Friday, March 23, 2012

പിറവം പഠിപ്പിക്കുന്ന പാഠം


പിറവത്തു നടന്ന ഉപതെരഞ്ഞെടുപ്പിലെ അനൂപ്‌ ജേക്കബിന്‍റെ വിജയത്തിനെക്കാള്‍ പ്രസക്തമായി എനിക്ക് തോന്നുന്നത് മറ്റൊന്നാണ്. ജനാധിപത്യം എന്ന ആശയത്തിനു ഇന്ത്യയില്‍ വന്ന, ഇപ്പോഴും വന്നുകൊണ്ടിരിക്കുന്ന അപചയം. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നെഹ്രുവിന്‍റെ കാലത്തുതന്നെ ഈ രോഗലക്ഷണം കാണപ്പെട്ടതാണ്. ഇന്ദിരാഗാന്ധി എ.ഐ.സി.സി. പ്രസിഡണ്ട്‌ ആയത് അതിന്‍റെ ആദ്യലക്ഷണം ആയിരുന്നു.
രാജവാഴ്ചക്കാലത്ത് ഒരു രാജാവിന്‍റെ കാലശേഷം അദ്ദേഹത്തിന്‍റെ മകനോ അനന്തിരവനോ രാജാവാകുക എന്നതായിരുന്നു പതിവ്‌. പക്ഷെ, ജനങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ ഭരിക്കപ്പെടുന്ന ജനാധിപത്യത്തില്‍ മക്കളെയും ഭാര്യയെയും അവരുടെ മക്കളെയുമെല്ലാം പിന്‍തുടര്ച്ചക്കാരാക്കുകയെന്നത് ജനാധിപത്യം എന്ന ആശയത്തിന്‍റെ ഗാംഭീര്യത്തെയും പവിത്രതയേയും നശിപ്പിക്കലാണ്. ജനാധിപത്യത്തെ ചവിട്ടിമെതിക്കലാണ്.
പക്ഷെ ഈ രാജ്യം ഏറ്റവും കൂടുതല്‍ കാലം ഭരിച്ച പാര്‍ട്ടിയും അതിന്‍റെ ഘടകകക്ഷികളും അതു മാത്രമാണ് ചെയ്യുന്നത്. മറ്റു പാര്‍ട്ടികളിലും ഈ പ്രവണത ഇല്ലെന്നല്ല. പക്ഷെ താരതമ്യേന കുറവാണ്, ഒരുപക്ഷെ അവരുടെ നേതാക്കളും അച്ഛന്‍/അമ്മ നേതാക്കളും അത്ര പ്രശസ്തരല്ലാത്തതാകാം നാം അവരുടെ കാര്യം അറിയാതെ പോകാന്‍ കാരണം.
നേതാവിന്റെ മക്കള്‍ ചെറുപ്പം മുതലേ കണ്ടു പഠിയ്ക്കുന്ന കാര്യങ്ങള്‍ ഇതെല്ലാമാണെന്നും –നേതൃത്വത്തിന്റെ ബാലപാഠങ്ങള്‍ - അതുകൊണ്ടാണ് അവര്‍ക്ക് നേത്രുത്വത്തിലേക്കുയരാന്‍ കഴിയുന്നതെന്നും ഒരഭിപ്രായമുണ്ട്. അവരോട് ഒന്ന് ചോദിച്ചുകൊള്ളട്ടെ. ഈ അച്ഛന്‍ നേതാവിന്റെ അച്ഛനും മുത്തശ്ശനും എല്ലാം നേതാക്കന്മാരായിരുന്നോ?
കെ. കരുണാകരന്‍ നേതാവായിരുന്നതുകൊണ്ടാണ് മക്കള്‍ നേതാക്കന്മാരായത് എന്ന് പറഞ്ഞാല്‍ കെ. കരുണാകരന്റെ അച്ഛന്‍ നേതാവായിരുന്നോ എന്നചോദ്യം വരില്ലേ?
അനൂപ്‌ ജേക്കബും ഗണേഷ്കുമാറും കേന്ദ്രത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും മക്കള്‍/മരുമക്കള്‍ നേതാക്കളും ഈ രാജ്യത്തു ജനിച്ചു വളര്‍ന്ന, ഈ നാടിന്‍റെ സംസ്കാരം ഉള്‍ക്കൊണ്ട ജനങ്ങളാണല്ലോ? അപ്പോള്‍ നേതാക്കന്മാരാകാന്‍ അവര്‍ക്കും അധികാരമുണ്ടെന്നു വാദിച്ചാലോ?.
