Monday, September 30, 2013

യുദ്ധം

                                               യുദ്ധം

   

 യുദ്ധത്തിന്‍റെ ഭീകരത നിറഞ്ഞ നാളുകളായിരുന്നു അത്. ചുറ്റും എപ്പോഴും പീരങ്കികളുടെ മുഴക്കം. ആഴത്തില്‍ കുഴിയെടുത്ത് അതില്‍ ഉറപ്പിച്ച ടെന്‍റുകളില്‍ ആയിരുന്നു പട്ടാളക്കാരുടെ താമസം. ഓഫീസുകള്‍ ടെന്‍റുകള്‍ക്കുള്ളില്‍ അല്ലെങ്കില്‍ ഇലകള്‍ നിറഞ്ഞ മരങ്ങളുടെ ചുവട്ടില്‍. മുകളില്‍ കൂടി പായുന്ന യുദ്ധവിമാനങ്ങള്‍ യാതൊന്നും കാണാന്‍ പാടില്ല. കണ്ടാല്‍...? ഒരു ബോംബ്‌. അതോടെ എല്ലാം നിശ്ചലമാകും.


ക്യാമ്പിന്‍റെ മുന്‍പില്‍ വയലാണ്. വയലിലൂടെ നടന്നാല്‍ ഒരു പഴയ സ്കൂള്‍ കെട്ടിടം നില്‍ക്കുന്ന പറമ്പിലെത്തും. അവിടെ മരങ്ങളുടെ കീഴില്‍ ആണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. മുകളില്‍ നിന്ന് കാണരുതല്ലോ?


സ്കൂളിനോട് ചേര്‍ന്ന് മെയിന്‍ റോഡാണ്. റോഡിന്‍റെ മറുവശം ഈ വശത്തെ അപേക്ഷിച്ച് താഴ്ചയാണ്.


ഒരു ദിവസം വൈകിട്ട് ഞങ്ങള്‍ മൂന്നുപേര്‍ക്ക് ഒരു നിര്‍ദ്ദേശം കിട്ടി. രാത്രിയില്‍ വാഹനങ്ങള്‍ക്കു കാവല്‍ നില്‍ക്കണം. ഞാന്‍ കമാന്‍ഡര്‍. മറ്റുള്ളവര്‍ ഗാര്‍ഡുകള്‍. കമാന്‍ഡര്‍ക്കും ഡ്യുട്ടിയിലല്ലാത്ത ഗാര്‍ഡുകള്‍ക്കും കിടക്കാന്‍ സ്കൂളിനോട് ചേര്‍ന്ന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡ്യുട്ടി വൈകിട്ട് ആറുമണി മുതല്‍ രാവിലെ ആറുമണി വരെ.


ഞങ്ങള്‍ ആറുമണിക്ക് അവിടെ എത്തിയപ്പോള്‍ത്തന്നെ ഇരുട്ടു വീണുകഴിഞ്ഞിരുന്നു.


ആദ്യത്തെയാള്‍ ഡ്യൂട്ടി തുടങ്ങി. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അയാള്‍ എന്‍റെ അടുത്തെത്തി ആ പഴയ സ്കൂള്‍ കെട്ടിടത്തിന്‍റെ ഒരു ജനല്‍ തുറന്നു കിടക്കുകയാണ് എന്നു പറഞ്ഞു.


"അതിനെന്താ?" അയാളുടെ ഉദ്ദേശം എനിക്ക് മനസ്സിലായില്ല.


"അകത്ത് ഇരുട്ടല്ലേ? അതിനുള്ളില്‍നിന്ന് തുറന്ന സ്ഥലത്തുനടക്കുന്ന ഗാര്‍ഡിനെ വേണമെങ്കില്‍ ഈസിയായി......."

അയാള്‍ വാചകം പൂരിപ്പിച്ചില്ല. പക്ഷെ കാര്യം വ്യക്തമായി.


ഞാന്‍ ആലോചിച്ചു. അയാള്‍ റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. ഇനി ബാക്കി എന്‍റെ ജോലിയാണ്.

ഞാന്‍ എഴുന്നേറ്റുനടന്നപ്പോള്‍ അയാള്‍ കൂടെവന്നു. ദൂരെ നിന്ന് ജനല്‍ ചൂണ്ടിക്കാണിച്ചു. ഞാന്‍ അതിനുനേരെ നടന്നപ്പോള്‍ അയാള്‍ തടഞ്ഞു.


അതിനുള്ളില്‍ ആരുമില്ലെന്ന് എന്തുകൊണ്ടോ എനിക്ക് ഉറപ്പായിരുന്നു. പക്ഷെ അയാളുടെ ഭയം തീര്‍ക്കണ്ടേ?


ഞാന്‍ ജനലിന്‍റെ മുന്നില്‍ ചെന്ന് അകത്തേക്കുനോക്കി. ആരുമുള്ള ലക്ഷണമില്ല. ജനലില്‍ തട്ടി ശബ്ദമുണ്ടാക്കി. അകത്തുള്ളയാള്‍ പുറത്തുവരാന്‍ ആജ്ഞാപിച്ചു.


എവിടെ? ആരെങ്കിലും ഉണ്ടായിട്ടുവേണ്ടേ പുറത്തുവരാന്‍?


ഇപ്പോള്‍ ഗാര്‍ഡിനു ധൈര്യമായി. അയാള്‍ ഡ്യുട്ടി തുടങ്ങി. ഞാന്‍ പോയിക്കിടന്നു.


കുറേക്കഴിഞ്ഞപ്പോള്‍ ആരോ എന്നെ തട്ടിവിളിച്ചുണര്‍ത്തി. മൂന്നാമത്തെ ഡ്യുട്ടിക്കാരന്‍. സമയം പതിനൊന്നര. എന്താണെന്ന് ചോദിക്കുന്നതിനുമുന്‍പേ അയാള്‍ എന്‍റെ കൈ പിടിച്ചു നടന്നുതുടങ്ങിയിരുന്നു. ഞാന്‍ നിശ്ശബ്ദനായി അയാളോടൊപ്പം നടന്നു.


മെയിന്‍ റോഡിനടുത്ത് എത്തിയപ്പോള്‍ അയാള്‍ നിന്നു. എന്നിട്ടു റോഡിന്‍റെ മറുവശത്തേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് വളരെ പതുക്കെ പറഞ്ഞു: "അത് കണ്ടോ?"


ഞാന്‍ റോഡിലേക്ക് കയറിനിന്ന് അയാള്‍ ചൂണ്ടിക്കാണിച്ചിടത്തേക്ക് നോക്കി.

ഒരു കുടിലായിരുന്നു അവിടെ. അതിന്‍റെ മുന്‍പില്‍ ആരോ നില്‍ക്കുന്നു. അയാള്‍  കയ്യില്‍ ഒരു റാന്തല്‍ വിളക്ക് കത്തിച്ചുപിടിച്ചിരിക്കുന്നു. അത് ഇടക്കിടെ ഉയര്‍ത്തുന്നു. താഴ്ത്തുന്നു. എന്തോ സിഗ്നല്‍ കാണിക്കുന്നതുപോലെ.


പെട്ടെന്നാണ് സംശയം ഉദിച്ചത്. അയാള്‍ ഏതോ യുദ്ധവിമാനത്തിനു സിഗ്നല്‍ നല്‍കുകയാണോ? അടുത്ത് ഒരു മിലിട്ടറിക്യാമ്പ് ഉണ്ടെന്ന സിഗ്നല്‍.


ശത്രുവിന്‍റെ ചാരനാണോ അയാള്‍?


ഇതിനിടെ അയാള്‍ അകത്തേക്കുപോയി. ഒരു നിമിഷത്തിനകം തിരിച്ചെത്തി. വീട്ടുകാര്‍ക്ക് ആസന്നമായ വിമാനാക്രമണത്തെപ്പറ്റി വിവരം നല്‍കാന്‍ അകത്തേക്ക് പോയതാണോ?


എന്തോ ആകട്ടെ എന്ന് പറഞ്ഞു ഒഴിവാക്കാന്‍ പറ്റിയ സംഗതിയല്ലല്ലോ ഇത്? സത്യം കണ്ടെത്തിയല്ലേ തീരൂ. എതുനിലയിലായാലും അപകടം ഒഴിവാക്കണം. പരീക്ഷണഘട്ടം. ചോദിക്കാന്‍ ആരുമില്ല. തീരുമാനം സ്വയം എടുക്കണം.


"ഞാന്‍ പോയി അന്വേഷിക്കാം. പക്ഷെ അവരുടെ ഭാഷ എനിക്കറിയില്ലല്ലോ."  ഞാന്‍ പറഞ്ഞു.


"ഞാന്‍ ഈ നാട്ടുകാരനാണ്. എനിക്ക് ഇവരുടെ ഭാഷയറിയാം. ഞാനും വരാം." മൂന്നാമത്തെ ഡ്യുട്ടിക്കാരന്‍ പറഞ്ഞു.


"എന്നാല്‍ നമുക്ക് എല്ലാവര്‍ക്കും കൂടി പോയി നോക്കാം." മറ്റു രണ്ടുപേരും ഒന്നിച്ചുപറഞ്ഞു.


ഞാന്‍ അനുമതി നല്‍കി. ഞാന്‍ മുന്‍പില്‍ നടന്നു. മറ്റുള്ളവര്‍ പിന്നാലെ. ഓരോരുത്തരായി. സിംഗിള്‍ ഫയല്‍ മാര്‍ച്ച്. തോക്ക് എല്ലാവരും മുന്നില്‍ പിടിച്ചിരുന്നു.


റോഡ്‌ ക്രോസ്സ് ചെയ്തപ്പോള്‍ മനസ്സില്‍ ഭീതിയും ധൈര്യവും ധീരതക്കുള്ള അവാര്‍ഡുകളും എല്ലാം കൂടി കുഴഞ്ഞുമറിഞ്ഞു കലങ്ങിയൊഴുകിക്കൊണ്ടിരുന്നു.


ഞങ്ങള്‍ ആ വീട്ടിലേക്കു നോക്കി. ഒരു ചെറിയ കുടില്‍. അതിന്‍റെ മുന്‍പില്‍ ഒരു ചെറിയ തൊഴുത്ത്. വിളക്കുപിടിച്ചിരിക്കുന്ന ആള്‍ ഉള്‍പ്പടെ രണ്ടുപേര്‍.


അവരുടെ മുന്‍പില്‍ കിടക്കുന്നത് ഒരു പശു!


മൂന്നാമത്തെ ഡ്യുട്ടിക്കാരന്‍ വിവരം തിരക്കി.


പശുവിനു സുഖമില്ല. അതിന്‍റെ പാല്‍ വിറ്റാണ് ആ കുടുംബം കഴിഞ്ഞുകൂടുന്നത്. റാന്തല്‍ പിടിച്ചിരിക്കുന്നത് ഗൃഹനാഥന്‍. മറ്റെയാള്‍ വൈദ്യന്‍. പശുവിനെ മരുന്നുകള്‍ കുടിപ്പിക്കുകയാണവര്‍.


വളരെ ദയനീയമായ സാഹചര്യം. ഹൃദയമുള്ളവര്‍ കണ്ണുനീര്‍ തൂകിപ്പോകുന്ന രംഗം.


പക്ഷെ എനിക്ക് പൊട്ടിച്ചിരിക്കണമെന്നാണ് തോന്നിയത്. എന്തെന്തു ഭീതികളായിരുന്നു ഞങ്ങള്‍ക്ക്. സിഗ്നല്‍, എയര്‍ അറ്റാക്ക്. അതോടൊപ്പം  ധീരതക്കുള്ള അവാര്‍ഡുകളും. എല്ലാം വെറുതെ. സുഖമില്ലാത്ത ഒരു പശുവും രണ്ടു ഗ്രാമീണരും ചേര്‍ന്ന് അറിയാതെയെങ്കിലും ഞങ്ങളെ വിഡ്ഢികളാക്കി.


പക്ഷെ അവരുടെ മുന്‍പില്‍ അങ്ങനെയങ്ങ് തോല്‍ക്കാന്‍ പറ്റുമോ?


ഞാന്‍ ഗൌരവത്തില്‍ മൂന്നാമത്തെ ഡ്യുട്ടിക്കാരനോട് പറഞ്ഞു.


"വിളക്കിന്‍റെ മുകളില്‍ എന്തെങ്കിലും വച്ച് മുകളില്‍ നിന്ന് നോക്കിയാല്‍ കാണാത്തവിധം മറയ്ക്കാന്‍ അയാളോട് പറയൂ."


അയാള്‍ എന്തോ അവരോടു പറഞ്ഞു. പെട്ടെന്നുതന്നെ ഒരു വലിയ ഇലയെടുത്തു വിളക്കുപിടിച്ചിരുന്നയാള്‍ വിളക്കിന്‍റെ മുകളില്‍ വച്ചു. സംഗതി പെര്‍ഫെക്റ്റ്‌.


ഞങ്ങള്‍ തിരിച്ചു നടന്നു. അപ്പോള്‍ ഞാന്‍ മൂന്നാമത്തെ ഡ്യുട്ടിക്കാരനോട് പറഞ്ഞു.

"പശുവിന് എങ്ങനെയുണ്ടെന്നു ചോദിക്ക്."

 

       &&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&  

 

കൃഷ്ണ

 

6 comments:

  1. യുദ്ധക്കളത്തില്‍ ജാഗ്രത അനിവാര്യമല്ലേ

    ReplyDelete
    Replies
    1. ആ ജാഗ്രതയാണ് അവരെ അങ്ങോട്ട്‌ നയിച്ചത് അജിത്‌ ഭായ് ...!

      Delete
  2. അവസാനം വരെ കൌതുകത്തോടെ വായിപ്പിച്ച എഴുത്ത് ഒരു പക്ഷെ ഈ പട്ടാള ക്കാരെ ഒക്കെ മണ്ടന്‍ കഥാപാത്രങ്ങള്‍ ആയി അവതരിപ്പിക്കുന്നത് ഇത്തരം ജഗ്രതകള്‍ കാണിചിട്ടാവും അല്ലെ . അവരെ കുറ്റം പറയാന്‍ പറ്റില്ല നമുക്ക് കോമാളിത്തരം എന്ന് തോന്നിയാലും അവരുടെ സൂക്ഷ്മത അതാണ്‌ നമ്മുടെ സുരക്ഷ

    ReplyDelete
  3. കൊള്ളാം നന്നായിരിക്കുന്നു ..!

    ReplyDelete
  4. കഥയുടെ പരിണാമഗുപ്തി നന്നായി.

    ReplyDelete