Monday, March 19, 2012

കറന്‍സിയും കാണാച്ചരടുകളും

              കറന്‍സിയും കാണാച്ചരടുകളും
          പണം ആഗ്രഹിക്കാത്തവര്‍ ചുരുക്കം. സ്ഥാനം കൊണ്ടും പ്രശസ്തി കൊണ്ടും സംസ്കാരം കൊണ്ടും തൊഴില്‍ കൊണ്ടും വലിയവനും ചെറിയവനും പണാഗ്രഹം ഉണ്ടു തന്നെ. അതിന്‍റെ തോതും സമ്പാദനത്തിന്‍റെ രീതികളും ധാര്‍മികതയും വ്യത്യസ്തമായിരിക്കും എന്നു മാത്രം. കനകം മൂലം കാമിനി മൂലം എന്നത് കനകം മൂലം എന്നു മാത്രമാക്കി ചുരുക്കാമെന്നു തോന്നുന്നു. ധാര്‍മികതയ്ക്ക് ഏറെ ശോഷണം സംഭവിച്ചിരിക്കുന്ന ഇക്കാലത്ത് കാമിനി അത്ര ദുര്‍ലഭമായ കാര്യമല്ല; കനകം കയ്യിലുണ്ടെങ്കില്‍... അപ്പോള്‍ ചുരുക്കത്തില്‍ പ്രശ്നം കനകത്തില്‍ ഒതുക്കാം.
         കനകം അഥവാ ധനം എന്നുവെച്ചാല്‍ പണം തന്നെ.ധനത്തിന്‍റെ അളവുകൊലാണല്ലോ പണം അഥവാ കറന്‍സി. ഓരോ രാജ്യത്തും ഓരോ കറന്‍സികളാണെന്നും വായനക്കാര്‍ക്ക് അറിയാമെല്ലോ.എന്താണ് കറന്‍സി എന്ന് ചോദിച്ചാല്‍ ധന ശാസ്ത്രം പഠിച്ചിട്ടുള്ളവര്‍ക്കുപോലും (വിശാരദന്മാര്‍ ഒഴികെ) മറുപടി പറയാന്‍ എളുപ്പമല്ല. സാധനങ്ങള്‍ക്കു പകരം സാധനങ്ങള്‍ തന്നെ കൈമാറ്റം ചെയ്തിരുന്ന പുരാതനമായ ബാര്‍ട്ടര്‍ സമ്പ്രദായത്തില്‍ നിന്നും കാലാനുഗതമായി വികാസം പ്രാപിച്ചാണ് നാം ഇന്ന് കാണുന്ന കറന്‍സി സമ്പ്രദായത്തിലേക്ക് എത്തിയത്.
          ഒരാള്‍ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു എന്ന് കരുതുക. സ്ഥാപനത്തിന് അയാളുടെ സേവനം എത്രമാത്രം ആവശ്യമാണെന്നതിനെ അടിസ്ഥാനമാക്കിയാകും അയാളുടെ വേതനം സാധാരണഗതിയില്‍ നിശ്ചയിക്കപ്പെടുക.
അയാളുടെ അനുഭവജ്ഞാനം,കഴിവ്,ആത്മാര്‍ഥത,ടി തൊഴിലിന്‍റെ മാര്‍ക്കറ്റിലുള്ള ആവശ്യകത, ലഭ്യത(demand&supply) തുടങ്ങി ഒരുപിടി കാര്യങ്ങളെ ആശ്രയിച്ചുകൊണ്ടാവും വേതനമെന്നത് വിസ്മരിച്ചുകൊണ്ടല്ലെങ്കിലും വിശദീകരിക്കാനുള്ള എളുപ്പത്തിനായി നമുക്ക് അയാളുടെ സേവനത്തിന്‍റെ മാസവേതനം അഥവാ പ്രതിഫലം 100 യുണിറ്റ് എന്ന് കരുതാം.അപ്പോള്‍ മാസത്തില്‍ അയാള്‍ക്ക് 100 യുണിറ്റ് തുക സ്വന്തം സുഖത്തിനോ സന്തോഷത്തിനോ,നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടുള്ള എന്ത് കാര്യത്തിനും ചിലവഴിക്കാന്‍ അയാള്‍ക്ക് അവകാശവും അധികാരവുംമുണ്ട്.
        ഇനി വേറൊരു കാര്യം നോക്കാം.എല്ലാവരും സേവനം നേരിട്ടു വില്‍ക്കുകയല്ലല്ലോ.ഒരു കര്‍ഷകന്‍ തന്‍റെ അദ്ധ്വാനത്തിന്‍റെ (സേവനത്തിന്‍റെ) ഫലമായ ഉല്പന്നങ്ങളാണല്ലോ വില്‍ക്കുന്നത്. അപ്പോഴും മേല്പറഞ്ഞതരത്തില്‍ പല ഘടകങ്ങളേയും ആശ്രയിച്ചുകൊണ്ടാണെങ്കിലും മാര്‍ക്കറ്റില്‍ ഒരു വില നിശ്ചയിക്കപ്പെടുന്നു.ആവശ്യകത,ലഭ്യത എന്നിവ നേരിട്ട് അധികം ബാധിക്കുക ഉല്‍പ്പന്നങ്ങളെയാണ്. തക്കാളിയുടെ ഉല്‍പ്പാദനം വളരെയധികം കൂടിയാല്‍ അതിന്‍റെ വില കുറയുകയും ഉല്‍പ്പാദനം കുറഞ്ഞാല്‍ വില കൂടുകയും ചെയ്യുന്നത് നമുക്കറിവുള്ളതാണല്ലോ.അങ്ങനെ ഓരോ ഉല്പന്നങ്ങളും. നാം പലപ്പോഴും പത്രങ്ങളില്‍ വായിക്കാറുള്ള പൂഴ്ത്തിവെപ്പ് എന്തിനാണെന്നത് ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ.
         ഏതെങ്കിലും ഒരുല്‍പ്പന്നത്ത്തിനു വില കൂടിയാല്‍ അതിനു പകരം വെയ്ക്കാവുന്ന മറ്റൊരു ഉല്‍പ്പന്നത്തിനു ഡിമാന്റു കൂടുകയും തദ്വാരാ അതിനും വിലകൂടുകയും ചെയ്യുന്നതെങ്ങിനെയെന്നു ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ.തേയിലയ്ക്ക് ക്രമത്തിലധികം വില കൂടിയാല്‍ കാപ്പിയുടെ വിലയും ഡിമാന്റും കൂടുകയും ചെയ്യുമല്ലോ.
       നമുക്ക്‌ കറന്‍സിയിലേക്ക് തിരിച്ചുവരാം. ഓരോ രാജ്യത്തിനും അതിന്‍റെതായ കറന്‍സി ഉണ്ട്. ഇന്ത്യയില്‍ ഇന്ത്യന്‍രൂപ, ജപ്പാനില്‍ യെന്‍ തുടങ്ങി ആ രാജ്യത്ത് ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടേയുംതുടങ്ങി എല്ലാത്തരം കൈമാറ്റങ്ങള്‍ക്കും അവിടുത്തെ കറന്‍സി ഉപയോഗിക്കപ്പെടുന്നു. ഭരണകൂടത്തിനാണ് കറന്‍സി അച്ചടിക്കുവാനും വിതരണം ചെയ്യുവാനുമുള്ള അധികാരം. [സ്വാര്‍ത്ഥമോഹികള്‍ കള്ളക്കമ്മട്ടമുപയോഗിച്ചു അച്ചടിക്കുന്നവയാണ് കള്ളനോട്ടുകള്‍ എന്ന് പറയാതെ തന്നെ അറിവുള്ളതാണല്ലോ. കള്ളനോട്ടുവ്യാപനം ഒരു രാജ്യത്തെ തന്നെ അസ്ഥിരപ്പെടുത്തുന്നതെങ്ങിനെയെന്നു പിന്നാലെ പറയാം] സാധാരണഗതിയില്‍ ഭരണകൂടത്തിനുവേണ്ടി നോട്ടുകള്‍ അച്ചടിക്കുന്നതും വിതരണം ചെയ്യുന്നതും ഒരു കേന്ദ്ര ബാങ്കായിരിക്കും.ഇന്ത്യയില്‍ റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ആ കേന്ദ്ര ബാങ്ക്.ആര്‍.ബി.ഐ ആണ് ഇന്ത്യയിലെ കമേഷ്യല്‍[വാണിജ്യ] ബാങ്കുകളേയും മറ്റു ധനകാര്യസ്ഥാപനങ്ങളെയും നിയന്ത്രിക്കുന്നതും അവര്‍ക്കുവേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയും ചെയ്യുന്നത്. രാജത്തിനകത്തും പുറത്തുമുള്ള സാമ്പത്തികസ്ഥിതി കേന്ദ്രബാങ്ക് തുടര്‍ച്ചയായി അവലോകനം ചെയ്തുകൊണ്ടിരിക്കുകയും അതിനനുസരിച്ചുള്ള സാമ്പത്തികാച്ചടക്കങ്ങളോ നിര്‍ദ്ദേശങ്ങളോ പുറപ്പെടുവിക്കുകയും ചെയ്യുന്നു.രാജ്യത്തെ സമ്പത്ത്വ്യവസ്ഥയെ സുസ്ഥിരമാക്കിനിര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളവയായിരിക്കും ഈ നിര്‍ദ്ദേശങ്ങള്‍. ആര്‍.ബി.ഐ പലിശ നിരക്കുകൂട്ടി, കുറച്ചു എന്നൊക്കെ നിങ്ങള്‍ കേട്ടിട്ടുണ്ടാവുമല്ലോ. ഇവയൊക്കെ നമ്മുടെ സമ്പത്ത് വ്യവസ്ഥയുടെ ആരോഗ്യകരമായ വളര്‍ച്ചയെ ലാക്കാക്കി ഉള്ളതായിരിക്കും.
