Thursday, December 13, 2012

ചെമ്പരത്തിക്കാവ് - ഭാഗം രണ്ട്

 

                      ചെമ്പരത്തിക്കാവ്  - ഭാഗം രണ്ട്

 

"അതെ. കാശുകുറെ ആയിക്കാണുമല്ലോ? പെന്‍ഷനായപ്പം കിട്ടിയതെല്ലാം ഇവിടെ മുടക്കിയെന്നു തോന്നുന്നല്ലോ?
"ഹേയ്, അതൊക്കെ ബാങ്കിലുണ്ട്."
"പിന്നെ?"
"ആരോടും ഒന്നും പറയേണ്ടെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. ഈ നാട്ടുകാരോട് എന്തായാലും പറയാന്‍ പറ്റില്ല. അവരൊക്കെ കണ്ടറിഞ്ഞത് മാത്രം അറിഞ്ഞാല്‍ മതി. പക്ഷെ നിങ്ങള്‍? നിങ്ങളേതായാലും ഈ നാട്ടുകാരനല്ലല്ലോ? അതുകൊണ്ട് എല്ലാം പറയാം. ഒരാളെങ്കിലും അറിഞ്ഞിരിക്കട്ടെ."

മുഖവുര നീണ്ടുപോയത് വിചിത്രമായിത്തോന്നി.
"ഇതിലെന്താണിത്ര സസ്പെന്‍സ്?"
"നിങ്ങളീ നാടെല്ലാം കാണുന്നില്ലേ? ഒരു വായനശാലയോ തീയേറ്ററോ ഒരു നല്ല തട്ടുകടപോലുമോ ഇവിടില്ല. അസ്സല്‍ പട്ടിക്കാട്."
തലേദിവസത്തെ ഉത്സവത്തിരക്കില്‍ ഞാനതു ശ്രദ്ധിച്ചിരുന്നില്ല. പക്ഷെ ഇന്ന്‍ -
റോഡിലൂടെ പായുന്ന വാഹനങ്ങളുടെ ഇരമ്പലില്ലായിരുന്നെങ്കില്‍ ആകെ നിശ്ശബ്ദം.
പക്ഷെ ഇപ്പോഴതിനെന്താണാവോ പ്രസക്തി?
ഞാന്‍ ചുറ്റിനും നോക്കി. നിലാവില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്ന നാട്ടിന്‍പുറം. മഞ്ഞിന്‍റെ നേരിയ മൂടുപടം. വീടുകളില്‍ നിന്ന് ഊറിവീഴുന്ന പ്രകാശം നിലാവിലലിയുന്നു.
എവിടെയോ പാല പൂത്ത സുഗന്ധം.
തെളിഞ്ഞ ആകാശത്ത് ചലനലേശമില്ലാതെ ചന്ദ്രന്‍.
ഒരു നിമിഷത്തേക്ക് മനസ്സിന്‍റെ ചലനമറ്റതുപോലെ.
ദൂരേയെങ്ങോ ഒരു മണിനാദം.
"പെന്‍ഷന്‍ പറ്റിവന്ന ഞാന്‍ ചെയ്യാനൊന്നുമില്ലാതെ വലഞ്ഞു." മാധവന്‍പിള്ളയുടെ ശബ്ദം അകലെയെങ്ങോ നിന്നു മുഴങ്ങുന്നതുപോലെ. 
"ദിവസവും വൈകുന്നേരം ഞാനിവിടെ വന്നിരിക്കും. അപൂര്‍വ്വം ചില ദിവസം വേറെയാരെങ്കിലും കാണും. അവരോടു സംസാരിച്ചിരിക്കും. സന്ധ്യയാകുമ്പോള്‍ തിരിച്ചുപോകും." ഒരു സംഭവകഥ അടുക്കടുക്കായി പറയുന്നതുപോലെ നിറുത്തിനിറുത്തിയാണയാള്‍ സംസാരിച്ചത്.

ഒറ്റയ്ക്ക് അവിടെയിരിക്കുമ്പോഴെല്ലാം ആരോ തന്നെ ശ്രദ്ധിക്കുന്നതായി അയാള്‍ക്ക്‌ തോന്നാന്‍ തുടങ്ങി. ആ തോന്നല്‍ അയാളില്‍ നിറച്ചത് സുരക്ഷാബോധം.
അവിടെയെല്ലാം ഇഴജന്തുക്കളുണ്ടെന്നും സൂക്ഷിക്കണമെന്നും പലരും പറഞ്ഞു. പക്ഷെ അവയൊന്നും തന്നെ ഉപദ്രവിക്കില്ലെന്ന് എങ്ങിനെയോ അയാള്‍ക്ക് ഉറപ്പായിരുന്നു.
ഇതൊക്കെയാണെങ്കിലും സന്ധ്യകഴിഞ്ഞ് എഴുന്നേറ്റുപോകുമ്പോള്‍ തോന്നിയിരുന്നത് ഒരു സഹതാപം കലര്‍ന്ന ദുഃഖം.
ഞാന്‍ ഫാനിന്‍റെ കീഴില്‍ സുഖമായുറങ്ങുമ്പോള്‍ ഇവിടെ ദേവി ഒറ്റയ്ക്ക്, ആരോരുമില്ലാതെ -
ഭക്തിയിലേറെ വാത്സല്യഭാവമായിരുന്നു അയാളില്‍.
കിടപ്പുപോലും ആ അമ്പലമുറ്റത്താക്കാന്‍ അയാള്‍ തയാറായിരുന്നു. പക്ഷെ വീട്ടുകാരേയും നാട്ടുകാരെയും ഭയക്കേണ്ടേ?
ഞാന്‍ വാച്ചിലേക്ക് നോക്കി. മണി ഒന്‍പതാകുന്നു. ഇവിടെ മുഖവുര പോലും കഴിഞ്ഞിട്ടില്ല. പിന്നല്ലേ കഥ!
ഞാന്‍ സമയംനോക്കുന്നത് അയാള്‍ ശ്രദ്ധിച്ചു.
"എന്നാലിനി പോകാം." അയാള്‍ എഴുന്നേറ്റു.
"അപ്പോള്‍ പറയാന്‍ വന്ന കഥ?"
"എന്തോ, ഇവിടിരുന്നത് പറയാന്‍ പറ്റുന്നില്ല."
"ശരി."
ഞങ്ങള്‍ നടന്നു. വീടടുക്കാറായപ്പോള്‍ അയാള്‍ പറഞ്ഞു.
"ഒരു കാര്യം ചെയ്യാം. ഞാന്‍ ഒരു ദിവസം വീട്ടിലേക്കുവരാം."
"എന്നുവരും?"
"സൗകര്യം പോലെ. അധികം താമസിക്കാതെ വരാം."
"നേരത്തെ ഒന്ന് പറഞ്ഞിട്ടുവരണം. ഞാന്‍ സ്ഥലത്തുണ്ടാകണമല്ലോ?"
"അതെന്താ? എവിടെയെങ്കിലും പോകാനുണ്ടോ?"
"അങ്ങനെയൊന്നുമില്ല. എങ്കിലും..."
"ശരി. പറഞ്ഞിട്ടുതന്നെ വരാം."
ഒരാഴ്ചയ്ക്കുള്ളില്‍ മാധവന്‍പിള്ളയുടെ ഫോണ്‍. ശനിയാഴ്ച വൈകിട്ടെത്താം.
അതിനുമുന്‍പ്‌ രണ്ടുപ്രാവശ്യം അയാളെന്‍റെ വീട്ടില്‍ വന്നിട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എന്‍റെ വീട്ടുകാര്‍ക്ക്‌ ഒരപരിചിതനായിരുന്നില്ല അയാള്‍.
എന്നിരുന്നാലും ചില കാര്യങ്ങളിലുള്ള സ്ത്രീകളുടെ ഓര്‍മ്മശക്തിയെപ്പറ്റി ഞാന്‍ തികച്ചും ബോധവാനായത് അന്നാണ്.
എന്‍റെ ഭാര്യ!
അയാളുടെ വീട്ടിലെ ഓരോരുത്തരെപ്പറ്റിയും പേരെടുത്തുപറഞ്ഞ് അന്വേഷിക്കുന്നു! അയാളുടെ മകന് ജോലി എവിടെയാണെന്നുപോലും അവള്‍ക്കറിയാം!
എനിക്കുപോലും ഓര്‍മ്മയില്ലാത്ത കാര്യങ്ങള്‍.
വീട്ടിലൊരു ഉത്സവപ്രതീതി.
അപ്രതീക്ഷിതമായ ആ സ്നേഹത്തിനുമുന്‍പില്‍ അയാളുടെ കണ്ണുനിറയുന്നെന്നു തോന്നി.
പിറ്റേദിവസം കുളിയും കാപ്പികുടിയുമെല്ലാം കഴിഞ്ഞ് ഞങ്ങള്‍ സംസാരിക്കാനിരുന്നു. അതുമിതുമൊക്കെ പറഞ്ഞിരുന്ന് കുറച്ചുസമയം കഴിഞ്ഞു.
പിന്നെ സംസാരം തുടര്‍ന്നുപോകാന്‍ തക്ക വിഷയം ഒന്നുമില്ലെന്നു തോന്നിയപ്പോള്‍ ഞാന്‍ ചോദിച്ചു:
"പിന്നെ, അന്നൊരുകാര്യം പറയാമെന്നു പറഞ്ഞിരുന്നല്ലോ?"
"ഓര്‍മ്മയുണ്ട്‌. അതിനാണല്ലോ ഞാന്‍ വന്നതുതന്നെ."
മാധവന്‍പിള്ള കഥ മുഴുവന്‍ എന്നോടു പറഞ്ഞു.

                               **************
പെന്‍ഷനായി നാട്ടിലെത്തിയതിനു ശേഷം സമയം ചെലവഴിക്കാന്‍ ഒരു വഴിയും കാണാതെ വിഷമിക്കുകയായിരുന്നു അയാള്‍. മകന് നേരത്തെതന്നെ ജോലി കിട്ടിക്കഴിഞ്ഞിരുന്നു. വീട്ടുകാര്യങ്ങള്‍ അവന്‍ നോക്കിക്കൊള്ളും. പിന്നെ പിള്ളയുടെ പെന്‍ഷനും.
ആകെക്കൂടി ഒരു ജോലി ബാക്കിയുള്ളത് മകന്‍റെ വിവാഹം. അതിനിനിയും സമയമുണ്ട്.
ചെറുപ്പം മുതലേ അയാള്‍ ചെമ്പരത്തിക്കാവില്‍ മാത്രമാണ് പോയിരുന്നത്. ആ കൊച്ചുകുടിലിനുള്ളിലെ ദേവി മാത്രമായിരുന്നു അയാളുടെ ആശ്രയം.
രാവിലെയും വൈകുന്നേരവും അവിടെപ്പോയി തൊഴുന്നത് അയാള്‍ പതിവാക്കി. രാവിലെ തൊഴുതിട്ടു മടങ്ങും. വൈകിട്ട് മൂന്നുമണിക്കൂറോളം അവിടെയിരിക്കും. സന്ധ്യക്ക് ഒരു തിരി കൊളുത്തിവയ്ക്കും.
അയാള്‍ അവിടുത്തെ പൂജാരിയായതുപോലെ. മറ്റാരും വരാത്ത അമ്പലത്തിലെ പൂജാരി.
പക്ഷേ ഒരഭിലാഷം അയാളുടെ മനസ്സില്‍ നിറഞ്ഞുനിന്നു. ഈ അമ്പലം ഒന്ന് നന്നാക്കണം.
"ദേവിക്ക് മോക്ഷം കൊടുക്കാനൊരാഗ്രഹം, അല്ലെ?" ഞാന്‍ അയാളെ കളിയാക്കി.
"അല്ല. ദേവിക്ക് മോക്ഷം കൊടുക്കാന്‍ നമ്മളാര്? എനിക്ക് മോക്ഷം കിട്ടാനൊരു വഴി. അങ്ങനെയാണെനിക്ക് തോന്നിയത്?"
പക്ഷെ അതിനെല്ലാം പണമെവിടെ?
മാധവന്‍പിള്ളയുടെ ഒരകന്ന ബന്ധു ആലപ്പുഴയില്‍ താമസമുണ്ടായിരുന്നു.
പണക്കാരന്‍. ബിസിനസ്സുകാരന്‍.
മാധവന്‍പിള്ളക്ക് അറിയാമായിരുന്നിടത്തോളം ഇത്തരം കാര്യങ്ങളില്‍ താല്‍പര്യമുള്ള ആളായിരുന്നു ആ ബന്ധു.
പിള്ള ഒരുദിവസം അയാളുടെ വീട്ടിലെത്തി. കുശലപ്രശ്നങ്ങള്‍ കഴിഞ്ഞ് പ്രശ്നം അവതരിപ്പിച്ചു.
"അതിനു കുടുംബം വകയൊന്നുമല്ലല്ലോ അത്?"
"അല്ല. പൊതുവകക്ഷേത്രമാണ്."
"എന്തോന്നു ക്ഷേത്രം? പണ്ടാരാണ്ട് അങ്ങനെ പറഞ്ഞൊണ്ടാക്കിയെന്നും വച്ച്? അങ്ങിനെ റോഡുവക്കിലെല്ലാം കാണും.
