Wednesday, December 12, 2012

ചെമ്പരത്തിക്കാവ് ഭാഗം ഒന്ന്

                              ചെമ്പരത്തിക്കാവ് - ഭാഗം ഒന്ന്

          

 ചെമ്പരത്തിക്കാവിലെ ആറാട്ട് വെള്ളിയാഴ്ചയാണെന്നും തീര്‍ച്ചയായും എത്തണമെന്നും മാധവന്‍ പിള്ള ഫോണ്‍ ചെയ്തപ്പോള്‍ ആളിനെ തിരിച്ചറിയാന്‍ തന്നെ ഞാന്‍ അല്‍പം ബുദ്ധിമുട്ടി. കാരണം, ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടോ ഫോണിലൂടെയെങ്കിലും സംസാരിച്ചിട്ടോ ആറുവര്‍ഷത്തിലേറെ കഴിഞ്ഞിരുന്നു. പെന്‍ഷനാകുന്നതിനുമുന്‍പ് കാസര്‍ഗോഡ്‌ ജില്ലയിലെ ഒരു കുഗ്രാമത്തില്‍ മൂന്നുവര്‍ഷം ഒന്നിച്ചു ജോലിചെയ്യേണ്ടിവന്നപ്പോഴാണ് ഞങ്ങള്‍ ശരിക്കും പരിചയപ്പെട്ടത്. അയാളുടെ നാട്ടിലെ ചെമ്പരത്തിക്കാവിലെ ദേവിയുടെ അപദാനങ്ങള്‍ കേള്‍ക്കാന്‍ പറ്റിയ ഒരാളെന്ന നിലയ്ക്കാണ് അയാള്‍ എന്നോടടുത്തത്. പിന്നെ ഞങ്ങള്‍ ഉറ്റസ്നേഹിതരായി. അയാളുടെ വീട്ടിലും ഞാന്‍ പോയിട്ടുണ്ട്. അയാള്‍ അന്നെന്നെ ചെമ്പരത്തിക്കാവിലും കൊണ്ടുപോയി. 

വളരെ ചെറിയ ഒരമ്പലം. ഒരു കാവിന്‍റെ അകന്ന കോണില്‍. അമ്പലമെന്നു വിളിക്കത്തക്ക വലിപ്പമൊന്നും അതിനുണ്ടായിരുന്നില്ല. രണ്ടടി നീളം, വീതി ഉയരങ്ങളുള്ള കൂടുപോലുള്ള ഒന്ന്. മുന്‍പില്‍ ചെറിയ ഭണ്ഡാരപ്പെട്ടി. നാഷണല്‍ ഹൈവേയുടെ സൈഡിലായിരുന്നു അത്.

ഞങ്ങള്‍ സന്ധ്യക്കാണ് അവിടെയെത്തിയത്. ഒരു തരി പ്രകാശം പോലും ചുറ്റുവട്ടത്തില്ലാത്ത ഇരുട്ടില്‍ തപസ്സിരിക്കുന്ന ദേവി. വളരെ ചെറിയ ഒരു വിഗ്രഹം ആ കൂടിനുള്ളിലുണ്ടെന്നു പിള്ള പറഞ്ഞു. അയാള്‍ അതിന്‍റെ വാതലില്‍ ഒരു തിരി കത്തിച്ചുവച്ചിട്ടും എനിക്ക് ആ വിഗ്രഹം കാണാന്‍ കഴിഞ്ഞില്ല.
"ഞാനല്ലാതെ ഇവിടെ വേറെ ആരും വരാറില്ല." അയാള്‍ പറഞ്ഞു. "ഞാന്‍ വേറൊരമ്പലത്തിലും പോകാറുമില്ല."

ആരും പോകാത്ത ആ ക്ഷേത്രത്തിലെന്തുത്സവം? എന്ത് ആറാട്ട്‌?
ഏതായാലും പിള്ളയെ ഒന്നു കാണാമല്ലോ? 
ഞാന്‍ വെള്ളിയാഴ്ച രാവിലെ തന്നെ പുറപ്പെട്ടു.

എന്‍റെ പ്രതീക്ഷക്കു വിപരീതമായിരുന്നു അവിടെക്കണ്ട കാഴ്ചകള്‍!

അമ്പലം ഒരുവിധം നന്നായിത്തന്നെ പണിഞ്ഞിരിക്കുന്നു. ഉത്സവം പ്രമാണിച്ച് നാലുചുറ്റും തോരണമാലകള്‍. നിറദീപങ്ങള്‍ കത്തുന്നു.

ഞാന്‍ അതിശയിച്ചുപോയി. ഇയാളിതെല്ലാം എങ്ങനെ സാധിച്ചെടുത്തു?
മാധവന്‍പിള്ള മുന്‍വശത്തുതന്നെ ഉണ്ടായിരുന്നു. അയാള്‍ എന്നെ അമ്പലത്തിലേക്കു നയിച്ചു.

"ആകെ മാറിയിരിക്കുന്നല്ലോ? ഇതെല്ലാം എങ്ങനെ ഒപ്പിച്ചു?"

മാധവന്‍പിള്ള പുഞ്ചിരിച്ചു.
"എല്ലാം അതില്‍ വീഴുന്ന കാശാണ്." അയാള്‍ ഭണ്ഡാരപ്പെട്ടിയുടെ നേര്‍ക്ക് വിരല്‍ ചൂണ്ടി. "ആ പെട്ടിയും അകത്തെ വിഗ്രഹവും പഴയതുതന്നെ. ബാക്കിയെല്ലാം ഇപ്പോഴുണ്ടാക്കിയതാണ്."

