ഥാന ധാര്‍മ്മികത? സ്വാതന്ത്ര്യസമര പങ്കാളിത്തവും സമൂഹ്യ മാറ്റത്തിന്‍റെ പങ്കായവും ഒക്കെ നാഴികക്കു നാല്‍പ്പതു വട്ടം ആവര്‍ത്തിക്കുന്ന, ലാഭം മാത്രം മുന്നില്‍ക്കാണുന്ന ഇന്നത്തെ പത്ര സ്ഥാപനങ്ങളെ നോക്കി സ്വദേശാഭിമാനി ചിരിക്കട്ടെ... മുഖപേജില്‍ പത്രത്തിന്‍റെ പേര് എഴുതാന്‍ പോലും സ്ഥലം തികയാതെ പരസ്യം കൊടുത്ത പത്രങ്ങള്‍ക്ക് ചുവന്ന തെരുവിന്‍റെ ഇരുട്ടില്‍ തെളിയുന്ന വേശ്യയുടെ മുഖത്തിന്‍റെ ചാരുതപോലും ഇല്ല. മക്കളെ പോറ്റാന്‍ ചര്‍മ്മം വില്‍ക്കുന്ന അമ്മമാരുടെ മാന്യതപോലും അവകാശപ്പെടാന്‍ ആവില്ല. നമുക്കൊരു മൂന്നാം സ്വാതന്ത്ര്യ സമരത്തിന്‍റെ അലയോലിക്കു കാതോര്‍ക്കാം. പക്ഷേ അതു ആദ്യം വരേണ്ടതു നമ്മുടെ മനസ്സിന്റെ അടിത്തട്ടില്‍ നിന്നാണെന്നു മാത്രം. എങ്കിലേ ആ സമരം വിജയം കാണൂ..
  സന്തോഷ്‌ നായര്‍

  ReplyDelete
 2. ഒരു കണക്കില്‍ സന്തോഷമുണ്ട്. കേരളത്തിലെ ഏതാണ്ടെല്ലാ സമരങ്ങള്‍ക്കും എതിരെ വാര്‍ത്തകളും മുഖപ്രസംഗവും എഴുതി ഞെളിഞ്ഞവര്‍ക്ക് ഇങ്ങിനെത്തന്നെ പറ്റണം. അവനവന് കൊള്ളുമ്പോഴേ അടിയുടെ ചൂട് അറിയൂ.

  ഇനി ചോദിച്ചിട്ട് പത്രം തന്നാല്‍ മതി എന്ന് ഏല്‍പ്പിച്ചു. വാര്‍ത്ത അറിയാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഉണ്ടല്ലോ. വെറുതെ എന്തിന് കാശ് കളയണം .

  ReplyDelete
  Replies
  1. മായം കലര്‍ന്ന കറിക്കൂട്ടു വില്‍ക്കുന്ന മുതലാളിയില്‍ നിന്നും വാര്‍ത്ത‍ മുക്കാന്‍ മാധ്യമങ്ങള്‍ സംഘം ചേര്‍ന്നു എത്ര ലക്ഷം (അതോ കോടിയോ) വാങ്ങി ക്കാണും? ജനങ്ങളെ വിഷം തീറ്റിച്ചു കൊന്നിട്ടായാലും ലാഭം കൊയ്യുന്നവന്‍റെ കയ്യില്‍ നിന്നു പോലും ഉളുപ്പില്ലാതെ കാശു വാങ്ങി വാര്‍ത്ത മുക്കുന്ന (അതും സംഘം ചേര്‍ന്ന്) പത്രങ്ങള്‍ ഇനി നമുക്ക് വേണോ? എല്ലാവരും ചേര്‍ന്ന് ജനങ്ങളെ കബളിപ്പിക്കുകയല്ലെ? മനോരമ കയ്യേറിയ ക്ഷേത്ര ഭൂമിയെക്കുറിച്ചുള്ള എത്ര വാര്‍ത്ത‍ മനോരമയില്‍ വന്നു? ഒരു കോണ്‍ഗ്രസ്‌ നേതാവിനെ അന്യ സ്ത്രീയോടൊപ്പം മറ്റൊരു വീട്ടില്‍ അന്തിയുറങ്ങിയെന്ന വാര്‍ത്ത‍ പടച്ചുവിടാന്‍ നമ്മുടെ സദാചാര'കൈരളി' എത്ര മെനക്കെട്ടു? അതും ലൈവ് ആയി അത് ജനങ്ങളില്‍ എത്തിക്കാന്‍ പെട്ട പാട് നാം എല്ലാവരും കണ്ടതല്ലേ? അതില്‍ സത്യമുണ്ടോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യം; പക്ഷെ രണ്ടു കുടുംബങ്ങളെ അതെ എങ്ങിനെ ബാധിച്ചുകാണുമെന്നു ചാനല്‍ സഖാക്കള്‍ ആലോചിക്കാന്‍ മിനക്കെട്ടോ? പണ്ട് ഒരു പോളിറ്റ് ബ്യുറോ മെമ്പറുടെ ഭാര്യ ഡ്രൈവറോടൊപ്പം ആഴ്ചകളോളം 'കറങ്ങാന്‍' പോയത് ദേശാഭിമാനിയില്‍ എന്തേ കണ്ടില്ല.. എന്‍റെ അടുത്ത ഒരു സുഹൃത്തായ സഖാവ് എന്നോട് പറഞ്ഞത് പാര്‍ട്ടി മിഷനറി ഉപയോഗിച്ച് അവരെ തേടിപ്പിടിച്ചു എന്നും മറ്റു സഖാക്കളേ ആ വാര്‍ത്ത അറിയിക്കാന്‍ ദേശാഭിമാനിയില്‍ "പിബി മെമ്പറും ഭാരയും ഇന്ന സ്ഥലത്ത് മനുഷ്യച്ചങ്ങലയില്‍ അണി ചേര്‍ന്നു" എന്ന വാര്‍ത്ത‍ കൊടുത്തു എന്നും ആണ്. (അല്ലാതെ ഒളിച്ചോടിയ നേതാവിന്‍റെ ഭാര്യയെ തിരിച്ചു കൊണ്ടുവന്നു എന്ന് കൊടുക്കാന്‍ പറ്റില്ലല്ലോ) കൈരളി ചാനലിന്‍റെ ജീവാത്മാവും പരമാത്മാവും ആയിരുന്ന താടിക്കാരന്‍ ഇപ്പോള്‍ മര്‍ഡോക്കിന്‍റെ തടി തടവുന്നു.. അയാള്‍ വെറും ഉദ്യോഗസ്ഥന്‍ ആയിരുന്നു എന്നു പാര്‍ട്ടി. പക്ഷെ അങ്ങനെയല്ലയിരുന്നല്ലോ അദേഹത്തിന്‍റെ മട്ടും ഭാവവും; മാര്‍ക്സിന്‍റെ സ്വന്തം മോനാണെന്ന രീതിയില്‍ അല്ലായിരുന്നോ നോണ്‍ സഖാക്കളെ അദേഹം പരിപാടികളില്‍ വധിച്ചുകൊണ്ടിരുന്നത്‌. മാതൃഭൂമിയെന്നു എഴുതാന്‍ സ്ഥലം ഇല്ലാത്തവണ്ണമല്ലേ ഫ്രണ്ട് പേജില്‍ ആഭരണക്കടയുടെ പരസ്യം കൊടുത്തത്; വായനക്കാരുടെ എതിര്‍പ്പ് വകവെക്കാതെ അത് എത്ര തവണ ആവര്‍ത്തിച്ചു? ചാനലുകളില്‍ ഇപ്പോള്‍ വല്യ മുതലാളിമാരുടെ കട ഉത്ഘാടനം വാര്‍ത്ത‍യുടെ ഭാഗമായാണ് കാണിക്കുന്നത്; അല്ലാതെ പരസ്യമല്ല. അതെന്തായാലും 'വെറുതെ' ആവില്ലല്ലോ..
   സന്തോഷ്‌ നായര്‍ പറഞ്ഞപോലെ വേശ്യകള്‍ക്ക് ഈ പത്ര, ചാനല മുതലാളിമാരെക്കാള്‍ അന്തസ്സുണ്ട്. പ്രസിദ്ധമായ "വെളിച്ചം ദുഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം" എന്നത് "കപട വെളിച്ചം ദുഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം" എന്നാക്കണം. അതിനാല്‍ പത്രം വായിക്കാതെ നിയന്ത്രണം വിടുമ്പോള്‍ ഇനി ഒരു വേശ്യയെ പ്രാപിക്കാം..
   വര്‍ഗ്ഗീസ്‌ കൂടത്തില്‍

   Delete