പിന്നെന്താ കുഴപ്പം, അല്ലെ?
ജനാധിപത്യത്തെ വംശാധിപത്യവും കുടുംബാധിപത്യവും ആക്കി മാറ്റുന്നു എന്നൊരു കുഴപ്പം.
പൊതുജനമെന്നാല്‍ കഴുതകളെന്നു ഈ.വി. കൃഷ്ണപിള്ള എന്ന സാഹിത്യകാരന്‍ പണ്ടേ പറഞ്ഞുവച്ചു. പക്ഷെ എതുകഴുതയും ഒരിക്കല്‍ ഉണര്‍ന്നെഴുന്നേല്‍ക്കും എന്ന് എന്തുകൊണ്ടോ അദ്ദേഹം പറഞ്ഞില്ല.(അതോ പറഞ്ഞോ?). പക്ഷെ അതാണ്‌ സത്യം. പിന്നെക്കാണാം പൂരം, പൊടിപൂരം.
പക്ഷെ ഇതൊന്നുമല്ല പ്രധാന സംഗതി. ഇറ്റലിയില്‍ ജനിച്ചു വളര്‍ന്ന ഒരു സ്ത്രീ ഒരു ഇന്ത്യന്‍ നേതാവിന്‍റെ പുത്രനെ കല്യാണം കഴിച്ചു. 1968 മുതല്‍ 1983 വരെ ഇന്ത്യന്‍ പൌരത്വം പോലുമെടുക്കാതെ ആ സ്‌ത്രീ ഇവിടെ കഴിഞ്ഞു. ദോഷം പറയരുതല്ലോ, ഇവിടുത്തെ രാഷ്ട്രീയത്തില്‍ അളിച്ചുവാരാനും മദാമ്മ അന്ന് ശ്രമിച്ചില്ല. (മദാമ്മ എന്ന വാക്ക് പണ്ട് ഒരു കുട്ടിനേതാവിനെ കുടുക്കിയെങ്കിലും അത് മോശപ്പെട്ട വാക്കല്ല. യുറോപ്യന്‍ സ്ത്രീകളെ “മാഡം” എന്നുവിളിക്കുന്നത് കേട്ട മലയാളി അത് അവരുടെ പേരാണെന്ന് ധരിച്ചു. ബഹുമാനത്തിനുവേണ്ടി നാടന്‍ രീതിയില്‍ “അമ്മ” ചേര്‍ത്ത് വിളിച്ചു. മാഡം + അമ്മ = മാഡമമ്മ. അത് ലോപിച്ച് മദാമ്മ ആയി. ഡബിള്‍ ബഹുമാനം ഉള്ള വാക്ക്‌. ) പക്ഷെ അവരുടെ ഭര്‍ത്താവ്‌ മഹാരാജാവ്‌ കാലയവനികക്കുള്ളില്‍ മറഞ്ഞതും പാവം മദാമ്മയുടെ സ്വസ്ഥത നശിച്ചു. നാലുവശത്തുനിന്നും “അമ്മച്ചി നേതാവായി ഞങ്ങളെ കാപ്പാത്തണമേ” എന്നാ വിളികള്‍. ധര്‍മപുത്രര്‍ നരകത്തില്‍ സഹോദരങ്ങളുടെ വിളികേട്ട് നിന്നതുപോലെ മാഡവും കുറച്ചുനാള്‍ നിന്നു. ഭര്‍ത്താവ്‌ മരിച്ചതിന്റെ ദുഖാചരണം രണ്ടുവര്‍ഷമാണെന്നു പറഞ്ഞു തല്‍ക്കാലം തടിതപ്പി. പക്ഷെ, രണ്ടുവര്‍ഷം തികഞ്ഞ ദിവസം അവര്‍ വീണ്ടുമെത്തി. ഒടുവില്‍ സഹികെട്ട് അവര്‍ പാര്‍ട്ടിയില്‍ അംഗത്വം എടുത്തു. പക്ഷെ ഒരു മാസം കഴിഞ്ഞപ്പോള്‍ അവരെ എ.ഐ.സി.സി. അദ്ധ്യക്ഷയാക്കി! വര്‍ഷങ്ങളോളം പാര്‍ട്ടിയില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചവര്‍ ഒരു സംസ്ഥാനപ്രസിഡന്റ് പോലും ആകാന്‍ കഴിയാതെയിരിക്കുമ്പോഴാണിതെന്നോര്‍ക്കണം, സമ്പൂര്‍ണ്ണനേതൃത്വം. Absolute leadership. Power corrupts. Absolute power corrupts absolutely എന്ന് പണ്ടൊരു മഹാന്‍ പറഞ്ഞിട്ടുണ്ടല്ലോ? ആ രോഗം നമ്മുടെ മാഡമമ്മയെയും ബാധിച്ചു. കാല്‍ തടവുന്ന “ബുധജനങ്ങള്‍” അവര്‍ക്ക് ഒരു ഓമനപ്പേരും നല്‍കി. ഹൈ കമാന്‍ഡ്‌, ബ്രഹ്മം എന്ന് പറയുന്നതുപോലെ.