ആറാട്ട് ഗംഭീരമായി. നാടകം, ഗാനമേള തുടങ്ങിയ വിവിധ കലാപരിപാടികള്‍.
എല്ലാത്തിന്‍റെയും ചുമതല മാധവന്‍പിള്ളക്കാണെന്നു വ്യക്തമായിരുന്നു.

പരിപാടി എല്ലാം കഴിഞ്ഞപ്പോള്‍ വെളുപ്പാന്‍കാലമായി. മാധവന്‍പിള്ള മകനെയും കൂട്ടി എന്നെ അയാളുടെ വീട്ടിലേക്കയച്ചു. 
പോയി റസ്റ്റ്‌ എടുത്താട്ടെ. എനിക്കിവിടെ കുറച്ചു ജോലി ബാക്കിയുണ്ട്."
എനിക്ക് വേണ്ടി അയാള്‍ വീട്ടിലെ ഏറ്റവും നല്ല മുറി ഒഴിച്ചിട്ടിരുന്നു. ചെന്നുകിടന്നതും ഞാന്‍ ഉറങ്ങിപ്പോയി.
ഏതാണ്ട്‌ ഒന്‍പതുമണിയോടെ മാധവന്‍പിള്ള വിളിച്ചുണര്‍ത്തി. അയാളുടെ മുഖത്ത് ക്ഷീണമോ ഉറക്കച്ചടവോ ഇല്ല. കുളിച്ചൊരുങ്ങിനില്‍ക്കുന്നു. കയ്യില്‍ ഒരു ഗ്ലാസ്‌ ചായ.
"എപ്പോള്‍ വന്നു?" ഞാന്‍ ചോദിച്ചു.
"എട്ടുമണിയായിക്കാണും." അയാള്‍ തുടര്‍ന്നു. "ഇനി ഒരു കുളിയൊക്കെ പാസ്സാക്കിയിട്ടു വരൂ. എന്നിട്ട് കാപ്പി കുടിക്കാം." അയാള്‍ ചായ എന്‍റെ നേരെ നീട്ടി.
കുളിച്ചുതയാറായിവന്നതും കാപ്പി റെഡി.

മാധവന്‍പിള്ളയുടെ ഭാര്യയുടെയും മകന്‍റെയും പെരുമാറ്റത്തില്‍ ലേശവും അപരിചിതത്വമില്ല. വളരെനാളായി പരിചയമുള്ളതുപോലെ. പ്രസന്നമായ പെരുമാറ്റം. അയാളുടെ സംതൃപ്തി അവരിലേക്കും പകര്‍ന്നിരിക്കുന്നു.
കാപ്പികഴിഞ്ഞ് വിസ്തരിച്ചൊരുറക്കം. 
ഇടക്കൊരൂണ്. വീണ്ടും കുംഭകര്‍ണ്ണസേവ.
വൈകിട്ട്‌ ഞാന്‍ പോകാനിറങ്ങിയപ്പോള്‍ പിള്ളയുടെ നിരോധനാജ്ഞ. നാളെ രാവിലെ പോകാം.
ഞങ്ങള്‍ നടക്കാനിറങ്ങി. എത്തിയത് അമ്പലത്തില്‍.
അവിടെ കണ്ട ഒരു കല്ലിന്മേലിരുന്നു.
ചുറ്റുപാടിന് ഇപ്പോള്‍ നല്ല ഐശ്വൈര്യം.
"ഇതൊക്കെ എങ്ങിനെ സാധിച്ചെടുത്തു? എതായാലും ഗംഭീരമായിരിക്കുന്നു." അയാളെ അഭിനന്ദിക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.
"ഇതുവല്ലതും നമ്മുടെ കഴിവാണോ? അല്ലേ അല്ല. എല്ലാം ദേവിയുടെ നിശ്ചയം."
"എങ്കിലും?"
"പറയാം."
മാധവന്‍പിള്ള അല്‍പ്പസമയം നിശ്ശബ്ദനായിരുന്നു.
തെളിഞ്ഞ മാനം. ഇളംകാറ്റില്‍ കാവിലെ മരച്ചില്ലകളിളകി. ഞങ്ങളുടെ മേല്‍ പതിച്ച അവയുടെ നിഴലുകള്‍ ചാലിച്ചുകൊണ്ടേയിരുന്നു.
"ഇന്നു പൌര്‍ണ്ണമിയാണെന്നു തോന്നുന്നു." ഞാന്‍ പറഞ്ഞു.
"ഇന്നലെയായിരുന്നു പൌര്‍ണ്ണമി."
ഏതോ പ്രശ്നം അയാളെ അലട്ടുന്നതുപോലെ.
"എന്തുപറ്റി?" ഞാന്‍ ചോദിച്ചു.
"ഒന്നുമില്ല."
അല്‍പ്പം കഴിഞ്ഞ് അയാള്‍ പറഞ്ഞു: "നിങ്ങള്‍ ചോദിച്ചില്ലേ ഇതെല്ലാം എങ്ങനെ ശരിയാക്കിയെടുത്തെന്ന്?"           
(തുടരും)
കൃഷ്ണ                                                              

                                                                                               

        

2 comments:

  1. ഈ മാധവന്പിളള ശരിക്കും ഇതെങ്ങനെ സാധിച്ചെടുത്തു.......

    ReplyDelete
  2. തുടര്‍ന്നു വായിക്കുക.

    ReplyDelete