Tuesday, November 26, 2013

മാന്ത്രികസ്സോപ്പ്

 മാന്ത്രികസ്സോപ്പ്


ഔതക്കുട്ടി & കമ്പനിയുടെ സെയില്‍സ് മാനേജര്‍ ആയിരുന്നു കേശവന്‍നായര്‍. മുതലാളിയും ഭാര്യയും രണ്ടു പെണ്‍മക്കളുമാണ് കമ്പനിയുടെ ഉടമസ്ഥര്‍.


കമ്പനിയിലെ ജോലിക്കാരെ നിരന്തരം ശകാരിക്കുകയാണ് മുതലാളിയുടെ പ്രധാന ജോലി. കമ്പനിക്കാര്യങ്ങള്‍ നോക്കി നടത്തുന്നത് മൂത്തമകള്‍ ക്ലാര.

     

മുതലാളിയുടെ ശകാരത്തെ കേശവന്‍നായര്‍ ഒട്ടും ഭയപ്പെട്ടിരുന്നില്ല. അതൊക്കെ അങ്ങിനെ കിടക്കും. ഞാന്‍ ശ്രമിക്കാഞ്ഞിട്ടല്ലല്ലോ വില്‍പ്പന കൂടാത്തത്?


ഭയം മുഴുവന്‍ ക്ലാരയെയാണ്.


ഒരുനാള്‍ കേശവന്‍നായര്‍ ക്ലാരയുടെ ഓഫീസിലേക്ക് വിളിക്കപ്പെട്ടു.


അകത്തുകയറി പത്തുമിനിട്ടിനുള്ളില്‍ കതകു വലിച്ചുതുറന്ന് കേശവന്‍നായര്‍ ഓടിയകന്നതു കാണാന്‍ അടുത്തെങ്ങും ആരുമുണ്ടായിരുന്നില്ല. പക്ഷെ ക്ലാരയുടെ നാവില്‍നിന്നും തെറിച്ച വാക്കുകള്‍ കേള്‍ക്കാന്‍ കേശവന്‍നായര്‍ ഉണ്ടായിരുന്നു.

"ആണും പെണ്ണും കെട്ട മൊശകോടന്‍. ഫൂ."

അതോ അങ്ങിനെ കേട്ടെന്നു അയാള്‍ക്ക് തോന്നിയതാണോ?

ഏതായാലും അതെല്ലാം മറക്കാന്‍ അയാള്‍ ശ്രമിച്ചു. വിജയിച്ചെന്നു കരുതി.

ക്ലാരയെ കഴിവതും ഒഴിവാക്കി. വെറുതെ എന്തിനാ പൊല്ലാപ്പ്?

പക്ഷെ നാദങ്ങള്‍ ടേപ്പിനുള്ളില്‍ മയങ്ങിക്കിടന്നു.

കടലിന്‍റെ അഗാധതയിലെ കുടത്തിനുള്ളിലെ ഭൂതമെന്നതുപോലെ.

പിന്നൊരുനാള്‍ ചെമ്പകക്കുട്ടി അയാളുടെ വധുവായി കടന്നുവന്നു.

വശ്യമായ ഗാനത്തിനായി അവള്‍ കാതോര്‍ത്തു.

പക്ഷെ ടേപ്പില്‍ അപശബ്ദങ്ങളും നിലവിളികളും മാത്രമാണെന്ന് അവള്‍ തിരിച്ചറിഞ്ഞു.

നാദവൈകല്യങ്ങള്‍ ടേപ്പും തിരിച്ചറിഞ്ഞു. പക്ഷെ അവ തന്‍റെ പോരായ്മകള്‍ അല്ലെന്നും കാലപ്പഴക്കത്തില്‍ എല്ലാം ശരിയാകുമെന്നും അത് വിശ്വസിച്ചു.

ദാഹമോഹങ്ങള്‍ ഉള്ളിലൊതുക്കി ചെമ്പകക്കുട്ടി അയാളോടൊപ്പം കഴിഞ്ഞു. എങ്കിലും ഉള്ളിലെ ശൂന്യതാബോധം അവളെ ചിലപ്പോഴെങ്കിലും ഭയപ്പെടുത്തിക്കൊണ്ടിരുന്നു.

ഒരുനാള്‍ അയല്‍പക്കത്തെ കടക്കാരന്‍റെ ഭാര്യ അവളോടു പറഞ്ഞു:

"നമ്മടെ കടേലെ അരി നല്ലതല്ലെന്ന് കരുതി പട്ടിണി കെടക്കാനൊക്കുവോ? ഞാന്‍ വേറെ അരി വാങ്ങിപ്പിച്ചു."

ഒരു സാധാരണവിഷയം. എങ്കിലും പിന്നീടാലോചിച്ചപ്പോള്‍ തോന്നി.

അവര്‍ പറഞ്ഞത് മറ്റൊരര്‍ത്ഥത്തിലാണോ?

പക്ഷെ തനിക്കതിനുള്ള കഴിവോ ധൈര്യമോ ഇല്ല.

നിരാശ മറ്റൊന്നിനു വളമായി. കേശവന്‍നായരോടുള്ള പുച്ഛം.

അയാളാണ്, അയാള്‍ മാത്രമാണ് തെറ്റുകാരന്‍.

കോപം അവളുടെ മുഖത്തേ സ്ഥിരം ഭാവമായി.

കച്ചവടക്കാരന്‍റെ ഭാര്യ മറ്റുള്ളവരോടു പറഞ്ഞു:

"നിഷേധി. അയാളൊരു പാവമായതോണ്ട് ഇതെല്ലാം സഹിക്കുന്നു. വേറെ ആണുങ്ങളുവല്ലോം ആയിരിക്കേണ്ടിയിരുന്നു. മര്യാദ പഠിപ്പിച്ചേനേം അവളെ."

കേശവന്‍നായരെ അവര്‍ സഹതാപത്തോടെ നോക്കി.

കേശവന്‍നായര്‍ക്കും ചെമ്പകക്കുട്ടിക്കും ഇടയില്‍ 'നമ്മള്‍' എന്നാ വാക്ക് അനാഥമായിക്കിടന്നു. അതിനെ ഒന്നോമനിക്കാന്‍ അവള്‍ മറന്നു.

'ഇതിനെല്ലാം കാരണം ഞാന്‍ തന്നെയാണോ?" കേശവന്‍നായര്‍ സ്വയം ചോദിച്ചു.

പതുക്കെപ്പതുക്കെ അവരുടെ ചിതലരിച്ച ജീവിതചിത്രത്തിന് ഒരു വ്യത്യസ്തരൂപമുണ്ടായി.

രാത്രിയുറക്കത്തിന് ഒരു സാന്ദ്രത ലഭിക്കാന്‍ അരക്കുപ്പി വാറ്റുചാരായം കഴിക്കുന്നത്‌ അയാളൊരു പതിവാക്കി. എന്നിട്ട് ഒരു നനഞ്ഞ തടിക്കഷണംപോലെ മലര്‍ന്നടിച്ചു കിടന്നുറങ്ങി.

ചെമ്പകക്കുട്ടിയും പതുക്കെപ്പതുക്കെ ഉറങ്ങാന്‍ പഠിച്ചു. രാത്രി അയാള്‍ക്കുള്ള ആഹാരം എടുത്തുവച്ചിട്ട് അവള്‍

ലൈറ്റണച്ചു കിടന്നുറങ്ങി.

സ്വന്തം വീട്ടില്‍ ഒരു കള്ളനെപ്പോലെ കടന്നുവന്ന് അയാള്‍ ഭക്ഷണം കഴിച്ചു.

പകലെല്ലാം അയാള്‍ ജോലിയില്‍ മുഴുകി. ചെയ്യാന്‍ ജോലിയില്ലാത്ത സമയങ്ങളില്‍ തന്‍റെ വീടിനെപ്പറ്റിയൊഴികെ മറ്റെല്ലാത്തിനെപ്പറ്റിയും അയാള്‍ ചിന്തിച്ചു.

നശ്വരമായ പ്രപഞ്ചം - അനശ്വരമായ ആത്മാവ്

ജനനം - മരണം - പുനര്‍ജ്ജന്മം

വേദാന്തഗ്രന്ഥങ്ങള്‍ അയാളുടെ സുഹൃത്തുക്കളായി. ഡ്യുട്ടിയെല്ലാം കഴിഞ്ഞുവന്നാല്‍ കേശവന്‍നായരെന്ന കുപ്പായം അഴിച്ചുവച്ച് അയാള്‍ സച്ചിദാനന്ദനായി.

'പുതിയ അറിവുകള്‍' തന്‍റെ വേദനകള്‍ തുടച്ചുമാറ്റുന്നെന്ന് അയാള്‍ ധരിച്ചു. പക്ഷെ ഒരു വാക്ക് അയാളെ ഉലച്ചു,

തത് - ത്വം - അസി.

അത് നീ ആകുന്നു.

തെറ്റുകാരന്‍ ഞാന്‍ തന്നെയാണെന്നാണോ അതിന്‍റെ അര്‍ത്ഥം?

അയാള്‍ കൂടുതല്‍കൂടുതല്‍ ആഴങ്ങളിലേക്ക് ഇറങ്ങാന്‍ ശ്രമിച്ചു.

മഴക്കാലങ്ങളും മഞ്ഞുകാലങ്ങളും കടന്നുപോകുന്നത് നിര്‍വ്വികാരതയോടെ അവര്‍ നോക്കിയിരുന്നു.

 

'ഇവയൊന്നും എനിക്കുള്ളതല്ലല്ലോ?'

ആയിടയ്ക്കൊരുനാള്‍ -

കമ്പനിയുടെ വാര്‍ഷികാഘോഷം -

എല്ലാ വര്‍ഷത്തെയുംപോലെ അന്ന് കമ്പനിക്ക് അവധി. ആഘോഷം നാലുമണിക്ക് തുടങ്ങും. മുതലാളി, സെയില്‍സ് മാനേജര്‍, പ്രൊഡക്ഷന്‍ മാനേജര്‍, തൊഴിലാളിനേതാവ് എന്നിവര്‍ പങ്കെടുക്കും.

രണ്ടുകുപ്പി ബ്രാണ്ടിയും വേണ്ടുവോളം ബിരിയാണിയും.

എന്തും സംസാരിക്കാം. പക്ഷെ -

കമ്പനിക്കാര്യം മാത്രം ഒരക്ഷരം മിണ്ടിപ്പോകരുത്‌.

ആഘോഷം അവസാനിച്ചപ്പോള്‍ രാത്രി പതിനൊന്നുമണി.

കേശവന്‍നായര്‍ വീട്ടിലേക്കു നടന്നു. നല്ല ഉറക്കം വരുന്നു.

പക്ഷെ വീട്ടിലെത്തിയപ്പോള്‍ - അകത്തെ മുറിയിലും വരാന്തയിലും വിളക്കുകള്‍ കത്തുന്നു!

ചെമ്പകക്കുട്ടി വരാന്തയില്‍ കാത്തുനില്‍ക്കുന്നു!

അയാളെക്കണ്ടപ്പോള്‍ അവളുടെ മുഖത്തെ തെളിച്ചം കൂടിയെന്നയാള്‍ക്ക് തോന്നി.

എന്താണാവോ ഇങ്ങനെയൊക്കെ?

അവള്‍ക്കെന്തോ പറയാനുണ്ടെന്നു തോന്നി. കേശവന്‍നായര്‍ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി.

കോപത്തിന്‍റെ സ്ഥാനത്ത് ഏതോ പ്രതീക്ഷയുടെ പൊന്‍നാളങ്ങള്‍!

പക്ഷെ വര്‍ഷങ്ങളിലൂടെ ആവേശിച്ച നിശ്ശബ്ദതയ്ക്ക് അവളെ വിട്ടകലാനൊരു മടി.

അതിനെ കുടഞ്ഞുതെറിപ്പിക്കുന്നതുപോലെ വിറയാര്‍ന്ന സ്വരത്തില്‍ അവള്‍ ചോദിച്ചു:

"ചോറു വിളമ്പട്ടേ?"

"വേണ്ട. ഞാന്‍ ഊണുകഴിച്ചു."

അവള്‍ അകത്തേക്ക് നടന്നു. അയാള്‍ അനുഗമിച്ചു. അന്നവര്‍ വീണ്ടും ഒരേ കട്ടിലില്‍ കിടന്നു.

എങ്കിലും അവള്‍ക്കൊന്നും പറയാന്‍ കഴിഞ്ഞില്ല. കാരണം, അവള്‍ വാക്കുകള്‍ കണ്ടെത്തുമ്പോഴേക്കും മദ്യം കേശവന്‍നായരേ ഉറക്കിക്കഴിഞ്ഞിരുന്നു.

പക്ഷെ ചെമ്പകക്കുട്ടിയ്ക്ക് അന്ന് ഉറങ്ങാന്‍ കഴിഞ്ഞില്ല. അവളുടെ ഓര്‍മ്മയില്‍ വളരെനാളിനുശേഷം കാണാനെത്തിയ കൂട്ടുകാരി പകര്‍ന്ന അറിവ്.

ഒരു മാജിക് സോപ്പുണ്ടത്രേ. പൊന്മണിസ്സോപ്പ്.

തേക്കുന്നവര്‍ക്കിഷ്ടപ്പെട്ട മണം അവരിലേക്ക്‌ പകരുന്ന മാന്ത്രികസ്സോപ്പ്. അതിനുമപ്പുറം പലതിനും കഴിവുള്ള സോപ്പ്.

പ്രമീളയുടെ ഭര്‍ത്താവിന് എപ്പോഴും ക്ഷീണമായിരുന്നത്രെ. ഒന്നിലും ഒരു ഉന്മേഷവുമില്ലാതെ.

ഒരുനാള്‍ വിധിയുടെ നിയോഗം പോലെ അയാള്‍ ഒരു പൊന്മണിസ്സോപ്പുമായെത്തി. വന്നപാടെ അത് തേച്ചു കുളിച്ചു.

നല്ല ഉന്മേഷം. അവളോടും കുളിച്ചു തയാറാകാന്‍ പറഞ്ഞു. നവവധുവിനെപ്പോലെ അണിഞ്ഞൊരുങ്ങാനും.

അവള്‍ അര്‍ദ്ധമനസ്സോടെ അനുസരിച്ചു.

ഇതൊക്കെക്കൊണ്ട് എന്തുഫലം?

പക്ഷെ ഫലം അവളെ അതിശയിപ്പിച്ചു. സംതൃപ്തയായി അവളുറങ്ങി.

ഇപ്പോഴയാള്‍ ഉന്മേഷവാനാണ്‌. ആനയുടെ കരുത്ത്.

അവള്‍ക്ക് പകലുറങ്ങേണ്ടിവരുന്നു. കാരണം രാത്രികള്‍ ഉറങ്ങിക്കളയേണ്ടതല്ല.

രണ്ടാമത്തെ കുഞ്ഞ് പിറക്കാന്‍ പോകുന്നു. അത് പെണ്‍കുഞ്ഞാകാന്‍ അവള്‍ പ്രാര്‍ത്ഥിക്കുന്നു.

പക്ഷെ ഇവിടെയോ?

കുട്ടിയില്ലെന്നു മാത്രമല്ല, അതിനുള്ള സാദ്ധ്യത പോലുമില്ല.

എങ്കിലും ഇന്നാകെയൊരു സന്തോഷം.

പൊന്മണിസ്സോപ്പ്. അതാകാം തങ്ങളുടെ രക്ഷകന്‍.

ഉറങ്ങിക്കിടക്കുന്ന കേശവന്‍നായരോട് അവള്‍ ചേര്‍ന്നുകിടന്നു.

ഞരമ്പിലൂടെ ചുടുചോര  പതഞ്ഞൊഴുകുന്നു.

എന്‍റെ ദൈവമേ, ഇനിയും എന്നെ പരീക്ഷിക്കല്ലേ.

പിറ്റേന്നുരാവിലെ അവള്‍ കാപ്പിയെല്ലാം നേരത്തെതന്നെ തയാറാക്കി. രാത്രി ഉറങ്ങാനേ കഴിഞ്ഞില്ല. അത് ശുഭസൂചകമായിരിയ്ക്കാം. പ്രമീളയെപ്പോലെ പകലുറങ്ങണം.

കേശവന്‍നായരുടെ വേവലാതി ഏറുകയായിരുന്നു. ഇതെന്തുപറ്റി ഇവള്‍ക്ക്? പെട്ടെന്നീ മാറ്റം?

ഏതായാലും താങ്ങാന്‍ തനിക്ക് ശക്തിതരണേ എന്ന് അയാള്‍ പ്രാര്‍ത്ഥിച്ചു.

അയാള്‍ കാപ്പികുടിച്ചു കൊണ്ടിരുന്നപ്പോള്‍ അവള്‍ മടിച്ചുമടിച്ച്, കാലാകാലങ്ങളായി അടഞ്ഞുകിടക്കുന്ന ഏതോ ഗുഹാമുഖം തള്ളിത്തുറക്കുമ്പോഴത്തെ ഭീതി ശബ്ദത്തില്‍ നിന്നൊഴിവാക്കാന്‍ കഴിയാത്തതിന്‍റെ വിഷാദം ഉള്ളിലൊതുക്കി ചോദിച്ചു:

"ഇന്നു നേരത്തെ വരാമോ?"

അയാള്‍ ചുളിഞ്ഞ മുഖത്തോടെ അവളെ നോക്കി. ഇതെന്തിനുള്ള പുറപ്പാടാണ്?

"പിന്നെ...ഇന്ന് കുടിക്കാതെ വരുമോ?"

"വരാം." അയാള്‍ പെട്ടെന്ന് സമ്മതിച്ചു. നീ ഇതുപോലെയായാല്‍ ഞാന്‍ എന്തുവേണമെങ്കിലും ചെയ്യാം. അയാള്‍ സ്വയം പറഞ്ഞു.

പെട്ടെന്നവള്‍ ചോദിച്ചു: "ഒരു പൊന്മണിസ്സോപ്പ് വാങ്ങിച്ചുകൊണ്ടുവരാമോ?"

അവളുടെ സ്വരത്തിലെ തേങ്ങല്‍ അയാള്‍ തിരിച്ചറിഞ്ഞു.

കേശവന്‍നായര്‍ എഴുന്നേറ്റു. അവളുടെ തോളില്‍ പിടിച്ചു.

നീ എന്തൊക്കെയാണീ പറയുന്നത്? എന്തിനാണീ പൊന്മണിസ്സോപ്പ്?

അവര്‍ക്കിടയിലെ മഞ്ഞുകട്ട അലിഞ്ഞകന്നു. മനസ്സിന്‍റെ മറന്നുകിടന്ന ഏതോ കോണില്‍ നനവ്.

ചെമ്പകക്കുട്ടി അയാളെ ചേര്‍ത്തുപിടിച്ചിട്ട് കാതില്‍ പറഞ്ഞു: "വൈകിട്ട്. വൈകിട്ട് പറയാം."

രാവിലെ മുതലാളിയുടെ പതിവുശകാരങ്ങള്‍ക്കുപോലും അയാളുടെ ചിന്തകളെ നിയന്ത്രിക്കാനായില്ല.

എന്തിനാണീ പൊന്മണിസ്സോപ്പ്?

വൈകിട്ട് സോപ്പും വാങ്ങി നടക്കുമ്പോള്‍ അയാള്‍ ആലോചിച്ചു.

ഇനി ഇത് വിഷം വല്ലതുമാണോ?

അതോ അവള്‍ക്കും എന്നെപ്പോലെയാകാന്‍? അതിനുള്ള കഴിവു വല്ലതും ഇതിനുണ്ടോ? എങ്കില്‍ പ്രശ്നങ്ങള്‍ തീരുമായിരുന്നു.

എന്നിട്ട് ഒരു കുഞ്ഞിനേ വേണമെങ്കില്‍ എടുത്തുവളര്‍ത്താം.

അയാള്‍ പ്രതീക്ഷയോടെ നടന്നു.

സോപ്പുകിട്ടിയതും അവളതു മണത്തുനോക്കി. വീണ്ടുംവീണ്ടും. എന്നിട്ട്‌ ഏതോ വിലതീരാത്ത വസ്തുപോലെ നെഞ്ചോടുചേര്‍ത്തു.

"ഈ സോപ്പ് തേച്ചാല്‍ ആഗ്രഹിക്കുന്ന മണം കിട്ടും." പ്രമീള വന്ന വിവരം അവള്‍ പറഞ്ഞു.

"ചേട്ടന് മുല്ലപ്പൂവിന്‍റെ മണം. എനിക്ക്...എനിക്ക്...എനിക്കേതു മണമാ വേണ്ടേ?"

"നിന്‍റെ മണം. ചെമ്പകപ്പൂവിന്‍റെ മണം."

"അതെ. അങ്ങിനെ മതി. മുല്ലയും ചെമ്പകവും. എന്തു രസമായിരിക്കും! എന്നാല്‍ പോയി കുളിച്ചാട്ടെ. മുല്ലപ്പൂമണം. മറക്കല്ലേ."

സോപ്പിന് ഒരു പ്രത്യേകതയും അയാള്‍ക്ക് തോന്നിയില്ല. എങ്കിലും അവളെ പ്രീതിപ്പെടുത്താനായി പറഞ്ഞു.

"അസ്സല്‍ മുല്ലപ്പൂമണം."

ചെമ്പകക്കുട്ടിയും കുളിച്ചിട്ടു വന്നു.

"ചെമ്പകപ്പൂവിന്‍റെ നല്ല മണം. ദാണ്ടേ, എന്‍റെ കയ്യൊന്നു മണത്തുനോക്കിക്കേ."

അയാള്‍ അവളുടെ കൈ മണത്തുനോക്കി. വാസ്തവം! ചെമ്പകപ്പൂമണം! ഇതെങ്ങനെ?

"ശരിയാണ്." അയാള്‍ പറഞ്ഞു.

മണവാട്ടി വീണ്ടുമൊരിക്കല്‍ക്കൂടി അണിഞ്ഞൊരുങ്ങി. അയാള്‍ക്കിഷ്ടമുള്ള കറികളുണ്ടാക്കി.

ഊണുകഴിക്കുമ്പോള്‍ അയാള്‍ അറിയാതെ പറഞ്ഞുപോയി.

എന്നും ഇങ്ങനെയായിരുന്നെങ്കില്‍!

വിളക്കുകള്‍ അണഞ്ഞു. ഒരു നീലവെളിച്ചം മാത്രം മുറിയില്‍.

"ഈ സോപ്പിന് വേറൊരു ഗുണം കൂടൊണ്ട്." അവള്‍ പതുക്കെ പറഞ്ഞു.

ഞാനുദ്ദേശിച്ചതുതന്നെ. പാവം.

അയാള്‍ അവളെ ചേര്‍ത്തുപിടിച്ചു. ശരിക്കും ചെമ്പകം പൂത്തുലഞ്ഞ മണം!

പാവം പെണ്ണ്.

പക്ഷെ അയാളുടെ നെഞ്ചോടു ചേര്‍ന്നുകിടന്ന് തലമുടിയില്‍ വിരലോടിച്ചുകൊണ്ട് അവള്‍ സോപ്പിന്‍റെ 'വേറൊരു ഗുണം' പറഞ്ഞപ്പോള്‍ കേശവന്‍നായര്‍ ഞെട്ടിപ്പോയി.

ഇതിനായിരുന്നോ ഇവള്‍ തയാറായിവന്നത്?

ചെമ്പകക്കുട്ടി തന്‍റെ ആഗ്രഹസാക്ഷാല്‍കാരം മുന്‍പില്‍ കണ്ടു. അവളുടെ കണ്ണുകള്‍ തിളങ്ങി. കേശവന്‍നായരേ അവള്‍ ചേര്‍ത്തുഞെരിച്ചു.

"എനിക്ക് ചെറിയ തലവേദന." വിഹ്വലതയോടെ, ഇടറലോടെ അയാളുടെ ശബ്ദം.

സംഗീതത്തിന്‍റെ അമൃതധാര തേടുന്നതിനിടയില്‍ ചെമ്പകക്കുട്ടി അത് കേട്ടില്ല.

ഒരു പാവം കുരുവിയെപ്പോലെ കേശവന്‍നായര്‍ വിറച്ചു. ചെമ്പകക്കുട്ടിക്കു ക്ലാരയുടെ മുഖമാണെന്നയാള്‍ക്ക് തോന്നി.

ക്ലാര ഏല്‍പ്പിച്ച ആഘാതത്തിന്‍റെ രൂക്ഷത അയാള്‍ പൂര്‍ണ്ണമായി തിരിച്ചറിഞ്ഞു.

ചെമ്പകപ്പൂമണം മുല്ലപ്പൂമണവുമായി ചേര്‍ന്നു ബ്രഹ്മകമലത്തിന്‍റെ ദിവ്യപരിമളം പരത്തുന്നതു പ്രതീക്ഷിച്ച ചെമ്പകക്കുട്ടിക്ക് അനുഭവപ്പെട്ടത് ശവം കത്തുന്ന ഗന്ധം.

അവള്‍ക്ക് ഛര്‍ദ്ദിക്കണമെന്ന് തോന്നി. 

എഴുന്നേറ്റുപോയി മുഖം കഴുകിയിട്ട് അവള്‍ വന്നു. ഭയത്തോടെ കേശവന്‍നായര്‍ അവളെ നോക്കി.

ഒരു നിമിഷം ചെമ്പകക്കുട്ടി അയാളുടെ നേരെ നോക്കി. ആ മുഖത്തേ ഭാവം താങ്ങാനാകാതെ കേശവന്‍നായര്‍ മുഖം തിരിച്ചു.

ചെമ്പകക്കുട്ടി ഒരു വിരിപ്പുമാത്രം വിരിച്ചു തറയില്‍ കിടന്നു.

"എന്‍റെ ജീവിതം തൊലച്ചല്ലോ ദ്രോഹീ" പുച്ഛവും നിരാശയും വെറുപ്പും കൂടിക്കുഴഞ്ഞ ശബ്ദം.

താന്‍ പഠിച്ചെന്നുകരുതിയ വേദാന്തപാഠങ്ങളൊന്നും ഇപ്പോള്‍ തനിക്കുതകുന്നില്ലെന്ന് അയാളറിഞ്ഞു.

തത് - ത്വം - അസി. ആ തെറ്റുകാരന്‍ നീ മാത്രമാകുന്നു.

പതുക്കെപ്പതുക്കെ അവളുടെ ഏങ്ങല്‍ നിലച്ചു.

കേശവന്‍നായര്‍ എഴുന്നേറ്റു. ചെമ്പകക്കുട്ടി ഉറക്കമായെന്നു തോന്നി.

അയാള്‍ വേഷം മാറി വെളിയിലിറങ്ങി.

'രണ്ടുമണിക്ക് ഒരു ട്രയിനുണ്ട്.' അയാളോര്‍ത്തു.


നേരിയ നിലാവില്‍, ആളൊഴിഞ്ഞ വഴിയിലൂടെ റെയില്‍വേസ്റ്റേഷനിലേക്ക് നടക്കുമ്പോള്‍ അയാള്‍ ചിന്തിച്ചു.

'വര്‍ഷങ്ങള്‍ക്കുശേഷം അവള്‍ പേരക്കുട്ടികളോട് എന്നെപ്പറ്റി പറയുമായിരിക്കും.'

'എന്നിട്ട്‌?' അവര്‍ ചോദിക്കും.

'പോയി. ഒരു കത്തുപോലും അയച്ചില്ല.'

പോയതെന്തുകൊണ്ടാണെന്നവള്‍ പറയില്ല.

പക്ഷെ ഒന്നയാള്‍ക്ക് തീര്‍ച്ചയായിരുന്നു.

ഇനി അവള്‍ അമ്മയാകും. അമ്മൂമ്മയാകും.


                    &&&&&&&&&&&&


കൃഷ്ണ  


 


























 




1 comment:

  1. സോപ്പിട്ട കഥ കൊള്ളാം. എന്നാലും ഒരു പഴയ കഥപറച്ചില്‍ ശൈലിപോലെയുണ്ട്

    ReplyDelete