Monday, September 9, 2013

എന്തിനെന്‍ കണ്ണുകള്‍ നനയുന്നു?

 എന്തിനെന്‍ കണ്ണുകള്‍ നനയുന്നു?


പ്രായം പതിനാറു പോലുമാകും മുന്‍പെ-

യേകിയയാള്‍ക്കെന്നെയാരോ വധുവായി


ജീവിതമെന്തെന്ന് പോലുമറിയാതെ                           

ഞാനാ, ഗൃഹത്തിലൊരേഴയെപ്പോലെയായ്


പാവം, വിധവയാമെന്റെ മാതാവിന്നു

ദാരിദ്ര്യദു:ഖം മറികടന്നീടുവാന്‍


മോഹങ്ങളെല്ലാം ചവച്ചരച്ചന്നു ഞാന്‍

ക്രൂരനാ വൃദ്ധന്‍റെ ഭാര്യാസ്വരൂപമായ്


പക്ഷെ ഞാനൊട്ടും പ്രതീക്ഷിച്ചതില്ലയാള്‍

വിറ്റിടുമെന്നെന്നെ, ചെന്തെരു, പ്പുത്രിയായ്


ഞാനീ മഹാനഗരത്തിലാ മാന്യന്‍റെ

ഭാര്യയായ് സ്നേഹം നുകരുകയാണെന്നു


ചിന്തിച്ചിടുമ്പോഴു, മെന്നമ്മയെന്നെ

പ്രതീക്ഷിച്ചു, മോളേ നീയൊന്നുവന്നീടുമോ?


അമ്മയിന്നുണ്ടോ? അതോ പാവ,മീലോക-

മെന്നേക്കുമായ് വിട്ടുപോയോ? അതാരോടു


ചോദിച്ചറിയുമാ അമ്മതന്‍ പൊന്‍മകള്‍

നിര്‍ഭാഗ്യജാതകം പേറി നടക്കുവോള്‍


പതുക്കെപ്പതുക്കെ, യടക്കി ദുഃഖങ്ങള്‍ ഞാന്‍

മാനസത്തെ ശിലയാക്കി,ച്ചിരിച്ചു ഞാന്‍


വന്നെത്തുവോരുടെ മുന്നില്‍ വേഷം കെട്ടി

മന്ദഹാസം ചൊരിയേണ,മതാവശ്യം


പക്ഷെയിന്നെന്‍ മനം തന്നില്‍ നിറയുന്നു

ദുഖബിന്ദുക്കളും ശോകഗീതങ്ങളും


കാരണമെന്തെന്നറിയില്ലൊരു പക്ഷെ

യമ്മ, യദൃശ്യയായ് വന്നതായീടുമോ?

    &&&&&&&&


കൃഷ്ണ  


6 comments:

  1. കഷ്ടം ചില ജീവിതങ്ങള്‍. അല്ലേ?

    ReplyDelete
  2. ചില പെണ്‍ ജന്മങ്ങള്‍.,.. കഷ്ടപ്പെടാന്‍ മാത്രം..

    ReplyDelete
  3. അതെ ഇങ്ങനെയും ഉണ്ട് സത്യങ്ങൾ

    ReplyDelete
  4. ആരുമറിയാതെ,കേൾക്കാതെ ചില ശോകഗീതങ്ങൾ

    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
  5. ഈ മകളുടെ നൊമ്പരം ആ അമ്മ അറിയാതിരിക്കട്ടേ ...

    ReplyDelete