Saturday, December 15, 2012

ചെമ്പരത്തിക്കാവ്‌ - ഭാഗം നാല്

                       ചെമ്പരത്തിക്കാവ്‌ - (ഭാഗം നാല്)

 

ഇതുവരെയെല്ലാം കൃഷ്ണന്‍ പറഞ്ഞതുപോലെ നടന്നു. സ്വന്തം അഭിനയം ശരിയായാല്‍ ബാക്കിയും അയാള്‍ പറഞ്ഞതുപോലെ നടക്കും എന്ന് പിള്ളക്ക് ഉറപ്പായി.

മുന്നോട്ടുനടന്ന അയാള്‍ തിരിഞ്ഞ് ബസ്സിനുനേരെ നടന്നു.
എട്ടുപത്താളുകള്‍ ബസ്സിനുചുറ്റും കൂടിയിട്ടുണ്ട്. കണ്ടക്ടര്‍ സ്വന്തം സീറ്റിനടുത്തുനില്‍ക്കുന്നു. യാത്രക്കാര്‍ ആകെ വിഷമിച്ചിരിക്കുന്നു. ചിലര്‍ അയാളുടെനേരേ നോക്കുന്നു.
എന്താണവരുടെ ഭാവം?
ദ്രോഹി?
ഭാഗ്യവാന്‍?
ഇയാള്‍ക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുമോ?
കണ്ടക്ടറും അയാളെതന്നെ നോക്കുന്നു. അഭിനന്ദനവും ദേഷ്യവും കൂടിക്കുഴഞ്ഞ ഒരു ഭാവമാണ് അയാളുടെ മുഖത്ത്.

"അപ്പോള്‍ വേണമെങ്കില്‍ എക്സ്പ്രസ്സ് ഇവിടെയും നില്‍ക്കും." കണ്ടക്ടറുടെ നേരേനോക്കി പിള്ള തുടര്‍ന്നു. "ഞാനിറങ്ങിയല്ലോ? ഇനി പോയാട്ടെ."
പെട്ടെന്ന് മാധവന്‍പിള്ളയ്ക്കു തോന്നി. ഞാനാരാണ് ഇയാളെ പരിഹസിക്കാന്‍?
"ഇനി ഈ വണ്ടി പോകണമെങ്കില്‍ ആ കാവിന്‍റെ മുന്‍പിലെ ഭണ്ഡാരത്തില്‍ എന്തെങ്കിലും നിക്ഷേപിച്ചാല്‍ മതി. വണ്ടി സ്റ്റാര്‍ട്ടാകും, തീര്‍ച്ച."
അത് പറഞ്ഞപ്പോള്‍ അയാളുടെ സ്വരത്തില്‍ ലേശവും പരിഹാസമുണ്ടായിരുന്നില്ല.
കണ്ടക്ടര്‍ എന്തോ ആലോചിച്ചിട്ട് ഡ്രൈവറുടെ നേരെ നടന്നു. അവര്‍ തമ്മില്‍ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു.
ക്ഷമകെട്ടിരിക്കുന്ന യാത്രക്കാര്‍.
ഒടുവില്‍ അതിലൊരാള്‍ എഴുന്നേറ്റുനിന്നു. അയാളുടെ കയ്യില്‍ ഒരു പത്തുരൂപാനോട്ട്.
"ഇതാ പത്തുരൂപ." അയാള്‍ കണ്ടക്ടറോടു വിളിച്ചുപറഞ്ഞു. "അങ്ങോട്ടുചെന്ന്‍ ഇതൊന്നിട്ടേരെ സാറേ. അതുകൊണ്ട് വണ്ടി സ്റ്റാര്‍ട്ടാകും എന്നല്ലേ അയാള്‍ പറയുന്നത്?"
യാത്രക്കാര്‍ തമ്മില്‍തമ്മില്‍ എന്തൊക്കെയോ പറയുന്നു. വണ്ടിയിലാകെ ബഹളം.
കണ്ടക്ടര്‍ ചുറ്റുപാടും നോക്കി. എന്നിട്ട് ഡ്രൈവറോട് എന്തോ ചോദിച്ചു. അയാള്‍ തലയാട്ടി.
സ്വന്തം പോക്കറ്റില്‍നിന്ന് ഒരു പത്തുരൂപാനോട്ട് തപ്പിയെടുത്ത് കണ്ടക്ടര്‍ വണ്ടിയില്‍ നിന്നിറങ്ങി. മൂന്നുനാലു ചെറുപ്പക്കാരും അയാളോടൊപ്പം ഇറങ്ങി. മാധവന്‍പിള്ള മുന്നില്‍നിന്ന് ആ ജാഥ നയിച്ചു.
ഭണ്ടാരപ്പെട്ടിയ്ക്കടുത്തെത്തി പിള്ള വിരല്‍ ചൂണ്ടി.
ഇഷ്ടപ്പെടാത്ത ഏതോ കൃത്യം ചെയ്യുന്നതുപോലെ മുഖം ചുളിച്ച് കണ്ടക്ടര്‍ ആ നോട്ട് ഭണ്ഡാരത്തില്‍ നിക്ഷേപിച്ചതും -
വണ്ടി സ്റ്റാര്‍ട്ടായി!
ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയ ചെറുപ്പക്കാരുടെ കണ്ണില്‍ അതിശയഭാവം.
തിരിഞ്ഞുനോക്കിയിട്ട് കണ്ടക്ടര്‍ അവിടെത്തന്നെ നിന്നു. എന്നിട്ട് പോക്കറ്റില്‍നിന്നും ഒരു നോട്ടെടുത്ത് ഭണ്ഡാരത്തില്‍ നിക്ഷേപിച്ചിട്ട് കണ്ണടച്ച്‌ ഭക്തിപൂര്‍വ്വം തൊഴുതുനിന്നു.
"ഇനി പോകാം സാറേ. ഒരു പ്രശ്നവും വരില്ല." മൃദുസ്വരത്തില്‍ മാധവന്‍പിള്ള പറഞ്ഞതുകേട്ട് അയാള്‍ കണ്ണുതുറന്ന് തിരിഞ്ഞുനടന്ന്‍ ബസ്സില്‍ കയറി.
"എന്നാല്‍ പോകട്ടെ?" അയാള്‍ മാധവന്‍പിള്ളയോട്‌ ചോദിച്ചു. പിള്ള കയ്യുയര്‍ത്തി.
ബസ്സ്‌ കുതിച്ചുപാഞ്ഞു. മാധവന്‍പിള്ളയും ബസ്സിനടുത്തുനിന്ന നാട്ടുകാരും ബാക്കിയായി.
"എന്താ, എന്തുപറ്റി?" അവരുടെ അടുത്തേക്ക് നടന്നടുത്തുകൊണ്ട് ഒരാള്‍ ചോദിച്ചു.
മാധവന്‍പിള്ളയുടെ തൊട്ടടുത്ത വീട്ടുകാരന്‍.
"ഞാന്‍ വന്ന എക്സ്പ്രസ്സ് ഇവിടെ വന്നപ്പോള്‍ ബ്രേക്ക്‌ഡൌണ്‍ ആയി." ഉദ്വേഗം കാരണം സംസാരിക്കാന്‍ വിഷമിച്ചുകൊണ്ട് പിള്ള പറഞ്ഞു.
എക്സ്പ്രസ്സ് എന്നയാള്‍ എടുത്തുപറഞ്ഞത്‌ മനപ്പൂര്‍വ്വമായിരുന്നു.
പക്ഷെ?
"ചേട്ടന്‍ എവിടെ പോയിരുന്നു?"
"ആലപ്പുഴ"
"എന്നിട്ടെന്താ എക്സ്പ്രസ്സില്‍ കേറിയത്? അത് ഏറണാകുളത്തേ നിര്‍ത്തത്തൊള്ളല്ലോ?"
ഇങ്ങനെയൊരു ചോദ്യം പിള്ള പ്രതീക്ഷിച്ചിരുന്നില്ല. അയാളാകെ വിയര്‍ത്തു.
ഇതിനെന്തു മറുപടി പറയും?
വേണ്ടായിരുന്നു. ഒന്നും വേണ്ടായിരുന്നു.
"അതൊക്കെപ്പോട്ടെ." അവിടെ കൂടിയിരുന്നവരില്‍ ഒരു വൃദ്ധന്‍ ക്ഷമകെട്ടതുപോലെ പറഞ്ഞു: "ബസ്സുകാര് കാണിക്കപ്പെട്ടീല്‍ കാശിട്ടപ്പഴാ ബസ്സ്‌ സ്റ്റാര്‍ട്ടായത്."
"അതെങ്ങനാ?" അയല്‍ക്കാരനെന്തോ ഒരു വിശ്വാസക്കുറവ്.
മാധവന്‍പിള്ള വൃദ്ധന്‍റെ നേരെ നോക്കി. വലിയൊരാപത്തില്‍നിന്നും രക്ഷിച്ച ആളിനെയെന്നവണ്ണം.
"ഞങ്ങളെല്ലാം കണ്ടോണ്ടു നിക്കുവാരുന്നു. കാശിട്ടതും ബസ്സ്‌ സ്റ്റാര്‍ട്ടായ ശബ്ദം കേട്ടു."
ചുറ്റും കൂടിനിന്ന ചിലര്‍ വൃദ്ധനെ അനുകൂലിച്ചു തലയാട്ടി.
"ഇതൊരദ്ഭുതമാണല്ലോ? ഇതെങ്ങനെ പറ്റി ചേട്ടാ? ആട്ടെ, ചേട്ടനിവിടിറങ്ങാന്‍ എക്സ്പ്രസ്സിലെന്തിനാ കേറിയേ?"
വീണ്ടും ഉത്തരം മുട്ടിക്കുന്ന ആ ചോദ്യം. ഇയാളെന്തിനാ ഇങ്ങനെ ചോദ്യം ചെയ്യുന്നത്?
"വേറെ ബസ്സ്‌ ഒന്നും ഈ വഴിക്കൊള്ളത് കണ്ടില്ല. പിന്നെ പറഞ്ഞാല്‍ ഇവിടെ നിറുത്തിത്തരുമെന്ന് എങ്ങനെയോ തോന്നി." പെട്ടെന്നൊരുത്തരം കിട്ടിയതുപോലെ മനസ്സില്‍ തോന്നിയതയാള്‍ കൂട്ടിച്ചേര്‍ത്തു. "ദേവി തോന്നിച്ചതായിരിക്കും."
"ശരിയാ. അല്ലേലിങ്ങനെ തോന്നത്തില്ലല്ലോ?" ആരോ പറഞ്ഞു.
ഇനി അവിടെനിന്നാല്‍ ശരിയാകുകയില്ലെന്ന് പിള്ളക്ക് തോന്നി.
"എന്നാല്‍ ഞാന്‍ പോട്ടേ? കൊറച്ച് അത്യാവശ്യമൊണ്ട്."
അയാള്‍ ആഞ്ഞുനടന്നു. പിന്നില്‍ സംസാരം തുടരുകയായിരുന്നു.
പിറ്റേന്ന് രാവിലെ മാധവന്‍പിള്ള പതിവുപോലെ കാവിലെത്തി.
തിരികൊളുത്തിവച്ച് തൊഴുതിട്ട് പിന്നോട്ടു തിരിഞ്ഞപ്പോള്‍ കണ്ട കാഴ്ച അയാളെ അതിശയിപ്പിച്ചു.
"ഹര്‍ഷോന്മാദലഹരി എന്നൊക്കെ പുസ്തകങ്ങളില്‍ കാണാറില്ലേ? അതെന്താണെന്ന് അനുഭവത്തിലൂടെ അന്ന് ഞാനറിഞ്ഞു." പിള്ള പറഞ്ഞു.
കാരണം അന്നാദ്യമായി അയാളുടെ പിന്നില്‍ നാലഞ്ചുപേര്‍ തൊഴുതുകൊണ്ട് നില്‍പ്പുണ്ടായിരുന്നു.
മാധവന്‍പിള്ള അവരുടെ നേര്‍ക്ക്‌ നടന്നപ്പോള്‍ അവര്‍ നിശ്ശബ്ദരായി ഒതുങ്ങിനിന്നു. അയാളുടെ മഹത്വം അംഗീകരിക്കുന്ന മട്ടില്‍.
മാധവന്‍പിള്ളയുടെ ഓര്‍മ്മയില്‍ അന്നാദ്യമായി അവിടുത്തെ ഭണ്ഡാരത്തില്‍ നാട്ടുകാരുടെ വഴിപാടുപണം വീണു.
പിന്നെ അതെല്ലാം ഒരു സാധാരണ സംഗതിയായി.ക്ഷേത്രഭരണത്തിന് നാട്ടുകാരുണ്ടാക്കിയ കമ്മറ്റി മാധവന്‍പിള്ളയെ
പ്രസിഡന്‍റ് ആക്കി.
ക്ഷേത്രത്തിലെ പൂജാരിയുമാക്കി.
"എന്ത് പൂജാരി? എനിക്കൊരു പൂജയും മന്ത്രവും ഒന്നും അറിഞ്ഞുകൂടാ. ദേവിയുടെ മുന്‍പില്‍ ഒരു വിളക്ക് കൊളുത്തിവക്കും. അത്രതന്നെ."
ഭക്തര്‍ക്ക്‌ കൊടുക്കാനുള്ള പ്രസാദമായി മാധവന്‍പിള്ള സ്വീകരിച്ചത് വിഗ്രഹത്തിന്‍റെ മുന്‍പിലെ മണ്ണ്. അതെടുത്തുനനച്ച് അയാള്‍ ഭക്തര്‍ക്ക്‌ കൊടുത്തു. അവര്‍ അത് ഭക്തിയോടെ നെറ്റിയിലണിഞ്ഞു.
തികച്ചും അപ്രതീക്ഷിതമായി മറ്റൊരു സംഭവവികാസം കൂടിയുണ്ടായി.
പുതിയ വാഹനം വാങ്ങിയാല്‍ ആദ്യം അവിടെ കൊണ്ടുവന്നു പൂജിക്കുന്നത് അത്യന്തം ശ്രേഷ്ടമാണെന്ന്‍ ഒരു ശ്രുതി പരന്നു. അതിന്‍റെ ഉറവിടം എവിടെയായിരുന്നെന്ന് പിള്ളക്ക് ഊഹിക്കാന്‍പോലും കഴിഞ്ഞില്ല.
"അതുപിന്നെ സ്വാഭാവികമല്ലേ? എക്സ്പ്രസ്സ് നിറുത്തിയ ദേവിയല്ലേ?" ഞാന്‍ പറഞ്ഞു.
ഏതായാലും വരുമാനം അതോടെ വളരെയേറെ വര്‍ദ്ധിച്ചു. എല്ലാത്തിന്‍റെയും ചുമതലക്കാരനെന്ന നിലയില്‍ അതിരാവിലെ മുതല്‍ രാത്രി എട്ടുമണിവരെ പിള്ള അവിടെത്തന്നെ കഴിഞ്ഞു.
"ശമ്പളം വല്ലതും?"
പിള്ള അമ്പലക്കൂട്ടിലേക്കു മനസ്സാ നോക്കിക്കൊണ്ട് കഥ പറയുകയാണെന്നാണ് ആദ്യം തൊട്ട് എനിക്ക് തോന്നിയത്. എന്‍റെ ചോദ്യം കേട്ടപ്പോള്‍ അയാള്‍ മുഖം തിരിച്ച് എന്‍റെനേരെ നോക്കി.
അയാളുടെ കണ്ണുകളില്‍ അലയടിച്ച വികാരമെന്തെന്നു എനിക്ക് ഊഹിക്കാന്‍ കഴിഞ്ഞില്ല.
"എന്തെങ്കിലും എടുക്കാന്‍ എല്ലാവരും പറഞ്ഞതാ. പക്ഷെ ഞാന്‍ അതൊന്നും വേണ്ടാന്നു പറഞ്ഞു."
"അതെന്താ? അതൊന്നും തെറ്റല്ലല്ലോ? എല്ലാവരും ചെയ്യുന്നതല്ലേ?"
"ആയിരിക്കാം. പക്ഷെ എനിക്കത് വേണ്ടെന്നു തോന്നി. കാശൊണ്ടാക്കാന്‍ വേണ്ടി തട്ടിപ്പ്‌ നടത്തിയപോലെ. അതും ദൈവത്തിന്‍റെ പേരില്‍."
എന്തു തട്ടിപ്പ്‌ നടത്തിയെന്നാണ് അയാള്‍ പറഞ്ഞതെന്ന് എനിക്കു മനസ്സിലായില്ല. അതു ചോദിക്കാന്‍ ഞാന്‍ മടിച്ചു.
പിള്ള കഥ തുടര്‍ന്നു.
ആളുകളെല്ലാം വരാന്‍ തുടങ്ങി. ഒരാഴ്ച്ചകഴിഞ്ഞ് ഭണ്ഡാരം തുറന്നപ്പോള്‍ അതില്‍ ഇരുന്നൂറ്റിമുപ്പത്തേഴ് രൂപായുണ്ടായിരുന്നു.
"ഒരു ശാന്തിക്കാരനെ വെക്കാം എന്നൊക്കെ ഞാന്‍ പറഞ്ഞതാ. പക്ഷെ ആരും സമ്മതിച്ചില്ല."
"അതു ന്യായം. ദേവിക്ക് ശാപമോക്ഷം കിട്ടിയത് പിള്ള കാരണമല്ലേ?"
"ദേവിക്കെന്തു ശാപം? എന്തു ശാപമോക്ഷം? അതെല്ലാം നമുക്കല്ലേ?"
"അതുപോട്ടെ. ഇന്ന് അമ്പലത്തിലെ കാര്യമൊക്കെ ആരുനോക്കും?"
"ഒരാളുണ്ട്. എന്‍റെ അസിസ്റ്റന്‍റെന്നു വേണേല്‍ പറയാം. എല്ലാം നോക്കിക്കൊള്ളും. പിന്നെ വലിയ ജോലിയൊന്നുമില്ലല്ലോ?
തിരി കത്തിക്കണം. പ്രസാദം കൊടുക്കണം. അത്രേയൊള്ളു."
"വേറെ പൂജയൊന്നും?"
"ഇല്ല. അതൊന്നും എനിക്കറിഞ്ഞൂടാ. വഴിപാടെല്ലാം ദേവിയെ ധ്യാനിച്ചുകൊണ്ട് ഭണ്ഡാരത്തിലിടാന്‍ പറയും.
പൂജയ്ക്കുവരുന്ന വാഹനങ്ങളുടെ താക്കോല്‍, ദേവിയുടെ മുന്‍പില്‍വച്ചിട്ട് തിരിച്ചുകൊടുക്കും. ഉടമസ്ഥന്മാര്‍ അവര്‍ക്ക്‌ ഇഷ്ടമുള്ള തുക ഭണ്ഡാരത്തിലിടും. കുറഞ്ഞത് നൂറുരൂപയാ എല്ലാവരും ഇടുന്നത്."
"ഈ പണമൊക്കെ എവിടെയാ സൂക്ഷിക്കുന്നേ?"
ഭണ്ഡാരപ്പെട്ടി പഴേതുതന്നെ. ഒരു നല്ല പൂട്ടു വയ്പ്പിച്ചു. ആഴ്ച്ചേല്‍ രണ്ടുദിവസം തുറക്കും. കാശ് എണ്ണി ബുക്കില്‍ എഴുതിവച്ചിട്ട് തുക ബാങ്കിലിടും."
എനിക്ക് മാധവന്‍പിള്ളയോട്‌ ആദരവ്‌ തോന്നി. മറ്റാര്‍ക്കും കഴിയാത്തത്‌ അയാള്‍ സാധിച്ചെടുത്തിരിക്കുന്നു!
പക്ഷെ ബാംഗ്ലൂര്‍ എക്സ്പ്രസ്സ് അവിടെയെങ്ങനെ നിന്നു? “ഭണ്ഡാരത്തില്‍ പണമിട്ടപ്പോള്‍ എങ്ങനെ സ്റ്റാര്‍ട്ടായി?
ആ ദേവിയുടെ ശക്തി. അല്ലാതൊരു കാരണവും ഞാന്‍ കണ്ടില്ല.

ഞാനത് അയാളോടു പറഞ്ഞു. പക്ഷെ അതുകേട്ടപ്പോള്‍  അയാളിലുണ്ടായ ഭാവപ്പകര്‍ച്ച എന്നെ വിസ്മയിപ്പിച്ചു.      (തുടരും)

                                                                                                                             കൃഷ്ണ

No comments:

Post a Comment