അവരെ ഇന്ത്യന്‍ പ്രധാനമന്ത്രിയായി അവരോധിക്കാനും തീര്‍ച്ചയാക്കി. പക്ഷെ ഏതോ വിഗ്രഹഭഞജകന്‍ ആ സ്വപ്നം തകര്‍ത്തു. Reciprocity എന്നൊരു വാക്ക്‌ ഭരണഘടനയിലുണ്ടത്രേ. ഇന്ത്യന്‍ പൌരത്വം സ്വീകരിച്ച ഒരാള്‍ക്ക് ഇവിടെ ഒരു പദവിയിലിരിക്കണമെങ്കില്‍ ആ രാജ്യത്തെ പൌരത്വം സ്വീകരിക്കുന്ന ഇന്ത്യന്‍ പൌരന് ആ രാജ്യത്ത്‌ തത്തുല്യമായ പദവിയിലിക്കാനുള്ള അവകാശം വേണം. ആ കുറ്റിയില്‍ തട്ടി നമ്മുടെ മദാമ്മയുടെ സ്വപ്നം ചീറ്റിപ്പോയി. പക്ഷെ അതും അവര്‍ക്ക്‌ ഉയരങ്ങളിലേക്ക് കുതിയ്ക്കാനുള്ള ഏണിയാക്കിയെടുത്തു ശിങ്കിടിമാമന്മാര്‍. പ്രധാനമന്ത്രിസ്ഥാനം മാഡം സ്വയം വേണ്ടെന്നുവെച്ചത് ആണെന്നും ആ ത്യാഗം ശ്രീരാമന്റെയും ശ്രീബുദ്ധന്റെയും ശ്രീയേശുവിന്റെയും ത്യാഗത്തിനും ഉപരിയാണെന്നും വിസ്തരിച്ച്‌ അവര്‍ സാഹിത്യം പടച്ചു. മറുവശത്ത് രാജ്യത്തോട് ഉത്തരവാദിത്വമില്ലാത്ത യൂ.പി.എ. അദ്ധ്യക്ഷ എന്ന സൂപ്പര്‍ പ്രധാനമന്ത്രിയാക്കി. യൂ.പി.എ. യോഗത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയേപ്പോലും നിയന്ത്രിക്കാനുള്ള അധികാരം ഇറ്റലിയില്‍ ജനിച്ച് 15 വര്ഷം ഇന്ത്യന്‍ പൌരത്വം എടുക്കാന്‍ കൂടി വിസമ്മതിച്ചുനിന്ന ഒരു വനിതയ്ക്ക്‌! അവരുടെ മകനെ യുവരാജാവാക്കി. അവിവാഹിതയായ ഒരു പെണ്‍കുട്ടിയേയും കൊണ്ട്‌ ഇന്ത്യ മുഴുവന്‍ കറങ്ങിയ മകന്‍. കൂട്ടിനു അമ്മയുമുണ്ടായിരുന്നു. അത് അവരുടെ നാട്ടിലെ സംസ്കാരം. അത് അമ്മയും മകനും മറച്ചുവച്ചതുമില്ല. പക്ഷെ ഭാരതീയസംസ്കാരത്തിനെതിരായ ഈ പ്രവര്‍ത്തി അറിവുകേടുകൊണ്ട് ചെയ്ത അമ്മയേയും മകനേയും പട്ടു പരവതാനി വിരിച്ചു സ്വീകരിക്കുകയാണ് ഇവിടുത്തെ ഭരണക്കാര്‍ ചെയ്തത്. കാവലിനു പോലീസും. ഏറ്റവും ഉയര്‍ന്ന സെക്യുരിറ്റി അര്‍ഹിക്കുന്നവരല്ലേ അമ്മയും മകനും. ആ പാവം സെക്യുരിറ്റിക്കാരുടെ മനസ്സിലേക്ക് ഒരു നിമിഷം കടന്നുചിന്തിച്ചുനോക്കൂ.
പക്ഷെ യുവരാജാവ് എന്തൊക്കെ സാഹസം കാണിച്ചിട്ടും തെരഞ്ഞെടുപ്പുഗുസ്തിയില്‍ മുലായം സാറിനോട് തോല്‍ക്കേണ്ടിവന്നു. അപ്പോഴും സഹായത്തിനെത്തിയത് രാജസദസ്സിലെ മഹാഗുരുക്കമാര്‍. യുവരാജാവ് അഖിലഭാരതനേതാവാണെന്നും അതുകൊണ്ട് ഒരു സംസ്ഥാനത്തെ തോല്‍വിക്ക് ഉത്തരവാദിയല്ലെന്നും അവര്‍ വിധിച്ചു. യുവരാജാവ് തോല്‍ക്കില്ല. ജയിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്‍റെ ജയമാകുമായിരുന്നു. തോല്‍വിയുടെ കാരണം സംസ്ഥാനത്തെ ചോട്ടാനേതാക്കള്‍. എങ്ങനെയുണ്ട്? യുവരാജാവുപോലും അമ്പരന്നുപോയി. ‘
അപ്പോള്‍ അങ്ങിനെ പോകുന്നു നമ്മുടെ ജനാധിപത്യം. ഒരുപക്ഷെ നമ്മുടെ മദാമ്മ ഗാന്ധിജിയുടെ മകളാണെന്ന് പറഞ്ഞ്‌ അവര്‍ക്ക് വോട്ടു ചെയ്യിക്കുന്നുണ്ടാകാം. ഏതായാലും ഒന്ന് തീര്‍ച്ചയാണ്. അവര്‍ ഏതു നാട്ടുകാരിയാണെന്നു വോട്ടുചെയ്യുന്ന ജനങ്ങളില്‍ നല്ലൊരു വിഭാഗം അറിയുന്നുപോലും ഉണ്ടാകില്ല.
ഇതെല്ലാം കാണുമ്പോള്‍ എനിക്ക് തോന്നുന്നത് മറ്റൊരു സംഗതിയാണ്. വര്ഷം 1947-നു മുന്‍പ്‌.
വട്ടമേശ സമ്മേളനത്തിനെത്തിയ നമ്മുടെസ്വാതന്ത്ര്യസമരനേതാക്കള്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയോട് പറയുന്നു:ഒരു കാര്യം ചെയ്യൂ മാഷേ. ഇന്ത്യ ഭരിക്കുന്ന വൈസ്രായി ഇന്ത്യന്‍ പൌരത്വം എടുക്കണമെന്നും ഒരു ഇന്ത്യാക്കാരിയെ കല്യാണം കഴിച്ചിരിക്കണമെന്നും നിയമമുണ്ടാക്കൂ. അത് മതി. ഞങ്ങള്‍ക്ക്‌ സ്വാതന്ത്ര്യം കിട്ടിയതിനു തുല്യമാകും അത്.”
എന്തുചെയ്യാം? അവരുടെ കണ്ണില്‍ സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം ഇതായിരുന്നില്ലല്ലോ?
അങ്ങനെ ജനാധിപത്യത്തെ കുടുംബാധിപത്യമാക്കുന്നു നമ്മുടെ ചോട്ടാനേതാക്കള്‍.
രാജഭരണം തിരിച്ചുവരികയാണോ. തികച്ചും വൃത്തികെട്ട രീതിയില്‍.
Democracy is being pulled from both ends by ruling party and opposition that it lengthened as DEMON-O-CRAZY.
മലയാളത്തിലേക്ക് തര്‍ജമ ചെയ്യപ്പെട്ട ഒരു യുറോപ്യന്‍ നോവലിന്റെ പേരുപോലെ നമുക്കും പറയാം: “കേഴുക പ്രിയനാടേ”
കൃഷ്ണ 

1 comment: