നവവത്സരാശംസകള്‍
എല്ലാവര്ക്കും സന്തോഷകരമായ നവവത്സരാശംസകള്‍.
ഒരു പഴയ ചരിത്രസംഭവം:
1920 കളിലെ ഗ്രേറ്റ് ഡിപ്രഷന് ആണ് വിഷയം.
അമേരിക്കയാണ് ഇതിലെ കഥാനായകന്.
സാമ്പത്തികമാന്ദ്യം അമേരിക്കയെ ആകെ പിടിച്ചുലച്ചു. ആര്‍ക്കും തൊഴിലില്ല. ആരുടെ പക്കലും പണമില്ല. സാധനങ്ങള്‍ക്ക് വിലയിടിഞ്ഞു. കടുത്ത ദാരിദ്ര്യം സാധാരണജനങ്ങളെയാകെ പിടിച്ചുലച്ചു. ഫാക്ടറികള്‍ ഒന്നൊന്നായി അടച്ചുപൂട്ടാന്‍ തുടങ്ങി. കാരണം അവരുടെ ഉത്പന്നങ്ങള്‍ വാങ്ങാന്‍ ആരുടെ പക്കലും പണമില്ല.
കഴിവുറ്റ സാമ്പത്തികശാസ്ത്രജ്ഞരെ സെക്രട്ടറി സ്ഥാനത്തു നിയോഗിച്ചു. പക്ഷെ അവര്‍ സകല കഴിവും പ്രയോഗിച്ചിട്ടും സ്ഥിതിഗതികള്‍ വഷളായികൊണ്ടേയിരുന്നു. ഇനി പരീക്ഷിക്കാന്‍ ഒരടവും ബാക്കിയില്ലെന്നായി.
ഇനിയെന്തുചെയ്യും?
ഇനി ഒരു അവസാനപരീക്ഷണം നടത്തിനോക്കാമെന്നു പ്രസിഡന്റ് തീരുമാനിച്ചു. സാമ്പത്തികശാസ്ത്രപരീക്ഷകളില്‍ പരാജയപ്പെട്ട ഒരാളെ സാമ്പത്തികകാര്യസെക്രട്ടറിയായി അവരോധിച്ചു.
കക്ഷിക്ക് പ്രത്യേക പണിയൊന്നുമില്ലല്ലോ? അദ്ദേഹം രാജ്യമാകെ ഒരു പര്യടനം നടത്തി.
ഒരുത്തരും പണിചെയ്യാതെ വീടുകളിളിരിക്കുന്നു. കാരണം ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: “പണിയില്ലാതെ എങ്ങനെ പണമുണ്ടാകും? പണമില്ലാതെ എങ്ങനെ ഭക്ഷണം ലഭിക്കും?”
മന്ത്രി (സെക്രട്ടറി) തലസ്ഥാനത്തെത്തി. ബന്ധപ്പെട്ടവരെയെല്ലാം വിളിച്ചുകൂട്ടി.
“ഭക്ഷണം വാങ്ങാന്‍ ആരുടെ കൈവശവും പണമില്ലാത്തതാണ് ഇതിന്റെയെല്ലാം കാരണം. അതിനുള്ള പരിഹാരം അവര്‍ക്ക് പണം നല്‍കുക എന്നതാണ്. പക്ഷെ വെറുതെ പണം കൊടുത്താല്‍ ആളുകള്‍ മടിയന്മാരാകും. അതുകൊണ്ട് നിങ്ങള്‍ ഒന്നുചെയ്യുക. എന്തെങ്കിലും പണി ചെയ്യിച്ചിട്ട് പണം കൊടുക്കുക. അവരോട് കുഴികുത്താന്‍ പറയുക. എന്നിട്ട് ആ കുഴികള്‍ മൂടാന്‍ പറയുക. പ്രതിഫലമായി പണം നല്‍കുക. ഉല്‍പ്പാദനത്തെപ്പറ്റി ചിന്തിക്കേണ്ട.”
‘ഇതെന്തു ഭ്രാന്ത്?’ ഉദ്യോഗസ്ഥര്‍ ചിന്തിച്ചു. (ഉറക്കെയല്ല, മനസ്സില്‍).
മന്ത്രിപറഞ്ഞത് അവര്‍ പ്രാവര്‍ത്തികമാക്കി.
പണം ലഭിച്ച ആളുകള്‍ സാധനങ്ങള്‍ വാങ്ങാനായി തിരിച്ചു. അവര്‍ക്കായി കടകള്‍ തുറന്നുപ്രവര്‍ത്തിച്ചു. കടകളിലെ പ്രവര്‍ത്തനം പുനരാരംഭിച്ചപ്പോള്‍ ഫാക്ടറികളും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു.
കാര്യങ്ങള്‍ സാധാരണ നിലയിലായി.
നമ്മുടെ തൊഴിലുറപ്പുപദ്ധതിയിലെ പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ എനിക്ക് ഓര്‍മ്മവരുന്നത് ഈ സംഭവമാണ്.
സ്ത്രീശാക്തീകരണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഞാന്‍ ഒരിക്കലും എതിരല്ല. പക്ഷെ പ്രവര്‍ത്തനങ്ങള്‍ പ്രയോജനപ്രദമാകണം. ഉല്‍പ്പാദനവര്‍ദ്ധനവുണ്ടാകണം. നാടിനു മൊത്തത്തില്‍ പ്രയോജനപ്പെടണം. എങ്കിലേ അതുകൊണ്ട് എന്നെന്നേക്കും ഫലമുണ്ടാകൂ. നാടിന് ഉയര്‍ച്ചയുണ്ടാകൂ. സ്ത്രീകളുടെ ആത്മാഭിമാനം ഉണരൂ.