      ഇപ്പോള്‍ നിങ്ങള്‍ക്ക് ന്യായമായും ഒരു സംശയം തോന്നാം. ഭരണകൂടത്തിനുവേണ്ടി കേന്ദ്രബാങ്ക് കറന്‍സികള്‍ അച്ചടിക്കുന്നതിന്‍റെ മാനദണ്ഡമെന്തായിരിക്കുമെന്ന്. ഇഷ്ടം പോലെ കറന്‍സി അച്ചടിച്ചു വിതരണം ചെയ്താല്‍ എല്ലാവരുടെയും പണത്തിന്‍റെഞെരുക്കം തീരുകയും രാജ്യത്തെ പൌരന്‍മാര്‍ എല്ലാം ദുരിതങ്ങളില്‍നിന്നു കരകയറുകയും ചെയ്യുമെന്നു ചിലരെങ്കിലും ചിന്തിച്ചു പോകില്ലേ? എന്നാല്‍ അത് തെറ്റായ ധാരണയാണ്. പണം കറന്‍സി എന്ന അര്‍ത്ഥത്തില്‍ ഒരു ക്രയവിക്രയോപാധി മാത്രമാണ്. അതായത് ഉല്‍പാദനം വര്‍ദ്ധിക്കാതെ പണം മാത്രം വര്‍ദ്ധിച്ചാല്‍ ആ കറന്‍സിയുടെ മൂല്യം കുറയുമെന്നല്ലാതെ ഗുണമേതുമുണ്ടാവുകയില്ല. ഒരു ചെറിയ ഉദാഹരണത്തിലൂടെ നമുക്കിത് കൂടുതല്‍ മനസ്സിലാക്കാം. ഒരു ചന്തയില്‍ അന്നേ ദിവസം വില്‍പനയ്ക്ക് വന്ന കരിമീന്‍ 10kg ആണെന്നും കരുതുക. ഒരു കിലോയ്ക്കു 100രൂപ വിലയാണെന്നും കരുതുക.അയലക്ക് 50രൂപയും എന്ന് കരുതുക. സ്വാഭാവികമായും വാങ്ങല്‍കഴിവു കൂടുതല്‍ ഉള്ളവര്‍ [അതായത് കയ്യില്‍ പണം കൂടുതലുള്ളവര്‍] കരിമീനും അല്ലാത്തവര്‍ അയലയും വാങ്ങുന്നു. ഇനി ദുരിതം തീര്‍ക്കാന്‍ ഭരണകൂടം കൂടുതല്‍ പണം അടിച്ചിറക്കി എന്നു വെയ്ക്കുക. അപ്പോള്‍ സ്വാഭാവികമായും വാങ്ങല്‍ കഴിവു കൂടുകയും കരിമീനിനു ആവശ്യക്കാര്‍ കൂടുകയും ചെയ്യുന്നു. പക്ഷെ സംഭവിക്കുന്നതെന്താണെന്നു നോക്കാം. കരിമീനിനിന്‍റെ അളവ് 10 കിലോയില്‍ തന്നെ നില്‍ക്കുന്നതിനാല്‍ ആവശ്യക്കാര്‍ കൂടുതല്‍ പണം മുടക്കി കരിമീന്‍ വാങ്ങാന്‍ തയ്യാറാവുകയും ചെയ്യുന്നു. അതായതു ഉല്പാദനം വര്‍ദ്ധിക്കാതെ പണം വര്‍ദ്ധിച്ചാല്‍ വില വര്‍ദ്ധനവുണ്ടാകുന്നു. ഇന്നലെ 100രൂപയ്ക്കു കിട്ടിയ കരിമീന്‍ ഇന്ന് 200 രൂപയാക്കാണ് കിട്ടുന്നതെങ്കില്‍ പിന്നെ അധികമായി കയ്യില്‍ വരുന്ന 100രൂപയ്ക്കു എന്ത് പ്രയോജനം? അതായത് ഇന്നലത്തെ 100രൂപയുടെ വിലയേ ഇന്നത്തെ 200രൂപയ്ക്കുള്ളൂ എന്നര്‍ത്ഥം.
    ഈ ഉദാഹരണത്തില്‍ നിന്നും നമുക്ക് പണപെരുപ്പം എന്താണെന്നു കൂടി മനസ്സിലാക്കാം.ഭരണകൂടം ഇഷ്ടംപോലെ കറന്‍സി അച്ചടിക്കാത്തതെന്തേ എന്ന സംശയം ആസ്ഥാനത്തായതുപോലെയാണ് പണപെരുപ്പത്തിന്റെയും കാര്യം. പണം പെരുകിയാല്‍ നല്ലതല്ലേ എന്ന് പെട്ടന്ന് തോന്നാമെങ്കിലും മുകളില്‍ വിവരിച്ച ഉദാഹരണത്തിലേതുപോലെതന്നെയാവും ഫലം. അതായത് പണപെരുപ്പം വര്‍ദ്ധിക്കുമ്പോള്‍ വിലവര്‍ദ്ധനവുണ്ടാകുന്നു. മറ്റൊരര്‍ത്ഥത്തില്‍ ആ കറന്‍സിയുടെ മൂല്യം കുറയുന്നു. ഇത് തിരിച്ചും പറയാമല്ലോ.വിലവര്‍ദ്ധനവു ഉണ്ടാകുമ്പോള്‍ പണപെരുപ്പം ഉണ്ടാകുന്നു. ഇനി എന്തുകൊണ്ടാണ് വില വര്‍ദ്ധനവുണ്ടാകുന്നത്? ഒരു ഉല്‍പന്നത്തിന്‍റെ ഉല്പാദനം കുറയുകയും ആവശ്യക്കാര്‍ ഏറുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും വില വര്‍ദ്ധിക്കുന്നു. ഇതില്‍ നിന്നും പണപ്പെരുപ്പവും ഉല്പാദനവും വിപരീത ദിശകളിലാണെന്നു നമുക്കു മനസ്സിലാക്കാമല്ലോ. വിപണിയില്‍ പണത്തിന്‍റെ ലഭ്യത കൂടുമ്പോഴാണ് പണപ്പെരുപ്പം ഉണ്ടാകുന്നതെന്നും നമുക്കു സാമാന്യേന പറഞ്ഞു വെയ്ക്കാം. അതിനാലാണ് പണപ്പെരുപ്പം കൂടുമ്പോള്‍ RBI പലിശ നിരക്കുകള്‍ കൂട്ടുന്നത്‌.പലിശ നിരക്കുകൂട്ടുമ്പോള്‍ ആളുകള്‍ പണം നിക്ഷേപിക്കുകയും അങ്ങിനെ വിപണിയിലെ പണത്തിന്‍റെ ലഭ്യത കുറയുകയും തദ്വാരാ വിലവര്‍ദ്ധന നിയന്ത്രിക്കപെടുകയും ചെയ്യുന്നുവെന്ന് നമുക്ക് മനസിലാക്കാം.
      ഒരു രാജ്യം മറ്റൊരു രാജ്യത്തിന്‍റെ കറന്‍സി ഇഷ്ടംപോലെ അച്ചടിച്ചു വിതരണം ചെയ്യുന്നതിന്‍റെ ഗുട്ടന്‍സ് ഇപ്പോള്‍ നിങ്ങള്‍ക്കു പിടികിട്ടിക്കാണുമല്ലോ. ഒരു രാജ്യത്തെ സൈനികമായി തകര്‍ക്കുന്നതിലും എത്രയോ എളുപ്പമാണ് സാമ്പത്തികമായി തകര്‍ക്കുക എന്നത്. ഇന്ത്യ അത്തരം ആക്രമണങ്ങളെ കാലങ്ങളായി നേരിട്ടുകൊണ്ടിരിക്കുകയുമാണെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. അതിനു നമ്മുടെ രാജ്യത്തെ ചിലര്‍ കൂട്ട് നില്‍ക്കുകയും ചെയ്യുന്നു എന്നതാണ് ഏറെ ദുഖകരമായ വസ്തുത. ഇങ്ങനെ കിട്ടുന്ന പണം ഭീകരപ്രവര്‍ത്തനം പോലുള്ള കാര്യങ്ങള്‍ക്കും ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരത്തില്‍ വരുന്ന പണം റിയല്‍ എസ്റ്റേറ്റ്‌ തുടങ്ങിയ മാഫിയകള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. അടുത്ത കാലത്ത് ഭൂമിക്ക് ക്രമത്തിലധികം വില വര്‍ധിച്ചതിന് ഒരു കാരണം ഇതുകൂടിയാണെന്നു അനുമാനിക്കേണ്ടിയിരിക്കുന്നു. നാം ഇരിക്കുന്ന കൊമ്പു മുറിക്കുകയാണെന്നു ആരും മനസ്സിലാക്കുന്നില്ല. രണ്ടാംലോകമഹായുദ്ധത്തക്കാലത്ത് ജര്‍മ്മനിയുടെ ആക്രമണത്തില്‍ തകര്‍ന്ന സമ്പദ് വ്യവസ്ഥ കാരണം ബ്രിട്ടീഷ്‌ സര്‍ക്കാര്‍  സാധനങ്ങള്‍ക്ക് റേഷന്‍ ഏര്‍പ്പെടുത്തി. പൊതുജനങ്ങള്‍ക്ക് അരകിലോ പഞ്ചസാര കൊടുക്കാനും യുദ്ധം ചെയ്യുന്ന പട്ടാളത്തിന് ഒരു കിലോ കൊടുക്കാനും ഉള്ള സര്‍ക്കാര്‍ ഉത്തരവ് റേഡിയോവിലൂടെ പ്രക്ഷേപണം ചെയ്തപ്പോള്‍ തിരിഞ്ഞുപോയി. തെറ്റു മനസ്സിലാക്കി ഉത്തരവ് തിരുത്തി പ്രക്ഷേപണം ചെയ്യുകയും അധികമായി വാങ്ങിയ പഞ്ചസാര തിരിച്ചേല്‍പ്പിക്കാന്‍ ജനങ്ങളോട്‌ ആഹ്വാനം ചെയ്യുകയും ചെയ്തു. ജനങ്ങള്‍ എല്ലാവരും തന്നെ അധികം ലഭിച്ചത് കൃത്യമായി തിരിച്ചേല്പിച്ചു. ഇന്ത്യയില്‍ ആയിരുന്നെങ്കില്‍ അത് നമുക്ക് ഇന്നത്തെ അവസ്ഥയില്‍ ആലോചിക്കാന്‍ പറ്റുമോ? കാരണം നമ്മുടെ ധാര്‍മികത അത്രക്കു താണുപോയി. രാജ്യം നമ്മുടേതല്ലെന്നും നമ്മുടെ കുടുംബത്തിനപ്പുറം എന്ത് സംഭവിച്ചാലും നമുക്കൊന്നുമില്ല എന്ന മട്ടിലല്ലേ ഇന്നത്തെ പോക്ക്. കൈക്കൂലി ചെറിയ തോതിലെങ്കിലും വങ്ങാത്തവരോ കൊടുക്കാത്തവരോ ആയി എത്ര പേര്‍ നമ്മുടെ ഇടയില്‍ ഉണ്ടാവും? പക്ഷേ നാം രാഷ്ട്രീയക്കാരെ മാത്രം പഴിച്ചു കൈ കഴുകും. ജനാധിപത്യത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടത്തിന്‍റെ നിലവാരം ജനങ്ങളുടെ ശരാശരി നിലവാരത്തോളമേ വരൂ എന്ന് ഏതോ മഹാന്‍ പറഞ്ഞതോര്‍മ്മ വരുന്നു. നാം സ്വയം നന്നായാല്‍ നമ്മുടേ നാടും നന്നാവും. നമുക്ക് വിഷയത്തിലേക്കു തിരിച്ചുവരാം.
              ഒരു രാജ്യത്തിന്‍റെ കറന്‍സിയുടെ അന്താരാഷ്ട്രമൂല്യം വിവിധ ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ആഭ്യന്തരഉല്‍പാദനം, കയറ്റുമതിത്തോത്, ഇറക്കുമതിത്തോത്, സാങ്കേതികവിദ്യയുടെ മികവ് തുടങ്ങി ധാരാളം കാരണങ്ങള്‍ അന്താരാഷ്ട്രമൂല്യത്തെ ബാധിക്കുന്നവയാണ്. ഒരു രാജ്യത്തിന്‍റെ ശക്തി, സുസ്ഥിരത, വിശ്വാസ്യത, ഭരണകൂടവും നയങ്ങളും തുടങ്ങി ജനപ്പെരുപ്പം വരെ അതില്‍ ഭാഗഭാക്കാകുന്നു. [ജനപ്പെരുപ്പം കൂടുമ്പോള്‍ പൌരന്മാരുടെ പ്രതിശീര്‍ഷ വരുമാനം കുറയുമെന്നത് അറിവുള്ളതാണല്ലോ രാജ്യത്തെ മൊത്തം വരുമാനത്തെ ജനസംഖ്യകൊണ്ടു ഭാഗിക്കുന്നതാണ് പ്രതിശീര്‍ഷ വരുമാനം] മേല്‍പറഞ്ഞവയില്‍ എല്ലാ ഘടകങ്ങള്‍ക്കും അതിന്‍റെതായ പ്രാധാന്യമുണ്ടെങ്കിലും ഒരു രാജ്യത്തിന്‍റെ ശക്തിയും സുസ്ഥിരതയും അന്താരാഷ്ട്രമൂല്യ നിര്‍ണ്ണയത്തില്‍ സുപ്രധാന പങ്കു വഹിക്കുന്നു. സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ റൂബിളിന്‍റെ വില കുത്തനെ ഇടിഞ്ഞതും ഗള്‍ഫ്‌ യുദ്ധങ്ങളില്‍ അസ്ഥിരപ്പെട്ട രാജ്യങ്ങളുടെ കറന്‍സികള്‍ക്ക് വിലയില്ലതായതും അറിവുള്ളതാണല്ലോ. അതുപോലെ തന്നെ സുസ്ഥിര ഭരണകൂടങ്ങളില്ലാത്ത ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഒരു ചായ കുടിക്കാന്‍ ഒരു ചാക്കു നോട്ടുമായി പോകേണ്ടിവരുന്നതും എന്തുകൊണ്ടാണെന്നു മേല്‍ വിവരിച്ച കാരണങ്ങള്‍ കൊണ്ടാണെന്നു മനസ്സിലാക്കാന്‍ പ്രയാസം ഇല്ലാല്ലോ.
സാമ്പത്തിക മാന്ദ്യം: മുകളില്‍ നാം ആവശ്യകത, ലഭ്യത (demand&supply) ബന്ധം എങ്ങിനെ വിപണിയെ നിയന്ത്രിക്കുന്നു എന്ന് കണ്ടല്ലോ. ഇതില്‍ പെട്ടന്നുണ്ടാവുന്ന പൊരുത്തമില്ലായ്മ വിപണിയുടെ തകര്‍ച്ചയിലേക്കു വഴി വെക്കുന്നു. അതില്‍ക്കൂടുതല്‍ വിപണിയിലെ ഊഹാപോഹങ്ങള്‍, ഊഹക്കച്ചവടം (speculations and speculative trading) എന്നിവ പ്രധാന കാരണങ്ങള്‍ ആണ്. [വളരെ അധികം ആഴത്തില്‍ പറയേണ്ട കാര്യമാണെങ്കിലും ഈ ലേഖനം തന്നെ, ഞാന്‍ ആദ്യം സൂചിപ്പിച്ചതുപോലെ സാമ്പത്തിക വിദഗ്ധന്‍മാര്‍ക്കു വേണ്ടിയുള്ളതല്ലെന്നുള്ളതിനാല്‍, സാമാന്യ ജനത്തിനു കാര്യം ഏറ്റവും ലളിതമായി മനസ്സിലാക്കി കൊടുക്കാനുള്ള ശ്രമം മാത്രമാണ്]
 ഒരു ഉദാഹരണത്തിലൂടെ നമുക്കിതു പരിശോധിക്കാം. ഇന്ന് നമ്മുടെ നാട്ടിലെ വസ്തു കച്ചവടത്തിന്‍റെ പോക്ക് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ. ബ്രോക്കര്‍മാര്‍ സാമാന്യ വിലക്കു ഒരു വസ്തു വാങ്ങിയിട്ട് ഇല്ലാത്ത ഡിമാന്‍ഡ് പെരുപ്പിച്ചു കാട്ടി വാങ്ങുന്നവനെ ഒരര്‍ഥത്തില്‍ കബളിപ്പിച്ച് വിപണി വിലയേക്കാള്‍ വളരെക്കൂടുതല്‍ വിലക്കു വില്‍ക്കുന്നു. സ്വാഭാവികമായും അതിന്‍റെ അടുത്ത വസ്തുവിന് ഉടമസ്ഥന്‍ അത്രയുമോ അതില്‍കൂടുതലുമോ വില പ്രതീക്ഷിക്കുന്നു. ഇപ്രകാരം ഇടനിലക്കാര്‍ മൂന്നോ നാലോ കൈമാറ്റം ചെയ്തു കഴിയുമ്പോള്‍ അതെ വസ്തുവിന്‍റെ വില രണ്ടോ മൂന്നോ ഇരട്ടിയാവുന്നു; സാധാരണക്കാര്‍ക്ക് അപ്രാപ്യവും. ഇത് ആരോഗ്യകരമായ വളര്‍ച്ച അല്ലെന്നു ഞാന്‍ പറയാതെ തന്നെ അറിയാമല്ലോ. ചുരുക്കത്തില്‍ വിപണി വില 1000 രൂപ ഉണ്ടായിരുന്ന ഒരു വസ്തുവിന് മൂന്നോ നാലോ കൈമാറ്റം കഴിയുമ്പോള്‍ 4000 – 5000 നിലയില്‍ എത്തുന്നു. അതായത് അവസാനം വാങ്ങിയ ആള്‍ക്ക് ആ വസ്തു നഷ്ടമില്ലാതെ വില്‍ക്കണമെങ്കില്‍ വളരെ ഉയര്‍ന്ന തുക കിട്ടിയേ മതിയാകൂ. അപ്പോഴേക്കും ജനങള്‍ക്ക് ഇതു realistic price ആണോ എന്ന സംശയവും കൂടി വന്നാല്‍ വാങ്ങാന്‍ മടി കാണിക്കുകയും അങ്ങനെ വസ്തു വിപണിയിലെ ക്രയവിക്രയം കുത്തനെ കുറയുകയും ചെയ്യുന്നു. [ഓഹരി വിപണിയിലെ കുത്തനെയുള്ള കയറ്റിറക്കങ്ങളുടെ വാര്‍ത്തകള്‍ ശ്രദ്ധിച്ചിട്ടുന്ടാവുമല്ലോ] വസ്തുവിന്‍റെ ഇപ്പോഴത്തെ ഉടമസ്ഥന് പണം ബ്ലോക്ക്‌ ആവുകയും ബാങ്ക് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നു. അങ്ങനെ ധനകാര്യ സ്ഥാപനങ്ങള്‍ പ്രതിസന്ധിയില്‍ ആവുകയും ചിലവ പിടിച്ചുനില്‍ക്കാന്‍ പറ്റാതെ തകരുകയും ചെയ്യുന്നു. അമേരിക്കയിലെ കെട്ടിട, വീടു നിര്‍മ്മാണ മേഖലയില്‍ ഉണ്ടായ തകര്‍ച്ച ഇപ്രകാരമുള്ളത് ആയിരുന്നു. പെട്ടന്ന് തന്നെ ഇതു മറ്റു ഉല്‍പാദന സേവന മേഖലകളെയും ബാധിക്കുന്നു. വസ്തുവിന്‍റെ ഉടമസ്ഥന്‍ ആ വസ്തു ഇനി കടബാധ്യത ഇല്ലാതെ വാങ്ങിയതനെന്നിരിക്കട്ടെ, അപ്പോഴും വില്പന നടക്കാതിരുന്നാല്‍ പണം ബ്ലോക്ക്‌ ആവുകയും മുന്നോട്ടുള്ള തന്‍റെ ബിസിനസ്സിനു പണം കണ്ടെത്താന്‍ വിഷമിക്കുകയും ചെയ്യും. അതുമൂലം ക്രയവിക്രയം മുടങ്ങുകയും വിപണി തകരുകയും ചെയ്യും. ഇപ്രകാരം എല്ലാ മേഖലകളിലും ആരോഗ്യകരമല്ലാതെയുള്ള വളര്‍ച്ച എന്നെങ്കിലും ഒരിക്കല്‍ അനിവാര്യമായ പതനത്തില്‍ കലാശിക്കുന്നു. നാം പറയാറില്ലേ, ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു എന്ന്. കൊട്ടാരം ചീട്ടു കൊണ്ട് പണിഞ്ഞാല്‍ എത്ര ഉറപ്പുണ്ടാകും അതിന്? അതുപോലെ തന്നെയാണ് എല്ലാ കാര്യവും.
     ഇത്രയും പറഞ്ഞതില്‍ നിന്ന് ഒരു രാജ്യത്തിന്‍റെയും അതിന്‍റെ പൌരന്മാരുടെയും നിലനില്‍പ്പും സുസ്ഥിരതയും സ്വാതന്ത്ര്യവും അന്തസ്സും ആ രാജ്യത്തെ സമ്പദ് വ്യവസ്ഥയുമായ എത്ര മാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഊഹിക്കാമല്ലോ. ചുരുക്കത്തില്‍ ഉയര്‍ന്ന ധാര്‍മ്മികതയും പൌരബോധവും രാജ്യത്തോടു കൂറും ഉത്തരവാദിത്തവും ഉള്ള പൌരന്മാരാണ് ഒരു രാജ്യത്തെ ഏറ്റവും പ്രധാന ശക്തി. അതില്ലാതെ എത്ര തന്നെ പ്രകൃതി വിഭവങ്ങളും സാങ്കേതിക വിദ്യകളും ഉണ്ടായിട്ടും കാര്യമില്ല എന്നു വരുന്നു. ലോകത്ത് ഇതിനു എത്ര വേണമെങ്കിലും ഉദാഹരണങ്ങള്‍ ഉണ്ട്.
   സാമ്പത്തിക ശാസ്ത്ര വിദഗ്ധനോ ആ വിഷയത്തില്‍ യോഗ്യതയോ ഇല്ലാതെ സാമാന്യ വിദ്യാഭ്യാസം മാത്രമുള്ളവന്‍റെ ശ്രമം ആയിക്കണ്ട് ഞാന്‍ ഇത്രയും എഴുതിയതില്‍ എന്തെങ്കിലും തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ സദയം ക്ഷമിക്കുകയും കൂടാതെ എന്നെ തിരുത്തി തരണമെന്ന് അപേക്ഷിക്കുകയും ചെയ്യുന്നു
സന്തോഷ്‌ നായര്‍

7 comments:

 1. വായിച്ചു നന്നായി എന്റെ ബ്ലോഗിൽ ഒന്നു കയറി നോക്കണെ http://etipsweb.blogspot.in/

  ReplyDelete
 2. പ്രിയ സന്തോഷ്‌ ,
  സാധാരണകാരെനു മനസ്സില്‍ ആകുന്ന രീതില്‍ തന്നെ എഴുതി , അഭിനന്ദനങ്ങള്‍ ......
  ഒരു സംശയം കൂടി
  നാം പത്രത്തില്‍ ഒക്കെ കാണാറില്ലേ നാണയ പെരുപ്പം രണ്ട് അക്കം കടന്നു അല്ലങ്കില്‍ കടക്കും എന്നൊക്കെ ? എന്താണ് ഇതിന്‍റെ അളവുകോല്‍ ?
  ബിജു പിള്ള

  ReplyDelete
 3. നല്ല എഴുത്ത്.
  അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധി താങ്കള്‍ വിശദീകരിച്ചതു പോലെ അത്ര ലളിതമല്ല. അവിടെ അടിസ്ഥാന സാമ്പത്തിക ഇടപാട് കെട്ടിട, വീടു നിര്‍മ്മാണ മേഖല ആയിരുന്നെങ്കിലും പ്രശ്നമുണ്ടാക്കിയത് അതല്ല. ബാങ്കുകാരുടെ credit default swap പോലുള്ള തട്ടിപ്പ് ഊഹക്കച്ചവടമാണ് കാരണം. അതിനെക്കുറിച്ച് വിശദമായ ലേഖനങ്ങളും സിനിമകളും ഇവിടെ പങ്ക് വെച്ചിട്ടുണ്ട്.

  ReplyDelete
  Replies
  1. പ്രിയ ജഗദീശ്‌, താങ്കള്‍ പറഞ്ഞത് ശരിയാണ്; പക്ഷേ എത്രയും ലളിതമാക്കാമോ അത്രയും ലളിതമാക്കുകയായിരുന്നു എന്‍റെ ഉദ്ദേശം. സാധാരണ വായനക്കാര്‍ക്ക്‌ ഇതിന്‍റെ പൊരുള്‍ അല്ലെങ്കില്‍ എങ്ങിനെ ഇതു സംഭവിക്കുന്നു എന്ന് മനസ്സിലാക്കി കൊടുക്കക എന്നതായിരുന്നു ഉദ്ദേശം. എങ്കിലും ഒരു ലേഖനം എന്നതില്‍ ഉപരി ഇതൊരു ചര്‍ച്ചയാക്കി മാറ്റി താങ്കളെ പോലെയുള്ളവര്‍ കാര്യങ്ങള്‍ വിശദമാക്കി അറിവ് ഞങ്ങളെപ്പോലുള്ളവരുമായി പങ്കു വെക്കണമെന്ന് താല്പര്യപ്പെടുന്നു.
   നന്ദിയോടെ സന്തോഷ്‌ നായര്‍

   Delete
 4. kollam nalla oru article !!!

  ReplyDelete
 5. ഒരു രാജ്യത്തിന്‍റെ കറന്‍സിയെ ആ രാജ്യത്തെ തോല്‍പ്പിക്കാനുള്ള ആയുധമാക്കുന്ന രീതി ഇന്ന് പലയിടത്തും നിലവിലുണ്ടെന്ന് കേള്‍ക്കുന്നു। അതായത് ആ രാജ്യത്തിന്‍റെ കറന്‍സി വളരെ, വളരെ വലിയ തുകക്കുള്ളതച്ചടിച്ചു ആ രാജ്യത്ത്‌ രഹസ്യമായി വിതരണം ചെയ്യുക। സാധനവിലകള്‍ കുതിച്ചുയരും। ജീവിതം ദുസ്സഹമാകും। കൊലയും കൊള്ളയും മോഷണവും സാധാരണസംഭവമായി ഒരുവശത്തും ഗവണ്മെന്റിന്‍റെ അസ്ഥിരത മറുവശത്തുമായി രാജ്യത്തെ ഞെരുക്കും।ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം എത്ര ഭയാനകമായ സ്ഥിതിവിശേഷമായിരിക്കും അത്। അവിടുത്തെ ചിലര്‍ അതിനു കൂട്ടുനില്‍ക്കാതെ ഈ പദ്ധതി നടക്കില്ല। സ്വന്തം കാലില്‍ കോടാലികൊണ്ട് വെട്ടുന്ന അവരോട് നമുക്ക് സഹതപിക്കാം। യേശുക്രിസ്തു പറഞ്ഞതുപോലെ "ഇവര്‍ ചെയ്യുന്നതെന്താണെന്ന് ഇവര്‍ അറിയുന്നില്ല। ഇവരോട് ക്ഷമിക്കേണമേ" എന്ന് പ്രപഞ്ചശക്തിയോടു പ്രാര്‍ത്ഥിക്കാം.

  ReplyDelete
 6. അതുപോലെ തന്നെ പ്രധാനപ്പെട്ടാണ്, സര്‍ക്കാര്‍ തന്നെ രാജ്യത്തിന്റെ സമ്പദ്ഘടന തകര്‍ക്കുന്നത്. സമ്പന്ന രാജ്യങ്ങളില്‍ നിന്നുള്ള ഏജന്റുമാര്‍ അതിനായി നമ്മുടെ പോലുള് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. John Perkins അത്തരത്തിലുള്ള ഒരാളായിരുന്നു. അദ്ദേഹം ഇതിനെക്കുറിച്ച് Confessions of an Economic Hit Man എന്ന പുസ്തകം എഴുതിയിട്ടുണ്ട്. അവര്‍ വിദേശ രാജ്യങ്ങള്‍ക്ക് അനുകൂലമായ സ്വകാര്യവത്കരണം, വിപണി തുറന്നുകൊടുക്കല്‍ തുടങ്ങിയ പല സാമ്പത്തിക നയങ്ങളും രാജ്യത്ത് നടപ്പാക്കി സമ്പത്ത് വിദേശരാജ്യങ്ങളിലെത്തിക്കുന്നു.

  ReplyDelete