അതൊക്കെ നേരെയാക്കാന്‍ തുനിഞ്ഞാല്‍ പിന്നെയൊന്നിനും നേരോം കാശും കാണത്തില്ല."
എങ്കിലും യാത്രപറഞ്ഞപ്പോള്‍ അയാള്‍ നൂറുരൂപ ഏല്‍പ്പിച്ചു. "ഏതായാലും ഇവിടെവരെ വന്നതല്ലേ?"
അതോടെ 'പൊതുജനങ്ങളുടെ സഹകരണത്തോടെ' എന്ന പരിപാടി ഉപേക്ഷിച്ചു.
ഏതായാലും ഇവിടെവരെ വന്നതല്ലേ. അയാള്‍ ആലപ്പുഴയിലും ചുറ്റുപാടുമുള്ള പഴയ സ്നേഹിതരെയെല്ലാം പോയിക്കണ്ടു. പിരിവിനൊന്നുമല്ല. വെറുതെ. വെറും വെറുതെ.
എല്ലാം കഴിഞ്ഞ് ആലപ്പുഴ ബസ്‌സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ മണി രാത്രി പത്തുകഴിഞ്ഞിരുന്നു.
ഒട്ടൊക്കെ നിശ്ശബ്ദമായ അന്തരീക്ഷം.
ഇനി എറണാകുളം ഫാസ്റ്റില്‍ കയറണം. വീടിനടുത്തെങ്ങും അതിനു സ്റ്റോപ്പില്ല. കുറെ നടക്കേണ്ടിവരും. ങാ, സാരമില്ല.
അയാള്‍ ബസ്സുകാത്ത്‌ അവിടെയിരുന്നു. ആദ്യത്തെ ഉദ്യമം തന്നെ പരാജയപ്പെട്ടതില്‍ അതിയായ വിഷമം.
ഒരാള്‍ അടുത്തുവന്നിരുന്നു. ഒരു ബീഡി കത്തിച്ചു.
"എങ്ങോട്ടു പോകാനാ?" അയാള്‍ പിള്ളയോട് ചോദിച്ചു.
അയാള്‍ സ്ഥലപ്പേര് പറഞ്ഞു. വീടിനടുത്തുള്ള, നാലുപേര്‍ കേട്ടാലറിയുന്ന സ്ഥലപ്പേര്.
"പിന്നെ അവിടുന്നു കുറെ നടക്കണം. ഹൈവേയില്‍തന്നെ. പക്ഷെ ഫാസ്റ്റ് അവിടെങ്ങും നിര്‍ത്തത്തില്ല."
"ഏതാ സ്ഥലം?"
പിള്ള തന്‍റെ ശരിയായ സ്ഥലം പറഞ്ഞുകൊടുത്തു. ആ സ്ഥലം അയാള്‍ക്കറിയില്ല.
"അതൊരു വെറും കുഗ്രാമമാ. അങ്ങനെയിങ്ങനെയൊന്നും ആരും അറിയത്തില്ല."
പിള്ള സ്ഥലം എവിടെയെന്നു വിശദീകരിച്ചു. അപ്പോള്‍ അയാള്‍ ഒരുവിധം മനസ്സിലാക്കിയെന്ന് തോന്നി.
"എങ്ങോട്ടു പോകുവാ?" പിള്ള ചോദിച്ചു
"വീട്ടിലോട്ട്"
"എവിടാ വീട്?"
അമ്പലപ്പുഴയ്ക്കടുത്താ"
     
           (തുടരും)

                                                                                                                               കൃഷ്ണ

1 comment: